22 ഫീമെയില്‍ കോട്ടയം

| Posted in | Posted on

0




ഉപ്പും കുരുമുളകും മലയാളികളുടെ ആസ്വാദന സംവേദനത്തില്‍ പുരട്ടിയ സംവിധായകനാണ് ആഷിക് അബു. ആദ്യചിത്രമായ ഡാഡികൂളിലൂടെ രംഗപ്രവേശനം ചെയ്ത ആഷിക് അബു എറണാകുളം മഹാരാജാസ് കോളേജില്‍  ഷോര്‍ട്ട്ഫിലിം ചെയ്തു നടന്ന കാലത്ത് ആരും പ്രതീക്ഷിച്ചു കാണില്ല ഇയാള്‍ നാളെ മലയാള സിനിമയിലെ അറിയപ്പെടുന്ന പ്രതിഭയാകുമെന്ന്. അതാണ് സിനിമ. പ്രവചനാതീതമാണ് സിനിമയിലെ പ്രതിഭകളുടെ മിന്നലാട്ടം.




തന്‍റെ ആദ്യ സിനിമയായ ഉപ്പും കുരുമുളകിലൂടെ മലയാളികളുടെ ആസ്വാദന രീതിയില്‍ ഒരു പുതിയ രുചി പരിചയപ്പെടുത്തിയ വ്യക്തിയാണ് ആഷിക് അബു. അതു തന്നെ ഇത്തവണ ആവര്‍ത്തിച്ചു. 22 ഫീമെയില്‍ കോട്ടയം.  മലയാളി പെണ്‍കുട്ടികള്‍ എന്നും എപ്പോഴും അഭിമുഖീകരിച്ച, സര്‍വ്വ സാധാരണമായ ഒരു സബ്ജക്ടിനെ തന്‍റെതായ സംവിധാന ശൈലികൊണ്ടു മാത്രം പിടിച്ചു നിര്‍ത്തിയതാണ് 22FK.




ചിത്രത്തില്‍ കഥാംശത്തെക്കുറിച്ച് സംവദിക്കുകയാണെങ്കില്‍, പ്രണയം നടിച്ച് പെണ്‍കുട്ടിയെ ചതിക്കുന്നതും അവള്‍ പിന്നീട് പ്രതികരിക്കുന്നതും, കഴിഞ്ഞു കഥ. ഇടക്കാലത്ത് മഴപ്പാറ്റകളെപ്പോലേ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും പുറത്തിറങ്ങാറുള്ള 'എ' പടങ്ങളില്‍ കാണുന്ന സ്ഥിരം സബ്ജക്ട്. പക്ഷേ, അതില്‍ ജീവിതാംശത്തെ ചാലിച്ച് വേറിട്ട ശൈലിയില്‍ പ്രതിപാദിച്ചപ്പോഴാണ്, ആഷിക് അബു ശരിക്കും മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തില്‍ ഉപ്പും കുരുമുളകും ചാലിച്ചത്.




ചിത്രത്തിലെ ചില വളരെ ലഘുവായ പരാമര്‍ശങ്ങള്‍ കൂരമ്പു കണക്കുള്ളതാണ്. വളരെ ദൃഢവും കേരളത്തിലെ അഭ്യസ്തവിദ്യരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കാനുതകുന്ന വിധത്തിലുള്ളതുമാണ്.




കേന്ദ്ര കഥാപാത്രമായ സിറിള്‍ 'നീ വെറും പെണ്ണാണ്' എന്നു പറയുന്ന ഭാഗം ചിത്രത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ സംഭാഷണ ശകലമാണ്. അതില്‍ അര്‍ഥങ്ങള്‍ അനവധി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്‍റെ തീവ്രത മുഴുവന്‍ നഷ്ടപ്പെടാതെ ആ രംഗത്തില്‍ ടെസ്സ പ്രതികരിക്കുന്നുമുണ്ട്. ഇതേ കഥാപാത്രം ടെസ്സയുടെ പ്രതികാരരീതിയില്‍ അടിയറവുവച്ച് തിരിച്ചു പറയുന്ന ഭാഗവും ഉണ്ട്....'' ടെസ്സാ...നീയാണ് പെണ്ണ്'. വെറും പ്രതികാരത്തില്‍ ടെസ്സ കൈക്കൊണ്ട രീതിയെ അവലംബിച്ചല്ല സിറിള്‍ അത്തരത്തില്‍ ഒരു ഡയലോഗ് അനാവരണം ചെയ്യുന്നത്. മറിച്ച് സ്ത്രീ എന്താണെന്ന് സ്ത്രീയെ തന്നെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്.




