ഗ്രാമം

| Posted in | Posted on

0



മലയാളക്കരയില്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഗ്രാമീണ അഗ്രഹാര സംസ്‌കാരത്തെ മുന്‍നിര്‍ത്തി ചെയ്ത ചിത്രമാണ് ഗ്രാമം. മോഹന്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധുഅമ്പാട്ടാണ്. സാധാരണ ചിത്രം എന്നതില്‍ കവിഞ്ഞ് വലീയ സവിശേഷതകളൊന്നും അവകാശപ്പെടാനില്ലത്താ ചിത്രമാണ് ഗ്രാമം.


ചിത്രത്തിലെ പ്രധാന കഥാപാത്രമായ തുളസിയെ അവതരിപ്പിച്ചിരിക്കുന്നത് സംവൃത സുനിലാണ്. എല്ലാ അര്‍ഥത്തിലും ഒരു അഗ്രഹാരവാസിയുടെ ചേഷ്ടകളും മാനറിസങ്ങളും നല്‍കുവാന്‍ സംവൃതയ്ക്കായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശൈശവ വിവാഹത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ പ്രധാന ആശയം മുന്‍പോട്ടു പോവുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ ശര്‍മ്മയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായിട്ടുണ്ട്. തുളസിയെന്ന പെണ്‍കുട്ടിയുടെ അമ്മാവനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. അഗ്രഹാരത്തിലെ പാട്ടിയായി സുകുമാരി തകര്‍ത്തഭിനയിച്ചു. കൂടാതെ ചിത്രത്തിലെ നായകനായി യുവനടന്മാരില്‍ പ്രമുഖനായ നിഷാനും എത്തുന്നു. നെടുമുടിവേണു ചിത്രത്തില്‍ പുതുതലമുറയ്ക്ക് ദേശീയോദ്ഗ്രഥന ചിന്തകളുണര്‍ത്തുന്ന അധ്യാപകനായി വേഷമണിയുന്നു. സാധാരണ ചിത്രം എന്നതില്‍ കവിഞ്ഞ് ചിത്രം എടുത്തു പറയത്തക്ക സവിശേഷതകളൊന്നും പുലര്‍ത്തുന്നില്ല.

സിംഹാസനം

| Posted in | Posted on

0



താരസിംഹാസനം കൊതിച്ച് ഒടുക്കം ഒരു പലകപോലും ഇരിക്കാന്‍ കിട്ടാത്ത അവസ്ഥയാണ് പൃഥ്‌വിരാജ് ഈ ചിത്രം പുറത്തു വന്നതിന് ശേഷം. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ ഷാജികൈലാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് സിംഹാസനം. എന്തായാലും പ്രഥ്‌വിരാജിന്റെ സാറ്റലൈറ്റുകൊണ്ട് തല്‍ക്കാലമ എസ്. ചന്ദ്രകുമാര്‍ പിടിച്ചു നിന്നുകാണുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും അസോസിയേഷന്റെ സാറ്റലൈറ്റ് നിയന്ത്രണം ഈ സിനിമയെ എങ്ങിനെ ബാധിച്ചു എന്നുകൂടി ചിന്തിക്കണം.



മാസങ്ങള്‍ക്ക് മുന്‍പ് വന്‍പോസ്റ്ററുകളും കട്ടൗട്ടുകളുമായി രംഗപ്രവേശനം ചെയ്യാനിരുന്ന സിംഹാസനം ശടേന്ന് നിര്‍ത്തിവെച്ചു. പിന്നീട് രണ്ടു മാസത്തോളം കഴിഞ്ഞാണ് ആശാന്‍ സിംഹാസനുവുമായി പുറത്തു വന്നത്. ഇതിനിടെ തമാശയ്ക്കാണേലും ഒരു കോമഡി പരന്നു. ചിത്രം അത്രയും മോശമായതിനാല്‍ പൃഥ്‌വിരാജ് മൊത്തത്തില്‍ വാങ്ങി അടുക്കളയിലെ ഷെഡ്ഡില്‍ വച്ചിരിക്കുകയാണെന്ന്. വാസ്തവത്തില്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ പൃഥ്‌വിരാജ് അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ നന്നായേനെ എന്നു ചിന്തിച്ചു പോയി.

സാധരണയുള്ള ചിത്രങ്ങളുടെ നിലവാരം പോലും പുലര്‍ത്താന്‍ ഷാജികൈലാസിനായില്ല. വെറുതെ ഒരു പേരിന് സിനിമ ചെയ്ത് ഒപ്പിച്ചതുപോലെയാണ് ചിത്രം ആദ്യം മുതലല്‍ക്ക് ഫീല്‍ ചെയ്യുന്നത്. എന്തായാലും പ്രേക്ഷകര്‍ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് രണ്ടാമത്തെ ദിവസം തീയറ്ററുകളില്‍ ഈച്ചയാട്ടിയിരുന്ന ഒന്നുരണ്ട് കാഴ്ചക്കാരെ മാത്രം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു ചോദ്യംമാത്രം ബാക്കി...എന്തിനായിരുന്നു ഈ ഒരു 'സിംഹാസനം?'


ആറാംതമ്പുരാന്‍ തുടങ്ങി മോഹന്‍ലാലിന്റെ മീശപിരിപ്പന്‍ സിനിമകളും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ സിനിമ. കൂട്ടത്തില്‍ ഒരു മോഹന്‍ലാല്‍ കളികളിക്കാന്‍ പൃഥ്‌വിരാജും. കഷ്ടം. മലയാള സിനിമ നന്നാവുന്നു എന്ന തോന്നലുളവാക്കിയ ഈ വര്‍ഷത്തില്‍ 'ഇല്ല...............മക്കളേ..ഞങ്ങളുടെ തനി സ്വഭാവം ഇതാണ് ' എന്നു കാണിക്കുന്ന ഇത്തരം സിംഹാസനങ്ങള്‍ ദയവുചെയ്ത് റിലീസ് ചെയ്ത് പ്രേക്ഷകനെ ബുദ്ധിമുട്ടിക്കരുത്.

