രതിനിര്‍വ്വേദം (2011)

| Posted in | Posted on

0




രതിനിര്‍വ്വേദം (2011)
സംവിധാനം: ടി.കെ. രാജീവ്കുമാര്‍
രചന: പി. പത്മരാജന്‍
എക്‌സി.പ്രൊഡ്യൂസര്‍: സന്ദീപ് സേനന്‍
എഡിറ്റിങ്: അജിത്
സംഗീതം: എം.ജയചന്ദ്രന്‍
ഗാനരചന: മുരുഗന്‍ കാട്ടാക്കട
ക്യാമറ: മനോജ് പിള്ള
ആര്‍ട്ട്: മോഹന്‍ദാസ്
വസ്താലങ്കാരം: കുക്കു പരമേശ്വരന്‍
മെയ്ക്കപ്പ്: പി.വി.ശങ്കര്‍
സ്റ്റില്‍സ്: ഹരി തിരുമല
ഡിസൈന്‍: ജിസന്‍ പോള്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചി പൂജപ്പുര



ഈ ചലച്ചിത്രത്തെക്കുറിച്ച് രണ്ട് വാക്ക് സംസാരിക്കുന്നതിന് മുന്‍പായി അന്തരിച്ച മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ ശ്രീ പത്മരാജന്‍, ഭരതന്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു തിരക്കഥയെപ്പറ്റി രണ്ട് വാക്ക് സംസാരിക്കുവാന്‍ എനിക്ക് ലഭിച്ച അവസരത്തിനും ഞാന്‍ സര്‍വ്വേശ്വരനോട് നന്ദി പ്രകാശിപ്പിക്കുന്നു.




1978 -ല്‍ ഭരതന്റെ സംവിധാനത്തില്‍ പത്മരാജന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ രതിനിര്‍വ്വേദം മലയാളത്തില്‍ സൃഷ്ടിച്ചത് ഒരു തരംഗമായിരുന്നു. രതിചേച്ചിയായി ജയഭാരതി അഭിനയിച്ച് സൃഷ്ടിച്ച തരംഗത്തില്‍ കൂടെ അഭിനയിച്ച കൃഷ്ണചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എം.ജി.സോമന്‍, അടൂര്‍ഭാസി, ബഹദൂര്‍, മാസ്റ്റര്‍ മനോഹര്‍, കവിയൂര്‍പൊന്നമ്മ, കെ.പി.എ.സി. ലളിത, മീര, ടി.ആര്‍. ഓമന എന്നിവരൊക്കെ ഒഴുകിപ്പോയി എന്നു പറയുകയാവും ഭേദം. രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണത്തില്‍ സുപ്രിയ വിതരണം ചെയ്ത് ഹാരിപോത്തന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ദേവരാജന്‍മാസ്റ്ററുടെ കിടയറ്റ ഗാനങ്ങള്‍ ഉണ്ടായിരുന്നു.




ഒരുകാലത്ത് പ്രമേയം കൊണ്ടും അവരണം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ 'രതിനിര്‍വ്വേദം' പുനര്‍ജ്ജനിച്ചപ്പോള്‍; ഒരു കാര്യം വ്യക്തമായി. മലയാളിപ്രേക്ഷകര്‍ ഒട്ടും മാറിയിട്ടില്ലെന്ന്. ഇന്ന് പത്മരാജന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പൊട്ടിപ്പൊട്ടി ചിരിച്ചേനേ.




ആദ്യദിനം സൂപ്പര്‍സ്റ്റാര്‍ ചിത്രമെന്നോണം ആളുകള്‍ ഇടിച്ചു കയറിയത് ചിത്രത്തിന്റെ കഥയോ, ആശയമോ കണ്ടിട്ടല്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ട 'രതി' ചേച്ചിയെ കാണാനായിരുന്നു; രതിചേച്ചിയുടെ മാംസളമായ, വശ്യമായ ശരീരം കാണുവാനായിരുന്നു. മലയാളി പ്രേക്ഷകന്‍റെ മനസ്സിനെ ഇത്ര നന്നായി പഠിച്ച്, തിരക്കഥ രചിച്ചിക്കുന്ന പത്മരാജനെപ്പോലുള്ള ഒരു മഹാനെ ഇനിയും കേരളക്കര കാത്തിരിക്കേണ്ടിയിരിക്കുന്നു. ഗുഹ്യമായ മനസ്സിന്റെ ഇരുട്ടറകളില്‍ ദൈവീക വികാരമായ 'രതി' ഒളിപ്പിച്ച് കപടമുഖവുമായി നടക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു പത്മരാജന്‍ അന്ന് ഇതിന്റെ തിരക്കഥ രചിച്ചിരുന്നത്. 




