അന്‍വര്‍- അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ ഇന്ന് തീയറ്ററുകളില്‍ എത്തി. എന്നിട്ടോ..?! 'മലപോലെ വന്നവന്‍ എലിപോലെ പോയി' എന്നതു പോലെയായി ചിത്രത്തിന്റെ അവസ്ഥ. ചിത്രത്തിന്റെ പശ്ചാത്തലവും ചിത്രീകരണ റിപ്പോര്‍ട്ടുകളും മറ്റും അറിഞ്ഞ പ്രേക്ഷകന്‍ എന്തായാലും ബിഗ്ബിയേക്കാള്‍ മുകളില്‍ എന്തോ പ്രതീക്ഷിച്ചാണ് ഇന്ന് കാലത്ത് തീയറ്ററില്‍ എത്തിയത്. 'ഖല്‍ബിലെ തീ' എന്നു തുടങ്ങുന്ന ഗാനവും ഹിമാലയന്‍ പശ്ചാത്തലത്തിലെ മറ്റൊരു ഗാനവും കണ്ടതോടെ ബോളിവുഡ് ചിത്രത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള 'അന്‍വര്‍' എന്ന പ്രതീക്ഷയോടെ തിയറ്ററിലെത്തിയ പ്രേക്ഷന്‍ 'പ്രതീക്ഷിച്ചത്ര പോരാ' എന്ന അഭിപ്രായവുമായി നിരാശയോടെ തീയറ്റര്‍ വിട്ടിറങ്ങി.
ക്യാമറമാനായി 2004 ല്‍ ബ്ലാക്കിലൂടെ അരങ്ങേറ്റം കുറിച്ച അമല്‍ നീരദ്, ജെയിംസ്, ശിവ, ദമാ സരൂരി ഹെ എന്നി ഹിന്ദിചിത്രങ്ങളിലും ക്യാമറമാനായി. 2007 ല്‍ ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി (മോഷണമാണെങ്കിലും) മലയാള സിനിമയ്ക്ക് പുതിയ ശൈലി കാണിച്ചു തന്നു. പക്ഷേ 2010 ല്‍ അന്‍വറിലെത്തിയിട്ടും അമല്‍ നീരദ് ഇപ്പോഴും 2007 ല്‍ തന്നെ നില്‍ക്കുന്നതായാണ് പ്രേക്ഷകന് മനസ്സിലാവുന്നത്.
'ബിഗ്ബി'യില്‍ മമ്മൂട്ടിയെ സ്‌ളോമോഷനില്‍ നടത്തിച്ചപ്പോള്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി. അവര്‍ കയ്യടിച്ചു. എന്നാല്‍ 2009 ലെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നടത്തിച്ചപ്പോള്‍ തീയറ്ററിലിരുന്ന് ജനം 'ലാലേട്ടാ..വേഗം നടക്കൂ...' എന്ന് വിളിച്ചുകൂവി. അതിന്റെ ഫലം ബോക്‌സ്ഓഫീസ് പരാജയമായിരുന്നു. തുടര്‍ന്ന് അന്‍വറില്‍ യുവനടനായ പൃഥ്‌വിരാജിനെയും അമല്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ 'തലങ്ങും വിലങ്ങും' നടത്തിപ്പിച്ചപ്പോള്‍ ആളുകള്‍ പതുക്കെ ബീഡി വലിക്കാന്‍ പുറത്തേക്കിറങ്ങിത്തുടങ്ങി. ഇങ്ങനെ പോയാല്‍ മിക്കവാറും അമല്‍ നീരദ് സ്‌ളോമോഷനില്‍ പതുക്കെ മലയാളസിനിമയ്ക്ക് പുറത്തേക്ക് നടക്കേണ്ടി വരുന്ന കാലം വിദൂരമല്ല.
തീവ്രവാദം പൊതുവെ മലയാളികള്‍ക്ക് ദഹിക്കാത്ത സബ്ജക്ടാണ്. ആ നിലയ്ക്ക് കുറച്ചൂകൂടെ തന്മയിത്വത്തോടെ, പുതുമയോടെ അന്‍വറിലൂടെ കഥപറയാമായിരുന്നു. പതിവ് ചേരുവകള്‍ കണ്ട് പ്രേക്ഷന്‍ ഒന്നുകൂടെ പിറുപിറുത്തതല്ലാതെ അന്‍വര്‍ പ്രതീക്ഷകളൊന്നും അവര്‍ക്ക് നല്‍കിയില്ല.
