| Posted in | Posted on

3
വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന് പറയുന്നതിനേക്കാള്‍ അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ എന്നു പറയുന്നതായിരിക്കും ഭേദം. കാരണം, നടന്‍ എന്നതിലുപരി താന്‍ 'കുഴപ്പമില്ലാത്ത' ഒരു തിരക്കഥാകൃത്താണെന്ന് ഇതിലൂടെ അനൂപ് തെളിയിച്ചിരിക്കുന്നു.
മോഷണ പാരമ്പര്യമുള്ള മലയാള സിനിമയ്ക്ക് ഇത് ഒരു പുത്തരിയല്ല. പക്ഷേ, മലയാളിപ്രേക്ഷകര്‍ക്ക് മാത്രമുള്ള പ്രത്യേകത, അവന്‍ മലയാളം മാത്രമല്ല ലോകോത്തര സിനിമകള്‍ കൂടെ കാണുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ചിത്രങ്ങളില്‍ ആശയപരമായോ സന്ദര്‍ഭോചിതമായോ ലോകോത്തര സിനിമകളോട് സാമ്യം ദര്‍ശിച്ചെങ്കില്‍ പ്രേക്ഷകന്‍ തീയറ്ററിനകത്തിരുന്ന് വിളിച്ചുപറയുന്നത് എത്രയോ തവണകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
ബോളിവുഡ് ചിത്രമായ 'ഗുസാരിഷ്'ന്റെ തണലുപിടിച്ച് പുറത്തിറങ്ങിയ ചിത്രമായ ബ്യൂട്ടിഫുള്‍ ആശയത്തില്‍ സ്വല്‍പം മാറ്റം വരുത്തി. ആ കുരുട്ടു ബുദ്ധി (പ്രിയദര്‍ശന്‍ ചിന്ത) ആരുടെ മണ്ടയില്‍ വിരിഞ്ഞതാണെന്ന് ചോദിച്ചു തന്നെ അറിയണം. വി.കെ.പിയുടെയോ അതോ അനൂപിന്റെയോ? എന്തായാലും ഒന്നുറപ്പ്, ഏറെ താമസിയാതെ അനൂപ് മേനോന്‍ ഗംഭീരന്‍ ഒരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ അദ്ദേഹം കാത്തിരിക്കുന്നത് ആ ഗംഭീരന്‍ ചിത്രം ഇറാനിനോ, ഈജിപ്തിലൊ, ഫ്രാന്‍സിലോ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അതൊന്നിറങ്ങട്ടെ, മലയാളികളെ നിങ്ങള്‍ കാത്തിരിക്കൂ...
പൊതുവെ കുറച്ചു മോഷണം ചെയ്യുന്നവരാണ് ബോളിവുഡ്കാര്‍. എങ്കിലും അവര്‍ ഗുസാരിഷ് മോഷ്ടിച്ചിരിക്കുന്നത് 'ദ സീസ് ഇന്‍സൈഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ്. കൂടാതെ 'ദ ഡൈവിങ് ബെല്‍ ആന്റ് ദ ബട്ടര്‍ഫൈഌയ്‌സ്' എന്ന ചിത്രത്തിന്റെ സ്വാധീനവും ഉണ്ട്. ഈ ചിത്രങ്ങളുടെ നേരിട്ട് കോപ്പി എന്നു പറയാനൊക്കുകയില്ലെങ്കിലും മലയാളചേരുകള്‍ ചാലിച്ച നാടന്‍ അലോപ്പതി കഷായം. മോഷണാസക്തി അന്താരാഷ്ട്ര സിനിമകളില്‍ നിന്നും സാധ്യമായതുകൊണ്ടാവണം ഇത്തവണ തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ അറിയപ്പെടുന്ന 'കൊമേഷ്യല്‍' സംവിധായകന്മാര്‍ ഒരിക്കലുമില്ലാത്തവണ്ണം ഡെലിഗേറ്റുകളായി നിരങ്ങിയത്. 'ത്രീ' എന്ന പ്രസിദ്ധ ചിത്രം കണ്ടുകൊണ്ടിരിക്കേ മുന്‍നിരയില്‍ വന്നിരുന്ന പ്രശസ്ത സംവിധായകനെ കണ്ടപ്പോ ഒരു ഡെലിഗേറ്റിന്റെ കമന്റ് 'ഓ! ഇനി ഈ സിനിമ നമുക്ക് മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിച്ച് കാണാം'. മലയാളികള്‍ സിനിമയെ മനസ്സിലാക്കുന്നതുപോലെ സിനിമാ പ്രവര്‍ത്തകരെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.
വി.കെ.പി. എന്ന സംവിധായകന്റെ 'കര്‍മ്മയോഗി' ഗോവ, തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു. വളരെ നിലവാരം കുറഞ്ഞ അത്തരം സിനിമകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഇപ്പോഴും ആശ്ചര്യമാണ്. 
ജയസൂര്യ എന്ന മലയാളത്തിലെ 'സൂപ്പര്‍ നടന്‍' (അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് കേട്ടോ) വളരെ ദുര്‍ബലനായി കാണപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും അനുയോജ്യമായ രീതിയില്‍, അവര്‍ക്കാവുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍, ജയസൂര്യയുടെ കഥാപാത്രത്തിന് ആത്മാവില്ലാത്തതുപോലെ തോന്നി. അത് കഥാപാത്രത്തിന്റെ കുഴപ്പമല്ല, മറിച്ച് കലാകാരന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ കഥാപാത്രത്തിനെ തിരഞ്ഞെടുത്തതില്‍ വി.കെ.പി.കാണിച്ച അപാകത.
എന്തൊക്കെ തന്നെയാണെങ്കിലും, നല്ല ഇതിവൃത്തങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയാല്‍ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതിന് വ്യക്തമായ തെളിവാണ് ബ്യൂട്ടിഫുള്‍ പുറത്തിറങ്ങിയിട്ട് ഇപ്പോഴും ബാല്‍ക്കണി ഫുള്‍ ആയിരിക്കാനുള്ള കാരണം.


സതീഷ് വേഗയുടെ സംഗീതം ചിത്രത്തിലെ നല്ല ഗാനങ്ങള്‍ക്ക് പിറവി നല്‍കി. അനൂപിന്റെ വരികള്‍ അതിന് ആത്മാവുമേകി. ജോമോന്‍ ടി. ജോണ്‍ തനിക്കാവുന്ന വിധത്തില്‍ ഓരോ ഫ്രയ്മും മനോഹരമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. മേഘ്‌നാ രാജിന്റെ ഈ ചിത്രത്തോടെ മലയാളികള്‍ സ്വീകരിക്കുമെന്നുറപ്പാണ്.

Comments (3)

നല്ല അവലോകനം

thank you

കോഴിക്കോട്ടെ തീയറ്ററുകളില്‍ നിന്നും തിരിച്ചു പോയ ബ്യൂട്ടിഫുള്‍ വീണ്ടും തിരിച്ചെത്തി. ഇപ്പോള്‍ രണ്ടു തീയറ്ററുകളിലായി നിറഞ്ഞോടിക്കൊണ്ടിരിക്കുന്നു....

Post a Comment