വീരപുത്രന്‍

| Posted in | Posted on

0



പരദേശി എന്ന ചിത്രത്തിനു ശേഷം പി.ടി. കുഞ്ഞുമുഹമ്മദ് ഒരുക്കിയ ഒരു ചരിത്ര സിനിമയാണ് വീരപുത്രന്‍. ഇതിനകം തന്നെ, ചരിത്രത്തെ വളച്ചൊടിക്കാന്‍ പി.ടി.കുഞ്ഞുമുഹമ്മദ് ശ്രമിച്ചു എന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കേ, ഗര്‍ഷോം, മഗ്‌രിബ് തുടങ്ങിയ നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത പി.ടിയുടെ വളരെ ബാലിശമായ സംരഭമായി വീരപുത്രനെ ഉപമിക്കാം.


മലയാളത്തിലെ മുന്‍നിര സിനിമാനടീനടന്മാര്‍ക്ക് പുറമെ സീരിയല്‍-നാടകരംഗത്തുമുള്ള നൂറോളം നടീനടന്മാര്‍ അണിനിരന്ന വീരപുത്രന്‍ പ്രേക്ഷകനെ ഒരര്‍ഥത്തിലും രസിപ്പിച്ചില്ല എന്നു വേണം പറയാന്‍. വടക്കന്‍ വീരഗാഥയും, കാലാപാനിയും, പഴശ്ശിരാജയും, ഉറുമിയുമൊക്കെ കണ്ടുപതിഞ്ഞ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വികാരത്തിന്‍റെ  ഒരു നേരിയ സ്പര്‍ശം പോലും ഏല്‍പ്പിക്കാതെയാണ് വീരപുത്രന്‍ തീയറ്ററുകളില്‍ നിരങ്ങി നീങ്ങുന്നത്.


1921 മുതല്‍ വരെയുള്ള 1945 കാലഘട്ടത്തില്‍ മലബാറില്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ശക്തനായ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ തിരശ്ശീലയില്‍ പുതുജീവനെടുത്ത് അവതരിച്ചപ്പോള്‍, പ്രസ്തുത കഥാപാത്രം അവതരിപ്പിച്ച നരേന്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമായിരുന്നു. എവിടെയോ ഒരു നേരിയ രൂപ സാദൃശ്യം ഒഴിച്ചു നിര്‍ത്തിയാല്‍, നരേന്‍ അഭിനയിച്ച കഥാപാത്രത്തിന് പലപ്പോഴും ആവശ്യത്തിനുള്ള ഗാംഭീര്യമോ, ശൗര്യത്വമോ എന്തിന് കേവലം ഊര്‍ജ്ജമെങ്കിലും പ്രേക്ഷകരിലെത്തിക്കാനായില്ല.


സിനിമയുടെ തിരക്കഥയില്‍ കാര്യമായ കുഴപ്പം പ്രേക്ഷകന് ബോധ്യപ്പെടുന്നുണ്ട്. അബ്ദുറഹിമാന്‍ സാഹിബിന് തന്റെ ഭാര്യയോട് അഗാധമായ പ്രണയമാണെന്ന് കാണിക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ മധ്യഭാഗത്ത് ഭാര്യ കുഞ്ഞി ബീവാത്തുവുമായുള്ള പ്രണയ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും അരോചകമായ രംഗങ്ങളായിരുന്നു അവ. കുഞ്ഞിബീവാത്തുവായി അഭിനയിച്ച റിമ സെന്നിന് ആ കഥാപാത്രം വെച്ചുകെട്ടിയ കോലമായി തോന്നിച്ചു.


ചിത്രത്തിലെ വസ്ത്രാലങ്കാരം വലിയ കുഴപ്പമില്ലായിരുന്നുവെങ്കിലും മെയ്ക്കപ്പ് പാടേ പരാജയമായിരുന്നു. ഇതില്‍ വസൂരി വന്നതായി രണ്ട് കഥാപാത്രങ്ങളെ കാണിക്കുന്നു. ആ കഥാപാത്രങ്ങളുടെ ക്ലോസപ്പ് ദൃശ്യങ്ങളില്‍ വസൂരിക്കലകള്‍ വെളുത്ത വെള്ളത്തുള്ളികളായാണ് അനുഭവപ്പെട്ടത്. പൊതുവെ വസൂരിക്കുരുക്കള്‍ പഴുത്താണ് പൊട്ടി ഒലിക്കാറുള്ളത്. ഇത്തരത്തിലുള്ള അപാകതകള്‍ ധാരാളമുള്ള ഒരു ചിത്രമാണ് വീരപുത്രന്‍. ഇതില്‍ ഒരു വീഥി സംവിധായകന്‍ കാണിക്കുന്നുണ്ട്. പലസന്ദര്‍ഭങ്ങളിലായി ഒരേ വീഥി കാണിക്കുമ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു. 


ചിത്രത്തിന്‍റെ തിരക്കഥയിലും ഇതേ ആവര്‍ത്തനവിരസത പലഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. പ്രധാനമായും മൂന്നു ഘട്ടങ്ങളിലാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു ജാഥ, ഒരു പ്രസംഗം അല്ലെങ്കില്‍ ഒരു മീറ്റിങ്. ഈ മൂന്നു കാര്യങ്ങള്‍ തന്നെ ഒന്നിടവിട്ട്, സ്ഥലങ്ങളും ആളുകളും മാറുന്നുവെന്നതല്ലാതെ, ചിത്രം വിരസമായി മുമ്പോട്ടു പോവുന്നു. 


ചിത്രത്തില്‍ ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിന്‍റെ മൃഗങ്ങളോടുന്ന സ്നേഹം കാണിക്കുന്ന രംഗത്ത് ഗ്രാഫിക്‌സ് ക്രിയേറ്റ് ചെയ്ത മാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തികച്ചും ബാലിശമായ ഒരു നീക്കമായി പ്രേക്ഷകന് ഇത് അനുഭവപ്പെടുന്നു. കാരണം കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന രീതിയിലുള്ള മാനാണ് ഇടയ്ക്കിടെ അബ്ദുറഹിമാന്‍ സാഹിബിനൊപ്പം നടക്കുന്നത്. 


ചിത്രത്തിലെ ഗാനരംഗങ്ങള്‍ പലതും അനാവശ്യമായി കുത്തിച്ചേര്‍ത്തതായി അനുഭവപ്പെടുന്നു. പേരാത്തതിന് ചിത്രത്തില്‍ ഒരു കഥയില്ലാതെ, ഒരു വരണ്ട അവതരണമാണ് പി.ടി. അവലംബിച്ചിരിക്കുന്നത്. കഥയ്ക്ക് മുന്‍പേ കഥയുടെ പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമമൊന്നും പി.ടി. ചെയ്തതായി കണ്ടില്ല. ചുരുക്കത്തില്‍ വീരപുത്രന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാത്തതുപോലെ അവാര്‍ഡ് മേശപ്പുറത്തും ഇടം തേടാനുള്ള സാധ്യതകള്‍ കാണുന്നില്ല.

Comments (0)

Post a Comment