സാന്‍വിച്ച്

| Posted in | Posted on

1



കുഞ്ചാക്കോ ബോബന്‍റെ മറ്റൊരു ഹാസ്യ-കുടുംബ ചിത്രം. നവാഗതനായ എം.എസ്. മനുവിന്‍റെ ആദ്യ ചിത്രമാണ് സാന്‍വിച്ച്. വളരെ ആകര്‍ഷണീയമായ പേരായിരുന്നു ചിത്രത്തിന്റെത്. പക്ഷേ, ആ നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നതാണ് പരമാര്‍ത്ഥം.


  ഏറെക്കാലം ഷാജികൈലാസ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ചുക്കാന്‍ പിടിച്ച മനുവിന് കുറച്ചുകൂടെ നല്ലരീതിയില്‍ 'സാന്‍വിച്ച്' നിര്‍മ്മിക്കാമായിരുന്നു. ചാക്കോച്ചന്‍, സായ് എന്ന കഥാപാത്രത്തെ തട്ടലും മുട്ടലുമില്ലാതെ ചെയ്തു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ മുഴുക്കെ ബോറന്‍ സീനുകളായിരുന്നു. കൂടാതെ നായികയായ റിച്ച പനാവി ആ കഥാപാത്രവുമായി ഒട്ടും ഇഴുകിചേരാത്തതുപോലെ തോന്നിച്ചു. ആദ്യ ചിത്രമായ വാടാമല്ലിയ്ക്ക് ശേഷം റിച്ച അഭിനയിച്ച മലയാള ചിത്രമാണ് സാന്‍വിച്ച്. 


റിച്ചയെ കൂടാതെ ചാക്കോച്ചന്റെ സ്ഥിരം അച്ഛനായി ലാലു അലക്‌സ്, അമ്മയായി ശാരി എന്നിവര്‍ വേഷമിടുന്നു. സുരാജ് വെഞ്ഞാറമൂട് ഒരു ഹാസ്യകഥാപാത്രത്തിനൊപ്പം ഒരു ചെറിയ വില്ലന്‍കൂടിയാണ് ചിത്രത്തില്‍. എന്നും തീവ്രമായ ഗുണ്ടായിസം മാത്രം കണ്ടുശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് പേടിത്തൊണ്ടന്മാരായ ഒരു ഗുണ്ടാഗ്യാങ്ങിനെ പരിചയപ്പെടുത്തുകയാണ് സൂരാജിലൂടെ. സുരാജ് അവതരിപ്പിച്ച ആണ്ടിപ്പട്ടി നായ്ക്കന്‍ എന്ന കഥാപാത്രം ഇല്ലായിരുന്നുവെങ്കില്‍ ചിത്രം പരിപൂര്‍ണമായും ശൂന്യമായിപ്പോയേനെ. ചാക്കോച്ചന്‍ എന്ന വളര്‍ന്നു വരുന്ന കലാകാരന് ഏതു കഥാപാത്രവും വഴങ്ങില്ല എന്ന് തെളിയിച്ച മറ്റൊരു ചിത്രം കൂടിയാണ് സാന്‍വിച്ച്.


കുറച്ചു സീനുകളിലാണെങ്കിലും പുതിയ തലമുറയിലെ അനന്യ മറ്റൊരു വേഷത്തിലെത്തുന്നു. കൂടാതെ വിജയകുമാര്‍ ഏറെക്കാലത്തിനു ശേഷം നല്ലൊരു വേഷത്തിലെത്തി എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അതോടൊപ്പം ബിജുപപ്പന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയ മിമിക്രിക്കാരും ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. നമ്മുടെ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പതിവ് പോലീസ് വേഷത്തിലും.


മലയാളത്തിലും തമിഴിലും പേരെടുത്ത ഡോണ്‍മാക്‌സ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. രതീഷ് സുകുമാരന്‍റെ കഥയ്ക്ക് പ്രദീപ് നായര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. അപക്വമായ ഒരു ക്യാമറമാനെപ്പോലെ തോന്നിച്ചു പ്രദീപിന്റെ പല ഷോട്ടുകളും.  മുരുകന്‍ കാട്ടാക്കടയും സ്മിത പിഷാരടിയും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ജയന്‍ പിഷാരടി സംഗീതം നിരവ്വഹിച്ചിരിക്കുന്നു. 


എങ്കിലും എം.സി. അരുണും സുദീപ് കാരാട്ടും ചേര്‍ന്ന് ഒരുക്കിയ സാന്‍വിച്ചില്‍ എം.എസ്. മനു അമര്‍ന്നുപോയി. തീയറ്ററുകളില്‍ സാന്‍വിച്ച് പഴമ മണക്കുന്നു എന്ന അഭിപ്രായമാണ്.

Comments (1)

വാട്ട് എ ബ്ലോഗ്‌...കലക്കി ഡിസൈന്‍...

Post a Comment