ആകാശത്തിന്റെ നിറം
| Posted in സിനിമ | Posted on
1
ഡോക്ടര്‍ ബിജുവിന്റെ ഏറ്റവും പുതീയ ചിത്രമാണ് ആകാശത്തിന്റെ നിറം. ജീവിതത്തിന്റെ മറ്റൊരു നിറമാണ് ഈ ചിത്രത്തിലൂടെ ഡോ. ബിജു വരച്ചു കാണിക്കുന്നത്. തന്റെ പതിവ് രീതികളില്‍ നിന്നും വേറിട്ട്, വളരെ കയ്യൊതുക്കത്തോടെയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍, ലോക്കേഷന്‍ എന്നിവ ചിത്രത്തിന്റെ ആത്മാവിനെ വല്ലാതെ തൃപ്തിപ്പെടുത്തുന്നു എന്നത് ഒരു സംവിധായകനായ എഴുത്തുകാരന്റെ വിജയമായി കണക്കാക്കാം.
ബോക്‌സ് ഓഫീസുകളില്‍ വന്‍വിജയം കണ്ടില്ലെങ്കിലും മറ്റു മലയാള സിനിമകളേക്കാള്‍ അനേകം വിദേശീയര്‍ ഈ ചിത്രം കാണുവാനുള്ള സാധ്യതയുണ്ട്. ഇറാനിയന്‍, ഇറ്റാലിയന്‍ സിനിമയുടെ ഒരു സംവിധാന പാറ്റേണ്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ കിണഞ്ഞ് പരിശ്രമിച്ചതായി തെളിയുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെ വളര്‍ച്ചയും, അവതരണവും ഇതിനെ സൂചിപ്പിക്കുന്നു.
അറുപതുകാരനായ ഒരു വൃദ്ധന്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ താമസിക്കുയും ബോട്ടില്‍ വന്ന് കരകൗശല വസ്തുക്കള്‍ വിറ്റഴിക്കുകയും ചെയ്യുന്നു. അയാള്‍ ഒരു തവണ കച്ചവടം കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ അയാളെ കൊള്ളയടിക്കാനാണ് ഒരു ചെറുപ്പക്കാരന്‍ അനുവാദമില്ലാതെ വൃദ്ധന്റെ ബോട്ടില്‍ കയറുന്നത്. തുടര്‍ന്ന് വൃദ്ധന്റെ ദ്വീപിലെത്തുന്ന യുവാവ് അവിടെ അകപ്പെടുന്ന രീതിയിലാണ് ചിത്രം നീങ്ങുന്നത്. തുടര്‍ന്ന് അവിടെ അയാള്‍ കണ്ടെത്തുന്ന ജീവിതത്തിലേക്കാണ് ആകാശത്തിന്റെ നിറം തുറന്നു വരുന്നത്.
നല്ല രീതിയില്‍, കണ്ടിരിക്കാവുന്ന ചിത്രം. പ്രകമ്പങ്ങളോ, ആശങ്കകളോ, പ്രതിസന്ധികളോ പ്രേക്ഷകരുടെ മനസ്സില്‍ സൃഷ്ടിക്കാതെ ജീവിതത്തിന്റെ നല്ലവശങ്ങളെ മാത്രം പ്രതിബിംബമാക്കി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് നീല്‍ എന്ന ദ്വീപില്‍ വച്ചാണ്. അന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റില്‍ നിന്നും 40 കിലോമീറ്റര്‍ ബോട്ടില്‍ പോയാലെത്തുന്നതാണ് ഈ ദ്വീപ്.
ചിത്രത്തില്‍ നെടുമുടിവേണു വൃദ്ധനായും, ഇന്ദ്രജിത്ത് യുവാവായും അഭിനയിക്കുന്നു. ആ ദ്വീപില്‍ ചികിത്സയ്ക്കായി എത്തുന്ന ഡോക്ടറായി പൃഥ്‌വിരാജും അനാഥയായ വൃദ്ധന്റെ മകളായി അമലാ പോളും സംവിധായകന്റെ മകന്‍ ഗോവര്‍ദ്ധനും അഭിനയിക്കുന്നു. രവീന്ദ്രജയിനിന്റെ മനോഹരമായ ഗാനം ചിത്രത്തിലുണ്ട്. മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ മനോഹാരിതയും ചോര്‍ന്നു പോവാതെ എം.ജെ.രാധാകൃഷ്ണന്‍ ചിത്രത്തെ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു. എന്തു തന്നെയായാലും ഡോക്ടര്‍ ബിജു ചെയ്ത പടങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഈ ചിത്രമാണെന്ന് നിസ്സംശയം പറയാം....
kananam..