ജനപ്രിയന്‍....

| Posted in | Posted on

4


ജനപ്രിയന്‍....


യുവ നടന്മാരില്‍ ശ്രദ്ധേയനും ഇപ്പോള്‍ സാമാന്യം നല്ല പേരുള്ള ഒരാളുമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു നാലു ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടുവാനായില്ലെങ്കിലും ജനപ്രിയന്‍ ജനങ്ങളെ രസിപ്പിച്ചുവെന്ന് പറയുകയാവും ഭേദം.




ബോബന്‍ സാമുവല്‍ എന്ന സംവിധായകന് സാമാന്യം ഭേദപ്പെട്ട കയ്യൊതുക്കം സംവിധാനത്തിലുണ്ടെന്ന് വിളിച്ചറിയിക്കുന്ന ഒരു ചിത്രമാണ് ജനപ്രിയന്‍. അധികം വളച്ചുകെട്ടലുകളൊന്നുമില്ലാതെ തികച്ചും സാധാരണമായ ഒരു കഥ പറയുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ (ഇടയ്ക്ക് തുരുതുരാ മൊബൈല്‍ വരുമെങ്കിലും) രണ്ടു മണിക്കൂര്‍ തീയറ്ററില്‍ കയറുമ്പോള്‍ സെന്റിമെന്റല്‍ സീന്‍ കാണുവാനോ, സ്ഥിരം ഫോര്‍മാറ്റിലുള്ള വിഴുപ്പലക്കുന്നത് കാണുവാനോ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നില്ലെന്ന പരമാര്‍ത്ഥം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്.




സമീപകാലത്തെ മിക്ക ചിത്രങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മനോജ് കെ. ജയന് ഇതിലും തനിക്ക് ലഭിച്ച റോള്‍ സാമാന്യം ഭേദപ്പെട്ട് ചെയ്യുവാനായി. ഭാമ നായികയാണെങ്കിലും അത്രവലിയ പ്രകടനമൊന്നും കാഴ്ചവെച്ചില്ല, എങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ മീനമാസത്തിലെ മഴപോലെ എന്തോ ഒരു ചെറിയ തണുപ്പ് നല്‍കാനായി എന്നത് പരമാര്‍ത്ഥമാണ്. പ്രദീപ് നായരുടെ ക്യാമറയില്‍ വിരിഞ്ഞ ഒരോ സീനും പ്രത്യേകം എടുത്ത്ു പറയേണ്ടുന്നതാണ്. സമീപകാലത്ത് രംഗപ്രവേശം ചെയ്ത പ്രദീപ് നായര്‍, വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ക്യാമറ ചലിപ്പിച്ചതെങ്കിലും, ഇന്നത്തെ മുന്‍നിര ക്യാമറാമാന്‍മാരില്‍ ഒരാളായി തന്റെതായ ഒരു സ്ഥാനം നേടുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.




ഒരു നായകന്‍ എന്നതിലുപരി, അസാമാന്യ അഭിനയപാടവമൊന്നും ജയസൂര്യ എന്ന നടനില്‍ ഇല്ലെന്ന് അടിവരയിട്ട് പറയാനിരിക്കേ, തന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് സ്വല്‍പം മാറി നിന്ന ഈ കഥാപാത്രത്തെ ഒരു പരിധിവരെ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇതില്‍ കൃഷ്ണപൂജപ്പുര എന്ന വ്യക്തിയുടെ തിരക്കഥയ്ക്ക് എത്ര പങ്കുണ്ടെന്ന് ചിന്തിച്ചാലറിയാം.




തോന്നക്കാടുകാരനായി എത്തിയ ജയസൂര്യ ചെയ്ത കഥാപാത്രമല്ലേ, എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സിന്ധുരാജ് വരച്ചു കൂട്ടിയത്. അപ്പോള്‍, മറ്റൊരു ചോദ്യം അത് നമ്മുടെ മീരാജാസ്മിന്‍ ലോഹിസാറിന്റെ ഒരു പടത്തില്‍ അതുപോലൊരു കഥാപാത്രത്തിനെ ചെയ്തിരുന്നില്ലേ....അങ്ങിനെയാണെങ്കില്‍.....ഇങ്ങനെ പറയുകയാണെങ്കില്‍ ഇതെല്ലാം പലതവണ മലയാളി പ്രേക്ഷകര്‍ പലതവണ ചവച്ചരച്ചവ തന്നെയാണ്. 






