കാണ്ഡഹാര്‍

| Posted in | Posted on

0


മേജര്‍ മഹാദേവന്‍ അമ്മാനമാടിയ മലയാളക്കരയില്‍ 'കാണ്ഡഹാര്‍' പുതീയ ഓളങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ കടന്നുപോയി. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നിവയുടെ തുടര്‍ച്ചയെന്നോണം ചെയ്ത 'കാണ്ഡഹാര്‍' പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്നുമാത്രമല്ല, മേലില്‍ മേജര്‍ രവി ഇത്തരം ചലച്ചിത്രങ്ങള്‍ ചെയ്തുപോകരുതെന്ന താക്കീതോടെയാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് പുറത്തേക്കിറങ്ങിയത്.

ആദ്യപകുതിയില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലായിരുന്നു ചിത്രം നീങ്ങിയിരുന്നത്. ഇതില്‍ നിരാശപൂണ്ട് ഇടവേളയ്ക്ക് ഇറങ്ങിപ്പോയവര്‍ക്ക് വല്ലാത്തൊരു നഷ്ടം പിണഞ്ഞു. രണ്ടാം പകുതി സാമാന്യം ഭേതപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു എന്നവര്‍ അറിഞ്ഞത് പുറത്തു വന്നതിനു ശേഷമാണ്.





ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫൈഌയ്റ്റ് 814 തട്ടിയെടുത്ത യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രീകരണമായിരുന്നു 'കാണ്ഡഹാര്‍'. പക്ഷേ, ചിത്രത്തിലുടനീളം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ ഇരുത്താന്‍ മേജര്‍ രവിയ്ക്കായില്ല. മാത്രവുമല്ല, കിടിലം കൊള്ളുന്ന ഹൈജാക്കിങ് ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടുമടുത്ത മലയാളി പ്രേക്ഷകര്‍ക്ക് 'മേജര്‍ മഹാദേവന്‍' എന്ന കഥാപാത്രം കോമാളിക്കളി നടത്തുന്നതായാണ് അനുഭവപ്പെട്ടത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ അതികായകന്മാരിലൊരാളായ അമിതാബ് ബച്ചന്റെ സാന്നിധ്യം ചിത്രത്തിന് പ്രേക്ഷരുടെ നീണ്ടനിര സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച മേജര്‍ രവിയ്ക്കും കൂട്ടര്‍ക്കും തെറ്റിപ്പോയി. അഭിനയത്തികവിന് ഭരത് അവാര്‍ഡു വാങ്ങിച്ച രണ്ട് ശക്തരായ നടന്മാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വിരളുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്.


ഊട്ടി, ന്യൂഡല്‍ഹി, റഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ബിഗ്ബജറ്റ് ചിത്രമായ 'കാണ്ഡഹാറി'ന്റെ ഒരു നിര്‍മ്മാണ പങ്കാളി മോഹന്‍ലാല്‍ കൂടിയാണ്. അദ്ദേഹം കേണലായതിനു ശേഷം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് 'കാണ്ഡഹാര്‍'. പതിവു ശൈലികളുടെ ആവര്‍ത്തന വിരസത ചിത്രത്തിലുടനീളം നിഴലിക്കുന്നുണ്ടായിരുന്നു. ഈ ചിത്രം മോഹന്‍ലാല്‍ എന്ന വ്യക്തിയെ സാമ്പത്തികമായി എത്തരത്തിലാവും സഹായിക്കുക എന്ന് കണ്ടുതന്നെ അറിയണം.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണേഷ് വെങ്കിട്ടരാമന്‍ തന്റെ കഥാപാത്രം മികവുറ്റതാക്കി. മലയാളികള്‍ക്ക് ഗണേഷിന്റെ മുഖം കൂടുതല്‍ ഇഷ്ടമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പഴകാല നടിയായ സുമലത, പുതീയ തലമുറയിലെ അനന്യ എന്നിവര്‍ക്ക് പേരിനുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. എങ്കിലും ചിത്രത്തില്‍ മലയാളിയല്ലാത്ത ഷാമിര്‍ തണ്ടന്‍ ചെയ്ത സംഗീതം സാമാന്യം നിലവാരം പുലര്‍ത്തി.


അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്നതുപോലെ എളുപ്പമല്ല മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറുന്നത് എന്ന് മേജര്‍ രവിക്ക് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടുകാണണം. കാരണം, മിഷന്‍ 90 ഡേയ്‌സില്‍ ഒരിക്കല്‍ അത് ബോധ്യപ്പെട്ടതാണ്.

ദി ത്രില്ലര്‍ (18.11.2010)

| Posted in | Posted on

0


ആനന്ദ ഭൈരവിയുടെ ബാനറില്‍ ബി.ഉണ്ണികൃഷ്ണനും സാബുചെറിയാനും ഒരുമിച്ച് നിര്‍മ്മിച്ച 'ദി ത്രില്ലര്‍' തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. വലീയ സവിശേഷതകള്‍ ഒന്നുമില്ലാതെ.

ഒരു പൃഥ്‌വിരാജ് ചിത്രം എന്നത് മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തിന് എടുത്തു പറയത്തക്ക പ്രത്യേകതള്‍ ഒന്നും ഇല്ലെന്നു തന്നെ പറയാം. എത്രയോ തവണകള്‍ മാറ്റുരച്ച, സ്ഥിരം പോലീസ് കഥകള്‍. സുരേഷ് ഗോപി, തുടങ്ങിയ പല നടന്മാര്‍ പലവിധം പയറ്റി, പ്രേക്ഷകന് ബോറടിച്ച സ്ഥിരം സബ്ജക്ട് വീണ്ടും അവര്‍ക്ക് മുന്‍പില്‍ വിളമ്പാന്‍ തോന്നിച്ച ഉണ്ണികൃഷ്ണന്റെ ധൈര്യം സമ്മതിക്കേണ്ടിയിരിക്കുന്നു. അതും ഇക്കാലത്ത് !