ആയിഷാ ബീഗമായി മംമ്ത ഭംഗിയായി അഭിനയിച്ചു. ഒരു ഗാനരംഗത്തും രണ്ടു സീനുകളിലും മാത്രം പ്രത്യക്ഷപ്പെട്ട നിത്യ മേനോനും മംമ്തയും 'അന്‍വറി' ന് പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും നല്‍കിയില്ല. നായകപ്രാധാന്യമുള്ള മലയാള സിനിമയിലെ പതിവ് നായികമാരെപ്പോലെ പേരിന് മാത്രം അവര്‍ സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ നിറങ്ങള്‍ തേക്കുന്നവര്‍ മാത്രമായിമാറി.
പൊതുവെ 'പ്രീ പ്രഡിക്ടഡായ' ഉന്നത നിലവാരം പുലര്‍ത്തുന്ന മലയാളി പ്രേക്ഷകന്‍ പൃഥ്‌വിരാജ് ജയിലിലേക്ക് വന്നപ്പോള്‍ത്തന്നെ ശേഷം കഥ തീയറ്ററിലിരുന്ന് പറയാന്‍ തുടങ്ങി. മിക്കവാറും ക്ലൈമാക്‌സില്‍ പൃഥ്‌വിരാജ് പോലീസായിരിക്കും എന്ന് അവരുടെ നിഗമനത്തില്‍ മാത്രം നേരിയ പിഴവ് വന്നു. ഒന്നാം പകുതിയില്‍ നൂറായിരം സിനിമകളില്‍ കണ്ടുപഴകിയ ശൈലികളില്‍ ഒന്നായ; നായകനെ ജയിലില്‍ ഇടലും ജയിലിലെ മറ്റു ഗുണ്ടകളുമായുള്ള നായകന്റെ സ്റ്റണ്ടും പിന്നീട് അവിടെത്തെ മറ്റൊരു ഗുണ്ടയുടെ കീഴില്‍ നായകന്‍ ചേരുന്നതും അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുന്നതും ഇനിയും മലയാളി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനായി എന്തിനാണ് അമല്‍ നീരദ് പടച്ചു വിട്ടത് എന്ന് മനസ്സിലാവുന്നില്ല.
ഒന്നാം പകുതിയില്‍ 'പൃഥ്‌വിരാജ്' ഫാന്‍സുകാരെ പരിപോഷിപ്പിക്കാന്‍ അനാവശ്യമായ രണ്ട് 'ബില്‍ഡപ്പ്' സ്റ്റണ്ടും തുടക്കത്തില്‍ കാണിക്കുന്ന ഒരു ബോബ് സ്‌ഫോടനവും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം ശൂന്യമാണ്. ശേഷിക്കുന്ന ഭാഗത്തു മുഴുക്കെ പൃഥ്‌വിരാജ്, പ്രകാശ്‌രാജ്, ലാല്‍ എന്നിവര്‍ മത്സരിച്ചു നടക്കുന്നതാണ്. സേഠ് ബാക്കുക്കയായി ലാല്‍ പതിവ് കഥാപാത്രത്തിനെ ആവുന്നത്ര ജീവന്‍ നല്‍കാന്‍ കിണഞ്ഞു ശ്രമിച്ചു.
തീവ്രവാദം അന്വേഷിക്കുന്ന എ.ടി.എസ് ഓഫീസര്‍ സ്റ്റാലിന്‍ മണിമാരനായി പ്രകാശ്‌രാജ് നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും ചിത്രത്തിലേക്കായി ദേശീയ അവാര്‍ഡ് ജേതാവായ പ്രകാശ്‌രാജിന് നല്‍കേണ്ടി വന്നില്ല എന്നതും ഒരു നഗ്നസത്യം മാത്രം. വാസ്തവത്തില്‍ പ്രകാശ്‌രാജ് ആ റോളിന് ആവശ്യമായിരുന്നോ എന്നുവരെ ചിന്തിച്ചു പോകും. ഒന്നാം പകുതിയില്‍ കഥ പ്രത്യേകതകള്‍ ഒന്നുമില്ലാതെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്.