തന്‍റെ ജീവിതചക്രത്തില്‍ ഇന്നേവരെ ചെയ്തതില്‍  ഏറ്റവും പക്വമായ കഥാപാത്രമാണ് റീമ ചെയ്തിരിക്കുന്നത്. ഇതുവരെ റീമ കല്ലിങ്കല്‍ വെറും ഒരു കോമാളി കഥാപാത്രമായിരുന്നു. വാസ്തവത്തില്‍ ഒരു ഡോള്‍ നായിക. അത്തരത്തിലുള്ള ഒരു ആവരണത്തെ ഭേദിച്ച് റീമ കല്ലിങ്കല്‍ തനിക്ക് വേണ്ടി വന്നാല്‍ ശക്തമായ കഥാപാത്രങ്ങളെ ജീവിപ്പിക്കുവാന്‍ സാധ്യമാകുമെന്ന് തെളിയിച്ച കഥാപാത്രമാണ് ടെസ്സ.  2012 ല്‍ അത്ര വലിയ എതിരാളികളൊന്നും വന്നില്ലെങ്കില്‍, അടുത്ത വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ റീമ കല്ലിങ്കല്‍ എന്ന പേര് മികച്ച നടിയോട് ചേര്‍ന്നിരിക്കാന്‍ സാധ്യതകള്‍ ഉണ്ട്.




ചിത്രത്തിലെ ഗാനം, സിനിമാട്ടോഗ്രഫി, എന്നിവ സാധാരണ നിലവാരം പുലര്‍ത്തി. ഫഹദ് ഫാസില്‍ തനിക്ക് ഏതു തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കല്‍ക്കൂടി അടിയുറപ്പിച്ചു. പക്ഷേ, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അയാളെ തേടി വരുന്നില്ലെന്ന് മാത്രം. സര്‍വ്വ സാധാരണമായ ഒരു സബ്ജക്ടിനെ ക്ഷമയോടെ ഒരു കയ്യടക്കത്തോടെ അവതരിപ്പിച്ചതിനാല്‍ ആഷിക് അബു ഇത്തവണയും പ്രേക്ഷകരുടെ പ്രീതി നേടി. പക്ഷേ, തീയറ്ററുകളില്‍ ആവറേജ് കളക്ഷന്‍ മാത്രമാണ് ഉള്ളത്. സമീപദിവസങ്ങളില്‍  പ്രേക്ഷകര്‍ ഇനിയും തീയറ്ററുകളിലേക്ക് ഒഴുകിയേക്കും.

കോബ്ര

| Posted in | Posted on

0




കിംങ് കോബ്രയും കരിമൂര്‍ഖനും കേരളത്തിലെ തീയറ്ററുകളില്‍ ഫണം വിടര്‍ത്തി ആടാന്‍ തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായി. കൊത്തുമെന്നും, ചിലപ്പോള്‍ തട്ടിപ്പോവുമെന്നും, തിമിര്‍ത്താടുമെന്നുമൊക്കെ ഭീഷണി മുഴക്കിയാണ് പാവങ്ങള്‍ തീയറ്ററില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോ തന്നെ പ്രേക്ഷകന് മനസ്സിലായി ഇത് വെറും ഓലപ്പാമ്പാണെന്ന്. പാവം ഫാന്‍സുകാര്‍ തൊണ്ട കീറി ആര്‍ത്തനാദം മുഴക്കിയിട്ടൊന്നും വലിയ കാര്യമുണ്ടായി എന്നു തോന്നുന്നില്ല. ജനം പാടെ നിരാശയിലാണ്. 