മാടമ്പിക്ക് മുന്‍പ് ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ഐ.ജിയില്‍ നിന്നും ഒരു വ്യത്യസ്ഥതയുമില്ലാതെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് അന്വേഷിക്കുന്ന വിഷയം മാറിയിട്ടുണ്ടെന്ന് മാത്രം. ഷാജികൈലാസ് മുന്‍ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെട്ട രീതികളായ കുറെ ബൂട്ടുകളുടെ ഷോട്ടുകളും, കുറെ കാറുകള്‍ വിവിധ ഓഫീസുകള്‍ക്ക് മുന്‍പില്‍ വന്നു നില്‍ക്കുന്നതും മന്ത്രിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്നതും പോലീസുകരില്‍ ഒരാള്‍ ഒറ്റുകാരനാവുന്നതും മന്ത്രിയുടെ പ്രത്യേക പരിഗണനയിലൂടെ നായകന്‍ വീണ്ടും കേസ് തുടരുന്നതും കേട്ടുപഴകിച്ച കുറെ അറുബോറന്‍ ഡയലോഗുകളും...ഉണ്ണികൃഷ്ണന്‍ സിനിമയുടെ കാര്യത്തില്‍ ശരിക്കും 'ഉണ്ണി' യാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ദി ത്രില്ലര്‍. സിനിമയുടെ പേരിലുള്ള ത്രില്ലൊന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കില്ല.


പോലീസ് കഥകളില്‍ മിക്കതും ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കും. കൊലപാതങ്ങളുടെ പൊരുള്‍ അഴിച്ചു വരുമ്പോള്‍ പ്രേക്ഷകന് ഉണ്ടാവാറുള്ള ത്രില്ല് എത്രയോ സിനിമകളില്‍ പരീക്ഷിക്കപ്പെട്ടതാണ്.


എന്നാല്‍ മിക്കതും വേണ്ടത്ര പ്രതീക്ഷയോ ത്രില്ലോ പ്രേക്ഷകന് കൊടുക്കാറില്ലെന്നു മാത്രം. മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കിയാല്‍, പോലീസ് കഥകള്‍ ഇല്ലെങ്കിലും, മിക്കചിത്രങ്ങളിലുടനീളം ഒരു കള്ളനും പോലീസും കളിയാണ്. ഒരുപക്ഷേ, പ്രണയം കഴിഞ്ഞാല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ആശയം ചിലപ്പോള്‍ ഈ കള്ളനും പോലീസും കളിതന്നെ ആവണം.

കാര്യസ്ഥന്‍ (5.11.2010)

| Posted in | Posted on

0




ജനപ്രീയ നായകന്‍ ദിലീപിന്റെ നൂറാമത് ചിത്രം 'കാര്യസ്ഥന്‍' സാമാന്യം ഭേതം എന്ന അഭിപ്രായത്തോടെ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. തോംസണും ഉദയകൃഷ്ണ, സിബി.കെ.തോമസ് ചേര്‍ന്ന് അണിയിച്ചൊരുക്കിയ കാര്യസ്ഥന്‍ സ്ഥിരം മലയാള സിനിമാ ഫോര്‍മുലകള്‍ എല്ലാം പാലിച്ച് സ്ഥിരം ശൈലി പിന്‍തുടര്‍ന്നു പോരുന്നു.

രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടാവുകയും പിന്നീട് ആ കുടുംബത്തിലെ ഒരാളുടെ വിവാഹം മറ്റേ കടുംബാംഗവുമായി നിശ്ചയിക്കുകയും പിന്നീട് അത് നടക്കാതെ വരുമ്പോള്‍ ഇരു കുടുംബങ്ങളും തമ്മില്‍ പൊറുക്കാനാവാത്ത ശത്രുത വളരുകയും ഇതിന് ഒരു കുടുംബത്തിലെ ഒരംഗത്തിന്റെ മരണം കാരണമാവുന്നതും ആ കാരണം ഒരു മകനില്‍ അടിച്ചേല്‍പ്പിച്ച് അവനെ വീട്ടില്‍ നിന്നും പുറത്താക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകനും അവന്റെ മകനും വീണ്ടും തിരിച്ച് അതേ കുടുംബത്തിലേക്കു തന്നെ വരുന്നതുമായ കഥകള്‍ എത്രതവണ കേട്ടാലും മലയാളികള്‍ക്ക് മതിവരില്ലെന്ന് ഉദയകൃഷ്ണയ്ക്കും സിബിക്കും മനസ്സിലാക്കിയതു പോലെയാണ് 'കാര്യസ്ഥന്റെ' കിടപ്പ്.


ഒരു പുതീയ സംവിധായകന്‍ 'മുമ്പേ ഗമിക്കും ഗോവു തന്റെ....' എന്ന പഴഞ്ചൊല്ലിലെ അന്വര്‍ത്ഥമാക്കാന്‍ ആവത് ശ്രമിക്കുന്നതുപോലെയാണ് തോംസണ്‍ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സവിശേഷതകള്‍ ഒന്നും എടുത്തു പറയാനില്ലെങ്കിലും മലയാളി കുടുംബങ്ങള്‍ തീയറ്ററിലിരുന്ന് സഹിച്ച് പുറത്തേക്ക് പായുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദിവസങ്ങള്‍ക്കകം ജനപ്രീയ നായകന്റെ ഈ ചിത്രം പാവം പ്രൊഡ്യൂസറെ രക്ഷിച്ചെടുത്തേക്കാം...ഒരു ഉറപ്പും ഇല്ലെന്നു മാത്രം.


നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചതിന്റെയും 'സ്വലേ' എന്ന ചിത്രത്തിലൂടെ സംവിധായകനായതിന്റെയും പ്രവര്‍ത്തന പരിചയം ക്യാമറമാന്‍ പി.സുകുമാര്‍ ചിത്രത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്തൊ പതിവ് ദിലീപ് വളിപ്പത്തരങ്ങള്‍ ആവത് ഒഴിവാക്കാന്‍ ഉദയകൃഷ്ണ, സിബി കൂട്ടുകെട്ട് ശ്രമിച്ചിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്.



