1993 ബോംബെ മാര്‍ച്ച് 12

| Posted in | Posted on

2






പ്രിയപ്പെട്ട മലയാള പ്രേക്ഷകരെ, നിങ്ങള്‍ക്ക് മലയാള സിനിമയുടെ പതിനാറാം അടിയന്തിരത്തിന് കൂടേണ്ടേ..? എങ്കില്‍ 1993 ബോംബെ മാര്‍ച്ച് 12 എന്ന സിനിമയ്ക്ക് റിസര്‍വേഷന്‍ ചെയ്ത് (അതും മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ തന്നെ വേണം) മറ്റു പ്രധാന പരിപാടികളൊക്കെ മാറ്റിവെച്ച് കാണണം. അപ്പോള്‍ നമ്മള്‍ മലയാള സിനിമയെക്കുറിച്ചും, നമ്മളെക്കുറിച്ചും, നമ്മുടെ പണത്തിനെക്കുറിച്ചും എല്ലാം ചിന്തിച്ചുപോവും. എന്തായാലും കുറച്ചു മാസം മുന്‍പ് മമ്മൂട്ടിയുടെ 'ട്രെയിന്‍' ഇടിച്ച് കൊലപ്പെടുത്തിയ മലയാള സിനിമയുടെ പതിനാറാം അടിയന്തിരത്തിന് വറുത്തുപ്പേരി വിളമ്പി രസിക്കുകയാണ് സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍.




പൊതുവെ തീവ്രവാദത്തിന്റെ വലീയ ശീലുകളൊന്നും ഏശാത്ത ഇന്ത്യാമഹാരാജ്യത്തിന്റെ ഇങ്ങേ അറ്റത്തുള്ള മലയാളി പ്രേക്ഷകര്‍ ഇന്നും ഒരു ബോംബിന്റെയോ, മറ്റു തീവ്രവാദ അക്രമത്തിന്റെയോ തീക്ഷ്ണത ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാണ്. ഒരു ലാഘവത്തോടെ നോര്‍ത്ത് ഇന്ത്യയിലെവിടെയെങ്കിലും ബോംബ് പൊട്ടിയാല്‍, ഒരു സാധാരണ വാര്‍ത്തപോലെ വായിച്ചു തള്ളുന്ന മലയാളി പ്രേക്ഷകര്‍ക്ക് ടെററിസം സബ്ജക്ടായ സിനിമയും ഏശാറില്ല. ഇത് പലതവണ ബോധ്യപ്പെട്ടതുമാണ്. ജയരാജ് ട്രെയിനിലൂടെ അടിവരയിട്ടതാണ്. എന്നിട്ടുമെന്തേ..മമ്മൂക്ക പഠിക്കാത്തൂ....




ഷാജഹാന്‍ എന്ന ചെറുപ്പക്കാരനെ ചതിയിലൂടെ ടെററിസ്റ്റാക്കിയതും തുടര്‍ന്ന് അയാളെ അവര്‍ ദുരുപയോഗപ്പെടുത്തുന്നതും സാഹചര്യം മൂലം സനാതനന്‍ ഭട്ട് എന്ന പൂജാരി ഈ ചെറുപ്പക്കാരനെ വിശ്വസിക്കുകയും, ഉപേക്ഷിക്കപ്പെട്ട് കടംകൊണ്ട് മൂടിയ അയാളുടെ കുടുംബത്തിനെ രക്ഷിക്കാന്‍ സനാതനന്‍ ഭട്ട് നാട്ടില്‍ വന്ന് മതം മാറി സമീറാവുകയും അയാളുടെ സഹോദരിയായ ആബിദ (റോമ)യെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പിന്നീട് തീവ്രവാദ ലിസ്റ്റില്‍പ്പെട്ട ഷാജഹാനുമായി ബന്ധമുണ്ടെന്ന പേരില്‍ സമീറും അറസ്റ്റ് ചെയ്യപ്പെട്ട് 9 വര്‍ഷക്കാലം ജയിലിലാവുന്നു. തിരിച്ചു വരുമ്പോള്‍ അയാളുടെ ഭാര്യ വേറെ വിവാഹം കഴിച്ചിരിക്കും. സിനിമ കഴിഞ്ഞു. പല സീനുകളും പരസ്പര ബന്ധമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥയില്‍ സാമാന്യം നല്ല കണ്‍ഫ്യൂഷന്‍ സംവിധായകനുതന്നെ വന്നതായി മനസ്സിലാക്കാന്‍ സാധ്യമായി. ആ നിലയ്ക്ക് ഇത് കാണുന്ന പ്രേക്ഷകനോ..? 




ചിലരുണ്ട്, ചിലതു ചെയ്യാന്‍ ആവത് കഷ്ടപ്പെടും. എത്ര കഷ്ടപ്പെട്ടാലും അത് അവര്‍ക്ക് ഭംഗിയായി ചെയ്യാനും പറ്റാതെ വരും. ഏതാണ്ട് അതേ സ്ഥിതിയാണ് റോമ ചെയ്ത ക്യാറക്ടര്‍. ജീവന്‍ കളഞ്ഞും പാവം കൊച്ച് കഷ്ടപ്പെട്ടു. പക്ഷേ, കാര്യമില്ലെന്ന് മാത്രം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ബാബു ജനാര്‍ദ്ദനന്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് വിളിച്ചോതുന്ന ചിത്രമാണ് ബോംബെ മാര്‍ച്ച് 12. 




തുടക്കത്തില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ കരുതി ' ഹല്ല...ഇത് ബസ് കണ്ടക്ടറല്ലെ...' എന്ന്. കാക്കിക്കുപ്പായവും താടിയുമായി ബസ് കണ്ടക്ടര്‍ എന്ന സിനിമയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ രൂപത്തില്‍ നിന്നുപോലും ഒരു വ്യത്യാസവുമില്ല. പിന്നെ മമ്മൂട്ടി 'ദ്രോണ' എന്ന പൊളിപ്പടത്തിന്റെ രീതിയിലേക്ക് ചേക്കേറി. ചുരുങ്ങിയപക്ഷം ക്യാറക്ടര്‍ രൂപീകരണത്തിലെങ്കിലും കുറച്ചു മാറ്റങ്ങള്‍ സംവിധായകന്‍ നല്‍കാമായിരുന്നു. 
സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ചവെച്ച ഉണ്ണി എന്ന നവാഗത നടന്‍ ഭാവിയില്‍ ശ്രദ്ധിക്കപ്പെടും. 
      അതുപോലെ സാദിഖ്, ശാരി എന്നിവരൊക്കെ അവരവരുടെ റോളില്‍ മാന്യത പുലര്‍ത്തി. ഇഴഞ്ഞും ഞരങ്ങിയും പടം തകര്‍പ്പന്‍ രണ്ടാം ദിവസം പിന്നിട്ടു. ഇനിയെത്ര നാള്‍!

Comments (2)

നല്ല വിവരണം , ഉള്ളത് ഉള്ളത് പോലെ പറയുന്നു .... ത്രീ കിങ്ങ്സിനെക്കുരിച്ചു ഒന്നും കേട്ടില്ല ഒന്ന് പറയുവോ ?

ഓ... ഇങ്ങനേം ഒരു പടം ഇറങ്ങിയാരുന്നോ???

Post a Comment