ലാസ്റ്റ് ബെഞ്ച്

| Posted in | Posted on

0



വളരെ വ്യത്യസ്ഥമായ ഒരു പേരോടുകൂടിയാണ് നവാഗതനായ ജിജു അശോകന്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. നൊസ്റ്റാള്‍ജിയ എന്ന തന്ത്രം വേവിച്ച് മാര്‍ക്കറ്റ് ചെയ്യാനുള്ള ജിജുവിന്റെ ശ്രമം വേണ്ടത്ര ഫലിച്ചില്ല എന്നുവേണം പറയാന്‍. താന്‍ പഠിച്ച സ്‌കൂളിനെയും സ്‌കൂള്‍ ലീലാവിലാസങ്ങളും ഓര്‍ക്കുന്ന, സ്‌കൂളിലെ തലതെറിപ്പന്‍ ലാസ്റ്റ് ബെഞ്ചിലെ നാലു സുഹൃത്തുക്കളുടെ കഥയും അവരുടെ നൊസ്റ്റാള്‍ജിയയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അങ്ങാടിത്തെരുവിലൂടെ പ്രസിദ്ധനായ മഹേഷ്, വിജീഷ്, ബിയോണ്‍ മുസ്തഫ, ജ്യോതി കൃഷ്ണ, സുകന്യ, അനൂപ് ജോര്‍ജ്ജ്, വിജയന്‍ നായര്‍ തുടങ്ങിയവര്‍ക്കു പുറമെ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലക്ഷ്മിപ്രിയ, രമാദേവി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നു. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥനാണ് ലാസ്റ്റ് ബെഞ്ച് ഒരുക്കിയിരിക്കുന്നത്. നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തുവെങ്കിലും ചിത്രം ക്ലച്ചു പിടിച്ചില്ല എന്നതാണ് വാസ്തവം. വലീയ പരുക്കുകളൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം.


ചിത്രത്തിലെ മനോഹരമാക്കാന്‍ ഛായാഗ്രാഹകനായ പ്രകാശ് വേലായുധന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ചില ചിത്രങ്ങള്‍ക്ക് ചിലതുമതി എന്ന രീതിയില്‍ ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിക്കപ്പെട്ടതായി പ്രേക്ഷകന് പലപ്പോഴും തോന്നിപ്പോകുന്നു. പ്രകാശ് വേലായുധന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ളതൊന്നും ആ ചിത്രത്തിലുണ്ടായിരുന്നില്ലെന്നു വേണം പറയാന്‍.


മോഹന്‍ സിതാരയുടെയും വിഷ്ണു ശരത്തിന്റെയും സംഗീതം കൊള്ളാം എന്നു മാത്രമേ ഉള്ളൂ. എങ്കിലും, തീയറ്ററുകളില്‍ ഒരു ചെറിയ മാറ്റൊലി പോലും ഈ ചിത്രത്തിന് സമ്മാനിക്കാന്‍ സാധിക്കാതെ പോയത് സങ്കടകരമായി എന്നത് പരമാര്‍ഥം.

ഇവന്‍ മേഘരൂപന്‍

| Posted in | Posted on

0




മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തിന്റെ അംശം സ്വാധീനിച്ച് എഴുത്തുകാരനായ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇവന്‍ മേഘരൂപന്‍. പി.ബാലചന്ദ്രന്റെ തിരക്കഥയ്ക്ക് അനുയോജ്യമായി ക്യാമറ ചലിപ്പിച്ചത് രാജീവ് രവിയാണ്. 


സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി, പ്രേത്യക ഒഴുക്കോടെയാണ് ഇവന്‍ മേഘരൂപന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ പി.കുഞ്ഞിരാമന്‍ നായര്‍ എന്നു വിശേഷിപ്പിക്കുന്ന കവിയായി പ്രകാശ് ബാരെ അഭിനയിച്ചിരിക്കുന്നു. 


നല്ല സിനിമകളുടെ വക്താവായ പ്രകാശ് ബാരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ ഒരു കഥാപാത്രമായി ഇതിനെ വിശേഷിപ്പിക്കാം.  അതീവ ശ്രദ്ധയോടെ തന്നെ ചിത്രത്തിന്റെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ഓരോ ചാഞ്ചാട്ടവും, യാഥാര്‍ത്ഥ്യവും പൊലിമ നഷ്ടപ്പെടാതെ ചിത്രീകരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.


ശരതിന്റെ സംഗീതം എടുത്തു പറയേണ്ടുന്ന ഘടകം തന്നെയാണ്. മനോഹരമായ സംഗീതമാണ് ഇവന്‍ മേഘരൂപനില്‍. പ്രകാശ് ബാരെയുടെ കാമുകിമാരും ഭാര്യമാരുമായി പത്മപ്രീയ, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, അനുമോള്‍ തുടങ്ങിയവര്‍ എത്തുന്നു. 


അതോടൊപ്പം മികച്ച നാടക നടിയായ സുരഭിയും ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു. കാവ്യാത്മകമായി ചിത്രത്തിനെ അവതരിപ്പിക്കുന്നതില്‍ പി. ബാലചന്ദ്രന്‍ വിജയിച്ചു എന്നതു തന്നെ, ഈ ചിത്രത്തിനെ മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിറുത്തുന്നു.

