വെള്ളരിപ്രാവിന്റെ ചങ്ങാതി

| Posted in | Posted on

1
അക്കു അക്ബറിനെ മലയാളികള്‍ നെഞ്ചിലേറ്റി താലോലിച്ച ചിത്രമാണ് 'വെറുതെ ഒരു ഭാര്യ'. മലയാളി കുടുംബ സദസ്സുകളെ കിടിലം കൊള്ളിച്ച ചിത്രം. ഒരുപക്ഷേ, മുന്‍പ് സിനിമ നിര്‍മ്മിച്ചെങ്കിലും മലയാള സിനിമ അക്കു അക്ബറിനെ തിരിച്ചറിയുന്നത് അന്നാണ്. പക്ഷേ, ഇന്ന് അക്കു അക്ബറിന് ആവനാഴിയിലെ അസ്ത്രം തീര്‍ന്ന പോരാളിയെപ്പോലെ നില്‍ക്കുന്ന അവസ്ഥയാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകന്‍ ബോധ്യപ്പെടുത്തിക്കൊടുത്തത്.
സിനിമ മൂന്നു തലങ്ങളില്‍ നിന്നുമാണ് കഥ പറയുന്നത്. ആധുനിക കാലഘട്ടവുമായി യോജിപ്പിക്കാന്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് അയാള്‍ കണ്ടെത്തുന്ന പഴയ കാല സിനിമയാണ് കാണിക്കുന്നത്. അതും പഴയ ഈസ്റ്റ്മാന്‍ ടോണില്‍. അതിലെ കഥയിലെ നായകനും നായികയുമായാണ് ദിലീപും കാവ്യമാധവനും പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, കഥാംശം തീരെ പുതുമയില്ലാത്തത് ചിത്രത്തിന്റെ ആദ്യപകുതിയില്‍ പ്രേക്ഷകന് ഇറങ്ങിപ്പോവാന്‍ പ്രേരണ നല്‍കുന്നു.


രണ്ടാംപകുതിയില്‍, റിലീസാവാത്ത തന്റെ പിതാവിന്റെ സിനിമ വീണ്ടും പുറത്തിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ശ്രമങ്ങളാണ്. എങ്കിലും, മൂന്നു തലങ്ങളില്‍ സംവിധാനത്തിന്റെ വേറിട്ട തലങ്ങളില്‍ ഇറങ്ങിചെന്ന് അക്കുഅക്ബര്‍ പരീക്ഷണം നടത്തി. ഇനി ധൈര്യമായി ഒരു അവാര്‍ഡ് പടം അക്കുവിന് ചെയ്യാം. പക്ഷേ, തീയറ്ററുകളില്‍ പ്രേക്ഷകന്‍ മുഷിഞ്ഞ്, ക്ഷമകെട്ടാണ് ഇരിക്കുന്നത്.
ചിത്രത്തിന്റെ പഴയകാല കഥയില്‍ മനോജ്.കെ.ജയന്‍, പിന്നെ, സലിംകുമാര്‍, മാമുക്കോയ തുടങ്ങി നിരവധിയാള്‍ക്കാര്‍ കൂടാതെ വിജയരാഘവന്‍, നെടുമുടി വേണു, ലാലു അലക്‌സ്, മണിയപിള്ള രാജു എന്നു വേണ്ട വന്‍ താരനിരയുണ്ട്. പക്ഷേ, സ്‌ക്രിപ്റ്റിന്റെ അപാകതകൊണ്ടാണോ, അതോ ഇതിവൃത്തിന്റെ അപക്വത കൊണ്ടാണോ...അതോ, സംവിധായകന്റെ കൈയ്യിലിരിപ്പു കൊണ്ടാണോ...എന്നറിയില്ല, പ്രേക്ഷകന് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' തീരെ രസിച്ചില്ലെന്നു വേണം പറയാന്‍.


സാറ്റലൈറ്റ് റൈറ്റ് കൊണ്ടും കുറച്ചു ദിവസം ഞരങ്ങി നീങ്ങിയതു കൊണ്ടും അരുണ്‍ ഘോഷിന്റെയും ഷിജോയുടെയും മുടക്കുമുതല്‍ തിരിച്ചു കിട്ടുമോ ? കണ്ടു തന്നെ അറിയണം. മോഹന്‍ സിതാരയുടെ വളരെ ബലക്കുറവുള്ള ഗാനങ്ങള്‍, വിപിന്‍ മോഹനന് വലുതായി ഈ ചിത്രത്തില്‍ വിയര്‍ക്കേണ്ടി വന്നുകാണില്ലെന്ന് കരുതാം. കാരണം എടുത്തു പറയത്തക്ക ഫ്രയിമുകളൊന്നും അതിലില്ലെന്നു വേണം കരുതാന്‍. പ്രേക്ഷകരെ നിരാശയുടെ കുഴിയിലേക്ക് തള്ളിയിട്ടാണ് വെള്ളരിപ്രാവ് ചങ്ങാത്തം കൂടുന്നത്.

Comments (1)

മോഹന്‍ സിതാരയുടെ വളരെ ബലക്കുറവുള്ള ഗാനങ്ങള്‍???????????

Post a Comment