രണ്ടാം പകുതിയില്‍ നായകന്‍ പെട്ടെന്ന് തന്റെ പൂര്‍വ്വകാലം സ്മരിക്കുന്നതായി തെളിയുന്നു. പൊടുന്നനെ കോയമ്പത്തൂര്‍ ദുരന്തവുമായി നായകന്‍ ബന്ധപ്പെടുന്നു. അതോടെ നായകന്റെ പരിവേഷം പ്രേക്ഷകന്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ ആയി തീര്‍ന്നു. പ്രഥ്‌വിരാജിന്റെ നടത്തം കണ്ടുമടുത്ത പ്രേക്ഷകന് , പൂര്‍വ്വകാല ചരിത്രം പറയുന്നതോടെ കടന്നു വന്ന 'ഖല്‍ബിലെ തീ' എന്ന് സാമാന്യം ഹിറ്റായ ഗാനവും തുടര്‍ന്ന് രണ്ട് സീനുകള്‍ക്ക് ശേഷം വന്ന അടുത്ത ഗാനവും ചെറുതായി ബോറടി മാറ്റി എന്നതാണ് സത്യം.
ഖല്‍ബിലെ തീ എന്ന ഗാനം കാണുമ്പോള്‍ ഗാനചിത്രീകരണവും ഗാനരീതിയും 'ബോംബെ' എന്ന മണിരത്‌ന ചിത്രത്തിലെ 'കണ്ണാളനെ...' എന്ന ഹിറ്റ് ഗാനം പ്രേക്ഷകന്‍ തിയറ്ററിലിരുന്ന് സ്മരിച്ച ു.
പൃഥ്‌വിരാജ് ചിത്രത്തിലുടനീളം നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചു. സമീപകാലത്ത് രാവണില്‍ തുടങ്ങി പൃഥ്‌വിരാജ് തന്റെ പടയോട്ടം ആരംഭിച്ചതിന്റെ തെളിവാണ് അന്‍വര്‍. ഇനി വരാനിരിക്കുന്ന ബി.ഉണ്ണികൃഷ്ണന്റെ പോലീസ് വേഷവും, ഉറുമിയും പൃഥ്‌വിരാജിനെ മലയാള സിനിമയുടെ സൂപ്പര്‍ പദവിയിലേക്ക് എത്തിച്ചേക്കാം.
ശക്തമായ ഒരു ആശയം സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അമല്‍ നീരദ് ശ്രമിച്ചത് അഭിനന്ദിക്കേണ്ടുന്ന വസ്തുതയാണ്. പ്രതീക്ഷകള്‍ക്കൊത്ത് അന്‍വര്‍ ഉയര്‍ന്നില്ലെങ്കിലും ശരാശരി പ്രേക്ഷകന്
വേണ്ടുന്നതല്ലാം ഉള്‍ക്കൊള്ളിച്ചാണ് അമല്‍നീരദ് ഈ ചിത്രം ചെയ്തിരിക്കുന്നത്. ലോകത്തിലെ എല്ലാ മുസ്‌ലീം സഹോദരന്മാരും
തീവ്രവാദികളല്ല, മറിച്ച് നല്ല മനുഷ്യരാണെന്ന ശക്തമായ ആശയത്തെ ജനങ്ങളിലെത്തിക്കാന്‍ സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അമല്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണ്.
ഭംഗിയുള്ള ഫ്രയിമുകളും പ്രശസ്തരായ നടന്മാരും ടെക്‌നീഷ്യന്മാരും മാത്രം ഉണ്ടായാല്‍ ഒരു സിനിമ വിജയിക്കില്ലെന്ന് സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം അമല്‍ നീരദ് ഒന്നുകൂടെ മലയാളി പ്രേക്ഷകന് മനസ്സിലാക്കിക്കൊടുത്തു, അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിലും. എങ്കിലും നിരാശയുടെ പടിവാതില്‍ കടന്ന് പുറത്തേക്കിറങ്ങുന്ന പ്രേക്ഷകര്‍ ഇതിനുവേണ്ടി കോടികള്‍ വലിച്ചെറിഞ്ഞ നിര്‍മ്മാതാവ് രാജ് സക്കറിയയെ ഒര്‍ക്കുന്നുണ്ടാവുമോ എന്തോ.
Comments (0)
Post a Comment