ഒന്നാമത് ചിത്രത്തിലെ ആദ്യപകുതി സാമാന്യം ഭേദപ്പെട്ട വളിപ്പുകളാല്‍ സമൃദ്ധമായിരുന്നു. എങ്കിലും സഹിക്കബിള്‍ ആണെന്ന സത്യം ഉറപ്പാണ്. പക്ഷേ, രണ്ടാം പകുതിയോടെ ചിത്രത്തില്‍ ഒന്നുമില്ല. വെറും മുതുക്കന്മാരുടെ ഒലിപ്പത്തരം മാത്രം. ഒടുക്കത്തില്‍ ഒരു ഉശിരന്‍ സ്റ്റണ്ട് കാണിക്കുന്നുണ്ട്. അതിപ്പോ, ബോക്‌സിങ്ങാണോ, കുങ്ഫൂ ആണോ, കരാട്ടേ ആണോ...അതോ റസലിങ് ടൈപ്പാണോ എന്നൊന്നുമറിയില്ല. ഒരു പ്രത്യേക തരം ഫൈറ്റ്. എന്നാലും കണ്ടിരിക്കാം. 




ലാല്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളൊക്കെ സാമന്യം ഭേദപ്പെട്ട് ഓടുകയും കളക്ഷന്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട് എന്ന ഒറ്റ ധൈര്യത്തിലാവണം ആന്റോ ജോസഫ് ഈ കുരിശ് എടുത്ത് അദ്ദേഹത്തില്‍ ചാരിക്കൊടുത്തത്. പക്ഷേ, ഇത്തവണ പണിപാളിയോന്ന് സംശയം. 




വേണുവിന്‍റെ ഛായാഗ്രഹണത്തില്‍ വലിയ പിഴവുകളോ നേട്ടങ്ങളോ പറയുവാനില്ല. ഒരു ആവറേജ് പടം. തീര്‍ന്നു. ചിത്രത്തില്‍ പത്മപ്രിയയും കനിഹയുമാണ് നായികമാര്‍. സഹോദരിമാരായ ഡോക്ടര്‍ വിഭാഗം പഠിക്കുന്നവര്‍. ചിത്രത്തില്‍ അവരുടെ അച്ഛനായി ലാലു അലക്‌സ്. അതു സഹിക്കാം. പക്ഷേ, അയാള്‍ മമ്മൂട്ടിയെന്ന മുതുക്കിഴവന്‍റെ അമ്മായിഅച്ഛനാവുന്നു എന്നു പറയുമ്പോള്‍ പ്രേക്ഷകരുടെ മുഖം ചുളിഞ്ഞു. പതിവുപോലെ ഇത്തിരി വെള്ളമടിയും, കൊച്ചു തമാശകളുമായി പതിവ് അച്ഛനായി ലാലു അലക്‌സ് തന്‍റെ ഭാഗം ക്ലിയറാക്കി. അല്‍ഫോണ്‍സ് ഒരുക്കിയ ഗാനത്തില്‍ ആദ്യപകുതിയിലെ വെള്ളമടി ഗാനം സാമാന്യം ഭേദപ്പെട്ടു നിന്നു. ബാക്കി ഗാനങ്ങളെക്കുറിച്ച് പറയാതിരിക്കുകയാവും നല്ലത്. 


ഈ വിഷുക്കാലത്ത് തീയറ്ററില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഓര്‍ഡിനറിയും ഈ അടുത്ത കാലത്തും മാത്രമാണ് ഇപ്പോഴും സാമാന്യം നല്ല പ്രേക്ഷകരുമായി ഓടിക്കൊണ്ടിരിക്കുന്നത്. ആഷിക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയം സാധാരണ അബു സ്റ്റൈല്‍ ചിത്രമാണെന്നും കുഴപ്പമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കണ്ടിരിക്കാം, ഇത്തവണത്തെ വിഷുചിത്രങ്ങള്‍ ആര്‍ക്കൊക്കെ കൈനീട്ടം സമ്മാനിക്കുമെന്ന്.

മായാമോഹിനി

| Posted in | Posted on

1


പി.സുകുമാറും, ദിലീപിന്‍റെ അളിയനായ മധുവാര്യരും ചേര്‍ന്നാണ് മായാമോഹിനി ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് ഇടയ്ക്ക് എങ്ങനെയാ...എന്തിനാ കയ്യടിക്കേണ്ടത് എന്നറിയില്ല എന്ന അവസ്ഥയ്ക്കൊരു ഉദാഹരണമാണ് മായാമോഹിനി. വാസ്തവത്തില്‍ ഈ ചിത്രത്തിന് മറ്റു ദിലീപ് ചിത്രങ്ങളെ അപേക്ഷിച്ച് നിലവാരം കുറവാണ്. പക്ഷേ, നല്ല സമയം, നല്ല മാര്‍ക്കറ്റിങ് എന്നിവ സഹായിച്ച്, അത്യാവശ്യം ജനത്തിരക്കുണ്ട്. ചിത്രം നന്നായില്ലെങ്കിലും കയ്യടികിട്ടുമെന്ന് ഇതോടെ സിനിമാക്കാര്‍ക്ക് ബോധ്യമായിക്കാണും.


