ലാസ്റ്റ് ബെഞ്ച്

| Posted in | Posted on

0



വളരെ വ്യത്യസ്ഥമായ ഒരു പേരോടുകൂടിയാണ് നവാഗതനായ ജിജു അശോകന്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. നൊസ്റ്റാള്‍ജിയ എന്ന തന്ത്രം വേവിച്ച് മാര്‍ക്കറ്റ് ചെയ്യാനുള്ള ജിജുവിന്റെ ശ്രമം വേണ്ടത്ര ഫലിച്ചില്ല എന്നുവേണം പറയാന്‍. താന്‍ പഠിച്ച സ്‌കൂളിനെയും സ്‌കൂള്‍ ലീലാവിലാസങ്ങളും ഓര്‍ക്കുന്ന, സ്‌കൂളിലെ തലതെറിപ്പന്‍ ലാസ്റ്റ് ബെഞ്ചിലെ നാലു സുഹൃത്തുക്കളുടെ കഥയും അവരുടെ നൊസ്റ്റാള്‍ജിയയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അങ്ങാടിത്തെരുവിലൂടെ പ്രസിദ്ധനായ മഹേഷ്, വിജീഷ്, ബിയോണ്‍ മുസ്തഫ, ജ്യോതി കൃഷ്ണ, സുകന്യ, അനൂപ് ജോര്‍ജ്ജ്, വിജയന്‍ നായര്‍ തുടങ്ങിയവര്‍ക്കു പുറമെ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലക്ഷ്മിപ്രിയ, രമാദേവി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നു. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥനാണ് ലാസ്റ്റ് ബെഞ്ച് ഒരുക്കിയിരിക്കുന്നത്. നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തുവെങ്കിലും ചിത്രം ക്ലച്ചു പിടിച്ചില്ല എന്നതാണ് വാസ്തവം. വലീയ പരുക്കുകളൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം.


ചിത്രത്തിലെ മനോഹരമാക്കാന്‍ ഛായാഗ്രാഹകനായ പ്രകാശ് വേലായുധന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില ചിത്രങ്ങള്‍ക്ക് ചിലതുമതി എന്ന രീതിയില്‍ ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിക്കപ്പെട്ടതായി പ്രേക്ഷകന് പലപ്പോഴും തോന്നിപ്പോകുന്നു. പ്രകാശ് വേലായുധന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ളതൊന്നും ആ ചിത്രത്തിലുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍.


മോഹന്‍ സിതാരയുടെയും വിഷ്ണു ശരത്തിന്റെയും സംഗീതം കൊള്ളാം എന്നു മാത്രമേ ഉള്ളൂ. എങ്കിലും, തീയറ്ററുകളില്‍ ഒരു ചെറിയ മാറ്റൊലി പോലും ഈ ചിത്രത്തിന് സമ്മാനിക്കാന്‍ സാധിക്കാതെ പോയത് സങ്കടകരമായി എന്നത് പരമാര്‍ഥം.

Comments (0)

Post a Comment