മനുഷ്യമൃഗം

| Posted in | Posted on

0

ബ്ലാക്ക് ഡാലിയയ്ക്ക് ശേഷം അഡ്വ.ബാബുരാജ് കഥ, തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയ ചിത്രമാണ് 'മനുഷ്യമൃഗം'. പേരുപോലെതന്നെ മനുഷ്യമൃഗമായ ഒരാളുടെ കഥയാണ് ഈ ചിത്രത്തിലൂടെ ബാബുരാജ് പറയുന്നത്. ഇന്ന് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തെ മുന്‍നിര്‍ത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിലെ പ്രധാന കഥാപാത്രമായ ലോറി ഡ്രൈവറായ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത് ബാബുരാജ് തന്നെയാണ്.
കാമം കൊണ്ട് മനോരോഗിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ ആദ്യഭാഗം മുഴുവന്‍ ആ കഥാപാത്രത്തിന്റെ കാമവിഭ്രാന്തികള്‍ കാണിക്കുന്നു. ഒളിഞ്ഞുനോട്ടം, എത്തിനോട്ടം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സന്ദര്‍ഭങ്ങളില്‍ നായികമാരുടെ കുറച്ചു ഇക്കിളിപ്പെടുത്തുന്ന ഭാഗങ്ങള്‍ ചെറുപ്പക്കാര്‍ക്കായി ബാബുരാജ് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഇതൊരു ഇക്കിളി പടമാണെന്നുവരെ തോന്നിപ്പോയി.
സിനിമാ ബന്ധം മുതലെടുത്ത്, പ്രിഥ്‌വിരാജ്, കലാഭവന്‍ മണി, ജഗതി എന്നിവരെ പേരിനു മാത്രമുള്ള റോളുകളില്‍ പ്രതിഷ്ഠിക്കാന്‍ ബുദ്ധിമാനായ ബാബുരാജിനായി. അതുമൂലം ചുരുങ്ങിയത് ഒരു കോടിയലധികം സാറ്റലൈറ്റ് മൂല്യം നേടാന്‍ ബാബുരാജിന്റെ ഭാര്യയായ വാണിവിശ്വനാഥ് എന്ന പ്രൊഡ്യൂസറിനായിക്കാണും. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് ഒരു പ്രിഥ്‌വിരാജ് ചിത്രം പ്രതീക്ഷിച്ച് കയറുന്ന ആളുകള്‍ക്ക് പ്രിഥ്‌വിരാജ് ഒരു ഗസ്റ്റ് റോളാണെന്ന് അവസാനം മാത്രമാണ് അറിയുവാന്‍ കഴിയുന്നത്.
ചിത്രം മുഴുക്കെ അഭിനയിച്ച് തകര്‍ക്കുന്നത് ബാബുരാജാണ്. പതിവ് രീതികള്‍ അവലംബിച്ച ഈ ചിത്രം കാഴ്ചക്കാരെ രസിപ്പിക്കുന്നില്ല. തീയറ്ററുകള്‍ ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്. എടുത്തു പറയത്തക്ക സവിശേഷതകളൊന്നും കഥയ്ക്കോ, അവതരണത്തിനോ  ഇല്ലാത്തതിനാല്‍ ചിത്രം ഞരങ്ങി മുന്നോട്ടു പോവുന്നു.


ചിത്രത്തില്‍ എന്നത്തേയും പോലെ കുളപ്പുള്ളി ലീല ഉഗ്രന്‍ അഭിനയമാണ് കാഴ്ചവച്ചത്. ചിത്രത്തില്‍ തന്മയിത്വത്തോടെ അഭിനയിച്ച ഏക കഥാപാത്രവും ഇതു തന്നെ എന്നതില്‍ സംശയവുമില്ല. പലവിധം നായികമാരെക്കൊണ്ട് സുലഭമാണ് ഈ ചിത്രം. ചിത്രത്തില്‍ കിരണ്‍ എന്ന അന്യഭാഷാ നടിയാണ് ജോണിയുടെ ഭാര്യ വേഷം ചെയ്തിരിക്കുന്നത്. പരമാവധി സെക്‌സ് അപ്പീല്‍ ലഭ്യമാകുന്ന വിധത്തില്‍ അവളെ അവതരിപ്പിക്കാന്‍ ബാബുരാജ് കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. അപൂര്‍വ്വ എന്ന ചിത്രത്തിലൂടെ 'ഹെലന്‍' എന്ന പേരില്‍ വന്ന് ഇപ്പോള്‍ 'ഓവിയ' എന്ന പുതിയ പേരില്‍ അറിയപ്പെടുന്ന ഈ നടി ചിത്രത്തില്‍ കുറച്ചു പ്രധാന്യമുള്ള റോള്‍ അഭിനയിക്കുന്നു. ഈ നടിക്ക് ഈ റോളിനായി ഒരു പാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നതുപോലെ നമുക്ക് തോന്നാം. തമിഴില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നടിയായ ഓവിയയ്ക്ക് ഇപ്പോഴും താല്‍പര്യം മലയാള ചിത്രം തന്നെ. ചിത്രത്തില്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരിയായ 'ആന്റിയമ്മ' (സീരിയലിലെ കഥാപാത്രം) എന്ന ഐശ്വര്യ അല്‍പം ഗ്ലാമറസായ റോളാണ് ചിത്രത്തില്‍ ചെയ്യുന്നത്.

ഗ്ലാമറിന്റെ പരിവേഷവും പ്രൃഥ്‌വിരാജിനെയും കലാഭവന്‍ മണിയേയും ഉപയോഗിച്ച് ഗിമ്മിക്കുകളും കാണിച്ച്  എങ്ങിനെയും നാട്ടുകാരുടെ നാലു കാശ് ഉണ്ടാക്കാമെന്ന വ്യാമോഹത്തോടെയാണ് ഭാര്യാഭര്‍ത്താക്കന്മാരായ വാണിവിശ്വനാഥും ബാബുരാജും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്തായാലും കണ്ടിറങ്ങുന്ന പ്രേക്ഷകന് ചിത്രത്തിനെപ്പറ്റി തീരെ നല്ല അഭിപ്രായമില്ല.


Comments (0)

Post a Comment