മാസ്റ്റേഴ്‌സ്

| Posted in | Posted on

0


കുറച്ചു കാലത്തിനു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റേഴ്‌സ്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ആയി മാറിയ പൃഥ്വിരാജ് വീണ്ടും ഒരു പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് മാസ്റ്റേഴ്‌സ് എന്നതും മറ്റൊരു സവിശേഷതയാണ്. തമിഴിലെ മിന്നുന്ന നടനും സംവിധായകനുമായ ശശികുമാര്‍ എന്ന പ്രതിഭയും മലയാളത്തില്‍ അരങ്ങേറി എന്നത് ഈ ചിത്രത്തിന്റ സവിശേഷതയാണ്. എങ്കിലും പ്രേക്ഷകരെ ഈ ചിത്രം പ്രതീക്ഷിച്ചത്ര ആവേശഭരിതരാക്കിയില്ല എന്നാണ് പൊതുവെ ലഭ്യമായ റിപ്പോര്‍ട്ട്.


പൃഥ്വിരാജ്, ശശികുമാര്‍ എന്നിവരെക്കൂടാതെ വന്‍ താരനിര തന്നെ ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. അനന്യ, തമിഴിലെ ഗോവ എന്ന വെങ്കിട് പ്രഭുവിന്‍റെ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക പിയ ബാജ്പായി, മുകേഷ്, സിദ്ധിഖ്, സലീംകുമാര്‍, ബിജുമേനോന്‍, ജഗതിശ്രീകുമാര്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, അനില്‍ മുരളി, മണിക്കുട്ടന്‍ അങ്ങിനെ പോവുന്നു താരങ്ങളുടെ നീണ്ട നിര. 

ചിത്രം നല്ലൊരു കുറ്റാന്വേഷണ ചിത്രമായി ചെയ്യുവാന്‍ ജോണിക്കായില്ല. ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട ഒരു കഥാശകലം ഉണ്ടായിരുന്നു. നല്ല രീതിയിലുള്ള നടന്മാരും ടെക്‌നീഷ്യന്മാരും. പക്ഷേ, അവരെ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ ജോണി ആന്റണിക്കായില്ല. 


ശശികുമാറിനെപ്പോലുള്ള അതുല്യ പ്രതിഭകളെ കയ്യില്‍ ലഭ്യമായിട്ടു പോലും, കേവലം ഒരു നവാഗത നടനെക്കൊണ്ട് ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സാധാരണ കഥാപാത്രം നല്‍കി, കഴിവുറ്റ ആ നടനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിന് ജോണിക്ക് വന്‍പരാജയമാണ് സംഭവിച്ചത്.

നിര്‍മ്മാതാവായ ബി.ശരത്ചന്ദ്രനെ ഈ സിനിമ എത്തരത്തിലാണ് സഹായിക്കുവാന്‍ പോവുന്നത് എന്ന് കണ്ടു തന്നെ അറിയണം. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ പശ്ചാത്തലമൊരുക്കിയത് ഗോപി സുന്ദറാണ്. ഗോപി സുന്ദര്‍ ഈ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചു എന്നത് മറ്റൊരു സത്യമാണ്. പക്ഷേ, വളരെ ദുര്‍ബലമായ പശ്ചാത്തലസംഗീതമാണ് ഗോപിസുന്ദര്‍ ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. പൊതുവെ ഞെട്ടിക്കുന്ന പശ്ചാത്തലം കൊണ്ട് മലയാള സിനിമയെ കോള്‍മയിര്‍കൊള്ളിക്കുന്നയാളാണ് ഗോപി. ഗോപിക്ക് എന്തു പറ്റി?


ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. അത്യുഗ്രന്‍ എന്നു വിശേഷിപ്പിക്കുവാനായില്ലെങ്കിലും കുഴപ്പമില്ലാതെ അവര്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ജിനു എബ്രഹാമിന്‍റെ കഥ/തിരക്കഥ/സംഭാഷണം വേണ്ടത്ര ഏശിയില്ലെന്ന് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്. 


എങ്കിലും, ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കേണ്ടുന്ന ഇനിഷ്യല്‍ പുള്‍ പോലും ചിത്രത്തിന് ലഭിച്ചില്ലെന്നാണ് പൊതുവെ പറയുന്നത്. പൊതുജനാഭിപ്രായത്തില്‍ ചിത്രം ങാ...കുഴപ്പമില്ല. എന്ന് ഒരു നീരസമട്ടില്‍ പറഞ്ഞു പോവുന്നു. അതുകൊണ്ട് ശരാശരി നിലവാരത്തിനും താഴെയാണ് മാസ്റ്റേഴ്‌സ് നില്‍ക്കുന്നത് എന്ന് നമുക്ക് വേണമെങ്കില്‍ അനുമാനിക്കാം.

Comments (0)

Post a Comment