സിനിമാ കമ്പനി

| Posted in | Posted on

0



കുറെ നാളുകള്‍ക്ക് മുന്‍പേ, കേരളത്തിലുടനീളം നഗരങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സിനിമാ കമ്പനി എന്ന പുതീയ ചിത്രത്തിലേക്ക് യുവാക്കളെ ആവശ്യമുണ്ട്. അത്തരത്തില്‍ യുവാക്കളെ കണ്ടെത്തി, പാപ്പി അപ്പച്ചാ എന്ന ചിത്രത്തിനു ശേഷം മാമാസ് എന്ന യുവ സംവിധായകന്‍ ഫരീദ് ഖാന്‍ എന്ന പ്രൊഡ്യൂസര്‍ക്ക് വേണ്ടി ചെയ്ത ചിത്രമാണ് സിനിമാ കമ്പനി. 


ബാസില്‍, സഞ്ചീവ്, ശ്രുതി, ബദരി, സനം നിതിന്‍ എന്നീ പുതുമുഖ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ മാത്രം കാണുകയും, സിനിമ മാത്രം എന്നും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 'സിനിമാ കമ്പനി' എന്നു പേരുള്ള ഒരു കോളേജ് ഗ്യാങ് ഭാവിയില്‍ സിനിമ പിടിക്കുന്നതാണ് സിനിമാ കമ്പനി എന്ന ചിത്രം. ചിത്രത്തില്‍ ബാബുരാജ്, ലാലു അലക്‌സ് എന്നിവരും വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.


ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സാണ്. ജിബു ജേക്കബിന്റെ ക്യാമറയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീകുമാര്‍ നായരാണ്. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രമാണ്. ന്യൂ ജനറേഷന്‍ മലയാളം സിനിമകളുടെ വിജയത്തിനിടയില്‍ വാസ്തവത്തില്‍ സിനിമാ കമ്പനി തകര്‍ന്നടിഞ്ഞു എന്നു പറയുകയാവും നല്ലത്. കഥാതന്തുവില്‍ പുതുമകളൊന്നുമില്ല. ഡയറക്ഷനിലും എടുത്തുപറയാനൊന്നുമില്ല. അഭിനയിച്ച പുതുമുഖങ്ങള്‍ സാമാന്യം തരക്കേടില്ലാതെ ചെയ്തു എന്നൊതൊഴിച്ചാല്‍ ഈ ചിത്രം പരിപൂര്‍ണ്ണമായും ഒരു പരാജയമായി കണക്കാക്കാവുന്നതാണ്. 


ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നതിനെക്കുറിച്ച് മലയാളികള്‍ക്ക് ഇപ്പോള്‍ നവീന പ്രതീക്ഷകളാണ്. ഇപ്പോഴവര്‍ക്ക് നായകനോ, നായികയോ ഒന്നും പ്രശ്‌നമല്ല. അവര്‍ കുറച്ചൂടെ വ്യത്യസ്ഥമായ കഥകള്‍ക്കും, അവതരണ രീതികളിലേക്കും തിരിഞ്ഞു വരുന്നു. അതുകൊണ്ടു തന്നെ തീയറ്ററുകളിലും മുന്‍പത്തേക്കാള്‍ കുറച്ചൂടെ സിനിമാ പ്രേമികള്‍ കൂടിയതായി തോന്നുന്നു. വരുംകാലം എന്തായിരിക്കും ? കണ്ടു തന്നെ അറിയാം.

പേരിനൊരു മകന്‍

| Posted in | Posted on

0



വിനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ യുവ നടനായ ഭഗത് മാനുവലാണ് നായകന്‍. സുരാുജ് വെഞ്ഞാറമൂട്, ടിനി ടോം, വിനീത്കുമാര്‍, പി. ശ്രീകുമാര്‍, കെ.പി.എ.സി. ലളിത, വിനയപ്രസാദ്, എന്നിവര്‍ക്കൊപ്പം ശരണ്യ മോഹനാണ് നായികയായി വരുന്നത്. ഇന്നസെന്റ് പതിവുപോലെ ഒരച്ഛനെ അവതരിപ്പിക്കുന്നു.


സാധാരണ കുടുംബ ചിത്രമായി ഇതിനെ വിശേഷിപ്പിക്കുന്നു. വലീയ സംഭവങ്ങളൊന്നുമില്ലാതെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. തനിക്ക് എടുത്താല്‍ പൊന്താത്ത കഥാപാത്രം ഭഗത് ചെയതതായി നമുക്ക് ഫീല്‍ ചെയ്യും. എന്നാല്‍ ചിത്രത്തില്‍ ടിനി ടോം ചെയ്ത കഥാപാത്രം വളരെ വ്യത്യസ്ഥമായതായിരുന്നു. എന്നും ഒരു കുഞ്ഞിനെ എടുത്ത്, തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന കുഴിമടിയനായ കഥാപാത്രം ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.


പതിവ് വളിപ്പത്തരങ്ങള്‍ കാണിക്കാതെ സുരാജ് വെഞ്ഞാറമൂട് ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് യാതൊരു പുതുമയുമില്ല എന്നതാണ് ഏറ്റവും എടുത്തു പറയേണ്ടുന്ന വസ്തുത. ഏതെങ്കിലും ഒരു വശത്ത് പുതുമ കലര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കേണ്ടിയിരുന്നു.


ആനന്ദ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു.

