തട്ടത്തിന്‍ മറയത്ത്

| Posted in | Posted on

0മഴക്കാലം വിനീതിന്റെ നല്ലകാലമാണെന്നു തോന്നുന്നു. ഇതുപോലെ ഒരു മഴക്കാലത്ത് ജൂലൈ മാസത്തിലാണ് മലര്‍വാടി പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റായില്ലെങ്കിലും, സാമാന്യം നല്ല രീതിയില്‍ മലര്‍വാടി കളക്ടുചെയ്തു. ഇപ്പോഴിതാ..തട്ടത്തിന്‍ മറയത്തും ഒരു മഴക്കാലത്തിറങ്ങി, തീയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് കുതിച്ചു മുന്നേറുന്നു.
നിവിന്‍ പോളിയെ കണ്ടെത്തിയതും അവന് ജീവന്‍ നല്‍കിയതും വിനീതാണ്. ആദ്യസിനിമയിലൂടെ അവനെ അവതരിപ്പിച്ചെങ്കിലും നിവിന്‍ മലയാളികളുടെ ഹൃദയത്തിലേക്ക് കുത്തിക്കയറിയത് തട്ടത്തിന്‍ മറയത്തിലൂടെയാണ്. യുവജനങ്ങളുടെ മനസ്സറിഞ്ഞ് വിനീത് സിനിമ അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയത്തിലേക്ക് വഴി തെളിയിച്ചത്. ഒരുപക്ഷേ, ട്രാഫിക്കിന് ശേഷം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് തട്ടത്തിന്‍ മറയത്താണ് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 


ചിത്രത്തിന്റെ ഇതിവൃത്തം വളരെ പുരാതന സിനിമയില്‍ തുടങ്ങി ഇന്നത്തെ ആധുനിക സിനിമയില്‍വരെ പലതവണ പറഞ്ഞുപോയ സബ്ജക്ടാണ്.  എന്നാല്‍ മികച്ച അവതരണ രീതികൊണ്ടുമാത്രം ചിത്രം പ്രേക്ഷകനെ മടുപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു സാധാരണ ചെറുപ്പക്കാരന്റ മനസ്സില്‍ തോന്നുന്ന പ്രണയം ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ വിനീതിനായി. അവതരണമാണ് സിനിമ. മെയ്ക്കിങ് ആണ് സിനിമയുടെ വിജയം എന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുന്നു.ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രത്തിന് അനുയോജ്യമായ ഒരു സംഗീത പശ്ചാത്തലമൊരുക്കാന്‍ ഷാന്‍ റഹ്മാനായി എന്നത് മറ്റൊരു വാസ്തവമാണ്. അതുപോലെ തന്നെയാണ് ക്യാമറമാനായ ജോമോന്‍ ടി. ജോണ്‍. യുവാക്കളുടെ കൂട്ടായ്മയായി തട്ടത്തിന്‍ മറയത്തിനെ വിശേഷിപ്പിക്കാം. താരമഹിമകളൊന്നുമില്ലാതെ, സാധാരണക്കാരന്റെ ചിത്രമായി തട്ടത്തിന്‍ മറയത്ത് ഇപ്പോഴും തീയറ്ററുകളില്‍ തിരക്കുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും മുകേഷിനും ശ്രീനിവാസനും വന്‍ലാഭം ഇതുമൂലം ഉണ്ടാവും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. ലാല്‍ജോസിന്റെ എല്‍.ജെ. ഫിലിംസാണ് ഇതിന്റെ വിതരണം.നമുക്കു പാര്‍ക്കാന്‍

| Posted in | Posted on

1ഒരു വീട് ഏതൊരാളുടെയും സ്വപ്‌നമാണ്. വാസ്തവത്തില്‍ അത് നല്ലൊരു സബ്ജക്ടാണ്. പക്ഷേ, അതിനെ തന്മയിത്വത്തോടെ അവതരിപ്പിക്കാന്‍ അജിജോണ്‍ എന്ന സംവിധായകനായില്ല. ആനന്ദ്കുമാര്‍ നിര്‍മ്മിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രം ഒരു പൂര്‍ണ്ണ കുടുംബ ചിത്രമാണെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാന്‍ ചിത്രത്തിനായില്ല. ബോക്‌സ്ഓഫീസില്‍ വന്‍പരാജയമായ ചിത്രത്തോടുകൂടി, സമീപകാലത്തിറങ്ങിയ അനൂപ് മേനോന്‍ ചിത്രങ്ങളുടെ അതേ നിരയില്‍ തന്നെ ഈ ചിത്രവും ചെന്നു നിന്നു, എന്നു വേണമെങ്കില്‍ പറയാം.
ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാവുന്നു. കണ്ടുമടുത്ത സീനുകള്‍ കുത്തിക്കയറ്റിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഇതിന് മുന്‍പ് ഒരായിരം തവണ കണ്ടു മടുത്തതാണ്. എന്നിട്ടും വീണ്ടും പഴയ വീഞ്ഞ് പുതീയ കുപ്പിയിലെന്ന മട്ടില്‍ അവതരിപ്പിക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ സാധ്യമാവുന്നില്ല. 
സമീപകാലങ്ങളില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ മലയാള സിനിമകളും സാമാന്യം നല്ല രീതിയില്‍ പ്രേക്ഷകരുടെ പ്രശംസ നേടി, തീയറ്ററുകളില്‍ വീണ്ടും ജനത്തിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തിലാണ് വീണ്ടും പ്രേക്ഷകരെ പറഞ്ഞു പറ്റിക്കുന്ന തരത്തിലുള്ള ചിത്രം വരുന്നത്. നല്ല ടൈറ്റിലും, നല്ല സ്‌ക്രിപ്ടുമിാണ് ചിത്രത്തിന്റെത്. പക്ഷേ, അത് പ്രേക്ഷക പ്രീതി നേടിയെടുക്കാനായില്ല. ചിത്രത്തില്‍ കോഴിക്കോട്ടുകാരിയായ സുരഭി നല്ല ഒരു ക്യാറക്ടര്‍ ചെയ്തിരിക്കുന്നു. അവള്‍ ഒരു അനുഗ്രഹീത കലാകാരിയാണ്. സുരഭിയെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

