മകരമഞ്ഞ്

| Posted in | Posted on

1


കഴിഞ്ഞ IFFK 2010 ന്‍റെ കാലഘട്ടത്തിലാണ് കൈരളിയില്‍ മകരമഞ്ഞ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നതാണ് എന്‍റെ ഓര്‍മ്മ. പിന്നീട് സമീപ നാലുമാസക്കാലത്തിന് മുന്‍പേ, പതുക്കെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വളരെ കുറച്ചു തീയറ്ററുകളില്‍ ഗോകുലം ഗോപാലന്‍ ഈ ചിത്രം വിതരണത്തിനെത്തിച്ചു. IFFK വേദിയില്‍ നിന്നു തന്നെ ചിത്രത്തിനെപ്പറ്റി വളരെ മോശമായ അഭിപ്രായമായിരുന്നു പറഞ്ഞുകേട്ടത്. എനിക്കടുത്ത തീയറ്ററില്‍ മകരമഞ്ഞ് എത്താന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
ലനിന്‍ രാജേന്ദ്രന്‍ എന്ന പ്രതിഭയുടെ എല്ലാ കഴിവുകേടുകളും വിളിച്ചോതുന്നതായിരുന്നു 'മകരമഞ്ഞ്'.


സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ സാന്നിധ്യമുള്ളതില്‍ മാത്രം ചില ഭാഗങ്ങളില്‍ നല്ല രീതിയിലുള്ള സിനിമാട്ടോഗ്രഫി ഉള്‍പ്പെടുത്താന്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടിനായിട്ടുണ്ട്. എങ്കിലും, മധു അമ്പാട്ടിന്റെ രീതി അല്ലായിരുന്നു പലപ്പോഴും അവലംബിക്കപ്പെട്ടത്. അതില്‍ ഒരു സന്തോഷ് ശിവന്‍ ടച്ച് പലപ്പോഴും പ്രതിഫലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ പുരാണ കഥയായ പൂരൂരവസും ഊര്‍വ്വശിയും തമ്മില്‍ അര്‍ദ്ധരാത്രി പ്രണയം കൈമാറുന്ന രംഗത്ത് ഓലപ്പുരയ്ക്കുള്ളില്‍ ചാലുകീറി വീഴുന്ന നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ഇത് പൂര്‍ണ്ണമായും ഒരു സന്തോഷ് ശിവന്‍ കോണ്‍ട്രിബ്യൂഷനാണ്.രാജാരവിവര്‍മ്മ ഈ ചിത്രം കണ്ടിരുന്നുവെങ്കില്‍, ചിലപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചേനെ. കഥാപാത്രമായ രാജാരവിവര്‍മ്മയെ ഒരര്‍ഥത്തിലും സ്വാംശീകരിക്കാന്‍ പറ്റാത്തതാണ് നായകനായ സന്തോഷ് ശിവ ന്റെ പ്രതിരൂപം. ഒരു ചിത്രകാരന്റെ ശൈലിയോ, അഭിനയമോ, എന്തിന് ചുരുങ്ങിയ പക്ഷം ഒരു ഗാംഭീര്യം പോലും നല്‍കാന്‍ സന്തോഷ് ശിവനായിട്ടില്ല.
ചിത്രത്തിലുടനീളം ഒരു സ്ത്രീ ലമ്പടനായ ചിത്രകാരനായാണ് രാജാരവിവര്‍മ്മയെ ചിത്രീകരിച്ചിരിക്കുന്നത്. പൊതുവെ കലാകാരന്മാര്‍ സ്ത്രീജനങ്ങളുമായി കൂടുതല്‍ ബന്ധം വയ്ക്കുമെന്ന കാര്യം നിലനില്‍ക്കേ, ഈ മകരമഞ്ഞില്‍ മനപ്പൂര്‍വ്വം അത്തരം കാര്യത്തിനു മാത്രം മുന്‍തൂക്കം നല്‍കിയതായി കാണുന്നു. അല്ലാതെ സിനിമയില്‍ ഒരു കഥാതന്തു ഒരു ഭാഗത്തും നിഴലിക്കുന്നില്ല.ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. പ്രത്യേകിച്ച് നായികമാരായ ലക്ഷ്മി ശര്‍മ്മ, കാര്‍ത്തിക, ചിത്ര അയ്യര്‍, നിത്യമേനോന്‍ അങ്ങിനെ പോവുന്നു നീണ്ട നിര. കൂട്ടത്തില്‍ സമാശ്വാസ സമ്മാനം പോലെ പേരിന് ജഗതിശ്രീകുമാറും. ചിത്രത്തിന് അനുയോജ്യമായ ലോക്കേഷന്‍ കണ്ടെത്താനായി എന്നത് മാത്രമാണ് ചിത്രത്തില്‍ വിജയം കണ്ട ഏക ഘടകം.മഹേഷ് നാരായണന്‍റെ എഡിറ്റിങ് എടുത്തു പറയാന്‍ മാത്രമായി ഉള്ളതായി തോന്നിയില്ല. എങ്കിലും കലാസംവിധായകനായ രതീഷ് ബാബുവിനും, വസ്ത്രാലങ്കാരം ചെയ്ത എസ്.ബി. സതീശനും ഇത്തിരി വിയര്‍ക്കേണ്ടി വന്നു കാണും.

എങ്കിലും 'തുണ്ടു' പടം കാണാന്‍ വരുന്നതുപോലെ തീയറ്ററുകളില്‍ കുറച്ചുപേര്‍ ഇരച്ചു വന്നതല്ലാതെ, സാമ്പത്തികമായി ഈ ചിത്രം കൂപ്പുകുത്തി താഴെ വീണുകാണും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല.

Comments (1)

പൂര്‍ണ്ണമായും യോജിക്കുന്നു. ലെനിന്‍ രാജേന്ദ്രന്റെയും സന്തോഷ്‌ ശിവന്റെയും പേരുകണ്ട് പോയതാ പടത്തിന്, കരഞ്ഞുപോയി. തിയേറ്ററില്‍ ഒരേയൊരു സ്ത്രീരൂപത്തെ കണ്ട് ആളുകള്‍ പകച്ചുനോക്കി. എന്റെ നിര്‍ബന്ധത്തിന് ആ ചിത്രം കാണേണ്ടിവന്ന ഗതികേടിന് കണവന്റെ ചീത്തവിളി വേറെയും. ആദ്യ സീനുകളില്‍ ലൈറ്റ്‌ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷനും കൊള്ളാം. സുന്ദരികളായ നായികമാരും. മറ്റെല്ലാം സ്വാഹ. ആ ആദ്യം കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ ഉണ്ട് കഥ.

Post a Comment