സ്പാനിഷ് മസാല

| Posted in | Posted on

0
ലാല്‍ജോസ്-ദിലീപ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി. സ്‌പെയിന്‍ എന്ന രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകന് പുതിയ സ്ഥലങ്ങള്‍ കാണുന്നതിന് ഉപകരിച്ചു എന്നതില്‍ കവിഞ്ഞ് വലിയ നേട്ടങ്ങളൊന്നും  നല്‍കിയില്ല എന്നതാണ് വാസ്തവം. ചിത്രം പൊതുവെ ഒരു പരാജയചിത്രമായാണ് സംസാരിക്കപ്പെടുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്പാനിഷ് മസാല എന്ന ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ ഒരു ആവറേജ് ചിത്രം എന്നതിലുപരി ചിത്രത്തിന് എടുത്തുപറയത്തക്ക സവിശേഷതകള്‍ ഒന്നും തന്നെയില്ല. വളരെ ദുര്‍ബലമായ ഒരു കഥയും പശ്ചാത്തലവുമാണ്. 
സാഹചര്യം മാറുന്നുവെന്നതും, ദിലീപിന്‍റെ പതിവ് പെര്‍ഫോമന്‍സും പ്രേക്ഷകനെ മുഷിപ്പിക്കാതെ കുറച്ചു നേരം പിടിച്ചിരുത്തുന്നു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം പരാജയമാണെന്നു പറയാം. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലം ആണ്. വളരെ ദുര്‍ബലമായ ഒരു കഥയും തിരക്കഥയുമാണ് നശിപ്പിച്ചതെന്നതില്‍ മറ്റൊരു തര്‍ക്കമില്ല.
ചിത്രത്തിന് സവിശേഷത എന്നു പറയാനുള്ളത് ഒരു സ്പാനിഷ് സുന്ദരി കുഞ്ചാക്കോ ബോബനും ദിലീപിനും നായികയായി വന്നു എന്നത് മാത്രമാണ്. അറബിക്കഥയില്‍ ലാല്‍ജോസ് ഒരു ചൈനക്കാരിയെ ഉപയോഗിച്ചപ്പോള്‍ ചിത്രം വന്‍ഹിറ്റായി. പക്ഷേ, ഇത്തവണ സ്‌പെയിന്‍ സുന്ദരി ഡാനിയേല സാച്ചേരി ലാല്‍ജോസിന്‍റെ രാശിയല്ലെന്ന് വേണം പറയാന്‍. കുഞ്ചാക്കോ ബോബന്‍ ഒരു വില്ലന്‍ സ്വഭാവമുള്ള റോള്‍ എടുത്തു എന്നതും ഇതിന്‍റെ സവിശേഷതയാണ്. പക്ഷേ, തടിച്ച് വയറ് ചാടിയ ചാക്കോച്ചന്‍ മോഹന്‍ലാലിന് പഠിക്കുകയാണോ എന്നു തോന്നിപ്പോവും.
നൗഷാദ് എന്ന ഒരു കാറ്ററിങ് പ്രൊഡ്യൂസറാണ് ചിത്രത്തിന്‍റെ നെടുന്തൂണ്‍. അദ്ദേഹത്തിന്‍റെ കീശയുടെ സ്ഥിതി, സിനിമയ്ക്ക് ശേഷം എന്താവും എന്ന് കണ്ടുതന്നെ അറിയണം.
 ബിജുമേനോന്‍ ചിത്രത്തില്‍ പേരിനു മാത്രമുള്ള ഒരു കഥാപാത്രമാണ്. വിദ്യാസാഗറിന്‍റെ ഒന്നു രണ്ട് ഗാനങ്ങള്‍ കുഴപ്പമില്ലെന്ന് പറയാം. പക്ഷേ, ഹിറ്റാകുമോ എന്ന് കണ്ടുതന്നെ അറിയണം. എന്തുതന്നെയായാലും ഇത്തവണത്തെ ലാല്‍ജോസ്-ദിലീപ്-ചാക്കോച്ചന്‍ ടീം ജനങ്ങളെ നിരാശരാക്കി.

Comments (0)

Post a Comment