എങ്കിലും സിനിമ എന്നത് മെയ്ക്കിങ് ആണെന്ന് ട്രാഫിക്കിനു ശേഷം ഒരാള്‍ക്ക് കൂടി ബോധ്യപ്പെട്ടു എന്നതിനുള്ള തെളിവാണ് 'ജനപ്രിയന്‍'.  ഇതര സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകന്‍ ഇതിനെ ഒരു പടി കൂടുതല്‍ സ്വീകരിച്ചിരിക്കുന്നു എന്നതിന് മറ്റൊരു വാദമില്ല. എങ്കിലും, ഒരു സൂപ്പര്‍ ഹിറ്റിലേക്ക് ജനപ്രിയന്‍ കുതിക്കുകയുമില്ല....

ദ ട്രെയിന്‍

| Posted in , | Posted on

0




ഇതാ പുതിയ ട്രയിന്‍ വരുന്നേ എന്ന് വിളിച്ചു കൂവിയിട്ട് ഒടുക്കം പ്രേക്ഷകനെ ട്രയിനിന് തലവയ്പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ജയരാജ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ പടം 'ദ ട്രയിന്‍'.


പ്രേക്ഷകര്‍ക്ക് വളരെ ഉയര്‍ന്ന പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ പ്രസ് റിലീസ് നടന്നിരിക്കുന്നത്. സാമാന്യം നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഹാര്‍വസ്റ്റ് മീഡിയയ്ക്കായിട്ടുണ്ട്. അതുകൊണ്ടാവാം കൂടുതല്‍ പേര്‍ ആ ട്രയിനിന് തലവച്ചു പോയത്. ഈ മാസം 27ന് പുറത്തിറങ്ങിയ 'ദ ട്രയിന്‍' വെറും ഒരു പാസഞ്ചറിന്റെ ഗുണം പോലും ചെയ്തില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം. 




മുംബൈയില്‍ നടന്ന ട്രയിന്‍ സ്‌ഫോടനത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തില്‍ പ്രേക്ഷകന് രസിക്കാന്‍ ഇത്തിരിനേരം ജയസൂര്യ പ്രത്യക്ഷപ്പെടുന്നത് ഒഴിച്ചാല്‍ ചിത്രത്തിലുടനീളം അറുബോറന്‍ സീനുകളാണ്.  ഇതില്‍ മമ്മൂട്ടി അവതരിപ്പിച്ച ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ലീഡറിന്റെ റോള്‍ തികച്ചും ദുര്‍ബലമായ ഒരു കഥാപാത്രമായിപ്പോയി. എങ്കിലും കാലത്തിനൊത്ത് മാറാന്‍ സംവിധായകനായിട്ടുണ്ട്. കാരണം ചിത്രത്തിലെ എല്ലാ സീനുകളിലും 'മൊബൈല്‍' ഫോണ്‍ പ്രധാന റോള്‍ നിര്‍വ്വഹിക്കുന്നു.


വളരെ ആലോചിച്ച്, ചിന്തിച്ച് മാത്രമേ ഞങ്ങള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാറുള്ളൂ എന്നു വാദിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തു പറ്റി...? ഇപ്പോ കൂണുപോലെ മുളച്ചു പൊന്തുന്നവരും പരിപൂര്‍ണ്ണ സ്‌ക്രിപ്റ്റ് വായിച്ചറിഞ്ഞേ ഡേറ്റു നല്‍കൂ. എന്നിട്ടും മലയാള സിനിമയുടെ സ്ഥിതി ഇതാണ്. മലയാള സിനിമയുടെ ഉണര്‍വിന് മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല സ്ഥാനമൊഴിയേണ്ടത്....പകരം ചെറുപ്പക്കാര്‍ക്ക് നല്ല ആശയങ്ങളുമായി സിനിമാരംഗത്തേക്ക് കടന്നു വരുവാനുള്ള  മാര്‍ഗ്ഗമാണ് ഉണ്ടാക്കേണ്ടത്.

ബെസ്റ്റ് ആക്ടര്‍ (10.12.2010)

| Posted in | Posted on

0


ബെസ്റ്റ് ആക്ടര്‍

2010 വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കേ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍ മലയാളി പ്രേക്ഷകന്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സമീപകാലങ്ങളില്‍ ആവറേജ് എന്ന അഭിപ്രായം നേടിയ ചുരുക്കം സിനിമികളില്‍ ഒന്നായി മാറി 'ബെസ്റ്റ് ആക്ടര്‍'.

തന്റെ ആദ്യസിനിമിയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ, പ്രത്യേകിച്ച് മലയാളി കുടുംബപ്രേക്ഷകരുടെ മനംകവരുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ഭാഗ്യം ഇല്ലെന്ന് തന്നെ പറയാം. ഫോട്ടോഗ്രാഫറായി വനിതയുടെ കവര്‍പേജുകളില്‍ സുന്ദരിമാരെയും സുന്ദരന്മാരേയും ജീവനില്ലാത്ത ഫ്രയിമുകളില്‍ തന്റെ കലയുടെ സാക്ഷാത്കാരത്തെ തളിച്ചിടുമ്പോഴും മാര്‍ട്ടിന്‍ പ്രാക്കാട്ട്, തന്റെ ജീവനുള്ള, ആത്മാവുള്ള സിനിമ വെള്ളിത്തിരയില്‍ വിജയം സമ്മാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.


ഒരുപുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ തികച്ചും പുതുമുഖമാണ് മാര്‍ട്ടിന്‍. മീഡിയരംഗത്ത് പറയത്തക്ക സവിശേഷതകളോ, നേട്ടങ്ങളോ ഇല്ലാത്തവന്‍. ഒറ്റയ്ക്ക് പടവെട്ടി ജയിച്ചവന്‍. തന്റെ സുഹൃത്തിന്റെ ചലച്ചിത്രത്തില്‍ ഒരു കൊച്ചുറൊള്‍ ചെയ്തുകൊണ്ടാണ് മാര്‍ട്ടിന്‍ വാസ്തവത്തില്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട്, മമ്മൂട്ടിയെന്ന അതുല്യപ്രതിഭ മാര്‍ട്ടിന്റെ 'മോഹന്‍' എന്ന സാധാരണ സ്‌കൂള്‍ വാധ്യാര്‍ എന്ന കഥാപാത്രത്തോട് കാണിച്ച മമതയും.


ഏതൊരു സാധരണക്കാരന്റെയും സ്വപ്‌നമാണ് ഒരു സിനിമയില്‍ അഭിനയിക്കുക എന്നത്. അതിപ്പോള്‍ അഭിനയിക്കാന്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും പലരുടെയും മനസ്സില്‍ അവന്‍ ഒരു സ്വപ്‌നമായി ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മാര്‍ട്ടിന്‍ മമ്മൂട്ടിയിലൂടെ മോഹന്‍ എന്ന കഥാപാത്രമാക്കി പ്രേക്ഷകരുടെ മുന്നിലേക്ക് നിരത്തിയത്.

മെഗാസ്റ്റാറായി നില്‍ക്കുന്ന മമ്മൂട്ടി, ഇത്തരത്തില്‍ ചാന്‍സ് ചോദിച്ചുവരുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിന് തയ്യാറായി എന്നതു തന്നെ ആ വലീയ നടന്റെ മഹത്വം തെളിയിക്കുന്നു. അതും സിനിമയുമായി ഒരു ഗന്ധവുമില്ലാത്ത തികച്ചും പുതുമുഖ സംവിധായകന്‍ ആയിട്ടുപോലും. ഇന്നത്തെ പല യുവനടന്മാരും പാഠപുസ്തമാക്കേണ്ടുന്ന വ്യക്തിത്വമാണ് മമ്മൂട്ടി.



തന്മയിത്വത്തോടെ, മലയാളിത്തമോടെ മമ്മൂട്ടിയുടെ ഭാര്യയായി വേഷമിട്ട ശ്രുതി രാമകൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കൂട്ടത്തില്‍ മലയാളി കുടുംബപ്രേക്ഷകര്‍ കൈനീട്ടി സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു നടിയായി ശ്രുതിയെ വിശേഷിപ്പിക്കാം. നടി കന്നടത്തില്‍ നിന്നാണോ, തെലുങ്കില്‍ നിന്നാണോ എന്നൊന്നും മലയാളികള്‍ നോക്കാറില്ല. എങ്കിലും തന്റെ അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച ഒരു ഏടായി കന്നടി നടികൂടിയായ ശ്രുതിക്ക് ഇതിനെ കാണാം.

അഭിനയത്തികവുകളില്‍ നിരവധിതവണ മാറ്റുരച്ച് തെളിയിക്കപ്പെട്ട ലാലും, നെടുമുടിവേണുവും തങ്ങളുടെ റോള്‍ അടിത്തറയിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അഭിനയിച്ചത്. കൂട്ടത്തില്‍ സലീംകുമാറിന്റെയും, വിനായകന്റെയും സംഭവാനകളും എടുത്തു പറയത്തക്കതാണ്. കൂടാതെ, ലാല്‍ജോസ്, ശ്രീനിവാസന്‍, ബ്ലെസ്സി, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ തികച്ചും സംവിധയകരുടെ റോള്‍ തന്നെ സിനിമയില്‍ ചെയ്തു.


ആന്റോജോസഫും, നൗഷാദും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ബിജിബാല്‍ ആണ്. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള ഗാനങ്ങള്‍ മികച്ചവയാണ്. സാമാന്യം നല്ല അഭിപ്രായം നേടിയ ബെസ്റ്റ് ആക്ടര്‍, ഭേതപ്പെട്ട വിജയം നേടിയ ചിത്രമായി നമുക്ക് കണക്കാക്കാം.

