ബാച്ചിലര്‍ പാര്‍ട്ടി

| Posted in | Posted on

0





അമല്‍ നീരദ് അണിയിച്ചൊരുക്കിയ ബാച്ചിലര്‍ പാര്‍ട്ടി തീയറ്ററുകളില്‍ വലിയ പ്രകമ്പനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെന്നു വേണം പറയാന്‍. ഗുണ്ടാ ഗ്യാങ്ങുകളുടെ വിളയാട്ടം പശ്ചാത്തലമാക്കി, സന്തോഷ് എച്ചിക്കാനം, ഉണ്ണി ആര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ പിറന്ന ബാച്ചിലര്‍ പാര്‍ട്ടി ഒന്നാം പകുതിവരെ വലിയ കുഴപ്പമില്ലാതെ തട്ടലും മുട്ടലുമായി പോയി. 




പക്ഷേ, പിന്നീട് ചിത്രം പൂര്‍ണമായും വഴിപിഴച്ചു എന്നു പറയുകയാവും നല്ലത്.  സംവിധാനവും ക്യാമറ ചലിപ്പിച്ചതും പ്രൊഡ്യൂസ് ചെയ്തതും അമല്‍ നീരദ് തന്നെയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ ഫ്രെയിമുകള്‍ ഭംഗിയുണ്ടെങ്കില്‍ പോലും കഥാംശത്തിലും സംവിധാനത്തിലും പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് സാരം.







റഹ്മാന്‍, ഇന്ദ്രജിത്ത്, ആസിഫ്അലി, നിത്യമേനോന്‍, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയ താരനിര തിങ്ങിനിറച്ച പടമായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി. ഓരോ  വ്യക്തിയും ചെയ്ത കഥാപാത്രങ്ങള്‍ ഒന്നിനൊന്നു മികവു പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന രൂപഭംഗി നല്‍കുവാനായെങ്കിലും, ചിത്രത്തില്‍ അതു നിലനിര്‍ത്താന്‍ അമലിന് സാധിച്ചില്ല.




രാഹുല്‍രാജിന്‍റെ സംഗീതം കൂടുതലായൊന്നും ഏശിയില്ലെന്നതാണ് വാസ്തവം. പൃഥ്വിരാജിന്‍റെ  കീഴിലുള്ള ആഗസ്ത് റിലീസ് വിതരണത്തിനെടുത്തതു കാരണമാവാം ചിത്രത്തില്‍ രണ്ടു സീനുകളില്‍ മാത്രമായി പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്. വാസ്തവത്തില്‍ അത് അറുബോറായാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്.





എന്തുതന്നെ ആയാലും, വന്‍ സാമ്പത്തിക പരാജയം ബാച്ചിലര്‍ പാര്‍ട്ടി നേരിടുമെന്നതിന് മറ്റൊരു വാദഗതിയില്ലെന്നു വേണം പറയാന്‍. എല്ലാവരും പറയുന്നതുപോലെ സാറ്റലൈറ്റ് എന്ന പിച്ചക്കാശുകൊണ്ട് തല്‍ക്കാലം അമല്‍നീരദിന് തൃപ്തിപ്പെടേണ്ടി വന്നേക്കും.



സ്പിരിറ്റ്

| Posted in | Posted on

0



മലയാള സിനിമയുടെ സ്പിരിറ്റായി മാറിയേക്കാവുന്ന സിനിമ, ഇന്നത്തെ യുവജനങ്ങള്‍ക്ക് മറ്റൊരു സ്പിരിറ്റാവാന്‍ സാധ്യതയുള്ള സിനിമ, സിനിമാ പ്രേക്ഷകര്‍ക്ക് സിനിമകാണാനുള്ള പുതിയ സ്പിരിറ്റ് പകരുന്ന സിനിമ... അങ്ങിനെ എന്തൊക്കെ വിശേഷണങ്ങളും പ്രതീക്ഷകളുമാണ് ഏറ്റവും പുതിയ രഞ്ജിത്-മോഹന്‍ലാല്‍ സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ നിര്‍വ്വചനങ്ങള്‍! എന്നിട്ടെന്തായി, ''രണ്ടെണ്ണം വിട്ട് നമുക്ക് ആ വൃത്തികെട്ടവനെ രണ്ട് തെറി വിളിക്കണം'' എന്നു പറഞ്ഞാണ് മിക്കവരും തീയറ്റര്‍ വിടുന്നത്.


