ചാപ്പാകുരിശ്

| Posted in | Posted on

1



സമീപകാലത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രം. താരപ്പൊലിമകള്‍ ഒന്നുമില്ലാതെ സാവധാനത്തില്‍ ജീവിതത്തിന്റെ രണ്ടു തലങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ചിത്രം.




നല്ല രീതിയില്‍ സംവിധാനം ചെയ്ത ഒരു ചലച്ചിത്രം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ക്യാമറമാനായ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ഈ ചിത്രം സവിശേഷതകള്‍ ഏറെയുള്ള ഒരു നല്ല ചിത്രമാണ്.  ട്രാഫിക് എന്ന തന്റെ ചിത്രത്തിലൂടെ മലയാളത്തിന് ഒരു നല്ല ഹിറ്റ് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്റെ ഈ സംരംഭം ബോക്‌സോഫീസ് രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയൊന്നുമില്ലെങ്കിലും സാമാന്യം നല്ലയൊരു ചിത്രമാണ്. 




കഥാകൃത്തായ ഉണ്ണി.ആര്‍, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചതാണ് 'ചാപ്പാ കുരിശ്'. കൊച്ചിയിലെ സാധാരണ സംഭാഷണ രീതിയിലുള്ള ഒരു വാക്കാണ് ചാപ്പാകുരിശ്. എന്നുവച്ചാല്‍ 'ഹെഡ് ആന്റ് ടെയില്‍'. വാസ്തവത്തില്‍ ഉന്നതനായ അര്‍ജുന്‍ എന്ന ബില്‍ഡറുടെ വേഷത്തില്‍ ഫഹദ് ഫാസിലും ഒരു സാധാരണക്കാരനായി വിനീത് ശ്രീനിവാസനും ഇതില്‍ വേഷമണിയുന്നു. രണ്ടുപേരും മത്സരിച്ചഭിനയിച്ച ഒരു ചിത്രമാണിത്. ക്ലൈമാക്‌സില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള സംഘട്ടനം വളരെ സവിശേഷതയുള്ളതാണ്.

മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. റോമ, രമ്യാനമ്പീശന്‍, നിവേദിത എന്നിവര്‍. സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായി വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ച നിവേദിത. മലയാളത്തിലെ ശാലീനത്വമുള്ള ശക്തയായ നായികയായി നിവേദിത വളരുമെന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 

ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം ചെയ്തിരിക്കുന്നത് രമ്യാ നമ്പീശനാണ്. തന്നെ മലയാളസിനിമ തഴയേണ്ടതില്ല, മറിച്ച് തനിക്ക് നല്ല കഥാപാത്രങ്ങളെ വിജയിപ്പിക്കുവാനാകും എന്ന് ശക്തമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു രമ്യയുടെത്. പേരിനൊരു നടി മാത്രമായി റോമ. കുറച്ചു ഭാഗമെ ഉള്ളുവെങ്കിലും സാമാന്യം നന്നായി റോമ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.
മലയാളത്തില്‍ മുന്‍പ് അഭിനയിച്ച് ഫലിക്കാതെ പോയ ഫഹദ്ഫാസില്‍ ശക്തമായി ഈ ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ വേറിട്ട രീതിയില്‍ അഭിനയിക്കാന്‍ തനിക്കാവുമെന്ന് ഫഹദ് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
ഇന്നത്തെ കാലഘട്ടത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സാധാരണ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍, അവതരണത്തില്‍ അമിതമായ വയലന്‍സോ മറ്റു കാര്യങ്ങളോ ഉള്‍പ്പെടുത്താതെ മനോഹരമായി ചെയ്ത ഒരു ചിത്രമാണ് ചാപ്പാകുരിശ്.




പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ എടുത്ത ചിത്രമാണ് ചാപ്പാകുരിശ്. സാധാരണക്കാരായ പ്രേക്ഷകരെ വല്ലാതെയൊന്നും രസിപ്പിക്കാത്ത ഈ ചിത്രം നല്ലതാണെങ്കിലും പ്രൊഡ്യൂസര്‍ക്ക് സന്തോഷം വരുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്....

Comments (1)

ഒരിക്കലും ഈ ബ്ലോഗ്‌ നിര്‍ത്തരുത്..
പതിവായി വായിക്കാറുണ്ട്..
ആശംസകള്‍..

Post a Comment