ആകാശത്തിന്റെ നിറം

| Posted in | Posted on

1



ഡോക്ടര്‍ ബിജുവിന്റെ ഏറ്റവും പുതീയ ചിത്രമാണ് ആകാശത്തിന്റെ നിറം. ജീവിതത്തിന്റെ മറ്റൊരു നിറമാണ് ഈ ചിത്രത്തിലൂടെ ഡോ. ബിജു വരച്ചു കാണിക്കുന്നത്. തന്റെ പതിവ് രീതികളില്‍ നിന്നും വേറിട്ട്, വളരെ കയ്യൊതുക്കത്തോടെയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍, ലോക്കേഷന്‍ എന്നിവ ചിത്രത്തിന്റെ ആത്മാവിനെ വല്ലാതെ തൃപ്തിപ്പെടുത്തുന്നു എന്നത് ഒരു സംവിധായകനായ എഴുത്തുകാരന്റെ വിജയമായി കണക്കാക്കാം.


ബോക്‌സ് ഓഫീസുകളില്‍ വന്‍വിജയം കണ്ടില്ലെങ്കിലും മറ്റു മലയാള സിനിമകളേക്കാള്‍ അനേകം വിദേശീയര്‍ ഈ ചിത്രം കാണുവാനുള്ള സാധ്യതയുണ്ട്. ഇറാനിയന്‍, ഇറ്റാലിയന്‍ സിനിമയുടെ ഒരു സംവിധാന പാറ്റേണ്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ കിണഞ്ഞ് പരിശ്രമിച്ചതായി തെളിയുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ വളര്‍ച്ചയും, അവതരണവും ഇതിനെ സൂചിപ്പിക്കുന്നു.


അറുപതുകാരനായ ഒരു വൃദ്ധന്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ താമസിക്കുയും ബോട്ടില്‍ വന്ന് കരകൗശല വസ്തുക്കള്‍ വിറ്റഴിക്കുകയും ചെയ്യുന്നു. അയാള്‍ ഒരു തവണ കച്ചവടം കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ അയാളെ കൊള്ളയടിക്കാനാണ് ഒരു ചെറുപ്പക്കാരന്‍ അനുവാദമില്ലാതെ വൃദ്ധന്റെ ബോട്ടില്‍ കയറുന്നത്. തുടര്‍ന്ന് വൃദ്ധന്റെ ദ്വീപിലെത്തുന്ന യുവാവ് അവിടെ അകപ്പെടുന്ന രീതിയിലാണ് ചിത്രം നീങ്ങുന്നത്. തുടര്‍ന്ന് അവിടെ അയാള്‍ കണ്ടെത്തുന്ന ജീവിതത്തിലേക്കാണ് ആകാശത്തിന്റെ നിറം തുറന്നു വരുന്നത്.


നല്ല രീതിയില്‍, കണ്ടിരിക്കാവുന്ന ചിത്രം. പ്രകമ്പങ്ങളോ, ആശങ്കകളോ, പ്രതിസന്ധികളോ പ്രേക്ഷകരുടെ മനസ്സില്‍ സൃഷ്ടിക്കാതെ ജീവിതത്തിന്റെ നല്ലവശങ്ങളെ മാത്രം പ്രതിബിംബമാക്കി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് നീല്‍ എന്ന ദ്വീപില്‍ വച്ചാണ്. അന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റില്‍ നിന്നും 40 കിലോമീറ്റര്‍ ബോട്ടില്‍ പോയാലെത്തുന്നതാണ് ഈ ദ്വീപ്. 


ചിത്രത്തില്‍ നെടുമുടിവേണു വൃദ്ധനായും, ഇന്ദ്രജിത്ത് യുവാവായും അഭിനയിക്കുന്നു. ആ ദ്വീപില്‍ ചികിത്സയ്ക്കായി എത്തുന്ന ഡോക്ടറായി പൃഥ്‌വിരാജും അനാഥയായ വൃദ്ധന്റെ മകളായി അമലാ പോളും സംവിധായകന്റെ മകന്‍ ഗോവര്‍ദ്ധനും അഭിനയിക്കുന്നു. രവീന്ദ്രജയിനിന്റെ മനോഹരമായ ഗാനം ചിത്രത്തിലുണ്ട്. മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ മനോഹാരിതയും ചോര്‍ന്നു പോവാതെ എം.ജെ.രാധാകൃഷ്ണന്‍ ചിത്രത്തെ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു. എന്തു തന്നെയായാലും ഡോക്ടര്‍ ബിജു ചെയ്ത പടങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഈ ചിത്രമാണെന്ന് നിസ്സംശയം പറയാം....


ഈച്ച

| Posted in | Posted on

1




സമീപകാലത്ത് ഇന്ത്യന്‍ സിനിമകളില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും നല്ല ടെക്‌നോളജിക്കല്‍ സിനിമയായി ഇതിനെ വിശേഷിപ്പിക്കാം. തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍ വന്‍ മുടക്കുമുതലോടുകൂടി പുറത്തിറയ ചിത്രമാണ്. രാജമൗലി എന്ന സംവിധായകന്‍ 'മഗധീര' എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ ഇന്ത്യയിലെ പ്രസിദ്ധനായ സംവിധായകനായി മാറിയിരുന്നു. അദ്ദേഹത്തിന്റെ മഗധീരയ്ക്ക് ശേഷം പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമയാണ് 'ഈച്ച'. തമിഴില്‍ നാന്‍ ഈ, തെലുങ്കില്‍ ഈഗ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം ഇതിനകം വന്‍കളക്ഷന്‍ റിക്കോര്‍ഡുകള്‍ കരസ്ഥമാക്കി.