മലയാളിത്തമുള്ള, ഭാവിയുള്ള നായികയാണ് കാര്യസ്ഥനിലൂടെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരിക്കുന്നത്. കോഴിക്കോട്ടുകാര്‍ക്ക് ആനിനെകൂടാതെ അഭിമാനിക്കാന്‍ അഖില കൂടിയായിരിക്കുന്നു. ഇനിയും വരും കാലങ്ങളില്‍ നല്ലനല്ല കഥാപാത്രങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തുമെന്നതില്‍ സംശയമില്ല. പക്ഷേ, ഒരു ഗാനരംഗത്ത് അയോധന വിദ്യയുടെ ചുവടുകള്‍ പ്രദര്‍ശിപ്പിച്ച അഖിലയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് മലയാളി പ്രേക്ഷകര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇത്തിരിയൊക്കെ മലയാളിത്തമുള്ള സംഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കാന്‍ ബേണി ഇഗ്‌നേഷ്യസ് ടീമിനെക്കൊണ്ടായിട്ടുണ്ട്. സാലു.കെ.ജോര്‍ജ്ജിന്റെ ആര്‍ട്ടും ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.


അന്യാഭാഷാ ചിത്രങ്ങളെ മറ്റൊരച്ചില്‍ ഇട്ട് വാര്‍ത്തെടുക്കലാണല്ലോ സമീപകാലത്തായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തു വരുന്നത്. അതുകൊണ്ടാവാം മലയാള സീരിയല്‍ രംഗത്തുള്ള നിരവധിപേരെ അണിനിരത്തി, ഫാറാ ഖാന്‍ തന്റെ ഹിന്ദി ചലച്ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ബോളിവുഡിലെ ഒട്ടുമിക്ക നടന്മാരെയും കൊണ്ടുവന്നതുപോലെ, ഒരു തുരുപ്പു ചീട്ട് എറിഞ്ഞു നോക്കിയത്. ഒരുപരിധിവരെ വീട്ടിലെ വിഡ്ഢിപ്പെട്ടിക്കുള്ളിലിരിക്കുന്ന വീട്ടമ്മാരെ ആ ഗാനം ത്രില്ലടിപ്പിച്ചെങ്കിലും മറ്റുള്ളവര്‍ പലരേയും തിരിച്ചറിയാനാവാതെ മുഖത്തോടുമുഖം നോക്കി. സമീപകാലത്തെ ജനപ്രീയ നായകന്റെ പടങ്ങളൊന്നും വലീയ തിരയിളക്കങ്ങള്‍ സൃഷ്ടിക്കാത്തതുപോലെ ഇതും ഒരൊഴുക്കില്‍ നീങ്ങുമെന്നു മാത്രമെ 'കാര്യസ്ഥന്' പറയാനുള്ളൂ.

ഫോര്‍ ഫ്രണ്ട്‌സ്

| Posted in | Posted on

0




ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്തേക്ക് കുതിച്ചു ചാടിയ സംവിധായകനാണ് സജിസുരേന്ദ്രന്‍. ആദ്യ ചിത്രം പ്രദര്‍ശന വിജയം നേടിയതോടെ സജിസുരേന്ദ്രന്‍ മലയാളത്തിലെ ഒരു പുതീയ പ്രതീക്ഷയായി.

ഹിന്ദിചലച്ചിത്രത്തിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയ ഹാപ്പി ഹസ്ബന്റ്‌സ് സാമാന്യം നല്ലപേരു നേടിയതോടെ സജിസുരേന്ദ്രന്‍ മലയാളക്കരയില്‍ അറിയപ്പെടുന്ന സംവിധായകനായി മാറി. എന്നാല്‍ തന്റെ ഫോര്‍ ഫ്രണ്ട്‌സ് അത്രയും നല്ല ഒരു പ്രതീക്ഷയല്ല പ്രേക്ഷകന് സമ്മാനിച്ചത്.



തന്റെ മറ്റു ചിത്രങ്ങളിലെന്നപോലെ ഫോര്‍ ഫ്രണ്ട്‌സിലും നിരവധി താരങ്ങളെ നിരത്തി ഒരു ഓളമുണ്ടാക്കുക എന്ന തന്ത്രമാണ് സജി ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, ഈ ഓളങ്ങള്‍ എത്രകണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ എത്തിക്കുവാനായി എന്നത് ചിന്തിക്കേണ്ടതാണ്. എങ്കിലും വ്യത്യസ്തമായ ഒരു മേഖലയിലേക്ക് മലയാള സിനിമാ പ്രേക്ഷകരെ എത്തിക്കുവാനുള്ള ഒരു എളിയ ശ്രമം സജിസുരേന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്നതാണ്.

കൃഷ്ണ പൂജപ്പുര മലയാളത്തിലെ തിരക്കുപിടിച്ച തിരക്കഥാകൃത്തായി മാറിയത് ഹാപ്പി ഹസ്ബന്റ്‌സ് വന്നതോടുകൂടിയാണ്. തുടര്‍ന്ന് വന്ന 'സകുടുംബം ശ്യാമള' കൃഷ്ണപൂജപ്പുര എന്ന എഴുത്തുകാരന്റെ മറ്റൊരു വികൃത മുഖമാണ് പ്രേക്ഷകന് കാണിച്ചുകൊടുത്തത്. പേരിന് ആ ചിത്രം ഓടിയെങ്കിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ കൃഷ്ണയ്ക്ക് ആ ചിത്രത്തിലൂടെ പറ്റിയില്ല. എങ്കിലും തുടര്‍ന്നുവന്ന 'ഫോര്‍ഫ്രണ്ട്‌സ് ' - അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കൂടുതല്‍ വ്യത്യസ്തമായ മറ്റെന്തോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകന്‍. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു.