വര്‍ഷങ്ങള്‍ ഏറെ ചെന്നിട്ടും കാലമേറെ പുരോഗമിച്ചിട്ടും മലയാളിപ്രേക്ഷന്‍ മാറിയിട്ടില്ല. ഏതാണ്ട് ഒരു പത്തുപതിനഞ്ച് വര്‍ഷക്കാലം മുന്‍പ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ (മഴവരുന്ന കാലം) ധാരാളം ഉച്ചപ്പടങ്ങള്‍ ഇറങ്ങുമായിരുന്നു. ചെറുപ്പക്കാര്‍ വളരെ ആവേശത്തോടെ അതൊക്കെ ഓടിപ്പോയി (മഴകൊള്ളാതിരിക്കാന്‍ ഓടിക്കയറുന്നതാണ് കേട്ടോ) കണ്ടിരുന്നു. ഇന്ന് ഇന്റര്‍നെറ്റും സീഡികളും ബ്ലൂടൂത്തുമൊക്കെ സുലഭമായപ്പോ ഉച്ചപ്പടത്തിന്റെ കുത്തൊഴുക്ക് നിലച്ചു. പ്രേക്ഷകര്‍ സില്‍ക്ക് സ്മിതയേയും ഷക്കീലയേയും മറന്നിട്ടില്ല. പൊതുവെ ഒരു പടം സാമാന്യം നല്ല രീതിയില്‍ വിജയിച്ചാല്‍ പിന്നീട് അത്തരം പടങ്ങളുടെ പിന്നാലെ പായുന്ന നിര്‍മ്മാതാക്കള്‍ ഇനി പഴയ ഉച്ചപ്പടങ്ങളും ഇത്തരത്തില്‍ രതിനിര്‍വ്വേദം പോലുള്ള മറ്റുചിത്രങ്ങളുടെയും പഴയ പ്രിന്റിന് ഓടി നടക്കുന്നുണ്ടാവും.




തങ്ങള്‍ ചെയ്തതും ചെയ്യാനാഗ്രഹിച്ചതും ഒരുപരിധിവരെ പപ്പു എന്ന കഥാപാത്രം (അന്ന് കൃഷ്ണചന്ദ്രന്‍ ഇന്ന് ശ്രീജിത്ത്) ചെയ്യുമ്പോള്‍ തീയറ്ററിലിരുന്ന് പുരുഷാരം ആശ്വാസ നെടുവീര്‍പ്പുകളിടുകയായിരുന്നു. ഇന്നും വലിയ മാറ്റമൊന്നുമില്ല. സെക്‌സ് കടന്നുവരുന്ന സീനുകള്‍ മുന്‍കൂട്ടി കണ്ടിരുന്ന പ്രേക്ഷകര്‍ അതേ സീന്‍ വരുമ്പോള്‍ അസ്വസ്ഥരായി വലിയ എന്തോ ഒന്നിനെ കാത്തിരിക്കുന്ന മട്ടും ഭാവവുമായിരുന്നു. എന്നിട്ടും ക്ഷമ നശിച്ച് ചിലര്‍ 'ഡാ...പപ്പൂ...മ...(തെറി) വേഗം നോക്ക് മോനേ...' എന്നൊക്കെ തീയറ്ററിലിരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. തീയറ്ററുകളിലെ അക്ഷമരായ കാണികള്‍ ഇന്ത്യ വേള്‍ഡ് കപ്പ് നേടുന്ന ഭാവത്തോടെയാണ് സിനിമ കണ്ടുകൊണ്ടിരുന്നത്. പക്ഷേ, തികച്ചും സങ്കടകരമായ ഒരു കാര്യമുണ്ട്. അന്ന് രതിനിര്‍വ്വേദം കാണുവാന്‍ സ്ത്രീജനങ്ങളടക്കം തീയറ്ററില്‍ എത്തിയെങ്കിലും ഇന്ന് ഇത്രയും പുരോഗമിച്ചിട്ടും തീയറ്ററില്‍ വന്ന് സിനിമ കാണാന്‍ സ്ത്രീജനങ്ങള്‍ മടിക്കുന്നു എന്നത് വളരെ വിചിത്രമായി തോന്നി.




കാലം ഏറെ മാറി. അന്ന് പത്മരാജന്‍ സൃഷ്ടിച്ച കഥാപാത്രത്തിന്റെതുപോലുള്ള കാലമല്ല ഇന്ന്. എന്നിട്ടും അത് യാതൊരു വകഭേദവുമില്ലാതെ അതുപോലെ കൃത്യമായാണ് ടി.കെ. രാജീവ്കുമാര്‍ ചെയ്തത്. കഥാപാത്രങ്ങളായി ശ്വേതയും ശ്രീജിത്തും എന്നത് മാത്രമാണ് അതിലുണ്ടായിരുന്ന വ്യത്യാസം. വാസ്തവത്തില്‍ ചിത്രത്തിന് പഴയ രതിനിര്‍വ്വേദത്തിന്റെ ആശയം എടുത്ത് ഇന്നത്തെ കാലത്തേക്ക് പ്രസ്തുത ആശയത്തെ പറിച്ച് നട്ട് ചിത്രം ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്നുള്ളതിന്റെ നൂറിരട്ടി പ്രേക്ഷകര്‍ കയറിയേനെ.




