സ്വപ്‌ന സഞ്ചാരി
| Posted in | Posted on
0
കമലിന്റെ ആഗതനു ശേഷം വരുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. മലയാള പ്രേക്ഷകന്റെ മനസ്സ് നന്നായി വായിക്കാന്‍ സാധിച്ച അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാള്‍. കെ. ഗിരീഷ്‌കുമാറിന്റെ കഥ, തിരക്കഥ എന്നിവയില്‍ കമലിന്റെ സ്പര്‍ശം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം പ്രേക്ഷകന് രസിക്കുന്ന വിധത്തിലായി. സാമാന്യം നല്ല അഭിപ്രായമാണ് സ്വപ്‌ന സഞ്ചാരിക്ക് ലഭിക്കുന്നത്. കഥയില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും കുടുംബ പ്രേക്ഷകരെ ഒരു വിധത്തില്‍ തൃപ്തിപ്പെടുത്താന്‍ സ്വപ്‌ന സഞ്ചാരിക്കായിട്ടുണ്ട്.
അജയചന്ദ്രന്‍ എന്ന ഒരു സാധാരണ പ്യൂണ്‍ ഗള്‍ഫില്‍ പോവുകയും തുടര്‍ന്ന് കോടീശ്വരനാവുന്നതുമാണ് ഇതിവൃത്തം. കഥാപാത്രത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ തന്നെ പ്രേക്ഷകന് വരാനിരിക്കുന്ന കഥയുടെ ചിത്രം മനസ്സിലാകും. എങ്കിലും ജയറാം എന്ന അതുല്യപ്രതിഭയുടെ കഴിവില്‍ ഒരു പരിധിവരെ ജനങ്ങള്‍ ക്ഷമയോടെ സിനിമ കാണുന്നു. കമല്‍ എന്ന സംവിധായകന്‍ പ്രേക്ഷകന്റെ മനസ്സറിഞ്ഞുള്ള ചേരുവകളും സിനിമയിലുടനീളം തുന്നിച്ചേര്‍ത്തിരിക്കുന്നു.
ജയചന്ദ്രന്റെ മനോഹരമായ രണ്ട് മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കെ.ഗിരീഷ്‌കുമാറിന്റെ തിരക്കഥയ്ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന അളഗപ്പനാണ്. ഇടയ്ക്കാലത്ത് അന്യഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അളഗപ്പന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.
സംവൃതാസുനില്‍ ഒരു പത്താംക്ലാസുകാരിയുടെ അമ്മയായി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സ്വപ്‌ന സഞ്ചാരി. ഒരുപക്ഷേ, കമലിനെപ്പോലുള്ള സീനിയര്‍ സംവിധായകന്‍ ആവശ്യപ്പെട്ടതുകൊണ്ടാവും ഈ മനംമാറ്റം. ഇന്നസെന്റ്, ജഗതിശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് , മീരാ നന്ദന്‍ തുടങ്ങി സിനിമയില്‍ അഭിനയിച്ചവരല്ലാം നല്ല പ്രകടനമാണ് കാഴ്ച വച്ചത്.
ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനുള്ള സാധ്യത കാണുന്നില്ലെങ്കിലും സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് കുടുംബ പ്രേക്ഷകര്‍ ഈ കമല്‍ ചിത്രത്തിനെ തേടി തിയറ്ററില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്.
Comments (0)
Post a Comment