സെക്കന്റ് ഷോ

| Posted in | Posted on

1
മലയാളത്തിലെ താരരാജാവിന്‍റെ പുത്രന്‍റെ ആദ്യസിനിമ. സബാഷ് ദുല്‍ഖര്‍. സമീപഭാവിയില്‍ പൃഥ്വിരാജിനും, ജയസൂര്യയ്ക്കും, ദിലീപിനും, ജയറാമിനും, ആസിഫിനുമൊപ്പം മാറ്റുരയ്ക്കാന്‍ ഹൈറ്റും വെയ്റ്റുമുള്ള മറ്റൊരു നായകന്‍ കൂടി. ഭാവിയുടെ പ്രതീക്ഷകള്‍ ആവോളം കോരിച്ചൊരിഞ്ഞിരിക്കുകയാണ് മലയാള സിനിമ ദുല്‍ഖറിനുമേല്‍. എങ്കിലും ആദ്യ സിനിമയില്‍ അത്ര അതുല്യമായ പ്രകടനമൊന്നും ദുല്‍ഖര്‍ കാഴ്ചവച്ചില്ലെന്നത് ഒരു വാസ്തവമാണ്. കൂടുതല്‍ ഭാവങ്ങളൊന്നും പലഭാഗത്തും വേണ്ടത്ര തെളിഞ്ഞില്ല എന്നു കൂടി പറയാം.
പുതുമുഖ ഗ്രൂപ്പിന്‍റെ വിജയമായി സെക്കന്റ് ഷോ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. പക്ഷേ, ചിത്രത്തിന് എടുത്തുപറയത്തക്ക പ്രത്യേകതയുള്ള കഥയോ, ഇതിവൃത്തമോ, അവതരണരീതിയോ ഇല്ലാതെ പോയി എന്നത് ഒരു നഗ്നസത്യം മാത്രം. ഇത്രയും ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ നവാഗത സംവിധായകനായ ശ്രീനാഥിന് കുറച്ചൂടെ വ്യത്യസ്തമായ ഏതെങ്കിലും കഥ നോക്കാമായിരുന്നു. തിരക്കഥയില്‍ സാധാരണ മലയാള സിനിമ അവലംബിക്കാത്ത ഡയലോഗ് ശൈലി പ്രയോഗിച്ചു എന്ന ഒരു സവിശേഷതയല്ലാതെ മമ്മൂട്ടി ഫാന്‍സുകാര്‍ പറയുന്നതുപോലെ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റൊന്നുമല്ല ചിത്രം.

കണ്ടിരിക്കാം. എന്നുമാത്രമാണ് ചിത്രത്തിനെപ്പറ്റി തിരുവനന്തപുരത്തെ സംസാരം. എന്നാല്‍ കൊച്ചിയില്‍ കുറച്ചൂടെ ശക്തമായി സിനിമയെ എതിരേറ്റു. പൊതുവെ മലബാറില്‍ മമ്മൂട്ടി ഫാന്‍സുകാര്‍ രണ്ടുദിവസം ഓളമുണ്ടാക്കിയത് ഒഴിച്ചു നിര്‍ത്തിയാല്‍ പ്രേക്ഷകര്‍ '' ങാ...കുഴപ്പമില്ല'' എന്നഭിപ്രായക്കാരാണ്. ഇതില്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ചു എന്ന സവിശേഷത ഒഴിച്ചു നിര്‍ത്തിയാല്‍, ചിലപ്പോള്‍ ഈ ചിത്രം പുറത്തു വന്നേക്കുമോ എന്നു തന്നെ സംശയമാണ്. ചിലപ്പോള്‍ ഇത്രപോലും ആളുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു വരാം.
പപ്പുവാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നല്ലൊരു ഭാവി പ്രതീക്ഷിക്കാവുന്ന ക്യാമറമാനാണ്. ഈ ചിത്രത്തില്‍ അനേകം പോരായ്മകള്‍ ഉണ്ടെന്നിരിക്കേ, ശ്രീനാഥ് ഉള്‍പ്പെടെ നല്ലൊരു ഗ്രൂപ്പ് മലയാള സിനിമയില്‍ ഉണ്ടാവുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ഒപ്പം സമീപഭാവിയില്‍ ഈ യുവാക്കളുടെ കയ്യില്‍ നിന്നും മിന്നുന്ന മലയാള സിനിമകള്‍ നമുക്ക് പ്രതീക്ഷിക്കാം.
മലയാള സിനിമയിലേക്ക് സണ്ണി വൈന്‍ എന്ന കരുത്തുറ്റ ഒരു നടനെ ലഭിച്ചു എന്നതാണ് സെക്കന്റ് ഷോയുടെ ഏക നേട്ടം. ഇത് മലയാളം ബോക്‌സ് ഓഫീസിന്‍റെ പ്രവചനം. ചിത്രത്തില്‍ നെന്‍സണ്‍ മണ്ടേല എന്ന പേരുള്ള 'കുരുടി' എന്ന കഥാപാത്രം പരിപൂര്‍ണ്ണമായും മികച്ചു നിന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജന്മനായുള്ള അഭിനയപാടവം ഒരുപക്ഷേ, ദുല്‍ഖറിനേക്കാള്‍ എടുത്തു കാണിക്കുന്നതായിരുന്നു കുരുടിയുടെ പ്രകടനം. ചിത്രത്തിലുടനീളം ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തിയതിലും ഈ കഥാപാത്രത്തിന് പ്രത്യേകം പങ്കുണ്ട്.
എ.ഒ.പി.എല്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനി വിശ്വലാലിന്‍റെതാണ് കഥയും തിരക്കഥയും. പപ്പുവിന്‍റെ ക്യാമറയ്ക്ക് പ്രവീണ്‍ കെ.എല്‍, ശ്രീകാന്ത് എന്‍.ബിയും എഡിറ്റിങ് നിര്‍വ്വഹിച്ചു. ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ വിജയമായി ഈ സിനിമയെ നമുക്ക് കണക്കാക്കാം. കൂട്ടത്തില്‍ നാളെയുടെ കുറച്ചു ശുഭപ്രതീക്ഷകളും.

Comments (1)

vaayichu ithrenneyaanu second show gud

Post a Comment