ഡോക്ടര്‍ ലൗ

| Posted in | Posted on

0
കെ.ബിജു എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കിയ ഡോക്ടര്‍ ലൗ എന്ന ചിത്രം സമാന്യം നല്ല നിലവാരം പുലര്‍ത്തുന്നു. പ്രേക്ഷകമനസ്സുകളെ കിടിലം കൊള്ളിക്കുന്ന രംഗങ്ങള്‍ ഒന്നുമില്ലെങ്കിലും മുന്‍കാല കാമ്പസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നല്ലൊരു കാമ്പസ് ചിത്രമാണ് 'ഡോക്ടര്‍ ലൗ'. 
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ഹീറോ. കൂടാതെ പുതുമുഖമായും അല്ലാതെയുമുള്ള നിരവധി  നടീനടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു. 

വളരെ ചടുലമായ ഒരു അവതരണ രീതിയാണ് ഡോക്ടര്‍ ലൗവിലൂടെ ബിജു അവലംബിച്ചിരിക്കുന്നത്. കാമ്പസ് ചിത്രങ്ങള്‍ ഒരു കാലത്ത് വന്‍ഹിറ്റുകളും പിന്നീട് വന്‍പരാജയങ്ങളും ആയ ചരിത്രം മലയാളസിനിമയ്ക്കുണ്ട്.  ആ നിലയ്ക്ക് ഇത്തരത്തിലൊരു കാമ്പസ് ചിത്രം അണിയിച്ചൊരുക്കുന്നത് പൊതുവെ റിക്‌സ് ആണ്. എങ്കിലും പ്രമേയം പ്രണയവും കാമ്പസും ഒക്കെ തന്നെ ആണെങ്കിലും അതിന്‍റെ ഇതിവൃത്തത്തില്‍ ചെറിയൊരു മാറ്റമുണ്ട്. ഒരു വേറിട്ട രീതി അവലംബിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


ഏതൊരു പ്രണയ വിജയത്തിനു പിന്നിലും ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഇടപെടല്‍ ശക്തമായി ഉണ്ടാവും എന്ന് ചിത്രത്തില്‍ ബിജു പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ പ്രണയിതാക്കളെ സഹായിക്കുന്ന കഥാപാത്രമാണ് വിനയചന്ദ്രന്‍. വിനയചന്ദ്രന്‍ ഒരു എഴുത്തുകാരനായി ആദ്യ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് വിരസമായി തോന്നി. കാരണം, സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലും കുഞ്ചാക്കോ ഏതാണ്ട് ഇതുപോലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടാവാം ഈ സിനിമയില്‍ ഈ കഥാപാത്രം ജീവിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമെന്ന നിലയില്‍ കോളേജ് കാമ്പസിലെ ക്യാന്റീനില്‍ എത്തുന്നത്. 


ഉടന്‍ എല്ലാവര്‍ക്കും കോളേജ് കുമാരന്‍ എന്ന സിനിമ ഓര്‍മ്മ വരാന്‍ തുടങ്ങി. അപ്പോഴാണ് ഇന്നസെന്റും ബിന്ദുപ്പണിക്കരും തമ്മിലുള്ള പ്രണയത്തില്‍ വിനയചന്ദ്രനായി അവതരിക്കുന്ന കുഞ്ചാക്കോ ഇടപെടുന്നത്. രണ്ടുപേരും അതേ കോളേജിലെ അധ്യാപകരുമാണ്. അപ്പോള്‍ പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരുന്നത് ഹിന്ദി ചിത്രമാണ്, കുച്ഛ് കുച്ഛ് ഹോതാഹെ...എന്ന ഷാറൂഖ്ഖാന്‍ ചിത്രം.


പല ചിത്രങ്ങളുടെയും വിഴുപ്പ് മണക്കുന്നുണ്ടെങ്കിലും ചിത്രം സാമാന്യം ഭേദപ്പെട്ട നിലവാരത്തിലെത്തിക്കാന്‍ ബിജുവിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം പ്രേക്ഷകരെയും തീയറ്ററില്‍ എത്തിക്കാന്‍ ഈ ചിത്രത്തിന് സാധ്യമായിട്ടുണ്ട്. ഷാജിയുടെ ഛായാഗ്രഹണവും വിനു തോമസിന്‍റെ സംഗീതവും ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കി. പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രം സാമാന്യം നല്ല കളക്ഷനോടുകൂടി തീയറ്ററില്‍ മുന്നേറുന്നു.Comments (0)

Post a Comment