ഫോര്‍ ഫ്രണ്ട്‌സിന്റെ ആദ്യ പകുതി ചെത്തിക്കൂര്‍പ്പിച്ച മുനമ്പുപോലെ നിന്നു. അതുകണ്ടപ്പോള്‍ സത്യത്തില്‍ പ്രേക്ഷകന്‍ ഈ ചിത്രം ഹിറ്റുകളുടെ ലിസ്റ്റിലേക്ക് കടന്നു കയറുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, രണ്ടാം പകുതി തുടങ്ങിയതോടെ സിനിമയുടെ ഗതിമാറി. നമ്മുടെ നായകന്മാരായ അമീര്‍ (ജയസൂര്യ), റോയ് (ജയറാം), സൂര്യ (കുഞ്ചാക്കോ), അവരുടെ നായികപദവി അലങ്കരിക്കുന്ന മീരാജാസ്മിന്‍ എന്നിവര്‍ ചേര്‍ന്ന് മലേഷ്യന്‍ ഭംഗി പ്രേക്ഷകനെ കാണിക്കുവാനുള്ള രണ്ട് ഗാനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയുടെ കഥയ്‌ക്കോ പ്രേക്ഷകനോ മറ്റൊന്നും സംഭാവന ചെയ്യുന്നില്ല.

ക്ലീഷേകളുടെ 'ആവര്‍ത്തനം' പ്രേക്ഷകനെ ഇടയ്‌ക്കൊക്കെ കൂവാന്‍ പ്രേരിപ്പിച്ചു. പൊതുവെ വേഗതയാര്‍ന്ന നമ്മുടെ തലമുറയ്ക്ക് ഇന്ന് തീയറ്ററിലിരുന്ന് സെന്റിമെന്‍സ് കാണുവാന്‍ തീരെ താല്‍പര്യമില്ലെന്ന് ഫോര്‍ ഫ്രണ്ട്‌സിലൂടെ ഒന്നുകൂടെ വെളിപ്പെട്ടു.



കാന്‍സര്‍ എന്ന മഹാവ്യാധിയെ ഇതിനു മുന്‍പ് പലതരത്തിലും പലവിധത്തിലും സിനിമകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഒരുപേക്ഷ, എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിലും എന്തിനേറെ പറയുന്നു, വിദേശ ചിത്രത്തിലടക്കം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മരണത്തെ കാത്തിരിക്കുന്ന രോഗികളായ നായകന്മാരും നായികമാരും എന്നത് മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി.

ഏതു സമയവും മരണത്തെ കാത്തിരിക്കുന്നവരായിട്ടും അവര്‍ ജീവിതത്തെ ശക്തമായി നേരിടുന്നത് വാസ്തവത്തില്‍ സമൂഹത്തിനു തന്നെ നല്ല ആത്മവിശ്വാസം നല്‍കുന്നതാണ്. ഒരുപക്ഷേ, ഈ ചലച്ചിത്രം കാണുവാനിടയുള്ള രോഗികളായ നമ്മുടെ പ്രേക്ഷകര്‍ക്ക് ഒരായിരം മടങ്ങ് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നതാണ് ഇതിലെ സബ്ജക്ട്. സാമൂഹികമായി പ്രതിബദ്ധതയുള്ള ഒരു സംവിധായകനായി സജിസൂരേന്ദ്രന്‍ മാറുന്നതിന്റെ ചില നല്ല ലക്ഷണങ്ങള്‍ തെളിഞ്ഞുവന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്‌സ്.

ചിത്രത്തിലുടനീളം മിന്നുന്ന പെര്‍ഫോമന്‍സ് കാഴ്ചവെച്ചത് ജയസൂര്യയാണ്. തനി നാടന്‍, വിദ്യാഭ്യാസമില്ലാത്ത ഫോര്‍ട്ടുകൊച്ചിക്കാരന്റെ സ്വഭാവം തന്മയിത്വത്തോടെ അവതരിപ്പിക്കാന്‍ ജയസൂര്യയ്ക്കായി. വേണമെങ്കില്‍, ഈ നടനെ നല്ലൊരു അച്ചിലിട്ട് വാര്‍ത്തെടുത്താന്‍ മലയാള സിനിമയ്ക്ക് മികവുറ്റ നിരവധി കഥാപാത്രങ്ങള്‍ സംഭാവന നല്‍കിയേക്കും.


വലീയ സവിശേഷതകള്‍ ഒന്നും ഇല്ലാത്താരു സാധാരണ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി അദ്ദേഹം മലയാള സിനിമയില്‍ ചെയ്തു പോരുന്ന തനി ടിപ്പിക്കല്‍ കഥാപാത്രം. കോളേജ് ചോക്ലേറ്റ് കുമാരന്‍. കുഞ്ചാക്കോ ബോബനെ മലയാളി പ്രേക്ഷകര്‍ക്ക് ചോക്ലേറ്റ് കാമുകനോ, കോളേജ് കുമാരനോ ആയി മാത്രമെ കാണുവാന്‍ അനുവദിക്കുകയുള്ളൂ എന്ന വാശിയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളെ മാത്രമെ താന്‍ സ്വീകരിക്കുകയുള്ളൂ എന്ന വീരവാദം മുഴക്കിയ നമ്മുടെ ചോക്ലേറ്റ് കുഞ്ചാക്കോയ്ക്ക് ഈയിടെ അദ്ദേഹത്തിന്റെ ഒന്നുരണ്ടു പടങ്ങള്‍ നേരിയതായി കളക്ഷന്‍ നേടി എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍, നല്ലൊരു കഥാപാത്രമോ, സിനിമയോ അദ്ദേഹത്തിന് ലഭിച്ചില്ലെന്നു വേണമെങ്കില്‍ പറയാം.

ഒരു നായക കഥാപാത്രം ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കുവാനുള്ള ത്രാണി ഇനിയും കുഞ്ചാക്കോ ബോബന് വന്നിട്ടില്ലെന്ന് പറയുകയാവും ഭേദം. കൂട്ടത്തില്‍ നിന്ന് കൂവാന്‍ ആര്‍ക്കാണ് പറ്റാത്തത്? മറ്റാരും കൂവാത്തപ്പോള്‍, ഒറ്റയ്ക്ക് നിന്ന് കൂവാനുള്ള ചങ്കൂറ്റമാണ് ഇനി കുഞ്ചാക്കോ ബോബന്‍ കാണിക്കേണ്ടത്. എന്നാല്‍ ഫോര്‍ ഫ്രണ്ട്‌സില്‍ ഒന്നോ രണ്ടോ സീനിലേയ്ക്ക് ക്ഷണിക്കപ്പെട്ട് വന്ന മണിക്കുട്ടന്‍ വളരെ വൃത്തിയായി തന്റെ റോള്‍ ചെയ്ത് പോയി മറഞ്ഞു. ഒരുപക്ഷേ, കുഞ്ചാക്കോ ചെയ്ത കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒന്നു തറച്ചു നില്‍ക്കുന്നത് മണിക്കുട്ടനാണ്.


