അസുരവിത്ത്

| Posted in | Posted on

2
എ.കെ.സാജന്‍റെ അസുരവിത്ത് മലയാള സിനിമയില്‍ ഒരു അസുരവിത്തായി നിലകൊള്ളുന്നു. സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിന് ശേഷം എ.കെ. സാജന്‍ അണിയിച്ചൊരുക്കിയ സമ്പൂര്‍ണ്ണ ത്രില്ലര്‍ ചിത്രമാണ് അസുരവിത്ത്.  പക്ഷേ, മലയാളികള്‍ക്ക് പൂര്‍ണമായും ഈ ചിത്രത്തിനെ ഉള്‍ക്കൊള്ളാനായില്ലെന്നാണ് സംസാരം. ചിത്രം കണ്ടു പുറത്തിറങ്ങുന്നവര്‍ പോരാ എന്ന് അടിവരയിട്ടു തന്നെ പറയുന്നു.
കൊച്ചി നഗരത്തെ വിറപ്പിച്ചിരുന്ന 'സാത്താന്‍' എന്ന വില്ലന്റെ ചോരയില്‍ ജനിച്ച ഡോണ്‍ ബോസ്‌കോ എന്ന ആസിഫ് അലി ചെയ്ത കഥാപാത്രത്തെ ഒരു വൈദികനായി കാണാന്‍ അയാളുടെ അമ്മ അഗ്രഹിക്കുന്നതും എന്നാല്‍, അയാള്‍ സാഹചര്യം മൂലം അച്ഛന്‍റെ വഴിക്കു തന്നെ നീങ്ങുന്നതുമാണ് ഇതിവൃത്തം. ഈ ചിത്രം ഒരു തമിഴോ, തെലുങ്കോ, ഹിന്ദിയോ സംവിധായകര്‍ ചെയ്തിരുന്നുവെങ്കില്‍ സാമാന്യം കളക്ഷന്‍ പ്രൊഡ്യൂസര്‍ക്ക് ലഭിച്ചേനെ. ചുരുങ്ങിയ പക്ഷം ടേബിള്‍ പ്രോഫിറ്റ് (ഇറക്കിയ തുക) എങ്കിലും ലഭിച്ചേനെ.
ആസിഫ് അലി എന്ന ചെറുപ്പക്കാരന്‍ അഭിനയത്തിന്‍റെ  പാഠങ്ങള്‍ ഇനിയും കുറെ പഠിക്കാനുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് അസുരവിത്ത്. വാസ്തവത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന ആ കഥാപാത്രത്തിന്‍റെ യാതൊരു ഗാംഭീര്യമോ, എടുപ്പോ ആസിഫിന് സാധ്യമാവുന്നില്ല എന്നതാണ് മറ്റൊരു വശം. തന്നാലാവുന്നത് പരമാവധി ചെയ്യാന്‍ ആസിഫ് ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.
കുറെ ഷോട്ടുകള്‍ കണ്ണ് വേദനിക്കുന്ന രീതിയില്‍ തറിച്ചുമുറിച്ചിട്ടാല്‍ 'ഉഗ്രന്‍ ആക്ഷന്‍ ചിത്രമാവും' എന്ന് എ.കെ.സാജനോട് ആരാണാവോ പറഞ്ഞുകൊടുത്തത്? അനാവശ്യമായി ചടുലമായ  രംഗങ്ങളും ഇളക്കമുള്ള ഫ്രയിമുകളും അതോടൊപ്പം എഡിറ്റിങില്‍ അനാവശ്യമായി ഉപയോഗിക്കുന്ന ദ്രുതവേഗരീതിയും പ്രേക്ഷകന് വല്ലാത്തൊരു അരോചകത്വമാണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ അനുകരിക്കാന്‍ എ.കെ.സാജന്‍ ശ്രമിച്ചതാണ് ഒരു വശം. അളന്നുമുറിച്ച ഫ്രയിമുകള്‍ മനോഹരമായി കോര്‍ത്തിണക്കിയാണ് ഇംഗ്ലീഷ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ വളരെ അപൂര്‍വ്വം ഷോട്ടുകള്‍ മാത്രമാണ് അത്യാവശ്യം കൊള്ളാവുന്നത്.


പതിവു സിനിമകളെപ്പോലെ അത്യാവശ്യം നല്ല നടീനടന്മാര്‍ ഇതിലും ഉണ്ട്. സംവൃതസുനില്‍ നായികയായ ബോട്ട് ഡ്രൈവറാകുന്നു. ഭേദപ്പെട്ട പ്രകടനം സംവൃത കാഴ്ചവച്ചു. സാധാരണ സിനിമയില്‍ നിന്നും വ്യത്യസ്തമായി സംവൃത ഇതില്‍ ഒരു ആര്‍ട്ടിസ്റ്റുകൂടെയാണ്. രൂപം പറഞ്ഞുകൊടുത്താല്‍ അതുപോലെ വരച്ചുകൊടുക്കുന്ന ഒരു സാധാരണക്കാരി. കഥാപാത്രത്തിന് വലിയ വളര്‍ച്ചയൊന്നും സിനിമയില്‍ ഇല്ലെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്നു. എന്നാല്‍, വിജയരാഘവനുള്‍പ്പെടെ പലരും വിരസമായ, കണ്ടുപതിഞ്ഞ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
എന്തു തന്നെയായാലും പ്രേക്ഷകര്‍ക്ക് അസുരവിത്തിനെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ആസിഫലി എന്ന അടുത്ത പൃഥിരാജാവാന്‍ കൊതിക്കുന്ന യുവാവിനെ കുറച്ചു പെണ്‍സുന്ദരിമാര്‍ സ്‌നേഹിച്ചു തുടങ്ങി എന്നതിനുള്ള തെളിവായിരുന്നു തീയറ്ററില്‍ കുറച്ചു ഭാഗത്തു നിന്നും വന്ന നേരിയ കൈയ്യടികള്‍. ആ കയ്യടികള്‍, കാഴ്ചക്കാര്‍ മുഴുവന്‍ ചെയ്യണമെങ്കില്‍ ആസിഫ് ഒരു സംവത്സരം കാത്തിരിക്കേണ്ടി വരും.

Comments (2)

ithu padamo...entammo...?

idenda padamalle asuravith ningal sharikum kando ,alla mammukkayum lalettanum prithyrajum abinayichal mathrame cinema hitagu,onn podo idil parayumbole athraykum moshamonnumalla enikk valare ishtapettu asif aliyude action chithrangalil idan etavum migachad

Post a Comment