ഉസ്താദ് ഹോട്ടല്‍

| Posted in | Posted on

0





തൊട്ടതല്ലാം പൊന്നാക്കി, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നേറുകയാണ്. ട്രാഫിക്, ചാപ്പാകുരിശ്, ഇപ്പോള്‍ ഉസ്താദ്‌ഹോട്ടല്‍. വെറും മൂന്നു സിനിമകള്‍ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും ചുറുചുറുക്കുള്ള, ചെറുപ്പക്കാരനായ പ്രൊഡ്യൂസര്‍ എന്ന പേര് സമ്പാദിക്കാന്‍ ലിസ്റ്റിനായി. വളരെ നല്ല മനസ്സും, സിനിമയെ അതുപോലെ സ്നേഹവും ഉള്ളതിനാലാവും സിനിമ ലിസ്റ്റിനെയും വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഉസ്താദ് ഹോട്ടലില്‍ ഇപ്പോള്‍ വന്‍ തിരക്കാണ്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം കൊള്ളാം, കണ്ടിരിക്കാം, കുഴപ്പമില്ല, പോരാ..ന്നാലും വേണ്ടില്ല..കാണാം എന്നൊക്കെ അഭിപ്രായങ്ങള്‍ ഒഴുകുന്നു.




അന്‍വര്‍ റഷീദിന്‍റെ ബ്രിഡ്ജിലാണ് വാസ്തവത്തില്‍ അദ്ദേഹത്തിനുള്ളില്‍ നല്ലൊരു കലാകാരനുണ്ടെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞത്. തട്ടുപൊളിപ്പന്‍ സിനിമകളുടെ മാത്രം വക്താവല്ല, മറിച്ച് തന്‍റെയുള്ളിലും നല്ലൊരു സിനിമാക്കാരനുണ്ടെന്ന് അന്‍വര്‍ തെളിയിച്ചത് കേരളാ കഫേ എന്ന ചിത്രത്തിലെ 'ബ്രിഡ്ജി'ലായിരുന്നു. അഞ്ജലിമേനോന്‍ എന്ന കഴിവുറ്റ യുവ എഴുത്തുകാരി ഈ സിനിമയിലെ എല്ലാ ചെറുപ്പക്കാര്‍ക്കും ഊര്‍ജ്ജം പകര്‍ന്നതിന്‍റെ തെളിവുകൂടിയാണ് ഉസ്താദ് ഹോട്ടല്‍.




ലോകനാഥന്‍റെ ക്യാമറ മിഴിവ്, കോഴിക്കോടിനെയും  പരിസരത്തെയും നന്നായി ചിത്രീകരിക്കാനായി. പാലക്കാടുപോലെ, കോഴിക്കോടും സിനിമാക്കാരുടെ ഭാഗ്യനാടായി മാറുകയാണ്. സമീപകാലത്ത് കോഴിക്കോടുനിന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എല്ലാ ചിത്രങ്ങളും സാമാന്യം ഹിറ്റുകളായി. ഷട്ടര്‍, ബ്രെയ്ക്കിങ് ന്യൂസ് തുടങ്ങി മറ്റു നിരവധി ചിത്രങ്ങളും കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്നു. വരും ദിവസങ്ങളില്‍ വി.കെ.പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രവും കോഴിക്കോട് പരിസരങ്ങളിലാണെന്ന് കേള്‍ക്കുന്നു.




ഗോപീ സുന്ദര്‍ മനോഹരമായി ചിത്രത്തിന്‍റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. ദുല്‍ഖര്‍, നിത്യമേനോന്‍, തിലകന്‍, സിദ്ധിഖ് തുടങ്ങിയ നല്ല നടീനടന്മാരുടെ നീണ്ട നിരയുണ്ട് ചിത്രത്തില്‍...  തിലകന്‍ വളരെ നന്നായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉപ്പൂപ്പയായി അദ്ദേഹം നിറഞ്ഞു നിന്നു എന്നു വേണം പറയാന്‍. എന്നാല്‍ നായകനായ യുവനടന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ തീയറ്ററുകളില്‍ പിടിച്ചിരുത്താന്‍ അന്‍വറിന് ഒരിക്കല്‍ക്കൂടി സാധ്യമായി.

Comments (0)

Post a Comment