രതിയായി ശ്വേത നിറഞ്ഞാടി. ആടിത്തകര്‍ത്തു. ഭാവങ്ങളും ഭാവപ്പകര്‍ച്ചകളും വേഷങ്ങളും പരമാവധി ഉപയോഗപ്പെടുത്തി. എന്നിട്ടും പ്രേക്ഷകര്‍ ഇന്നത്തെ രതിചേച്ചിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നത് പരമാര്‍ത്ഥമാണ്. ശ്വേത എന്ന കഴിവുറ്റ നടിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്ന് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. പക്ഷേ, ഇന്നത്തെ രതിചേച്ചിക്ക് ഇത്തിരി 'മൂപ്പു' കൂടിപ്പോയി എന്ന് പരക്കേ ആക്ഷേപമുണ്ട്. ഒരുവേള പ്രേക്ഷകര്‍ രതിചേച്ചിയായി മംമ്തയേയും മിരാജാസ്മിനെയൊക്കെ മനസ്സാ ഓര്‍ത്തു കാണണം. എന്നാല്‍ കൃഷ്ണചന്ദ്രനേക്കാള്‍ പപ്പു എന്ന കഥാപാത്രത്തിനെ മികവുറ്റതാക്കാന്‍ ശ്രീജിത്തിനായിട്ടുണ്ട് എന്നതും ഒരു പരമാര്‍ത്ഥമാണ്. ഒരു പുതിയ നടന്‍ എന്ന മട്ടും ഭാവവുമില്ലാതെ തന്മയത്വത്തോടെ അഭിനയിക്കുവാന്‍ (പപ്പുവായി ജീവിച്ചതല്ലേ... അഭിനയിച്ചില്ലല്ലോ) ശ്രീജിത്തിനായിട്ടുണ്ട്. പൊതുവെ ചിത്രം പത്മരാജന്‍ എന്ന പ്രതിഭയുടെ മികവുകൊണ്ട് പിടിച്ചു നില്‍ക്കുന്നു. അല്ലാതെ ചിത്രത്തില്‍ മറ്റൊന്നും (പ്രത്യേകിച്ച് മറ്റൊന്നും) ഇല്ല.




ടി.കെ.രാജീവ്കുമാര്‍ എന്ന നല്ല സംവിധായകന്‍ വെറും ഒരു പാവയായിപ്പോയി എന്നതില്‍ അതീവ ദുഃഖമുണ്ട്. സാധാരണക്കാരുടെ ഭാഷയില്‍ പറയുമ്പോള്‍ തനി 'ഈച്ചക്കോപ്പി' ചിത്രത്തില്‍ അദ്ദേഹം മറ്റെന്തു ചെയ്യാനാണ്. 




എങ്കിലും ഇന്നത്തെ കാലത്ത് ചിത്രം വരുമ്പോള്‍ അദ്ദേഹത്തിന്റെതായ കയ്യൊപ്പുകൂടെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കേണ്ടുന്നതായിരുന്നു. മനോജ്പിള്ള എന്ന സിനിമാട്ടോഗ്രാഫര്‍ അദ്ദേഹത്തിന്റെ ഭാഗം വളരെ നന്നായി നിര്‍വ്വഹിച്ച ചിത്രമാണ് 'ശ്വേതനിര്‍വ്വേദം'. മികച്ച ഗാനങ്ങള്‍ അണിനിരത്താന്‍ സംഗീത സംവിധായകനായ എം.ജയചന്ദ്രന് സാധ്യമായിട്ടുണ്ട്. മുരുകന്‍ കാട്ടാക്കട ഉള്‍പ്പെടെയുള്ളവര്‍ വളരെ നല്ല വരികളാണ് കോര്‍ത്തിണക്കിയത്.




 എങ്കിലും, രേവതി കലാമന്ദിറിന്റെ 'പഴയ വീഞ്ഞ് പുതീയ കുപ്പിയില്‍' പരിപാടി എത്രകാലം തുടരുമെന്ന് മലയാളി പ്രേക്ഷകര്‍ കാത്തിരിന്നു കാണണം. നീലത്താമര, ഇപ്പോള്‍ രതിനിര്‍വ്വേദം ഇനി ലയനം ആവുമോ...? (മലയാളികള്‍ക്ക് ആകാംക്ഷയുണ്ട്).

Comments (0)

Post a Comment