മീരാജാസ്മിന്‍ എന്ന കഴിവുറ്റ കലാകാരിയേ വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ സജിയ്ക്ക് പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. പേരിനു മാത്രമുള്ള ഒരു നായികമാത്രമായി മാറി മീരാജാസ്മിന്‍. എങ്കിലും ചിത്രത്തിലുടനീളം ശരിക്കും ഒരു രോഗിയെ പോലെ തോന്നിച്ചത് മീരാജാസ്മിനാണ്. കാരണം മറ്റുചിത്രങ്ങളില്‍ മീര പ്രദര്‍ശിപ്പിച്ച സ്മാര്‍ട്ട്‌നസും ചുറുചുറുക്കും ഈ സിനിമയില്‍ പ്രേക്ഷകന് കാണുവാനായില്ല.

ജയറാം ഒരു ടിപ്പിക്കല്‍ കഥാപാത്രമായി മാത്രം മാറി. ചിത്രത്തിലുടനീളം നായകനെന്ന ചുക്കാന്‍ പിടിച്ചുവാങ്ങി തുഴഞ്ഞത് ജയറാമാണെങ്കില്‍ കൂടി അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാ ജയറാം ചിത്രത്തിലും ഉള്ളതുപോലെ മികച്ചു നിന്നു. ചിത്രത്തിലെ ചില ഗാനങ്ങള്‍ അനാവശ്യമായി തോന്നിച്ചു. സന്ദര്‍ഭോചിതമാകാത്തതാവാം ഇതിന് കാരണമെന്ന് നമുക്ക് പ്രത്യാശിക്കാം. ചിത്രത്തില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട കമലഹാസന്‍ ആ ഒറ്റ സീനിലൂടെ കയ്യടി വാങ്ങിക്കുന്നു. ചിത്രത്തിന്റെ പകുതിയില്‍ വരുന്ന നമ്മുടെ ഉലകനായകന്‍ ചിത്രത്തില്‍ ഒരു ഓളമുണ്ടാക്കുന്നുണ്ടെങ്കിലും ആ തിരയിളക്കം ചിത്രത്തിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ സജിസുരേന്ദ്രനായില്ല.



പരിചയസമ്പത്തും, മലയാള സിനിമയുടെ 'ഗുട്ടന്‍സും', താരരാജക്കന്മാരുടെ കൂട്ടായ്മയും ഒക്കെ ഉണ്ടായിരുന്നിട്ടും, സജി സുരേന്ദ്രന്‍ ഈ ചലച്ചിത്രത്തിനായി രൂപകുറെ കളഞ്ഞെങ്കിലും, അതിന്റെ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ സമാന്യം നല്ല കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവെങ്കിലും കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തലശ്ശേരി ഭാഗങ്ങളില്‍ വൈകുന്നേരത്തെ പ്രദര്‍ശനത്തിനുള്ള സമയമാവുമ്പോഴേക്കും തിരക്ക് ക്രമാതീതമായി കുറഞ്ഞു.

ആശയപരമായും, സാങ്കേതികപരമായും നല്ല നിലവാരത്തിലേക്ക് ഒരുപരിധിവരെ ചലച്ചിത്രത്തെ എത്തിക്കാന്‍ സജി സുരേന്ദ്രന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പ്രേക്ഷകന് എന്താണ് വേണ്ടതെന്ന് ഒരു ശങ്കറിനെപ്പോലെയോ, സത്യന്‍ അന്തിക്കാടിനെപ്പോലെയോ, എന്തിനേറെ പറയുന്നു സാക്ഷാല്‍ ഉലക നായകന്‍ കമലഹാസനെപ്പോലെയോ തിരിച്ചറിഞ്ഞ് കൊടുക്കാന്‍ ഇനിയും സജി സുരേന്ദ്രനും കൂട്ടരും പഠിക്കേണ്ടിയിരിക്കുന്നു.

കോക്ക്ടെയ്ല്‍

| Posted in | Posted on

0


വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ മലയാള സിനിമയില്‍ തുടര്‍ന്നു വന്നത് 'കോക്‌ടെയില്‍' എന്ന ജയസൂര്യ ചിത്രത്തിലും ആവര്‍ത്തിച്ചു. 'മോഷണം'. വലിയ വിജയമായില്ലെങ്കിലും, ഹോളിവുഡ് ചിത്രത്തിന്റെ മോഷണമായിരുന്നു കോക്‌ടെയില്‍.

നിരവധി മോഷണ ചിത്രങ്ങള്‍ മലയാളത്തില്‍ അതിവിദഗ്ദമായി പരീക്ഷിച്ച് വിജയിപ്പിച്ച പലരേയും നമുക്കറിയാം. ബോയിംഗ് ബോയിംഗ്, നാടോടിക്കാറ്റ്... തുടങ്ങി, അവസാനം കോക്‌ടെയില്‍ വരെ എത്തി നില്‍ക്കുന്നു അത്. പക്ഷേ, അതിലൊക്കെ പ്രസ്തുത ചിത്രങ്ങള്‍ സംവിധാനം ചെയ്തവര്‍ വളരെ മനോഹരമായി മലയാളക്കരയുമായി അത്തരം ചിത്രങ്ങളെ കോര്‍ത്തിണക്കിയതുകൊണ്ട് പ്രദര്‍ശന വിജയം നേടിയെന്നു പറയാം. എന്നാല്‍ അരുണ്‍കുമാര്‍ ഒരുക്കിയ കോക്‌ടെയില്‍ ഒരു വിജയമാകാന്‍ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും.

വളരെ സാവധാനത്തില്‍ നീങ്ങുന്ന സ്‌ക്രിപ്റ്റായിരുന്നു ആദ്യത്തെ അരമണിക്കൂര്‍. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതായിരിക്കണം സംവിധായകന്റെ ഉദ്ദ്യേശ്യലക്ഷ്യമെന്ന് തുടക്കത്തില്‍ തോന്നി. പിന്നീട് ജയസൂര്യചെയ്ത ദുരൂഹമായ കഥാപാത്രം കടന്നു വരുന്നതോടെ ചിത്രത്തിന് കുറച്ചു ജീവന്‍ വന്നുവെന്ന് പറയാം. പാര്‍വ്വതിയായി അഭിനയിച്ച സംവൃതാ സുനിലും, രവിയായി അഭിനയിച്ച അനൂപ് മേനോനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു.

അപ്രതീക്ഷിതമായി രണ്ടു ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു കാര്യവുമില്ലാതെ ഒരാള്‍ കടന്നു വരുന്നതുപോലെയാണ് ജയസൂര്യയുടെ കഥാപാത്രം വരുന്നത്. എങ്കിലും ആ സസ്‌പെന്‍സ് അതിന്റെ തീവ്രതയോടെ കൊണ്ടുപോകുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നടന്നിരിക്കുന്നത്. ഹോളിവുഡ് രീതികള്‍ മലയാള/ഇന്ത്യന്‍ സിനിമയില്‍ പലതവണ പരീക്ഷിക്കപ്പെട്ടതാണ്. പക്ഷേ, ഹോളിവുഡ് ചിത്രങ്ങളെ അത് മാത്രമായിട്ടും മലയാള ചിത്രങ്ങളെ തനി മലയാള ചിത്രമായിട്ടും കാണുവാനേ നമ്മുടെ പ്രേക്ഷകര്‍ക്കാവുകയുള്ളൂ.


ചിലവു ചുരുക്കലിന്റെ ഭാഗമായിട്ടാവാം, ചിത്രത്തിലുടനീളം ഈ മൂന്നു കഥാപാത്രങ്ങള്‍ മാത്രമാണ് മിന്നിമായുന്നത്. ഇടയ്ക്ക് ഒരു ഓളമുണ്ടാക്കാന്‍ ഷാനു ചെയ്ത ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ മുതലാളിയുടെ കഥാപാത്രം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ആരും ഇല്ലെന്നു തന്നെ പറയാം.

സൂപ്പര്‍ ഹിറ്റാവുന്ന ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കണ്ടിരിക്കുന്ന മലയാളി പ്രേക്ഷകന്‍ ഈ ചിത്രം പോലൊരു സൂപ്പര്‍ ഹിറ്റാവാത്ത ഹോളിവുഡ്ചിത്രം കണ്ടിരിക്കാനിടയില്ല. കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സംവിധായകന് കാണികളെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാക്കി 'കോക്ക്‌ടെയിലി' നെ മാറ്റാമായിരുന്നു.


എന്നിരുന്നാലും പ്രദീപ് നായരുടെ ക്യാമറയെ എടുത്തു പറയേണ്ടതാണ്. വൃത്തിയായി അദ്ദേഹം സിനിമയുടെ ഫ്രെയിമുകള്‍ ചിട്ടപ്പെടുത്തി. മിക്ക ഷോട്ടുകളും മനോഹരമാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

വളരെ നല്ലൊരു ആശയമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുവാന്‍ ശ്രമിക്കുന്നത്. ആശയപരമായും സാമൂഹികപരമായും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കടമ സിനിമയിലൂടെ നിര്‍വ്വഹിക്കാന്‍ ശക്തമായി ശ്രമിച്ചത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്. ഒരു പുതിയ സംവിധായകനാണെന്ന പരിമിതികളെ പുറത്തു കാണിക്കാതെ ചെയ്ത കയ്യടക്കം കൊണ്ട് നാളെ ഈ പുതിയ സംവിധായകനില്‍ നിന്നും ശക്തമായ മറ്റെന്തെങ്കിലും പ്രതീക്ഷിക്കാമെന്ന് പ്രേക്ഷകര്‍ക്ക് തോന്നാനിടയുണ്ട്.


സമീപകാല ജയസൂര്യ ചിത്രങ്ങളെല്ലാം പ്രദര്‍ശന പരാജയം നേടിയ സ്ഥിതിക്ക് ഇപ്പോഴും ജയസൂര്യ വ്യക്തിപരമായി വലിയ നേട്ടങ്ങള്‍ കൊയ്യുന്നില്ല. നല്ലവന്‍ നല്ലവനായി ഓടി മറഞ്ഞതിനു ശേഷം ഇപ്പോഴെത്തുന്ന കോക്‌ടെയില്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു കോക്ക്‌ടെയില്‍ സമ്മാനിക്കാനാവാതെ വിഷമിക്കുകയാണ്. ഇനി താര രാജാക്കാരുടെ കൂട്ടായ്മയായി 'ഫോര്‍ ഫ്രണ്ട്‌സ്' മാത്രമാണ് ജയസൂര്യയുടെ സമീപ പ്രതീക്ഷ.


അന്‍വര്‍

| Posted in | Posted on

0


അന്‍വര്‍- അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ ഇന്ന് തീയറ്ററുകളില്‍ എത്തി. എന്നിട്ടോ..?! 'മലപോലെ വന്നവന്‍ എലിപോലെ പോയി' എന്നതു പോലെയായി ചിത്രത്തിന്റെ അവസ്ഥ. ചിത്രത്തിന്റെ പശ്ചാത്തലവും ചിത്രീകരണ റിപ്പോര്‍ട്ടുകളും മറ്റും അറിഞ്ഞ പ്രേക്ഷകന്‍ എന്തായാലും ബിഗ്ബിയേക്കാള്‍ മുകളില്‍ എന്തോ പ്രതീക്ഷിച്ചാണ് ഇന്ന് കാലത്ത് തീയറ്ററില്‍ എത്തിയത്. 'ഖല്‍ബിലെ തീ' എന്നു തുടങ്ങുന്ന ഗാനവും ഹിമാലയന്‍ പശ്ചാത്തലത്തിലെ മറ്റൊരു ഗാനവും കണ്ടതോടെ ബോളിവുഡ് ചിത്രത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള 'അന്‍വര്‍' എന്ന പ്രതീക്ഷയോടെ തിയറ്ററിലെത്തിയ പ്രേക്ഷന്‍ 'പ്രതീക്ഷിച്ചത്ര പോരാ' എന്ന അഭിപ്രായവുമായി നിരാശയോടെ തീയറ്റര്‍ വിട്ടിറങ്ങി.