കളര്‍ ഫാക്ടറിയുടെ ബാനറില്‍ മധുവും പി.സുകുമാറും ചേര്‍ന്നൊരുക്കിയ ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജോസ് തോമസ് ആണ്. തിരക്കഥയാണേല്‍ ദിലീപിന്‍റെ ജീവനാഡികളായ ഉദയകൃഷ്ണനും സിബി.കെ. തോമസും. വാസ്തവത്തില്‍ ദിലീപ്  എന്ന് ഈ രണ്ടുപേരെ ഒഴിവാക്കുന്നോ, അന്നൊക്കെ സാമാന്യം നല്ല ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം മാത്രം. അനില്‍ നായരുടെ ഛായാഗ്രഹണം ബേണി ഇഗ്നേഷ്യസിന്റെ സംഗീതം എന്നിവയൊക്കെ ചേര്‍ന്ന് വന്‍കിട ബഡ്ജറ്റില്‍ നിര്‍മ്മിച്ച മായാമോഹിനിക്ക് മൂന്നുകോടിയോളം സാറ്റലൈറ്റ് വന്നു എന്നാണ് സംസാരം.


പതിവുപോലെ, ബാബുരാജും, ബിജുമേനോനും അരങ്ങുവാണു. തീയറ്ററില്‍ ദിലീപിനെ കാണിക്കുമ്പോള്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി കൈയ്യടി ബിജുമേനോന്‍ കരസ്ഥമാക്കുന്നുണ്ട്. ഒരുപക്ഷേ, അടുത്ത സൂപ്പര്‍സ്റ്റാറായി ബിജുമേനോന്‍ ഉയര്‍ന്നുവരാന്‍ വരെ സാധ്യത കാണുന്നു.


ബാബുരാജ് സമീപകാലത്ത് മലയാളസിനിമയിലെ ഇതിഹാസമായി ഉയര്‍ന്നുവന്ന താരമാണ്. അതോടെ സുരാജ് വെഞ്ഞാറമൂട് എന്ന അറുബോറന്‍ കഥാപാത്രത്തിന് കുറച്ചൊക്കെ ആശ്വാസം ലഭിച്ചു എന്നത് മറ്റൊരു സത്യം. ചിത്രത്തില്‍ പതിവില്‍ കവിഞ്ഞ് ഒന്നുമില്ല. ദിലീപിന്‍റെ പ്രച്ഛന്നവേഷം കൊള്ളാം. പക്ഷേ, സിനിമയുടെ കഥ വളരെ വീക്ക്.  പിന്നെ കുറെ വളിപ്പത്തരം കണ്ടിരിക്കാമെങ്കില്‍ സിനിമയ്ക്ക് ഇടിച്ചു കയറാം. പാവം പ്രേക്ഷകര്‍ മറ്റൊരു അവ്വൈഷണ്‍മുഖി പ്രതീക്ഷിച്ച് പോയിട്ട് ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന തിരിച്ചറിവോടെയാണ് തീയറ്റര്‍ വിടുന്നത്.

ഔട്ട്‌സൈഡര്‍

| Posted in | Posted on

0




മനസ്സില്‍ നന്മയുള്ള സംവിധായകര്‍ വളരെ കുറവായിരിക്കും. അത്തരം വ്യക്തിയുടെ ചിത്രങ്ങളിലും നനുത്ത നന്മകള്‍ നിറഞ്ഞിരിക്കും. മനുഷ്യകഥാംശത്തിന്‍റെ മഴപ്പാറ്റലുകള്‍ ചിത്രത്തിലുടനീളം പ്രകടമാവും. അത്തരത്തില്‍ ജീവിതാംശം കൊണ്ട് ചാലിച്ച ചിത്രമായിരുന്നു 'ആത്മകഥ'. ശ്രീനിവാസനും സീമബിശ്വാസ് (ബാന്റിറ്റ്ക്യൂന്‍) അഭിനയിച്ച ആ മികച്ച സിനിമ മലയാളത്തില്‍ കണ്ടവര്‍ വിരലിലെണ്ണാവുന്നവര്‍. പക്ഷേ, മലയാള സിനിമാലോകത്ത് അന്ന് പ്രേംലാല്‍ എന്ന കഴിവുറ്റ സംവിധായകന്‍ ജനിച്ചു.



