വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന് പറയുന്നതിനേക്കാള്‍ അനൂപ് മേനോന്റെ ബ്യൂട്ടിഫുള്‍ എന്നു പറയുന്നതായിരിക്കും ഭേദം. കാരണം, നടന്‍ എന്നതിലുപരി താന്‍ 'കുഴപ്പമില്ലാത്ത' ഒരു തിരക്കഥാകൃത്താണെന്ന് ഇതിലൂടെ അനൂപ് തെളിയിച്ചിരിക്കുന്നു.
മോഷണ പാരമ്പര്യമുള്ള മലയാള സിനിമയ്ക്ക് ഇത് ഒരു പുത്തരിയല്ല. പക്ഷേ, മലയാളിപ്രേക്ഷകര്‍ക്ക് മാത്രമുള്ള പ്രത്യേകത, അവന്‍ മലയാളം മാത്രമല്ല ലോകോത്തര സിനിമകള്‍ കൂടെ കാണുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ചിത്രങ്ങളില്‍ ആശയപരമായോ സന്ദര്‍ഭോചിതമായോ ലോകോത്തര സിനിമകളോട് സാമ്യം ദര്‍ശിച്ചെങ്കില്‍ പ്രേക്ഷകന്‍ തീയറ്ററിനകത്തിരുന്ന് വിളിച്ചുപറയുന്നത് എത്രയോ തവണകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡ് ചിത്രമായ 'ഗുസാരിഷ്'ന്റെ തണലുപിടിച്ച് പുറത്തിറങ്ങിയ ചിത്രമായ ബ്യൂട്ടിഫുള്‍ ആശയത്തില്‍ സ്വല്‍പം മാറ്റം വരുത്തി. ആ കുരുട്ടു ബുദ്ധി (പ്രിയദര്‍ശന്‍ ചിന്ത) ആരുടെ മണ്ടയില്‍ വിരിഞ്ഞതാണെന്ന് ചോദിച്ചു തന്നെ അറിയണം. വി.കെ.പിയുടെയോ അതോ അനൂപിന്റെയോ? എന്തായാലും ഒന്നുറപ്പ്, ഏറെ താമസിയാതെ അനൂപ് മേനോന്‍ ഗംഭീരന്‍ ഒരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ അദ്ദേഹം കാത്തിരിക്കുന്നത് ആ ഗംഭീരന്‍ ചിത്രം ഇറാനിനോ, ഈജിപ്തിലൊ, ഫ്രാന്‍സിലോ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ടാവും. അതൊന്നിറങ്ങട്ടെ, മലയാളികളെ നിങ്ങള്‍ കാത്തിരിക്കൂ...
പൊതുവെ കുറച്ചു മോഷണം ചെയ്യുന്നവരാണ് ബോളിവുഡ്കാര്‍. എങ്കിലും അവര്‍ ഗുസാരിഷ് മോഷ്ടിച്ചിരിക്കുന്നത് 'ദ സീസ് ഇന്‍സൈഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നാണ്. കൂടാതെ 'ദ ഡൈവിങ് ബെല്‍ ആന്റ് ദ ബട്ടര്‍ഫൈഌയ്‌സ്' എന്ന ചിത്രത്തിന്റെ സ്വാധീനവും ഉണ്ട്. ഈ ചിത്രങ്ങളുടെ നേരിട്ട് കോപ്പി എന്നു പറയാനൊക്കുകയില്ലെങ്കിലും മലയാളചേരുകള്‍ ചാലിച്ച നാടന്‍ അലോപ്പതി കഷായം. മോഷണാസക്തി അന്താരാഷ്ട്ര സിനിമകളില്‍ നിന്നും സാധ്യമായതുകൊണ്ടാവണം ഇത്തവണ തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ അറിയപ്പെടുന്ന 'കൊമേഷ്യല്‍' സംവിധായകന്മാര്‍ ഒരിക്കലുമില്ലാത്തവണ്ണം ഡെലിഗേറ്റുകളായി നിരങ്ങിയത്. 'ത്രീ' എന്ന പ്രസിദ്ധ ചിത്രം കണ്ടുകൊണ്ടിരിക്കേ മുന്‍നിരയില്‍ വന്നിരുന്ന പ്രശസ്ത സംവിധായകനെ കണ്ടപ്പോ ഒരു ഡെലിഗേറ്റിന്റെ കമന്റ് 'ഓ! ഇനി ഈ സിനിമ നമുക്ക് മോഹന്‍ലാലോ, മമ്മൂട്ടിയോ അഭിനയിച്ച് കാണാം'. മലയാളികള്‍ സിനിമയെ മനസ്സിലാക്കുന്നതുപോലെ സിനിമാ പ്രവര്‍ത്തകരെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.