രതീഷ് വേഗയുടെ സംഗീതത്തിന് അനൂപ് മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒന്നു രണ്ടു ഗാനങ്ങള്‍ കേട്ടിരിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്. കുടുംബ പശ്ചാത്തലമായിട്ടും തീയറ്ററില്‍ ഒരു കുടുംബത്തിനെപ്പോലും കയറ്റാനാവാതെ ചക്രം ശ്വാസം വലിക്കുകയാണ് നമുക്ക് പാര്‍ക്കാന്‍. എന്തായാലും പ്രൊഡ്യൂസറായ ജോയ് തോമസ് ശക്തികുളങ്ങര വെള്ളം കുടിക്കും.

നോട്ടി പ്രൊഫസര്‍

| Posted in | Posted on

0

ഹരിനാരായണന്‍ എന്ന യുവ സംവിധായകന്‍റെ തുടര്‍ച്ചയായ രണ്ടാം ചിത്രമാണ് നോട്ടി പ്രൊഫസര്‍. ബാബുരാജിന്‍റെ തൂലികയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിത് മേനോനാണ്. മലയാള പ്രേക്ഷകരുടെ കുന്നായ്മകള്‍, ചാപല്യങ്ങള്‍ ഒരു പ്രൊഫസര്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാണിക്കാനുള്ള ശ്രമമാണ് ബാബുരാജ് നോട്ടി പ്രൊഫസര്‍ എന്ന ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. 


കഥാപാത്രത്തിന്‍റെ വളര്‍ച്ചയിലും അവതരണത്തിലും ഹാസ്യവും പുതുമയും ഉണ്ടെങ്കിലും ചിത്രം കണ്ടിരിക്കാമെന്നതില്‍ കവിഞ്ഞ്, പ്രേക്ഷകരെ കൂടുതലായൊന്നും ഏശിയില്ലെന്നു വേണം പറയാന്‍. എങ്കിലും സാമാന്യം നല്ല പ്രേക്ഷകര്‍ ചിത്രത്തിനുണ്ട്. തിക്കിത്തിരക്ക് ഇല്ലെങ്കിലും എഴുപത്തിയഞ്ച് ശതമാനത്തോളം പ്രേക്ഷകര്‍ ആദ്യദിവസം തന്നെ തീയറ്ററില്‍ കയറി എന്നത് ഈ ചിത്രത്തിനെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്.


മലയാള സിനിമയുടെ സൂപ്പര്‍ ഹിറ്റുകളിലൊന്നും നോട്ടി പ്രൊഫസര്‍ സ്ഥാനം പിടിക്കില്ലെന്ന് ഉറപ്പാണ്. എങ്കിലും മറ്റു സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍, പ്രത്യേകിച്ച് ഹാസ്യം കലര്‍ന്നത്, അവതരിപ്പിച്ച് കയ്യടി വാങ്ങിക്കുന്ന ബാബുരാജിന് ഈ ചിത്രത്തില്‍ വേണ്ടവിധത്തില്‍ തിളങ്ങാനായില്ലെന്നത് മറ്റൊരു പരമാര്‍ഥമാണ്. ആവറേജ് ആയ ഈ ചിത്രത്തില്‍ നല്ലൊരു കഥാതന്തു ഇല്ലാതെ പോയതും ചിത്രത്തിന്‍റെ ദയനീയ പരാജയമായി കണക്കാക്കാം.


ചിത്രത്തില്‍ ബാബുരാജിന്‍റെ നായികയായി എത്തിയിരിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. നല്ല രീതിയില്‍ തന്‍റെ കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ ലക്ഷ്മിക്കായി. സിനിമാ നടിയായിരുന്ന തനി വീട്ടമ്മയായി അവര്‍ സിനിമയില്‍ ശോഭിച്ചു. ബാബുരാജിന്‍റെ കൂട്ടുകാരന്‍ അമേരിക്കന്‍ അച്ചായനായി ഇന്നസെന്റ് തിളങ്ങി. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ടിനി ടോം, ലെന തുടങ്ങിയവരും സാമാന്യം നല്ല രീതിയില്‍ അവരുടെ റോള്‍ ഭംഗിയായി ചെയ്തു. ക്വാളിറ്റിയില്‍ ഇത്തിരി പുറകിലാണെങ്കിലും ചിത്രം ആവറേജ് എന്ന രീതിയില്‍ മുന്നോട്ടു പോവുന്നു.

ഉസ്താദ് ഹോട്ടല്‍

| Posted in | Posted on

0

തൊട്ടതല്ലാം പൊന്നാക്കി, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നേറുകയാണ്. ട്രാഫിക്, ചാപ്പാകുരിശ്, ഇപ്പോള്‍ ഉസ്താദ്‌ഹോട്ടല്‍. വെറും മൂന്നു സിനിമകള്‍ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും ചുറുചുറുക്കുള്ള, ചെറുപ്പക്കാരനായ പ്രൊഡ്യൂസര്‍ എന്ന പേര് സമ്പാദിക്കാന്‍ ലിസ്റ്റിനായി. വളരെ നല്ല മനസ്സും, സിനിമയെ അതുപോലെ സ്നേഹവും ഉള്ളതിനാലാവും സിനിമ ലിസ്റ്റിനെയും വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഉസ്താദ് ഹോട്ടലില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം കൊള്ളാം, കണ്ടിരിക്കാം, കുഴപ്പമില്ല, പോരാ..ന്നാലും വേണ്ടില്ല..കാണാം എന്നൊക്കെ അഭിപ്രായങ്ങള്‍ ഒഴുകുന്നു.
അന്‍വര്‍ റഷീദിന്‍റെ ബ്രിഡ്ജിലാണ് വാസ്തവത്തില്‍ അദ്ദേഹത്തിനുള്ളില്‍ നല്ലൊരു കലാകാരനുണ്ടെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞത്. തട്ടുപൊളിപ്പന്‍ സിനിമകളുടെ മാത്രം വക്താവല്ല, മറിച്ച് തന്‍റെയുള്ളിലും നല്ലൊരു സിനിമാക്കാരനുണ്ടെന്ന് അന്‍വര്‍ തെളിയിച്ചത് കേരളാ കഫേ എന്ന ചിത്രത്തിലെ 'ബ്രിഡ്ജി'ലായിരുന്നു. അഞ്ജലിമേനോന്‍ എന്ന കഴിവുറ്റ യുവ എഴുത്തുകാരി ഈ സിനിമയിലെ എല്ലാ ചെറുപ്പക്കാര്‍ക്കും ഊര്‍ജ്ജം പകര്‍ന്നതിന്‍റെ തെളിവുകൂടിയാണ് ഉസ്താദ് ഹോട്ടല്‍.
ലോകനാഥന്‍റെ ക്യാമറ മിഴിവ്, കോഴിക്കോടിനെയും  പരിസരത്തെയും നന്നായി ചിത്രീകരിക്കാനായി. പാലക്കാടുപോലെ, കോഴിക്കോടും സിനിമാക്കാരുടെ ഭാഗ്യനാടായി മാറുകയാണ്. സമീപകാലത്ത് കോഴിക്കോടുനിന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എല്ലാ ചിത്രങ്ങളും സാമാന്യം ഹിറ്റുകളായി. ഷട്ടര്‍, ബ്രെയ്ക്കിങ് ന്യൂസ് തുടങ്ങി മറ്റു നിരവധി ചിത്രങ്ങളും കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്നു. വരും ദിവസങ്ങളില്‍ വി.കെ.പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രവും കോഴിക്കോട് പരിസരങ്ങളിലാണെന്ന് കേള്‍ക്കുന്നു.
ഗോപീ സുന്ദര്‍ മനോഹരമായി ചിത്രത്തിന്‍റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. ദുല്‍ഖര്‍, നിത്യമേനോന്‍, തിലകന്‍, സിദ്ധിഖ് തുടങ്ങിയ നല്ല നടീനടന്മാരുടെ നീണ്ട നിരയുണ്ട് ചിത്രത്തില്‍...  തിലകന്‍ വളരെ നന്നായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉപ്പൂപ്പയായി അദ്ദേഹം നിറഞ്ഞു നിന്നു എന്നു വേണം പറയാന്‍. എന്നാല്‍ നായകനായ യുവനടന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ തീയറ്ററുകളില്‍ പിടിച്ചിരുത്താന്‍ അന്‍വറിന് ഒരിക്കല്‍ക്കൂടി സാധ്യമായി.