ക്യാമറമാനായി 2004 ല്‍ ബ്ലാക്കിലൂടെ അരങ്ങേറ്റം കുറിച്ച അമല്‍ നീരദ്, ജെയിംസ്, ശിവ, ദമാ സരൂരി ഹെ എന്നി ഹിന്ദിചിത്രങ്ങളിലും ക്യാമറമാനായി. 2007 ല്‍ ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി (മോഷണമാണെങ്കിലും) മലയാള സിനിമയ്ക്ക് പുതിയ ശൈലി കാണിച്ചു തന്നു. പക്ഷേ 2010 ല്‍ അന്‍വറിലെത്തിയിട്ടും അമല്‍ നീരദ് ഇപ്പോഴും 2007 ല്‍ തന്നെ നില്‍ക്കുന്നതായാണ് പ്രേക്ഷകന് മനസ്സിലാവുന്നത്.

'ബിഗ്ബി'യില്‍ മമ്മൂട്ടിയെ സ്‌ളോമോഷനില്‍ നടത്തിച്ചപ്പോള്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി. അവര്‍ കയ്യടിച്ചു. എന്നാല്‍ 2009 ലെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നടത്തിച്ചപ്പോള്‍ തീയറ്ററിലിരുന്ന് ജനം 'ലാലേട്ടാ..വേഗം നടക്കൂ...' എന്ന് വിളിച്ചുകൂവി. അതിന്റെ ഫലം ബോക്‌സ്ഓഫീസ് പരാജയമായിരുന്നു. തുടര്‍ന്ന് അന്‍വറില്‍ യുവനടനായ പൃഥ്‌വിരാജിനെയും അമല്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ 'തലങ്ങും വിലങ്ങും' നടത്തിപ്പിച്ചപ്പോള്‍ ആളുകള്‍ പതുക്കെ ബീഡി വലിക്കാന്‍ പുറത്തേക്കിറങ്ങിത്തുടങ്ങി. ഇങ്ങനെ പോയാല്‍ മിക്കവാറും അമല്‍ നീരദ് സ്‌ളോമോഷനില്‍ പതുക്കെ മലയാളസിനിമയ്ക്ക് പുറത്തേക്ക് നടക്കേണ്ടി വരുന്ന കാലം വിദൂരമല്ല.

തീവ്രവാദം പൊതുവെ മലയാളികള്‍ക്ക് ദഹിക്കാത്ത സബ്ജക്ടാണ്. ആ നിലയ്ക്ക് കുറച്ചൂകൂടെ തന്മയിത്വത്തോടെ, പുതുമയോടെ അന്‍വറിലൂടെ കഥപറയാമായിരുന്നു. പതിവ് ചേരുവകള്‍ കണ്ട് പ്രേക്ഷന്‍ ഒന്നുകൂടെ പിറുപിറുത്തതല്ലാതെ അന്‍വര്‍ പ്രതീക്ഷകളൊന്നും അവര്‍ക്ക് നല്‍കിയില്ല.


ആയിഷാ ബീഗമായി മംമ്ത ഭംഗിയായി അഭിനയിച്ചു. ഒരു ഗാനരംഗത്തും രണ്ടു സീനുകളിലും മാത്രം പ്രത്യക്ഷപ്പെട്ട നിത്യ മേനോനും മംമ്തയും 'അന്‍വറി' ന് പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും നല്‍കിയില്ല. നായകപ്രാധാന്യമുള്ള മലയാള സിനിമയിലെ പതിവ് നായികമാരെപ്പോലെ പേരിന് മാത്രം അവര്‍ സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ നിറങ്ങള്‍ തേക്കുന്നവര്‍ മാത്രമായിമാറി.

പൊതുവെ 'പ്രീ പ്രഡിക്ടഡായ' ഉന്നത നിലവാരം പുലര്‍ത്തുന്ന മലയാളി പ്രേക്ഷകന്‍ പൃഥ്‌വിരാജ് ജയിലിലേക്ക് വന്നപ്പോള്‍ത്തന്നെ ശേഷം കഥ തീയറ്ററിലിരുന്ന് പറയാന്‍ തുടങ്ങി. മിക്കവാറും ക്ലൈമാക്‌സില്‍ പൃഥ്‌വിരാജ് പോലീസായിരിക്കും എന്ന് അവരുടെ നിഗമനത്തില്‍ മാത്രം നേരിയ പിഴവ് വന്നു. ഒന്നാം പകുതിയില്‍ നൂറായിരം സിനിമകളില്‍ കണ്ടുപഴകിയ ശൈലികളില്‍ ഒന്നായ; നായകനെ ജയിലില്‍ ഇടലും ജയിലിലെ മറ്റു ഗുണ്ടകളുമായുള്ള നായകന്റെ സ്റ്റണ്ടും പിന്നീട് അവിടെത്തെ മറ്റൊരു ഗുണ്ടയുടെ കീഴില്‍ നായകന്‍ ചേരുന്നതും അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുന്നതും ഇനിയും മലയാളി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനായി എന്തിനാണ് അമല്‍ നീരദ് പടച്ചു വിട്ടത് എന്ന് മനസ്സിലാവുന്നില്ല.