വാസ്തവത്തില്‍ ഈ ചിത്രം, ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും, സമീപ വര്‍ഷങ്ങളില്‍ ലോകത്തെ വന്‍കിട സിനിമകള്‍ നിര്‍മ്മിക്കുന്നത് ഹോളിവുഡിലായിരിക്കില്ല, മറിച്ച് ഇന്ത്യയിലായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. നിരവധി ഇന്ത്യന്‍ സിനിമകള്‍ ഇതിനകം കോടികള്‍ മുടക്കുകയും നിരവധി ടെക്‌നോളജികള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എങ്കിലും ഈച്ച എന്ന സിനിമയോളം വരില്ലെന്ന കാര്യത്തില്‍ മറ്റൊരു തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മൂപ്പതോളം ദിവസമായി ഈച്ച പറന്നുകൊണ്ടിരിക്കുന്നു.


സുദീപാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. അതിഗംഭീരമായി അദ്ദേഹം തന്റെ നെഗറ്റീവ് റോള്‍ ചെയ്തു ഫലിപ്പിച്ചു. നായികയായി സമാന്‍തയും കോ സ്റ്റാറായി നാനിയും അഭിനയിച്ചരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിരവഹിച്ചിരിക്കുന്നത് വെങ്കിടേശ്വര റാവുവും കെ.കെ. സെന്തില്‍കുമാര്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു.


കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ വന്‍സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ഈച്ച. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ കണ്ടിരിക്കേണ്ട ചിത്രമാണ് ഈച്ച. ഹോളിവുഡിലെ ജുറാസിക് പാര്‍ക്ക്, ജോസ്, ടൈറ്റാനിക്, അവ്താര്‍ തുടങ്ങിയ ഹിറ്റായതും അല്ലാതതുമായ എല്ലാ ടെക്‌നിക്കല്‍ ചിത്രങ്ങളിലും പ്രധാന ഗ്രാഫിക്‌സ് കാര്യങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത് ഇന്ത്യക്കാരാണ് എന്നതും ഒരു പരമാര്‍ഥമാണ്. അതില്‍ ഏറിയ പങ്കും മലയാളികളും.


 മലയാളം ഇന്ത്യന്‍ സിനിമകളുടെ തുച്ഛമായ പ്രതിഫലവും, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ക്ക് വന്‍ ചിലവായതുമാണ് ഇത്തരം പ്രതിഭകള്‍ പുറത്തുപോയി ജോലി ചെയ്യുന്നത് എന്നത് മറ്റൊരു പരമാര്‍ഥം മാത്രം. വരും കാലങ്ങളില്‍ ലോക സിനിമയുട നെറുക ഇന്ത്യയായി വളരുമെന്നതിന് ശക്തമായ ഉദാഹരണമായി ഈച്ചയെ നമുക്ക് കാണാം...

മുല്ലമൊട്ടും മുന്തിരിച്ചാറും

| Posted in | Posted on

0



മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്ത് എന്ന നടനില്‍ ഒരു പരീക്ഷണമായിരുന്നു എന്നു വേണമെങ്കില്‍ നമുക്ക് പറയാം. കാരണം, എത്രയോ നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ എന്നിവയെ അവതരിപ്പിച്ചിട്ടും, ഇന്ദ്രജിത്ത് എന്ന നടന്‍ മലയാള സിനിമയില്‍ വേണ്ടവിധത്തില്‍ രക്ഷപ്പെട്ടില്ലെന്നു വേണമെങ്കില്‍ പറയാം. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് സിനിമകളില്‍ ഇതിനകം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിലും, ഒന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നുവേണം പറയാന്‍. 


അനീഷ് അന്‍വര്‍ ചെയ്ത ഈ ചിത്രം നിരവധി സിനിമകളുടെ പകര്‍പ്പായി പ്രേക്ഷകന് തോന്നുകയും നീരസം അനുഭവപ്പെടുകയും ചെയ്തതിനാലാവണം ചിത്രം എങ്ങുമെത്താതെ, കോലാഹലങ്ങളൊന്നുമില്ലാതെ ഞരങ്ങി ഒരാഴ്ച മാത്രം കളിച്ച് സ്ഥലം വിട്ടത്. ക്ലീഷേ കൊണ്ടുമാത്രം രൂപകല്പന ചെയ്ത ചിത്രമായി ഇതിനെ നമുക്ക് വിലയിരുത്താം.


സുജിത് വാസുദേവാണ് ചിത്രത്തിലെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകള്‍ക്ക് ക്യാമറ നിര്‍വഹിച്ച സുജിത്തിന്റെ ആദ്യചിത്രം സുനില്‍ സംവിധാനം ചെയ്ത നയനമാണ്. അവിടുന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സുജിത് വാസുദേവ് എന്ന യുവ ക്യാമറമാന്‍ തന്റെ പാടവം വ്യക്തമാക്കി.സാമാന്യം നല്ല രീതിയില്‍ ചിത്രത്തിനുതകുന്ന വിഷ്വല്‍സ് പരമാവധി കൊണ്ടുവരാന്‍ സുജിത്താനായിട്ടുണ്ട്.


