നിന്നിഷ്ടം എന്നിഷ്ടം

| Posted in | Posted on

0
നിന്നിഷ്ടം എന്നിഷ്ടം-രണ്ട്; പക്ഷേ, പ്രേക്ഷകനിഷ്ടമല്ല


ഇതാണ് സത്യം. എന്നിഷ്ടമോ നിന്നിഷ്ടമോ ഇല്ലാത്തതാണ് ഈയിടെ പുറത്തിറങ്ങിയ 'എന്നിഷ്ടം നിന്നിഷ്ടം- 2 എന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്റെ അഭിപ്രായം.


വര്‍ഷം 1986. ആലപ്പി അഷറഫ് പ്രിയദര്‍ശന്റെ രചനയില്‍ ഒരു സിനിമ ചെയ്യുന്നു- നിന്നിഷ്ടം എന്നിഷ്ടം. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ശാലിനി എന്ന കഥാപാത്രമായി നടി പ്രിയയും കാക്കാത്തിയമ്മയായി സുകുമാരിയും രാമകൃഷ്ണപ്പിള്ളയായി മുകേഷും പിന്നെ മലയാളത്തിന്റെ മികച്ച നടീനടന്മാരായ മാള അരവിന്ദന്‍, ബോബി കൊട്ടാരക്കര, കുതിരവട്ടം പപ്പു, പൂജപ്പുര രവി, ശങ്കരാടി, ജഗതിശ്രീകുമാര്‍ എന്നു വേണ്ട നല്ലൊരു നീണ്ട നിരയുണ്ട് ചിത്രത്തില്‍. 


വര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പി അഷറഫ് തന്നെ വീണ്ടും നിന്നിഷ്ടം എന്നിഷ്ടം- രണ്ട് നിര്‍മ്മിച്ചു. കഷ്ടം. ഒരു രതിനിര്‍വ്വേദം കളക്ഷന്‍ സമ്പാദിച്ചെന്നു കരുതി വീണ്ടും ഇത്തരം സാഹസത്തിന് മുതിര്‍ന്ന അഷറഫ് ഇക്കാക്കയ്ക്ക് പിഴച്ചു. പടം ശരിക്കുപറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല. സുരേഷ് എന്ന പുതുമുഖനടന്‍ മോഹന്‍ലാല്‍ അഭിനയിച്ച ശ്രീകുമാര്‍ എന്ന കഥാപാത്രത്തിന്റെ അതേ പേരില്‍ മരുമകനായി വീണ്ടും പഴയകാലസിനിമ പോലെ ശ്രീപത്മനാഭ നടയില്‍ എത്തിച്ചേരുന്നു. 


വാസ്തവത്തില്‍ കഥാ തന്തു എന്ന് പ്രത്യേകിച്ച് എടുത്തു പറയാന്‍ ഒന്നും സിനിമയില്‍ ഇല്ല. ചിത്രത്തിന് മിഴിവേകാനുള്ള ഒന്നും സിനിമയില്‍ ഇല്ല. ചുരുങ്ങിയ പക്ഷം, പഴയകാലത്ത് ഹിറ്റായ ഗാനമെങ്കിലും ആലപ്പി അഷറഫിന് നന്നായി ചിത്രീകരിക്കാമായിരുന്നു. ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇതിലും ഭേദം മലയാളത്തില്‍ സമീപകാലത്തിറങ്ങിയ 'കൂതറ ആല്‍ബം' ആണ്  എന്ന് തോന്നിപ്പോവുന്നു. ഈ സിനിമ കാണാന്‍ ചെല്ലുന്നവര്‍ കുറച്ചൊന്നുമല്ല നിരാശരാവുന്നത്. 


മലയാള സിനിമയെ ഇതുപോലെ എന്തിനാണാവോ വീണ്ടും കൊല്ലാക്കൊല ചെയ്യുന്നത്. സമീപകാലത്തിറങ്ങിയ 'സോള്‍ട്ട് ആന്റ് പെപ്പര്‍' മാസങ്ങളായിട്ടും തീയറ്റര്‍ വിട്ടിട്ടില്ല. മലയാളസിനിമ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവരുമെന്ന പ്രതീക്ഷകള്‍ ജനിക്കുമ്പോഴേക്കും ഇത്തരത്തിലുള്ള 'ഡൂക്കിലി' ചിത്രങ്ങള്‍ നിലവില്‍ തീയറ്ററില്‍ കയറുന്ന പ്രേക്ഷകനെക്കൂടി ഇല്ലാതാക്കുമോ..?

Comments (0)

Post a Comment