കാണ്ഡഹാര്‍

| Posted in | Posted on

0


മേജര്‍ മഹാദേവന്‍ അമ്മാനമാടിയ മലയാളക്കരയില്‍ 'കാണ്ഡഹാര്‍' പുതീയ ഓളങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ കടന്നുപോയി. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നിവയുടെ തുടര്‍ച്ചയെന്നോണം ചെയ്ത 'കാണ്ഡഹാര്‍' പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്നുമാത്രമല്ല, മേലില്‍ മേജര്‍ രവി ഇത്തരം ചലച്ചിത്രങ്ങള്‍ ചെയ്തുപോകരുതെന്ന താക്കീതോടെയാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് പുറത്തേക്കിറങ്ങിയത്.

ആദ്യപകുതിയില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലായിരുന്നു ചിത്രം നീങ്ങിയിരുന്നത്. ഇതില്‍ നിരാശപൂണ്ട് ഇടവേളയ്ക്ക് ഇറങ്ങിപ്പോയവര്‍ക്ക് വല്ലാത്തൊരു നഷ്ടം പിണഞ്ഞു. രണ്ടാം പകുതി സാമാന്യം ഭേതപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു എന്നവര്‍ അറിഞ്ഞത് പുറത്തു വന്നതിനു ശേഷമാണ്.





ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫൈഌയ്റ്റ് 814 തട്ടിയെടുത്ത യഥാര്‍ത്ഥ സംഭവത്തിന്റെ ചിത്രീകരണമായിരുന്നു 'കാണ്ഡഹാര്‍'. പക്ഷേ, ചിത്രത്തിലുടനീളം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ ഇരുത്താന്‍ മേജര്‍ രവിയ്ക്കായില്ല. മാത്രവുമല്ല, കിടിലം കൊള്ളുന്ന ഹൈജാക്കിങ് ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടുമടുത്ത മലയാളി പ്രേക്ഷകര്‍ക്ക് 'മേജര്‍ മഹാദേവന്‍' എന്ന കഥാപാത്രം കോമാളിക്കളി നടത്തുന്നതായാണ് അനുഭവപ്പെട്ടത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ അതികായകന്മാരിലൊരാളായ അമിതാബ് ബച്ചന്റെ സാന്നിധ്യം ചിത്രത്തിന് പ്രേക്ഷരുടെ നീണ്ടനിര സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ച മേജര്‍ രവിയ്ക്കും കൂട്ടര്‍ക്കും തെറ്റിപ്പോയി. അഭിനയത്തികവിന് ഭരത് അവാര്‍ഡു വാങ്ങിച്ച രണ്ട് ശക്തരായ നടന്മാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വിരളുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്.


ഊട്ടി, ന്യൂഡല്‍ഹി, റഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ബിഗ്ബജറ്റ് ചിത്രമായ 'കാണ്ഡഹാറി'ന്റെ ഒരു നിര്‍മ്മാണ പങ്കാളി മോഹന്‍ലാല്‍ കൂടിയാണ്. അദ്ദേഹം കേണലായതിനു ശേഷം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് 'കാണ്ഡഹാര്‍'. പതിവു ശൈലികളുടെ ആവര്‍ത്തന വിരസത ചിത്രത്തിലുടനീളം നിഴലിക്കുന്നുണ്ടായിരുന്നു. ഈ ചിത്രം മോഹന്‍ലാല്‍ എന്ന വ്യക്തിയെ സാമ്പത്തികമായി എത്തരത്തിലാവും സഹായിക്കുക എന്ന് കണ്ടുതന്നെ അറിയണം.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണേഷ് വെങ്കിട്ടരാമന്‍ തന്റെ കഥാപാത്രം മികവുറ്റതാക്കി. മലയാളികള്‍ക്ക് ഗണേഷിന്റെ മുഖം കൂടുതല്‍ ഇഷ്ടമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പഴകാല നടിയായ സുമലത, പുതീയ തലമുറയിലെ അനന്യ എന്നിവര്‍ക്ക് പേരിനുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. എങ്കിലും ചിത്രത്തില്‍ മലയാളിയല്ലാത്ത ഷാമിര്‍ തണ്ടന്‍ ചെയ്ത സംഗീതം സാമാന്യം നിലവാരം പുലര്‍ത്തി.


അതിര്‍ത്തിയില്‍ വെടിയുതിര്‍ക്കുന്നതുപോലെ എളുപ്പമല്ല മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറുന്നത് എന്ന് മേജര്‍ രവിക്ക് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടുകാണണം. കാരണം, മിഷന്‍ 90 ഡേയ്‌സില്‍ ഒരിക്കല്‍ അത് ബോധ്യപ്പെട്ടതാണ്.