ഫാദേഴ്‌സ് ഡേ

| Posted in | Posted on

0




മലയാളത്തിലെ അറിയപ്പെടുന്ന നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന കലവൂര്‍ രവികുമാര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫാദേഴ്‌സ് ഡേ. തിരക്കഥയുടെ ടെക്‌നിക്കല്‍ ചേരുവകള്‍ നന്നായി പ്രയോഗിക്കാന്‍ അറിയാവുന്ന, നിരവധി തിരക്കഥാ ക്യാമ്പുകളിലും ചലച്ചിത്രോത്സവ വേദികളിലും തിരക്കഥയുടെ 'ഗുട്ടന്‍സ്' വരും തലമുറയ്ക്ക് ബ്ലാക്ക് ബോര്‍ഡുകളില്‍ വരച്ച് തിയറി വിശദീകരിക്കുന്ന വ്യക്തിത്വമാണ് കലവൂര്‍ രവികുമാര്‍. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് ? ഇതാണോ മികച്ച മലയാള സിനിമയുടെ തിരക്കഥ ?




കഥയുടെ ആദ്യഭാഗങ്ങളില്‍ രേവതിയും അവളോടൊപ്പം നില്‍ക്കുന്ന ഒരു പെണ്‍കുട്ടി, നായികയാണെന്ന് വേണമെങ്കില്‍ പറയാം. ഇവര്‍ രണ്ടുപേരും കൂടെ വരുന്ന പല ഭാഗങ്ങളിലും സീരിയലിനെക്കാള്‍ നിലവാരത്തകര്‍ച്ച ഉണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. രേവതിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന ലാല്‍ ചെയ്യുന്ന തൊമ്മന്‍ എന്ന കഥാപാത്രം തുടക്കത്തില്‍ ഒരു രണ്ടുമൂന്നു സീനുകളില്‍ പ്രത്യക്ഷപ്പെട്ട്, പിന്നെ ഇടയ്ക്ക് ഒരു മിന്നാട്ടം കണ്ട്, സിനിമയുടെ ഒടുക്കം പാടെ തിരസ്‌കരിക്കപ്പെടുന്ന കഥാപാത്രം. പിന്നീട് ആ കഥാപാത്രത്തിന്റെ വളര്‍ച്ചയെയോ, മറ്റെന്തെങ്കിലും പര്യവസാനമോ ചിത്രത്തിനൊടുക്കം സംവിധായകന്‍ പറയുന്നില്ല. 




പുതുമുഖനടനായ ചെറുപ്പക്കാരന്‍ അനാവശ്യമായി പിന്തുടരുമ്പോള്‍ തന്നെ പ്രേക്ഷകന് അറിയാം അത് രേവതിയുടെ അവിഹിതത്തിലെ മകനായിരിക്കും. പിന്നീട് അവള്‍ നാലുപേരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടവളാണെന്നുകൂടി അറിഞ്ഞു കഴിയുന്നതോടെ ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ണ്ണമായി. ജീവിച്ചിരിക്കുന്ന അച്ഛന്മാരെ അവന്‍ വ്യാജനായി കണ്ടെത്തുകയും അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.




ചടുലമായ അവതരണ രീതിയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ചിത്രം പ്രേക്ഷകര്‍ കുറച്ചൂകൂടെ മനസ്സിരുത്തി കണ്ടേനെ. പക്ഷേ, ഇവിടെ പൂര്‍ണ്ണമായി ഒരു മാനസികാവസ്ഥയിലേക്കും വ്യവഹാരം നടത്താതെ നിഷ്പക്ഷമായി നില്‍ക്കുകയും എന്നാല്‍ മനോസുഖത്തിനുള്ള യാതൊന്നും നല്‍കാതെയും വരുമ്പോഴാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ പാടെ തകര്‍ന്നു പോവുന്നത്.




നവാഗതപ്രതിഭ എന്ന നിലയില്‍ ചെറുപ്പക്കാരനായ ഷാഹിന്‍ നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. പുതുമുഖ നടനെന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട് ചെയ്തുവെന്ന് പറയാം. പക്ഷേ, അതൊരിക്കലും 'സെക്കന്റ് ഷോ'യിലെ കുരുടി എന്ന കഥാപാത്രം അവതരിപ്പിച്ച സണ്ണിയോളം വരില്ലെന്ന് എടുത്തു പറയാം. എങ്കിലും ഭാവിയിലെ നല്ലൊരു നടനായി ഷാഹിന്‍ മാറിയേക്കാം. പക്ഷേ, നായികാ പദവി അലങ്കരിച്ച ഇന്ദു തമ്പിയെ സഹിക്കില്ല. ഒരു തരത്തിലും. എങ്കിലും, പ്രേക്ഷകന് മനസ്സിലാകാത്തത് ഒരൊറ്റ സീനിനുവേണ്ടി എന്തിനാണ് റസൂല്‍ പൂക്കൂട്ടിയെ ബുദ്ധിമുട്ടിച്ചത് എന്നതാണ്. ആര്‍ക്കറിയാം ?




ചിത്രത്തിലെ സംഗീതം സാമാന്യം കൊള്ളാം എന്നതല്ലാതെ ഹിറ്റ് എന്നു പറയാനൊന്നുമില്ല. അല്ലെങ്കിലും സമീപകാലങ്ങളില്‍ മലയാള സിനിമയില്‍ നല്ലൊരു ഹിറ്റ് ഗാനം പിറന്നിട്ടില്ലെന്ന് പറയുകയാവും ഭേദം. മലയാളത്തില്‍ മികച്ച തിരക്കഥകള്‍ രചിച്ച പി.ആര്‍. നാഥന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ''എഴുത്താണ് എന്റെ ജോലി..അത് ഞാന്‍ മരിക്കുവോളം തുടരും. അല്ലാതെ മറ്റൊരു ജോലിയ്ക്ക് ഞാന്‍ ശ്രമിക്കില്ല''. അദ്ദേഹം എക്കാലത്തും ഒരു നോവലിസ്റ്റോ, കഥ എഴുത്തുകാരനോ, തിരക്കഥാകൃത്തോ ആയിരിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാവും, ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും പി.ആര്‍. നാഥന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.




സംവിധാന കല കുറച്ചു വ്യത്യസ്തമാണ്. എഴുതി സംവിധാനം ചെയ്യുക എന്നത് അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിച്ച കഴിവാണ്. അതില്‍ പത്മരാജനെപ്പോലുള്ള അതുല്യ പ്രതിഭകള്‍ ഉള്‍പെടും. പക്ഷേ, ലോഹിതദാസ് ഉള്‍പ്പെടെ  പലരും തിരക്കഥയില്‍ നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞ് പ്രതിഭകള്‍ക്ക് കോട്ടം തട്ടിയവരാണ്. ഈ ലിസ്റ്റില്‍ കുറെപ്പേര്‍ ഉണ്ട്. ലോഹിതദാസ്, കലവൂര്‍ രവികുമാര്‍, ബാബു ജനാര്‍ദ്ദനന്‍...അങ്ങിനെ പോവുന്നു അവരുടെ നീണ്ട നിര. എങ്കിലും നല്ല പരസ്യങ്ങള്‍ ചെയ്തുവെങ്കിലും ഫാദേഴ്സ് ഡേ തികഞ്ഞ പരാജയമായാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്.

Comments (0)

Post a Comment