വി.കെ.പി. എന്ന സംവിധായകന്റെ 'കര്‍മ്മയോഗി' ഗോവ, തിരുവനന്തപുരം അന്തരാഷ്ട്ര ചലച്ചിത്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു. വളരെ നിലവാരം കുറഞ്ഞ അത്തരം സിനിമകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഇപ്പോഴും ആശ്ചര്യമാണ്.
ജയസൂര്യ എന്ന മലയാളത്തിലെ 'സൂപ്പര്‍ നടന്‍' (അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് കേട്ടോ) വളരെ ദുര്‍ബലനായി കാണപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും അനുയോജ്യമായ രീതിയില്‍, അവര്‍ക്കാവുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍, ജയസൂര്യയുടെ കഥാപാത്രത്തിന് ആത്മാവില്ലാത്തതുപോലെ തോന്നി. അത് കഥാപാത്രത്തിന്റെ കുഴപ്പമല്ല, മറിച്ച് കലാകാരന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ കഥാപാത്രത്തിനെ തിരഞ്ഞെടുത്തതില്‍ വി.കെ.പി.കാണിച്ച അപാകത.
എന്തൊക്കെ തന്നെയാണെങ്കിലും, നല്ല ഇതിവൃത്തങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയാല്‍ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതിന് വ്യക്തമായ തെളിവാണ് ബ്യൂട്ടിഫുള്‍ പുറത്തിറങ്ങിയിട്ട് ഇപ്പോഴും ബാല്‍ക്കണി ഫുള്‍ ആയിരിക്കാനുള്ള കാരണം.
സതീഷ് വേഗയുടെ സംഗീതം ചിത്രത്തിലെ നല്ല ഗാനങ്ങള്‍ക്ക് പിറവി നല്‍കി. അനൂപിന്റെ വരികള്‍ അതിന് ആത്മാവുമേകി. ജോമോന്‍ ടി. ജോണ്‍ തനിക്കാവുന്ന വിധത്തില്‍ ഓരോ ഫ്രയ്മും മനോഹരമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. മേഘ്‌നാ രാജിന്റെ ഈ ചിത്രത്തോടെ മലയാളികള്‍ സ്വീകരിക്കുമെന്നുറപ്പാണ്.
കമലിന്റെ ആഗതനു ശേഷം വരുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. മലയാള പ്രേക്ഷകന്റെ മനസ്സ് നന്നായി വായിക്കാന്‍ സാധിച്ച അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാള്‍. കെ. ഗിരീഷ്‌കുമാറിന്റെ കഥ, തിരക്കഥ എന്നിവയില്‍ കമലിന്റെ സ്പര്‍ശം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം പ്രേക്ഷകന് രസിക്കുന്ന വിധത്തിലായി. സാമാന്യം നല്ല അഭിപ്രായമാണ് സ്വപ്‌ന സഞ്ചാരിക്ക് ലഭിക്കുന്നത്. കഥയില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും കുടുംബ പ്രേക്ഷകരെ ഒരു വിധത്തില്‍ തൃപ്തിപ്പെടുത്താന്‍ സ്വപ്‌ന സഞ്ചാരിക്കായിട്ടുണ്ട്.
അജയചന്ദ്രന്‍ എന്ന ഒരു സാധാരണ പ്യൂണ്‍ ഗള്‍ഫില്‍ പോവുകയും തുടര്‍ന്ന് കോടീശ്വരനാവുന്നതുമാണ് ഇതിവൃത്തം. കഥാപാത്രത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ തന്നെ പ്രേക്ഷകന് വരാനിരിക്കുന്ന കഥയുടെ ചിത്രം മനസ്സിലാകും. എങ്കിലും ജയറാം എന്ന അതുല്യപ്രതിഭയുടെ കഴിവില്‍ ഒരു പരിധിവരെ ജനങ്ങള്‍ ക്ഷമയോടെ സിനിമ കാണുന്നു. കമല്‍ എന്ന സംവിധായകന്‍ പ്രേക്ഷകന്റെ മനസ്സറിഞ്ഞുള്ള ചേരുവകളും സിനിമയിലുടനീളം തുന്നിച്ചേര്‍ത്തിരിക്കുന്നു.
ജയചന്ദ്രന്റെ മനോഹരമായ രണ്ട് മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കെ.ഗിരീഷ്‌കുമാറിന്റെ തിരക്കഥയ്ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന അളഗപ്പനാണ്. ഇടയ്ക്കാലത്ത് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അളഗപ്പന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.
സംവൃതാസുനില്‍ ഒരു പത്താംക്ലാസുകാരിയുടെ അമ്മയായി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. ഒരുപക്ഷേ, കമലിനെപ്പോലുള്ള സീനിയര്‍ സംവിധായകന്‍ ആവശ്യപ്പെട്ടതുകൊണ്ടാവും ഈ മനംമാറ്റം. ഇന്നസെന്റ്, ജഗതിശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് , മീരാ നന്ദന്‍ തുടങ്ങി സിനിമയില്‍ അഭിനയിച്ചവരല്ലാം നല്ല പ്രകടനമാണ് കാഴ്ച വച്ചത്.
ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനുള്ള സാധ്യത കാണുന്നില്ലെങ്കിലും സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് കുടുംബ പ്രേക്ഷകര്‍ ഈ കമല്‍ ചിത്രത്തിനെ തേടി തിയറ്ററില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്.
മലയാള സിനിമയുമായി ഒരു ബന്ധവുമില്ല. എങ്കിലും, പറയാതിരിക്കാന്‍ വയ്യ. സോഹന്‍ റോയ് ഇന്ന് ലോക പ്രശസ്തനാണ്. ബിസ്ടി.വി.യുടെ പ്രധാന സാരഥിയായ അദ്ദേഹം 50 കോടിയിലധികം രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡാം999 നവംബര്‍ 25 ന് തീയറ്ററുകളിലേക്ക്!!!
മലയാളികള്‍ക്ക് അഭിമാന വര്‍ഷങ്ങള്‍ക്ക് ചൊരിയാനായി...ഡാം999. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നടീനടന്മാരും ടെക്‌നീഷ്യന്മാരും ഒരുമിച്ച് വര്‍ക്ക് ചെയ്ത ഹോളിവുഡ് ചിത്രമാണ് ഡാം999.
ഇന്ത്യക്കാര്‍ വരും വര്‍ഷഷങ്ങളില്‍ ലോകസിനിമയിലെ വന്‍കിടക്കാരാവുമെന്നതിന്റെ തെളിവാണിത്. സമീപകാലം കൊണ്ട് ഇന്ത്യമഹാരാജ്യമായിരിക്കും ലോകസിനിമയുടെ ആസ്ഥാനം.
പ്രത്യേകിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍. ഇപ്പോള്‍ തന്നെ രണ്ട് ഓസ്‌കാറുകള്‍ വാരിക്കൂട്ടി മലയാളിസാന്നിധ്യം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ...ഡാം999. തൊട്ടുപിന്നാലെ എന്റെ അടുത്ത സുഹൃത്തിന്റെ ചിത്രം സെയിന്റ് ഡ്രാക്കുള (രൂപേഷ്‌പോള്‍). ഈ രണ്ടു ചിത്രങ്ങളും ത്രിഡിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഡാം999 ഇറങ്ങി എല്ലാവരും കണ്ടുതീരുമ്പോഴേക്കും ഡ്രാക്കുള ചോരകുടിക്കാന്‍ വന്നിരിക്കും. ഇപ്പോള്‍ മലയാളികള്‍ സംവിധായകരായി മൂന്നോളം ഹോളിവുഡ് ചിത്രങ്ങള്‍ പണിപ്പുരയിലാണ്. ഇപ്പോള്‍ ഹോളിവുഡ് ആകാംഷയോടെ ഉറ്റു നോക്കുന്നത് കൊച്ചു സംസ്ഥാനമായ കേരളത്തിനെയാണ്...
കേരളത്തിന്റെ യശസ്സ് ലോകസിനിമയില്‍ ശരിക്കും വേരോടാന്‍ ആരംഭിച്ചത് മനോജ് നൈറ്റ് ശ്യാമളനിലൂടെയാണ്...അതും നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലി ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. കൂടാതെ ഗാന്ധിപാര്‍ക്ക് (http://www.youtube.com/watch?v=vUBFSXa-sh1Y).
ഡാം999 പ്രോഡ്യൂസറായ ബിസ് ടിവി തന്നെയാണ് സെയിന്റ് ഡ്രാക്കുള നിര്‍മ്മിക്കുന്നത്. മലയാളി സാന്നിധ്യത്തിലുള്ള പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കമ്പനിയും സംവിധായകരും ടെക്‌നീഷ്യന്മാരും..... മലയാള സിനിമ വാഴ്ക...വാഴ്ക....
കഴിഞ്ഞ IFFK 2010 ന്‍റെ കാലഘട്ടത്തിലാണ് കൈരളിയില്‍ മകരമഞ്ഞ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നതാണ് എന്‍റെ ഓര്‍മ്മ. പിന്നീട് സമീപ നാലുമാസക്കാലത്തിന് മുന്‍പേ, പതുക്കെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വളരെ കുറച്ചു തീയറ്ററുകളില്‍ ഗോകുലം ഗോപാലന്‍ ഈ ചിത്രം വിതരണത്തിനെത്തിച്ചു. IFFK വേദിയില്‍ നിന്നു തന്നെ ചിത്രത്തിനെപ്പറ്റി വളരെ മോശമായ അഭിപ്രായമായിരുന്നു പറഞ്ഞുകേട്ടത്. എനിക്കടുത്ത തീയറ്ററില്‍ മകരമഞ്ഞ് എത്താന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ലനിന്‍ രാജേന്ദ്രന്‍ എന്ന പ്രതിഭയുടെ എല്ലാ കഴിവുകേടുകളും വിളിച്ചോതുന്നതായിരുന്നു 'മകരമഞ്ഞ്'.
സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ സാന്നിധ്യമുള്ളതില്‍ മാത്രം ചില ഭാഗങ്ങളില്‍ നല്ല രീതിയിലുള്ള സിനിമാട്ടോഗ്രഫി ഉള്‍പ്പെടുത്താന്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടിനായിട്ടുണ്ട്. എങ്കിലും, മധു അമ്പാട്ടിന്റെ രീതി അല്ലായിരുന്നു പലപ്പോഴും അവലംബിക്കപ്പെട്ടത്. അതില്‍ ഒരു സന്തോഷ് ശിവന്‍ ടച്ച് പലപ്പോഴും പ്രതിഫലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ പുരാണ കഥയായ പൂരൂരവസും ഊര്‍വ്വശിയും തമ്മില്‍ അര്‍ദ്ധരാത്രി പ്രണയം കൈമാറുന്ന രംഗത്ത് ഓലപ്പുരയ്ക്കുള്ളില്‍ ചാലുകീറി വീഴുന്ന നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ഇത് പൂര്‍ണ്ണമായും ഒരു സന്തോഷ് ശിവന്‍ കോണ്‍ട്രിബ്യൂഷനാണ്.
രാജാരവിവര്‍മ്മ ഈ ചിത്രം കണ്ടിരുന്നുവെങ്കില്‍, ചിലപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചേനെ. കഥാപാത്രമായ രാജാരവിവര്‍മ്മയെ ഒരര്‍ഥത്തിലും സ്വാംശീകരിക്കാന്‍ പറ്റാത്തതാണ് നായകനായ സന്തോഷ് ശിവ ന്റെ പ്രതിരൂപം. ഒരു ചിത്രകാരന്റെ ശൈലിയോ, അഭിനയമോ, എന്തിന് ചുരുങ്ങിയ പക്ഷം ഒരു ഗാംഭീര്യം പോലും നല്‍കാന്‍ സന്തോഷ് ശിവനായിട്ടില്ല. ചിത്രത്തിലുടനീളം ഒരു സ്ത്രീ ലമ്പടനായ ചിത്രകാരനായാണ് രാജാരവിവര്‍മ്മയെ ചിത്രീകരിച്ചിരിക്കുന്നത്. പൊതുവെ കലാകാരന്മാര്‍ സ്ത്രീജനങ്ങളുമായി കൂടുതല്‍ ബന്ധം വയ്ക്കുമെന്ന കാര്യം നിലനില്‍ക്കേ, ഈ മകരമഞ്ഞില്‍ മനപ്പൂര്‍വ്വം അത്തരം കാര്യത്തിനു മാത്രം മുന്‍തൂക്കം നല്‍കിയതായി കാണുന്നു. അല്ലാതെ സിനിമയില്‍ ഒരു കഥാതന്തു ഒരു ഭാഗത്തും നിഴലിക്കുന്നില്ല.
ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. പ്രത്യേകിച്ച് നായികമാരായ ലക്ഷ്മി ശര്‍മ്മ, കാര്‍ത്തിക, ചിത്ര അയ്യര്‍, നിത്യമേനോന്‍ അങ്ങിനെ പോവുന്നു നീണ്ട നിര. കൂട്ടത്തില്‍ സമാശ്വാസ സമ്മാനം പോലെ പേരിന് ജഗതിശ്രീകുമാറും. ചിത്രത്തിന് അനുയോജ്യമായ ലോക്കേഷന്‍ കണ്ടെത്താനായി എന്നത് മാത്രമാണ് ചിത്രത്തില്‍ വിജയം കണ്ട ഏക ഘടകം.
മഹേഷ് നാരായണന്‍റെ എഡിറ്റിങ് എടുത്തു പറയാന്‍ മാത്രമായി ഉള്ളതായി തോന്നിയില്ല. എങ്കിലും കലാസംവിധായകനായ രതീഷ് ബാബുവിനും, വസ്ത്രാലങ്കാരം ചെയ്ത എസ്.ബി. സതീശനും ഇത്തിരി വിയര്‍ക്കേണ്ടി വന്നു കാണും.
എങ്കിലും 'തുണ്ടു' പടം കാണാന്‍ വരുന്നതുപോലെ തീയറ്ററുകളില്‍ കുറച്ചുപേര്‍ ഇരച്ചു വന്നതല്ലാതെ, സാമ്പത്തികമായി ഈ ചിത്രം കൂപ്പുകുത്തി താഴെ വീണുകാണും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല.