കാണ്ഡഹാര്‍

| Posted in | Posted on

0


മേജര്‍ മഹാദേവന്‍ അമ്മാനമാടിയ മലയാളക്കരയില്‍ 'കാണ്ഡഹാര്‍' പുതീയ ഓളങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ കടന്നുപോയി. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നിവയുടെ തുടര്‍ച്ചയെന്നോണം ചെയ്ത 'കാണ്ഡഹാര്‍' പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്നുമാത്രമല്ല, മേലില്‍ മേജര്‍ രവി ഇത്തരം ചലച്ചിത്രങ്ങള്‍ ചെയ്തുപോകരുതെന്ന താക്കീതോടെയാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് പുറത്തേക്കിറങ്ങിയത്.

ആദ്യപകുതിയില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലായിരുന്നു ചിത്രം നീങ്ങിയിരുന്നത്. ഇതില്‍ നിരാശപൂണ്ട് ഇടവേളയ്ക്ക് ഇറങ്ങിപ്പോയവര്‍ക്ക് വല്ലാത്തൊരു നഷ്ടം പിണഞ്ഞു. രണ്ടാം പകുതി സാമാന്യം ഭേതപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു എന്നവര്‍ അറിഞ്ഞത് പുറത്തു വന്നതിനു ശേഷമാണ്.





ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫൈഌയ്റ്റ് 814 തട്ടിയെടുത്ത യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രീകരണമായിരുന്നു 'കാണ്ഡഹാര്‍'. പക്ഷേ, ചിത്രത്തിലുടനീളം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ ഇരുത്താന്‍ മേജര്‍ രവിയ്ക്കായില്ല. മാത്രവുമല്ല, കിടിലം കൊള്ളുന്ന ഹൈജാക്കിങ് ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടുമടുത്ത മലയാളി പ്രേക്ഷകര്‍ക്ക് 'മേജര്‍ മഹാദേവന്‍' എന്ന കഥാപാത്രം കോമാളിക്കളി നടത്തുന്നതായാണ് അനുഭവപ്പെട്ടത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ അതികായകന്മാരിലൊരാളായ അമിതാബ് ബച്ചന്റെ സാന്നിധ്യം ചിത്രത്തിന് പ്രേക്ഷരുടെ നീണ്ടനിര സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച മേജര്‍ രവിയ്ക്കും കൂട്ടര്‍ക്കും തെറ്റിപ്പോയി. അഭിനയത്തികവിന് ഭരത് അവാര്‍ഡു വാങ്ങിച്ച രണ്ട് ശക്തരായ നടന്മാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വിരളുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്.


ഊട്ടി, ന്യൂഡല്‍ഹി, റഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ബിഗ്ബജറ്റ് ചിത്രമായ 'കാണ്ഡഹാറി'ന്റെ ഒരു നിര്‍മ്മാണ പങ്കാളി മോഹന്‍ലാല്‍ കൂടിയാണ്. അദ്ദേഹം കേണലായതിനു ശേഷം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് 'കാണ്ഡഹാര്‍'. പതിവു ശൈലികളുടെ ആവര്‍ത്തന വിരസത ചിത്രത്തിലുടനീളം നിഴലിക്കുന്നുണ്ടായിരുന്നു. ഈ ചിത്രം മോഹന്‍ലാല്‍ എന്ന വ്യക്തിയെ സാമ്പത്തികമായി എത്തരത്തിലാവും സഹായിക്കുക എന്ന് കണ്ടുതന്നെ അറിയണം.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണേഷ് വെങ്കിട്ടരാമന്‍ തന്റെ കഥാപാത്രം മികവുറ്റതാക്കി. മലയാളികള്‍ക്ക് ഗണേഷിന്റെ മുഖം കൂടുതല്‍ ഇഷ്ടമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പഴകാല നടിയായ സുമലത, പുതീയ തലമുറയിലെ അനന്യ എന്നിവര്‍ക്ക് പേരിനുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. എങ്കിലും ചിത്രത്തില്‍ മലയാളിയല്ലാത്ത ഷാമിര്‍ തണ്ടന്‍ ചെയ്ത സംഗീതം സാമാന്യം നിലവാരം പുലര്‍ത്തി.


അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്നതുപോലെ എളുപ്പമല്ല മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറുന്നത് എന്ന് മേജര്‍ രവിക്ക് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടുകാണണം. കാരണം, മിഷന്‍ 90 ഡേയ്‌സില്‍ ഒരിക്കല്‍ അത് ബോധ്യപ്പെട്ടതാണ്.