മുല്ലമൊട്ടും മുന്തിരിച്ചാറും

| Posted in | Posted on

0മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്ത് എന്ന നടനില്‍ ഒരു പരീക്ഷണമായിരുന്നു എന്നു വേണമെങ്കില്‍ നമുക്ക് പറയാം. കാരണം, എത്രയോ നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ എന്നിവയെ അവതരിപ്പിച്ചിട്ടും, ഇന്ദ്രജിത്ത് എന്ന നടന്‍ മലയാള സിനിമയില്‍ വേണ്ടവിധത്തില്‍ രക്ഷപ്പെട്ടില്ലെന്നു വേണമെങ്കില്‍ പറയാം. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് സിനിമകളില്‍ ഇതിനകം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും, ഒന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നുവേണം പറയാന്‍. 


അനീഷ് അന്‍വര്‍ ചെയ്ത ഈ ചിത്രം നിരവധി സിനിമകളുടെ പകര്‍പ്പായി പ്രേക്ഷകന് തോന്നുകയും നീരസം അനുഭവപ്പെടുകയും ചെയ്തതിനാലാവണം ചിത്രം എങ്ങുമെത്താതെ, കോലാഹലങ്ങളൊന്നുമില്ലാതെ ഞരങ്ങി ഒരാഴ്ച മാത്രം കളിച്ച് സ്ഥലം വിട്ടത്. ക്ലീഷേ കൊണ്ടുമാത്രം രൂപകല്പന ചെയ്ത ചിത്രമായി ഇതിനെ നമുക്ക് വിലയിരുത്താം.


സുജിത് വാസുദേവാണ് ചിത്രത്തിലെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകള്‍ക്ക് ക്യാമറ നിര്‍വഹിച്ച സുജിത്തിന്റെ ആദ്യചിത്രം സുനില്‍ സംവിധാനം ചെയ്ത നയനമാണ്. അവിടുന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സുജിത് വാസുദേവ് എന്ന യുവ ക്യാമറമാന്‍ തന്റെ പാടവം വ്യക്തമാക്കി.സാമാന്യം നല്ല രീതിയില്‍ ചിത്രത്തിനുതകുന്ന വിഷ്വല്‍സ് പരമാവധി കൊണ്ടുവരാന്‍ സുജിത്താനായിട്ടുണ്ട്.


നാട്ടില്‍ തെമ്മാടിയായി നടക്കുന്ന ഒരാള്‍. അയാള്‍ അനുസരിക്കുന്നത് ആ ഇടവകയിലെ അച്ചനെ മാത്രം. അവന്റെ തെമ്മാടിത്തരം കൊണ്ട് അനാഥമാവുന്ന കുടുംബത്തിനെ അച്ചന്‍ മനപ്പൂര്‍വ്വം അയാളെ തന്നെ ഏല്പിക്കുന്നു. ആ കുടുംബത്തിലെ മൂത്തകുട്ടിയോട് അയാള്‍ക്ക് പ്രണയം തോന്നുന്നു. അവള്‍ക്കും. ഈ സന്ദര്‍ഭം നാട്ടിലെ പൊട്ടിത്തെറിച്ച മറ്റൊരു കുട്ടിയെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അച്ചന്‍ തീരുമാനിക്കുന്നു......ഇത് മോഹന്‍ലാലിന്റെയോ, മമ്മൂട്ടിയുടെയോ മുന്‍കാല സിനിമാ കഥയല്ല. മുല്ലമൊട്ടും മുന്തിരിച്ചാറുമാണ്.


ഇന്ദ്രജിത്ത് പതിവുപോലെ, തെമ്മാടിയായ ഒരു കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു. മനസ്സില്‍ നന്മയുള്ള തെമ്മാടി കഥാപാത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ നിരവധിപേര്‍ അവതരിപ്പിച്ച 'നെഗറ്റീവ്' തോലണിഞ്ഞ് 'സൂപ്പര്‍ സ്റ്റാര്‍' വേഷമായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ച ചുരുട്ട ജോസ്. തിലകളും തനി  ക്ലീഷേ അച്ചനായി അവതരിക്കുന്നു. ചിത്രത്തില്‍ കുറച്ചു നല്ല ഗാനങ്ങള്‍ ഉണ്ടെന്നുള്ളതുമാത്രമാണ് തീയറ്ററില്‍ കയറുന്ന പ്രേക്ഷകന് ഏക ആശ്വാസം. ഇന്ദ്രജിത്തിനെ കൂടാതെ മേഘ്‌നരാജ്, അനന്യ, ടിനിടോം, പ്രവീണ, കൊച്ചുപ്രേമന്‍ എന്നീ വന്‍ താരനിരകളും ചിത്രത്തിലുണ്ട്.

Comments (0)

Post a Comment