തന്റേതായ  സംവിധാന ശൈലികൊണ്ട് മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്ന പ്രേംലാലിന്‍റെ  ഏറ്റവും പുതിയ ചിത്രമാണ് ഔട്ട്‌സൈഡര്‍. ഈ ചിത്രവും പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോവുന്നത് വളരെ പരിതാപകരമാണ്.




ശ്രീനിവാസനും ഇന്ദ്രജിത്തും പ്രധാനകഥാപാത്രമാവുന്ന സിനിമയില്‍ തമിഴ് നടന്‍ പശുപതി ഒരു ക്ലാസിക് വില്ലനാവുന്നു. പശുപതിയുടെ അസാധാരണമായ പെര്‍ഫോമന്‍സുള്ള ചിത്രമാണ് ഔട്ട്‌സൈഡര്‍. സാധാരണ കൊമേഷ്യല്‍ സിനിമയുടെ ക്രൈമും സസ്പെന്‍സും ത്രില്ലിങ്ങ് എലിമന്റ്‌സും എല്ലാം ചേര്‍ന്ന ഈ ചിത്രം ക്ലാസിക് രീതിയില്‍ സംവിധാനം ചെയ്തു എന്നതാണ് പ്രധാന സവിശേഷത. 





ശ്രീനിവാസന്‍റെ മകളായി അഭിനയിച്ച ഗംഗബാബു എന്ന നവാഗതയായ കുട്ടി വളരെ നന്നായി തന്‍റെ കഥാപാത്രത്തെ വിജയിപ്പിച്ചിരിക്കുന്നു. മലയാളസിനിമയില്‍ ഭാവിയുള്ള ഒരു കലാകാരിയായി ഈ പുതുമുഖനടിയെ വിശേഷിപ്പിക്കാം.



ഗിരീഷ്‌ലാല്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീത് ആണ്. നല്ല മൂന്നു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കഥാസന്ദര്‍ഭത്തിന് യോജിക്കുന്ന ഗാനങ്ങളായതിനാല്‍ മറ്റു ചിത്രങ്ങളിലെപ്പോലെ അസ്ഥാനത്ത് ഗാനശകലം കണ്ട് സഹിക്കേണ്ടി വന്നിട്ടില്ല എന്നതും മറ്റൊരു സത്യമാണ്. സമീര്‍ഹക്കിന്‍റെ നല്ല ക്യാമറയായിരുന്നു. ഭംഗിയായി ഫ്രയിമുകളെ കോര്‍ത്തിണക്കാന്‍ ആത്മാര്‍ഥതയോടെ സമീര്‍ ഹഖ് ശ്രമിച്ചിരുന്നു എന്നതും മറ്റൊരു എടുത്തു പറയത്തക്ക സവിശേഷതയാണ്.


നല്ല സിനിമകളെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയുന്നത് വെറുതെയാണെന്ന് 'ആത്മകഥ' കണ്ടതോടെ മനസ്സിലായി. വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍മാത്രം. കണ്ടവര്‍ കണ്ണുംകരളും കലങ്ങിയാണ് ഇറങ്ങിപ്പോയത്. അത്രയും നല്ല ചിത്രമായിരുന്നു 'ആത്മകഥ'. 


ആത്മകഥയില്‍ നിന്നും വേറിട്ട പ്രമേയം, ഒരു മനുഷ്യന്‍റെ ജീവിത്തതില്‍ തികച്ചും ഔട്ട്‌സൈഡറായ ഒരു വ്യക്തി ചെലുത്തുന്ന അസ്വസ്ഥതകളാണ് ചിത്രത്തിന്‍റെ കഥ. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ടുന്ന ചിത്രം.