നാട്ടില്‍ തെമ്മാടിയായി നടക്കുന്ന ഒരാള്‍. അയാള്‍ അനുസരിക്കുന്നത് ആ ഇടവകയിലെ അച്ചനെ മാത്രം. അവന്റെ തെമ്മാടിത്തരം കൊണ്ട് അനാഥമാവുന്ന കുടുംബത്തിനെ അച്ചന്‍ മനപ്പൂര്‍വ്വം അയാളെ തന്നെ ഏല്പിക്കുന്നു. ആ കുടുംബത്തിലെ മൂത്തകുട്ടിയോട് അയാള്‍ക്ക് പ്രണയം തോന്നുന്നു. അവള്‍ക്കും. ഈ സന്ദര്‍ഭം നാട്ടിലെ പൊട്ടിത്തെറിച്ച മറ്റൊരു കുട്ടിയെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അച്ചന്‍ തീരുമാനിക്കുന്നു......ഇത് മോഹന്‍ലാലിന്റെയോ, മമ്മൂട്ടിയുടെയോ മുന്‍കാല സിനിമാ കഥയല്ല. മുല്ലമൊട്ടും മുന്തിരിച്ചാറുമാണ്.


ഇന്ദ്രജിത്ത് പതിവുപോലെ, തെമ്മാടിയായ ഒരു കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു. മനസ്സില്‍ നന്മയുള്ള തെമ്മാടി കഥാപാത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ നിരവധിപേര്‍ അവതരിപ്പിച്ച 'നെഗറ്റീവ്' തോലണിഞ്ഞ് 'സൂപ്പര്‍ സ്റ്റാര്‍' വേഷമായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ച ചുരുട്ട ജോസ്. തിലകളും തനി  ക്ലീഷേ അച്ചനായി അവതരിക്കുന്നു. ചിത്രത്തില്‍ കുറച്ചു നല്ല ഗാനങ്ങള്‍ ഉണ്ടെന്നുള്ളതുമാത്രമാണ് തീയറ്ററില്‍ കയറുന്ന പ്രേക്ഷകന് ഏക ആശ്വാസം. ഇന്ദ്രജിത്തിനെ കൂടാതെ മേഘ്‌നരാജ്, അനന്യ, ടിനിടോം, പ്രവീണ, കൊച്ചുപ്രേമന്‍ എന്നീ വന്‍ താരനിരകളും ചിത്രത്തിലുണ്ട്.

തട്ടത്തിന്‍ മറയത്ത്

| Posted in | Posted on

0



മഴക്കാലം വിനീതിന്റെ നല്ലകാലമാണെന്നു തോന്നുന്നു. ഇതുപോലെ ഒരു മഴക്കാലത്ത് ജൂലൈ മാസത്തിലാണ് മലര്‍വാടി പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റായില്ലെങ്കിലും, സാമാന്യം നല്ല രീതിയില്‍ മലര്‍വാടി കളക്ടുചെയ്തു. ഇപ്പോഴിതാ..തട്ടത്തിന്‍ മറയത്തും ഒരു മഴക്കാലത്തിറങ്ങി, തീയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ച് കുതിച്ചു മുന്നേറുന്നു.




നിവിന്‍ പോളിയെ കണ്ടെത്തിയതും അവന് ജീവന്‍ നല്‍കിയതും വിനീതാണ്. ആദ്യസിനിമയിലൂടെ അവനെ അവതരിപ്പിച്ചെങ്കിലും നിവിന്‍ മലയാളികളുടെ ഹൃദയത്തിലേക്ക് കുത്തിക്കയറിയത് തട്ടത്തിന്‍ മറയത്തിലൂടെയാണ്. യുവജനങ്ങളുടെ മനസ്സറിഞ്ഞ് വിനീത് സിനിമ അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയത്തിലേക്ക് വഴി തെളിയിച്ചത്. ഒരുപക്ഷേ, ട്രാഫിക്കിന് ശേഷം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് തട്ടത്തിന്‍ മറയത്താണ് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. 


ചിത്രത്തിന്റെ ഇതിവൃത്തം വളരെ പുരാതന സിനിമയില്‍ തുടങ്ങി ഇന്നത്തെ ആധുനിക സിനിമയില്‍വരെ പലതവണ പറഞ്ഞുപോയ സബ്ജക്ടാണ്.  എന്നാല്‍ മികച്ച അവതരണ രീതികൊണ്ടുമാത്രം ചിത്രം പ്രേക്ഷകനെ മടുപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു സാധാരണ ചെറുപ്പക്കാരന്റ മനസ്സില്‍ തോന്നുന്ന പ്രണയം ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ വിനീതിനായി. അവതരണമാണ് സിനിമ. മെയ്ക്കിങ് ആണ് സിനിമയുടെ വിജയം എന്ന് വിനീത് വീണ്ടും തെളിയിച്ചിരിക്കുന്നു.



ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രത്തിന് അനുയോജ്യമായ ഒരു സംഗീത പശ്ചാത്തലമൊരുക്കാന്‍ ഷാന്‍ റഹ്മാനായി എന്നത് മറ്റൊരു വാസ്തവമാണ്. അതുപോലെ തന്നെയാണ് ക്യാമറമാനായ ജോമോന്‍ ടി. ജോണ്‍. യുവാക്കളുടെ കൂട്ടായ്മയായി തട്ടത്തിന്‍ മറയത്തിനെ വിശേഷിപ്പിക്കാം. താരമഹിമകളൊന്നുമില്ലാതെ, സാധാരണക്കാരന്റെ ചിത്രമായി തട്ടത്തിന്‍ മറയത്ത് ഇപ്പോഴും തീയറ്ററുകളില്‍ തിരക്കുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും മുകേഷിനും ശ്രീനിവാസനും വന്‍ലാഭം ഇതുമൂലം ഉണ്ടാവും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല. ലാല്‍ജോസിന്റെ എല്‍.ജെ. ഫിലിംസാണ് ഇതിന്റെ വിതരണം.