മലയാള സിനിമ മാറ്റത്തിന്‍റെ വഴിക്കാണ് എന്നത് ശരി തന്നെ. എന്നു കരുതി മലയാള സിനിമയില്‍ ''തോന്ന്യവാസം'' പാടില്ല. അത് പ്രേക്ഷകനോട് കാണിക്കുന്ന ചെറ്റത്തരമായി തോന്നിയേക്കാം. ഇരുപത്തിനാലുമണിക്കൂറും മുഴുക്കുടിയനായ രഘുനന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചിത്രത്തിന്‍റെ 90 ശതമാനം സീനുകളിലും വെള്ളമടിക്കുന്നു. വെള്ളമടിക്കാര്‍ക്ക്, ഒരുപക്ഷേ, കണ്ട് രണ്ടെണ്ണം വീശാനുള്ള പ്രേരണ ലഭിച്ചേക്കും. എന്നാല്‍ പാവം സാധാരണക്കാരോ? അവരെല്ലാം ശശിയായില്ലേ? എന്നാല്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ അസാമാന്യ അഭിനയപാടവമൊന്നും കാണാനില്ല. എങ്കിലും, കുഴപ്പമില്ലാതെ ആശാന്‍ ചെയ്തതിനാല്‍ കുറച്ചുനേരം കണ്ടിരിക്കാം. 


രണ്ടാം പകുതി കഴിയുന്നതോടെ, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തടക്കം എല്ലാവരും നന്നായിട്ടൊന്ന് മിനുങ്ങിയ ലക്ഷണമുണ്ട്. മൊത്തത്തില്‍ ചിത്രം തന്നെ രണ്ട് പെഗ്ഗ് വിട്ട ലക്ഷണം.... നാവുകുഴയുന്നു.... സോറി.. സീനു കുഴയുന്നു... കഥ എന്ത് എങ്ങിനെ കൊണ്ടുപോണം എന്നറിയുന്നില്ല.... എന്തൊക്കയോ ചെയ്തു കൂട്ടുന്നു.... ഏറ്റവും ചിരിവരുന്ന കാര്യം, മുഴുക്കുടിയനായ രഘുനന്ദന്‍, തന്റെ കൂട്ടുകാരന്‍ മരിക്കുന്നതോടെ സ്വിച്ചിട്ടതുപോലെ കുടി നിര്‍ത്തുന്നു. സാമാന്യം കുറച്ചു മാത്രം (നിയന്ത്രിതമായി) മാത്രം കള്ള് കുടിക്കുന്ന വ്യക്തികള്‍ക്ക് അത് സാധ്യമായെന്നു വരും. എന്നാല്‍ 24 മണിക്കൂറും മുഴുക്കുടിയനായ ഒരു വ്യക്തിക്ക് നല്ല ചികിത്സയും കെയറും കിട്ടിയാല്‍ മാത്രമെ കുടി നിര്‍ത്തുവാനൊക്കുകയുള്ളൂ, അതും മാസങ്ങള്‍കൊണ്ട്. ഇത് സുപ്രഭാതത്തില്‍ അങ്ങേര് കുപ്പികളെടുത്ത് വാഷ്‌ബെയ്‌സിനില്‍ ഒഴിച്ചു കളയുന്നു....കഷ്ടം.


ആന്റണി പെരുമ്പാവൂര് രണ്ടെണ്ണം വിട്ടായിരിക്കും ചിലപ്പോ ഇതിന്‍റെ കഥകേട്ടത് എന്ന് തോന്നുന്നു. എന്തായാലും ചിത്രത്തില്‍ തന്‍റെ കൂട്ടുകാര്‍ എല്ലാവരും രഞ്ജിത്തിനൊപ്പമുണ്ട്. ഛായാഗ്രാഹകനായി വേണു.ഐ.എസ്.സി പ്രവര്‍ത്തിച്ചു. എന്തായാലും അങ്ങേര് രണ്ടണ്ണം വിട്ടുകാണില്ല. കാരണം ഫ്രെയിമുകള്‍ കുഴപ്പമില്ല. പിന്നെ, സമീപകാലത്തെ മലയാള സിനിമയുടെ ആത്മാവായിക്കൊണ്ടിരിക്കുന്ന 'ലെന' പതിവുപോലെ പുതിയ പെര്‍ഫോമന്‍സുമായി എത്തി. തടിച്ച് വീര്‍ത്ത്, ഇടിഞ്ഞുതൂങ്ങിയ അഭിനയവും ശരീരവുമായി കനിഹ താരരാജാവിനോട് നായിക സ്വഭാവത്തില്‍ നിലകൊള്ളുന്നു.


എന്‍റെ ശങ്കര്‍ രാമകൃഷ്ണാ.... തനിക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചുപോവുന്ന രീതിയിലുള്ളതായിരുന്നു പെര്‍ഫോമന്‍സ്. എങ്കിലും നവാഗതന്‍ എന്ന രീതിയില്‍ സാമാന്യം നന്നായി ശങ്കര്‍ തന്‍റെ ക്യാരറക്ടര്‍ ചെയ്തു തീര്‍ത്തു. എന്തായാലും പ്രേക്ഷകന് സിനിമയെപ്പറ്റി പറയാന്‍ യാതൊരു സ്പിരിറ്റുമില്ല എന്നതാണ് വാസ്തവം.

വാദ്ധ്യാര്‍

| Posted in | Posted on

0

നിധീഷ് ശക്തി എന്ന നവാഗത സംവിധായകന്‍റെ ചിത്രമാണ് വാദ്ധ്യാര്‍. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രാജേഷ് രാഘവന്‍ എന്ന പുതിയ തിരക്കഥാകൃത്താണ്. മലയാള സിനിമയില്‍ എം. മോഹനന്‍റെ 'മാണിക്യക്കല്ല്' എന്ന പൃഥ്വിരാജ് പടം ഷൂട്ടു ചെയ്യുന്ന അതേ കാലയളവിലാണ് വാദ്ധ്യാരും ഷൂട്ടു ചെയ്യാന്‍ ആരംഭിച്ചത്. രണ്ടും അധ്യാപകരുടെ സബ്ജക്ടുമായി ചേര്‍ന്നുള്ളതായിരുന്നു. ഏതാണ്ട് മൂന്നോളം വര്‍ഷം കഴിഞ്ഞാണ് വാദ്ധ്യാര്‍ തീയറ്ററിലെത്തുന്നത്.



 
 ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ നിധീഷ് ശക്തി എന്ന ചെറുപ്പക്കാരന്‍റെ വന്‍പരാജയമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം. കാരണം സബ്ജക്ട് പരമായോ, ചിത്രീകരണപരമായോ, പ്രേക്ഷകനോട് അദ്ദേഹം നീതി പുലര്‍ത്തിയില്ലെന്നു വേണം കരുതാന്‍. എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്.  ഭംഗിയുള്ള, മനസ്സില്‍ തട്ടുന്ന ഒരു ഫ്രയിം പോലും ചിത്രത്തിലില്ലായിരുന്നു എന്നത് പരിതാപകരമായ കാര്യമാണ്.



 ചിത്രത്തിന്‍റെ നായക കഥാപാത്രത്തെ അനശ്വരമാക്കിയത് ജയസൂര്യയാണ്. പതിവ് രീതികളില്‍ കവിഞ്ഞൊന്നും ജയസൂര്യയ്ക്ക് ആയില്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും അറിയുവാനൊക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മേനകയാണ്. 

 

മേനക സാമാന്യം ഭേദപ്പെട്ട് ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും പല രംഗങ്ങളും ക്ലീഷേകളായി പ്രേക്ഷകന് തോന്നിയിട്ടുണ്ടെങ്കില്‍, അതിന്‍റെ കുറ്റം മുഴുവന്‍ തിരക്കഥാകൃത്തിനും സംവിധായകനുമാണ്. എന്തു തന്നെയായാലും പോസ്റ്ററുകളും പ്രമോഷനും കണ്ട് തീയറ്ററില്‍ കയറി പുറത്തേക്കിറങ്ങുന്ന പ്രേക്ഷകര്‍ തങ്ങള്‍ ഫൂളാക്കപ്പെട്ടു എന്ന വികാരത്തോടെയാണ് പോവുന്നത്.

വീണ്ടും കണ്ണൂര്‍

| Posted in | Posted on

1

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രമായ കണ്ണൂരിന്‍റെ രണ്ടാം പതിപ്പായാണ് വീണ്ടും കണ്ണൂര്‍ വന്നത്. കെ. ഹരിദാസാണ് ഈ രാഷ്ട്രിയ ചിത്രം അണിയിച്ചൊരുക്കിയത്.



 രാഷ്ട്രീയത്തിന്‍റെ കടുകട്ടിവാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ച്, ഡയലോഗുകള്‍ പിന്മാറിയ ഇന്നത്തെ ആധുനിക മലയാള സിനിമയുടെ കാലത്ത് ഈ ചിത്രം വളരെ അരോചകമായി തോന്നി. റോബിന്‍ തിരുമലയുടെ രചന എന്തായാലും പ്രേക്ഷകന് വല്ലാതൊന്നും രസിച്ചില്ലെന്നു വേണം പറയാന്‍.


രാഷ്ട്രീയ ചിത്രമായതിനാലും, കമ്മ്യൂണിസത്തെ സപ്പോര്‍ട്ട് ചെയ്തു നിര്‍മ്മിച്ചതിനാലും ആവണം, ഏതാണ്ട് 300 തവണയോളം സിനിമയില്‍ സഖാവ് എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. പലപ്പോഴും അത് അരോചകമായി പ്രേക്ഷകന് അനുഭവപ്പെടുന്നുമുണ്ട്.



 
ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിത്തു ദാമോദരന്‍ എന്ന പാലക്കാട്ടുകാരനാണ്. അപൂര്‍വ്വ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച ജിത്തുവിനെ തേടി പിന്നീട് വന്നതെല്ലാം തമിഴ് ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് ആറോളം തമിഴ് ഹിറ്റുകള്‍ സമ്മാനിച്ച്, ജിത്തു ഇടക്കാലത്തിനു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമാണ് വീണ്ടും കണ്ണൂര്‍.




 നായകനായ അനൂപ് മേനോന്‍റെ തുടര്‍ച്ചയായി നായകനായ മൂന്നാമത്തെ ചിത്രമാണ് വീണ്ടും കണ്ണൂര്‍. ഇതില്‍ മുല്ലശ്ശേരി മാധവന്‍കുട്ടി, നേമം പി.ഒ, പിന്നെ ജോസേട്ടന്‍റെ   ഹീറോ, തുടര്‍ന്ന് വീണ്ടും കണ്ണൂര്‍. മറ്റു ചിത്രങ്ങളിലെന്നപോലെ ഈ ചിത്രവും അനുപ് മേനോന്‍റെ പരാജയ ചിത്രമായി മാറി. പല രംഗങ്ങളിലും അനൂപ് മേനോന്‍ എന്ന നടന്‍റെ പരിമിതികള്‍ നമുക്ക് തിരിച്ചറിയാനാവുന്നുണ്ട്. പലപ്പോഴും മുന്‍കാല മോഹന്‍ലാല്‍ ടേയ്സ്റ്റ് രുചിച്ചുനോക്കാനും അനൂപ് ശ്രമിക്കുന്നതുപോലെ തോന്നുകയും ചെയ്തു. എന്തു തന്നെയായാലും ചിത്രം മലയാളം ബോക്‌സോഫീസില്‍ വന്‍പരാജയമാണ്.