ഒന്നാം പകുതിയില്‍ 'പൃഥ്‌വിരാജ്' ഫാന്‍സുകാരെ പരിപോഷിപ്പിക്കാന്‍ അനാവശ്യമായ രണ്ട് 'ബില്‍ഡപ്പ്' സ്റ്റണ്ടും തുടക്കത്തില്‍ കാണിക്കുന്ന ഒരു ബോബ് സ്‌ഫോടനവും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം ശൂന്യമാണ്. ശേഷിക്കുന്ന ഭാഗത്തു മുഴുക്കെ പൃഥ്‌വിരാജ്, പ്രകാശ്‌രാജ്, ലാല്‍ എന്നിവര്‍ മത്സരിച്ചു നടക്കുന്നതാണ്. സേഠ് ബാക്കുക്കയായി ലാല്‍ പതിവ് കഥാപാത്രത്തിനെ ആവുന്നത്ര ജീവന്‍ നല്‍കാന്‍ കിണഞ്ഞു ശ്രമിച്ചു.

തീവ്രവാദം അന്വേഷിക്കുന്ന എ.ടി.എസ് ഓഫീസര്‍ സ്റ്റാലിന്‍ മണിമാരനായി പ്രകാശ്‌രാജ് നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും ചിത്രത്തിലേക്കായി ദേശീയ അവാര്‍ഡ് ജേതാവായ പ്രകാശ്‌രാജിന് നല്‍കേണ്ടി വന്നില്ല എന്നതും ഒരു നഗ്നസത്യം മാത്രം. വാസ്തവത്തില്‍ പ്രകാശ്‌രാജ് ആ റോളിന് ആവശ്യമായിരുന്നോ എന്നുവരെ ചിന്തിച്ചു പോകും. ഒന്നാം പകുതിയില്‍ കഥ പ്രത്യേകതകള്‍ ഒന്നുമില്ലാതെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്.


രണ്ടാം പകുതിയില്‍ നായകന്‍ പെട്ടെന്ന് തന്റെ പൂര്‍വ്വകാലം സ്മരിക്കുന്നതായി തെളിയുന്നു. പൊടുന്നനെ കോയമ്പത്തൂര്‍ ദുരന്തവുമായി നായകന്‍ ബന്ധപ്പെടുന്നു. അതോടെ നായകന്റെ പരിവേഷം പ്രേക്ഷകന്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ ആയി തീര്‍ന്നു. പ്രഥ്‌വിരാജിന്റെ നടത്തം കണ്ടുമടുത്ത പ്രേക്ഷകന് , പൂര്‍വ്വകാല ചരിത്രം പറയുന്നതോടെ കടന്നു വന്ന 'ഖല്‍ബിലെ തീ' എന്ന് സാമാന്യം ഹിറ്റായ ഗാനവും തുടര്‍ന്ന് രണ്ട് സീനുകള്‍ക്ക് ശേഷം വന്ന അടുത്ത ഗാനവും ചെറുതായി ബോറടി മാറ്റി എന്നതാണ് സത്യം.

ഖല്‍ബിലെ തീ എന്ന ഗാനം കാണുമ്പോള്‍ ഗാനചിത്രീകരണവും ഗാനരീതിയും 'ബോംബെ' എന്ന മണിരത്‌ന ചിത്രത്തിലെ 'കണ്ണാളനെ...' എന്ന ഹിറ്റ് ഗാനം പ്രേക്ഷകന്‍ തിയറ്ററിലിരുന്ന് സ്മരിച്ച ു.

പൃഥ്‌വിരാജ് ചിത്രത്തിലുടനീളം നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചു. സമീപകാലത്ത് രാവണില്‍ തുടങ്ങി പൃഥ്‌വിരാജ് തന്റെ പടയോട്ടം ആരംഭിച്ചതിന്റെ തെളിവാണ് അന്‍വര്‍. ഇനി വരാനിരിക്കുന്ന ബി.ഉണ്ണികൃഷ്ണന്റെ പോലീസ് വേഷവും, ഉറുമിയും പൃഥ്‌വിരാജിനെ മലയാള സിനിമയുടെ സൂപ്പര്‍ പദവിയിലേക്ക് എത്തിച്ചേക്കാം.

ശക്തമായ ഒരു ആശയം സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അമല്‍ നീരദ് ശ്രമിച്ചത്‌ അഭിനന്ദിക്കേണ്ടുന്ന വസ്തുതയാണ്. പ്രതീക്ഷകള്‍ക്കൊത്ത് അന്‍വര്‍ ഉയര്‍ന്നില്ലെങ്കിലും ശരാശരി പ്രേക്ഷകന്‌
വേണ്ടുന്നതല്ലാം ഉള്‍ക്കൊള്ളിച്ചാണ് അമല്‍നീരദ് ഈ ചിത്രം ചെയ്തിരിക്കുന്നത്. ലോകത്തിലെ എല്ലാ മുസ്‌ലീം സഹോദരന്മാരും
തീവ്രവാദികളല്ല, മറിച്ച് നല്ല മനുഷ്യരാണെന്ന ശക്തമായ ആശയത്തെ ജനങ്ങളിലെത്തിക്കാന്‍ സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അമല്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണ്.


ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ ക്യാമറയും പ്രേക്ഷകരുടെ കയ്യടി വാങ്ങി. വസ്ത്രാലങ്കാരക്കാരനായ പ്രവീണ്‍ വര്‍മ്മയും ആര്‍ട്ട് ഡയറക്ടറായ ജോസഫ് നെല്ലിക്കനും തങ്ങളെ ഏല്‍പ്പിച്ച ജോലി പരമാവധി നന്നാക്കുവാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്.

ഭംഗിയുള്ള ഫ്രയിമുകളും പ്രശസ്തരായ നടന്മാരും ടെക്‌നീഷ്യന്മാരും മാത്രം ഉണ്ടായാല്‍ ഒരു സിനിമ വിജയിക്കില്ലെന്ന് സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം അമല്‍ നീരദ് ഒന്നുകൂടെ മലയാളി പ്രേക്ഷകന് മനസ്സിലാക്കിക്കൊടുത്തു, അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും. എങ്കിലും നിരാശയുടെ പടിവാതില്‍ കടന്ന് പുറത്തേക്കിറങ്ങുന്ന പ്രേക്ഷകര്‍ ഇതിനുവേണ്ടി കോടികള്‍ വലിച്ചെറിഞ്ഞ നിര്‍മ്മാതാവ് രാജ് സക്കറിയയെ ഒര്‍ക്കുന്നുണ്ടാവുമോ എന്തോ.