നമുക്കു പാര്‍ക്കാന്‍

| Posted in | Posted on

1



ഒരു വീട് ഏതൊരാളുടെയും സ്വപ്‌നമാണ്. വാസ്തവത്തില്‍ അത് നല്ലൊരു സബ്ജക്ടാണ്. പക്ഷേ, അതിനെ തന്മയിത്വത്തോടെ അവതരിപ്പിക്കാന്‍ അജിജോണ്‍ എന്ന സംവിധായകനായില്ല. ആനന്ദ്കുമാര്‍ നിര്‍മ്മിച്ച നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രം ഒരു പൂര്‍ണ്ണ കുടുംബ ചിത്രമാണെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാന്‍ ചിത്രത്തിനായില്ല. ബോക്‌സ്ഓഫീസില്‍ വന്‍പരാജയമായ ചിത്രത്തോടുകൂടി, സമീപകാലത്തിറങ്ങിയ അനൂപ് മേനോന്‍ ചിത്രങ്ങളുടെ അതേ നിരയില്‍ തന്നെ ഈ ചിത്രവും ചെന്നു നിന്നു, എന്നു വേണമെങ്കില്‍ പറയാം.




ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാവുന്നു. കണ്ടുമടുത്ത സീനുകള്‍ കുത്തിക്കയറ്റിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഇതിന് മുന്‍പ് ഒരായിരം തവണ കണ്ടു മടുത്തതാണ്. എന്നിട്ടും വീണ്ടും പഴയ വീഞ്ഞ് പുതീയ കുപ്പിയിലെന്ന മട്ടില്‍ അവതരിപ്പിക്കുന്നതിന്റെ ഔചിത്യം മനസ്സിലാക്കാന്‍ സാധ്യമാവുന്നില്ല. 




സമീപകാലങ്ങളില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ മലയാള സിനിമകളും സാമാന്യം നല്ല രീതിയില്‍ പ്രേക്ഷകരുടെ പ്രശംസ നേടി, തീയറ്ററുകളില്‍ വീണ്ടും ജനത്തിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തിലാണ് വീണ്ടും പ്രേക്ഷകരെ പറഞ്ഞു പറ്റിക്കുന്ന തരത്തിലുള്ള ചിത്രം വരുന്നത്. നല്ല ടൈറ്റിലും, നല്ല സ്‌ക്രിപ്ടുമിാണ് ചിത്രത്തിന്റെത്. പക്ഷേ, അത് പ്രേക്ഷക പ്രീതി നേടിയെടുക്കാനായില്ല. ചിത്രത്തില്‍ കോഴിക്കോട്ടുകാരിയായ സുരഭി നല്ല ഒരു ക്യാറക്ടര്‍ ചെയ്തിരിക്കുന്നു. അവള്‍ ഒരു അനുഗ്രഹീത കലാകാരിയാണ്. സുരഭിയെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.





രതീഷ് വേഗയുടെ സംഗീതത്തിന് അനൂപ് മേനോനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒന്നു രണ്ടു ഗാനങ്ങള്‍ കേട്ടിരിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്. കുടുംബ പശ്ചാത്തലമായിട്ടും തീയറ്ററില്‍ ഒരു കുടുംബത്തിനെപ്പോലും കയറ്റാനാവാതെ ചക്രം ശ്വാസം വലിക്കുകയാണ് നമുക്ക് പാര്‍ക്കാന്‍. എന്തായാലും പ്രൊഡ്യൂസറായ ജോയ് തോമസ് ശക്തികുളങ്ങര വെള്ളം കുടിക്കും.

നോട്ടി പ്രൊഫസര്‍

| Posted in | Posted on

0





ഹരിനാരായണന്‍ എന്ന യുവ സംവിധായകന്‍റെ തുടര്‍ച്ചയായ രണ്ടാം ചിത്രമാണ് നോട്ടി പ്രൊഫസര്‍. ബാബുരാജിന്‍റെ തൂലികയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിത് മേനോനാണ്. മലയാള പ്രേക്ഷകരുടെ കുന്നായ്മകള്‍, ചാപല്യങ്ങള്‍ ഒരു പ്രൊഫസര്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാണിക്കാനുള്ള ശ്രമമാണ് ബാബുരാജ് നോട്ടി പ്രൊഫസര്‍ എന്ന ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. 


കഥാപാത്രത്തിന്‍റെ വളര്‍ച്ചയിലും അവതരണത്തിലും ഹാസ്യവും പുതുമയും ഉണ്ടെങ്കിലും ചിത്രം കണ്ടിരിക്കാമെന്നതില്‍ കവിഞ്ഞ്, പ്രേക്ഷകരെ കൂടുതലായൊന്നും ഏശിയില്ലെന്നു വേണം പറയാന്‍. എങ്കിലും സാമാന്യം നല്ല പ്രേക്ഷകര്‍ ചിത്രത്തിനുണ്ട്. തിക്കിത്തിരക്ക് ഇല്ലെങ്കിലും എഴുപത്തിയഞ്ച് ശതമാനത്തോളം പ്രേക്ഷകര്‍ ആദ്യദിവസം തന്നെ തീയറ്ററില്‍ കയറി എന്നത് ഈ ചിത്രത്തിനെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്.


മലയാള സിനിമയുടെ സൂപ്പര്‍ ഹിറ്റുകളിലൊന്നും നോട്ടി പ്രൊഫസര്‍ സ്ഥാനം പിടിക്കില്ലെന്ന് ഉറപ്പാണ്. എങ്കിലും മറ്റു സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍, പ്രത്യേകിച്ച് ഹാസ്യം കലര്‍ന്നത്, അവതരിപ്പിച്ച് കയ്യടി വാങ്ങിക്കുന്ന ബാബുരാജിന് ഈ ചിത്രത്തില്‍ വേണ്ടവിധത്തില്‍ തിളങ്ങാനായില്ലെന്നത് മറ്റൊരു പരമാര്‍ഥമാണ്. ആവറേജ് ആയ ഈ ചിത്രത്തില്‍ നല്ലൊരു കഥാതന്തു ഇല്ലാതെ പോയതും ചിത്രത്തിന്‍റെ ദയനീയ പരാജയമായി കണക്കാക്കാം.