മാസ്റ്റേഴ്‌സ്

| Posted in | Posted on

0


കുറച്ചു കാലത്തിനു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റേഴ്‌സ്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ആയി മാറിയ പൃഥ്വിരാജ് വീണ്ടും ഒരു പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് മാസ്റ്റേഴ്‌സ് എന്നതും മറ്റൊരു സവിശേഷതയാണ്. തമിഴിലെ മിന്നുന്ന നടനും സംവിധായകനുമായ ശശികുമാര്‍ എന്ന പ്രതിഭയും മലയാളത്തില്‍ അരങ്ങേറി എന്നത് ഈ ചിത്രത്തിന്റ സവിശേഷതയാണ്. എങ്കിലും പ്രേക്ഷകരെ ഈ ചിത്രം പ്രതീക്ഷിച്ചത്ര ആവേശഭരിതരാക്കിയില്ല എന്നാണ് പൊതുവെ ലഭ്യമായ റിപ്പോര്‍ട്ട്.


പൃഥ്വിരാജ്, ശശികുമാര്‍ എന്നിവരെക്കൂടാതെ വന്‍ താരനിര തന്നെ ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. അനന്യ, തമിഴിലെ ഗോവ എന്ന വെങ്കിട് പ്രഭുവിന്‍റെ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക പിയ ബാജ്പായി, മുകേഷ്, സിദ്ധിഖ്, സലീംകുമാര്‍, ബിജുമേനോന്‍, ജഗതിശ്രീകുമാര്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, അനില്‍ മുരളി, മണിക്കുട്ടന്‍ അങ്ങിനെ പോവുന്നു താരങ്ങളുടെ നീണ്ട നിര. 

ചിത്രം നല്ലൊരു കുറ്റാന്വേഷണ ചിത്രമായി ചെയ്യുവാന്‍ ജോണിക്കായില്ല. ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട ഒരു കഥാശകലം ഉണ്ടായിരുന്നു. നല്ല രീതിയിലുള്ള നടന്മാരും ടെക്‌നീഷ്യന്മാരും. പക്ഷേ, അവരെ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ ജോണി ആന്റണിക്കായില്ല. 


ശശികുമാറിനെപ്പോലുള്ള അതുല്യ പ്രതിഭകളെ കയ്യില്‍ ലഭ്യമായിട്ടു പോലും, കേവലം ഒരു നവാഗത നടനെക്കൊണ്ട് ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സാധാരണ കഥാപാത്രം നല്‍കി, കഴിവുറ്റ ആ നടനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിന് ജോണിക്ക് വന്‍പരാജയമാണ് സംഭവിച്ചത്.

നിര്‍മ്മാതാവായ ബി.ശരത്ചന്ദ്രനെ ഈ സിനിമ എത്തരത്തിലാണ് സഹായിക്കുവാന്‍ പോവുന്നത് എന്ന് കണ്ടു തന്നെ അറിയണം. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ പശ്ചാത്തലമൊരുക്കിയത് ഗോപി സുന്ദറാണ്. ഗോപി സുന്ദര്‍ ഈ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചു എന്നത് മറ്റൊരു സത്യമാണ്. പക്ഷേ, വളരെ ദുര്‍ബലമായ പശ്ചാത്തലസംഗീതമാണ് ഗോപിസുന്ദര്‍ ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. പൊതുവെ ഞെട്ടിക്കുന്ന പശ്ചാത്തലം കൊണ്ട് മലയാള സിനിമയെ കോള്‍മയിര്‍കൊള്ളിക്കുന്നയാളാണ് ഗോപി. ഗോപിക്ക് എന്തു പറ്റി?


ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. അത്യുഗ്രന്‍ എന്നു വിശേഷിപ്പിക്കുവാനായില്ലെങ്കിലും കുഴപ്പമില്ലാതെ അവര്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ജിനു എബ്രഹാമിന്‍റെ കഥ/തിരക്കഥ/സംഭാഷണം വേണ്ടത്ര ഏശിയില്ലെന്ന് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്. 


എങ്കിലും, ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കേണ്ടുന്ന ഇനിഷ്യല്‍ പുള്‍ പോലും ചിത്രത്തിന് ലഭിച്ചില്ലെന്നാണ് പൊതുവെ പറയുന്നത്. പൊതുജനാഭിപ്രായത്തില്‍ ചിത്രം ങാ...കുഴപ്പമില്ല. എന്ന് ഒരു നീരസമട്ടില്‍ പറഞ്ഞു പോവുന്നു. അതുകൊണ്ട് ശരാശരി നിലവാരത്തിനും താഴെയാണ് മാസ്റ്റേഴ്‌സ് നില്‍ക്കുന്നത് എന്ന് നമുക്ക് വേണമെങ്കില്‍ അനുമാനിക്കാം.