ഈ അടുത്ത കാലത്ത്

| Posted in | Posted on

0




അടുത്ത കാലത്ത് മലയാളത്തില്‍ വന്ന സിനിമകളില്‍ മികച്ചു നില്‍ക്കുന്ന ഒരു ചിത്രം. മലയാളം ബോക്‌സ് ഓഫീസിന്‍റെ പ്രവചനത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആവാനുള്ള 2012 ലെ സിനിമയാണ് '' ഈ അടുത്ത കാലത്ത്''




മലയാളികളുടെ മനസ്സറിഞ്ഞ മികച്ച എഡിറ്ററാണ് അരുണ്‍കുമാര്‍. കാഞ്ചീവരത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അരുണ്‍കുമാര്‍ കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പുതിയൊരു ടേസ്റ്റ് സമ്മാനിച്ച പ്രതിഭയുള്ള സംവിധായകനാണ്. ഇപ്പോഴിതാ മറ്റൊരു പൂച്ചെണ്ടുകൂടി മലയാളസിനിമയ്ക്ക് 2012 വര്‍ഷത്തില്‍ സമ്മാനിച്ചിരിക്കുന്നു '' ഈ അടുത്ത കാലത്ത്''


രാജു മല്ല്യത്തിന്‍റെ രാഗം മൂവീസിന്‍റെ ബാനറില്‍ അന്തരിച്ച മഹാനടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും നിര്‍വ്വഹിച്ച്, അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാ പ്രേക്ഷകരെ പിടിച്ചു കുലുക്കുമെന്നതിന് ഒരു സംശയവും വേണ്ട.




ഗോപി സുന്ദറിന്‍റെ അതിമനോഹരമായ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്‍റെ പ്രധാന സവിശേഷത. അതോടൊപ്പം കയ്യടക്കത്തോടെയുള്ള തിരക്കഥയും, അതിനേക്കാള്‍ ഉപരി ചിത്രത്തിന്‍റെ മെയ്ക്കിങ് രീതിയും മികച്ചു നില്‍ക്കുന്നു. കഴിവുള്ള ഒരു സംവിധായകനാണെന്ന് അരുണ്‍കുമാര്‍ തെളിയിച്ചൊരു ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. താരങ്ങളെ കുത്തി നിറയ്ക്കാത്ത പടമായതിനാല്‍  മലയാളി പ്രേക്ഷകരുടെ ഇടിച്ചുകയറ്റം കുറവാണ്. എങ്കിലും തിരുവനന്തപുരത്തും, കൊച്ചിയിലും ആദ്യദിനം തന്നെ നല്ല റിപ്പോര്‍ട്ടാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ തിരക്കു കൂടി വരുന്നു. എങ്കിലും സമീപദിവസങ്ങളില്‍ ചിത്രം വന്‍ഹിറ്റിലേക്ക് കുതിക്കുമെന്നത് പരമാര്‍ഥം തന്നെ.


തിരക്കഥ മാത്രം എടുത്തു നോക്കിയാല്‍, ഒരുപക്ഷേ, ഈ തിരക്കഥ ആരെങ്കിലും സിനിമ കാണുന്നതിന് മുന്‍പ് വായിച്ചു നോക്കിയാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടില്ലെന്നു വരും. പക്ഷേ, ചിത്രം മെയ്ക്ക് ചെയ്തു വന്നപ്പോള്‍ മനോഹരമായി, വൃത്തിയായി ചെയ്തു എന്നു പറയാം. ഈ ചിത്രത്തില്‍ അനാവശ്യമായ കോമഡിയോ, അനാവശ്യമായ സെക്‌സോ, പ്രണയമോ ഒന്നുമില്ല. പച്ചയായ കുറെ ജീവിതത്തിന്‍റെ ഏടുകള്‍ കൃത്യമായി തുന്നിച്ചേര്‍ത്തൊരു കഥ. ട്രാഫിക്കിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ഇതാ മലയാളികള്‍ക്ക് മറ്റൊരു ഹിറ്റ് ചിത്രം കൂടെ....ഈ അടുത്ത കാലത്ത്....


ഇന്ദ്രജിത്തിന്‍റെയും, മാണിക്യം മൈഥിലിയുടെയും പ്രകടനം എടുത്തു പറയേണ്ടുന്നതാണ്. അതോടൊപ്പം മുരളി ഗോപിയുടെ മിന്നുന്ന പ്രകടനവും. കൂട്ടത്തില്‍ ലെന കസറി എന്നതും വലിയൊരു നഗ്ന സത്യം. തീര്‍ച്ചയായും ഈ കൂട്ടായ്മ മലയാളത്തിന് മികച്ചൊരു സിനിമ സമ്മാനിച്ചു.



Comments (0)

Post a Comment