ചിത്രത്തില്‍ ബാബുരാജിന്‍റെ നായികയായി എത്തിയിരിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. നല്ല രീതിയില്‍ തന്‍റെ കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ ലക്ഷ്മിക്കായി. സിനിമാ നടിയായിരുന്ന തനി വീട്ടമ്മയായി അവര്‍ സിനിമയില്‍ ശോഭിച്ചു. ബാബുരാജിന്‍റെ കൂട്ടുകാരന്‍ അമേരിക്കന്‍ അച്ചായനായി ഇന്നസെന്റ് തിളങ്ങി. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ടിനി ടോം, ലെന തുടങ്ങിയവരും സാമാന്യം നല്ല രീതിയില്‍ അവരുടെ റോള്‍ ഭംഗിയായി ചെയ്തു. ക്വാളിറ്റിയില്‍ ഇത്തിരി പുറകിലാണെങ്കിലും ചിത്രം ആവറേജ് എന്ന രീതിയില്‍ മുന്നോട്ടു പോവുന്നു.

ഉസ്താദ് ഹോട്ടല്‍

| Posted in | Posted on

0





തൊട്ടതല്ലാം പൊന്നാക്കി, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നേറുകയാണ്. ട്രാഫിക്, ചാപ്പാകുരിശ്, ഇപ്പോള്‍ ഉസ്താദ്‌ഹോട്ടല്‍. വെറും മൂന്നു സിനിമകള്‍ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും ചുറുചുറുക്കുള്ള, ചെറുപ്പക്കാരനായ പ്രൊഡ്യൂസര്‍ എന്ന പേര് സമ്പാദിക്കാന്‍ ലിസ്റ്റിനായി. വളരെ നല്ല മനസ്സും, സിനിമയെ അതുപോലെ സ്നേഹവും ഉള്ളതിനാലാവും സിനിമ ലിസ്റ്റിനെയും വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഉസ്താദ് ഹോട്ടലില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം കൊള്ളാം, കണ്ടിരിക്കാം, കുഴപ്പമില്ല, പോരാ..ന്നാലും വേണ്ടില്ല..കാണാം എന്നൊക്കെ അഭിപ്രായങ്ങള്‍ ഒഴുകുന്നു.




അന്‍വര്‍ റഷീദിന്‍റെ ബ്രിഡ്ജിലാണ് വാസ്തവത്തില്‍ അദ്ദേഹത്തിനുള്ളില്‍ നല്ലൊരു കലാകാരനുണ്ടെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞത്. തട്ടുപൊളിപ്പന്‍ സിനിമകളുടെ മാത്രം വക്താവല്ല, മറിച്ച് തന്‍റെയുള്ളിലും നല്ലൊരു സിനിമാക്കാരനുണ്ടെന്ന് അന്‍വര്‍ തെളിയിച്ചത് കേരളാ കഫേ എന്ന ചിത്രത്തിലെ 'ബ്രിഡ്ജി'ലായിരുന്നു. അഞ്ജലിമേനോന്‍ എന്ന കഴിവുറ്റ യുവ എഴുത്തുകാരി ഈ സിനിമയിലെ എല്ലാ ചെറുപ്പക്കാര്‍ക്കും ഊര്‍ജ്ജം പകര്‍ന്നതിന്‍റെ തെളിവുകൂടിയാണ് ഉസ്താദ് ഹോട്ടല്‍.




ലോകനാഥന്‍റെ ക്യാമറ മിഴിവ്, കോഴിക്കോടിനെയും  പരിസരത്തെയും നന്നായി ചിത്രീകരിക്കാനായി. പാലക്കാടുപോലെ, കോഴിക്കോടും സിനിമാക്കാരുടെ ഭാഗ്യനാടായി മാറുകയാണ്. സമീപകാലത്ത് കോഴിക്കോടുനിന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എല്ലാ ചിത്രങ്ങളും സാമാന്യം ഹിറ്റുകളായി. ഷട്ടര്‍, ബ്രെയ്ക്കിങ് ന്യൂസ് തുടങ്ങി മറ്റു നിരവധി ചിത്രങ്ങളും കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്നു. വരും ദിവസങ്ങളില്‍ വി.കെ.പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രവും കോഴിക്കോട് പരിസരങ്ങളിലാണെന്ന് കേള്‍ക്കുന്നു.




ഗോപീ സുന്ദര്‍ മനോഹരമായി ചിത്രത്തിന്‍റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. ദുല്‍ഖര്‍, നിത്യമേനോന്‍, തിലകന്‍, സിദ്ധിഖ് തുടങ്ങിയ നല്ല നടീനടന്മാരുടെ നീണ്ട നിരയുണ്ട് ചിത്രത്തില്‍...  തിലകന്‍ വളരെ നന്നായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉപ്പൂപ്പയായി അദ്ദേഹം നിറഞ്ഞു നിന്നു എന്നു വേണം പറയാന്‍. എന്നാല്‍ നായകനായ യുവനടന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ തീയറ്ററുകളില്‍ പിടിച്ചിരുത്താന്‍ അന്‍വറിന് ഒരിക്കല്‍ക്കൂടി സാധ്യമായി.