തട്ടത്തിന്‍ മറയത്ത്

| Posted in | Posted on

0മഴക്കാലം വിനീതിന്റെ നല്ലകാലമാണെന്നു തോന്നുന്നു. ഇതുപോലെ ഒരു മഴക്കാലത്ത് ജൂലൈ മാസത്തിലാണ് മലര്‍വാടി പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റായില്ലെങ്കിലും, സാമാന്യം നല്ല രീതിയില്‍ മലര്‍വാടി കളക്ടുചെയ്തു. ഇപ്പോഴിതാ..തട്ടത്തിന്‍ മറയത്തും ഒരു മഴക്കാലത്തിറങ്ങി, തീയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് കുതിച്ചു മുന്നേറുന്നു.
നിവിന്‍ പോളിയെ കണ്ടെത്തിയതും അവന് ജീവന്‍ നല്‍കിയതും വിനീതാണ്. ആദ്യസിനിമയിലൂടെ അവനെ അവതരിപ്പിച്ചെങ്കിലും നിവിന്‍ മലയാളികളുടെ ഹൃദയത്തിലേക്ക് കുത്തിക്കയറിയത് തട്ടത്തിന്‍ മറയത്തിലൂടെയാണ്. യുവജനങ്ങളുടെ മനസ്സറിഞ്ഞ് വിനീത് സിനിമ അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയത്തിലേക്ക് വഴി തെളിയിച്ചത്. ഒരുപക്ഷേ, ട്രാഫിക്കിന് ശേഷം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് തട്ടത്തിന്‍ മറയത്താണ് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 


ചിത്രത്തിന്റെ ഇതിവൃത്തം വളരെ പുരാതന സിനിമയില്‍ തുടങ്ങി ഇന്നത്തെ ആധുനിക സിനിമയില്‍വരെ പലതവണ പറഞ്ഞുപോയ സബ്ജക്ടാണ്.  എന്നാല്‍ മികച്ച അവതരണ രീതികൊണ്ടുമാത്രം ചിത്രം പ്രേക്ഷകനെ മടുപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു സാധാരണ ചെറുപ്പക്കാരന്റ മനസ്സില്‍ തോന്നുന്ന പ്രണയം ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ വിനീതിനായി. അവതരണമാണ് സിനിമ. മെയ്ക്കിങ് ആണ് സിനിമയുടെ വിജയം എന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുന്നു.ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രത്തിന് അനുയോജ്യമായ ഒരു സംഗീത പശ്ചാത്തലമൊരുക്കാന്‍ ഷാന്‍ റഹ്മാനായി എന്നത് മറ്റൊരു വാസ്തവമാണ്. അതുപോലെ തന്നെയാണ് ക്യാമറമാനായ ജോമോന്‍ ടി. ജോണ്‍. യുവാക്കളുടെ കൂട്ടായ്മയായി തട്ടത്തിന്‍ മറയത്തിനെ വിശേഷിപ്പിക്കാം. താരമഹിമകളൊന്നുമില്ലാതെ, സാധാരണക്കാരന്റെ ചിത്രമായി തട്ടത്തിന്‍ മറയത്ത് ഇപ്പോഴും തീയറ്ററുകളില്‍ തിരക്കുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും മുകേഷിനും ശ്രീനിവാസനും വന്‍ലാഭം ഇതുമൂലം ഉണ്ടാവും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. ലാല്‍ജോസിന്റെ എല്‍.ജെ. ഫിലിംസാണ് ഇതിന്റെ വിതരണം.Comments (0)

Post a Comment