തിരുവമ്പാടി തമ്പാന്‍

| Posted in | Posted on

0


എം. പത്മകുമാര്‍ ഏറെ കാലത്തിനു ശേഷം അണിയിച്ചൊരുക്കിയ ചിത്രമാണ് തിരുവമ്പാടി തമ്പാന്‍. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും ഒരുപാടൊന്നും മുമ്പോട്ട് സഞ്ചാരിക്കുവാനായിട്ടില്ലെന്ന് തിരുവമ്പാടി തമ്പാന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.


പത്മശ്രീ ജയറാമിന്‍റെ ദുര്‍ബലമായ ഒരു ചിത്രമായി തിരുവമ്പാടി തമ്പാനെ വിശേഷിപ്പിക്കാം. സാധാരണ ജയറാം ചിത്രത്തിന്‍റെ മേമ്പൊടികള്‍ എല്ലാം തന്നെ വാരിവലിച്ചു കുത്തിനിറച്ച ചിത്രമായി ഇതിനെ കണക്കാക്കാം. ആനച്ചമയങ്ങളും ആനക്കമ്പവുമായി തൃശ്ശൂര്‍ ഭാഗങ്ങളില്‍ കണ്ടുവരാറുള്ള നസ്രാണി കുടുംബത്തിന്‍റെ പശ്ചാത്തലമാണ് ചിത്രം. പതിവ് ഫോര്‍മുലകള്‍ വളരെ ദുര്‍ബലമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ ആദ്യപകുതി വളരെ മോശമായതായാണ് കാഴ്ചക്കാരില്‍ നിന്നും ലഭ്യമാകുന്ന വിവരം.


 
രണ്ടാം പകുതിയില്‍ ചിത്രം ഏതാണ്ട് തമിഴ് ചുവയിലേക്ക് കടന്നുകയറി. കിഷോര്‍ എന്ന തമിഴിലെ അതികായനായ നടന്‍ വളരെ വൃത്തിയായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജഗതിശ്രീകുമാര്‍ എന്ന തന്‍റെ അച്ഛന്‍റെ ചെയ്തികളില്‍നിന്നും രക്ഷിക്കാനായി ജയറാം ചെയ്ത കഥാപാത്രത്തിന്‍റെ തീവ്രശ്രമം. തുടര്‍ന്ന് നാടകീയമായ രംഗങ്ങളിലൂടെയും കുറച്ചൊക്കെ സസ്പന്‍സ് ത്രില്ലര്‍ പോലെയും ചിത്രം മുന്‍പോട്ട് നീങ്ങിയതിനാല്‍ ആദ്യപകുതിയുടെ അത്രയും ബോറടി ഉണ്ടായില്ലെന്നതാണ് മറ്റൊരു സത്യം.


ചിത്രത്തിന്‍റെ സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്നത് മനോജ്‌ പിള്ളയാണ്. അദ്ദേഹത്തിന്‍റെ ചില ഫ്രയിമുകള്‍ കൊള്ളാം എന്നതൊഴിച്ചാല്‍ ചിത്രം യാതൊരു വിധത്തിലുമുള്ള പ്രത്യേകതകള്‍ കാണിക്കുന്നില്ല. ചിത്രത്തിന്‍റെ നായിക ഹരിപ്രിയയാണ്. ചിത്രത്തിന്‍റെ കഥയ്‌ക്കോ, മറ്റു വശങ്ങളിലേക്കോ യാതൊരു കോണ്‍ട്രിബ്യൂഷനും നല്‍കാത്ത കഥാപാത്രമായിരുന്നു അത്.



 
ധാരാളം മറ്റു അഭിനേതാക്കളെ അണിനിരത്തിയെങ്കിലും തീയറ്ററില്‍ ഇറങ്ങി മൂന്നാംദിവസംതന്നെ ചിത്രം ഉറവ വറ്റിയ കിണറുപോലെ കലങ്ങി തന്നെ കിടന്നു. എന്തായാലും സമീപകാലത്ത് ഇറങ്ങിയ തകര്‍പ്പന്‍ ജയറാം പരാജയ ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം.

അരികെ

| Posted in | Posted on

0




ഇലക്ട്രയ്ക്ക് ശേഷം ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയ ചിത്രമാണ് അരികെ. അകലെ എന്ന ചിത്രം കൊണ്ട് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ശ്യാമപ്രസാദ്, അരികെ കൊണ്ട് ഒന്നും നേടില്ല എന്നത് ഒരു നഗ്നസത്യം. മലയാളത്തിലെ ക്ലാസ് സംവിധായകന്‍ എന്ന അരുമ പേരുള്ളയാളാണ് ശ്യാമപ്രസാദ്. പക്ഷേ, എന്തുചെയ്യാന്‍, അദ്ദേഷത്തിന്റെ ഒരു സിനിമപോലും ഇന്നേവരെ തീയറ്റര്‍ നിറഞ്ഞ് ഓടിയിട്ടുമില്ല. അത് ആരുടെ കുഴപ്പമാണ്. ശ്യാമപ്രസാദിന്റെയോ, അതോ പ്രേക്ഷകന്റെയോ?




എന്നും നല്ല സാഹിത്യകൃതികള്‍ നോക്കി, ചിത്രങ്ങള്‍ ചെയ്ത് പേരെടുത്ത വ്യക്തിയാണ് ശ്യാമപ്രസാദ്. ഇത്തവണയും സുനില്‍ ഗംഗോപാധ്യയുടെ നോവലിനെ ആസ്പദമാക്കിയാണ് അരികെ ചെയ്തിരിക്കുന്നത്. ഒരു ശാന്തനു എന്ന ഒരു റിസര്‍ച്ച് ഫെല്ലോയെ അവതരിപ്പിച്ചിരിക്കുന്നത് ദിലീപാണ്. സ്വല്പം നര്‍മ്മം കൂട്ടിയുള്ള അഭിനയമാണ് ദിലീപിന്റേത്. എങ്കിലും സാധാരണ രീതിയില്‍ നിന്നും കൂടിപ്പോകാതിരിക്കാന്‍ ആവത് ശ്രമിച്ചയാളാണ് ശ്യാമപ്രസാദ്. 




വിന്ധ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔസേപ്പച്ചന്റെ സംഗീതം ചിത്രത്തിന് ഉന്മേഷം നല്‍കുന്നുണ്ട്. പക്ഷേ, കോഴിക്കോടിന്റെ മനോഹാരിത ഒപ്പിയെടുക്കാന്‍ അളഗപ്പനായില്ല. ദിലീപിനെക്കൂടാതെ, മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍, ഊര്‍മ്മിള ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാ തവണത്തേതിലുംനിന്നും വ്യത്യസ്ഥമായി സ്‌പോട്ട് ഡബ്ബിങ് രീതിയാണ് അരികെയില്‍ അവലംബിച്ചിരിക്കുന്നത്. പക്ഷേ, അത് ചിത്രത്തിനെ വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നതെന്ന് ചിത്രം കാണുന്നവര്‍ക്ക് മനസ്സിലാവും.




നിഷ്‌കളങ്കമായ സ്‌നേഹത്തിനെ തേടി നടക്കുന്ന അനുരാധയുടെ ജീവിത വീക്ഷണത്തിലൂടെ പ്രണയത്തിനും സ്‌നേഹത്തിനും പുതിയ തലങ്ങള്‍ അന്വേഷിക്കുകയാണ് അരികെയിലൂടെ. ഇതിനിടയില്‍ പ്രണയത്തെയും സ്‌നേഹത്തിനെയും കേവലം ഒരു വസ്ത്രം മാറുന്ന ലാഘവത്തോടെ കാണുന്ന കഥാപാത്രമായി അനുരാധ. അനുരാധ ഇന്നത്തെ കാലത്തെ പ്രതിനിധീകരിക്കുന്നു. ബന്ധങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ സ്‌നേഹത്തിനെ തിരിച്ചറിയുന്നില്ലെന്നും, യഥാര്‍ഥ സ്‌നേഹം എന്താണെന്നുമുള്ള അന്വേഷണമാണ് ഈ ചിത്രം. വിരലിലെണ്ണാവുന്ന പ്രേക്ഷകരുമായി ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ തട്ടിമുട്ടി ഓടുന്നു.