ആദാമിന്റെ മകന്‍ അബു
| Posted in | Posted on
2
ആദാമിന്റെ മകന്‍ അബു
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു തീയറ്ററുകളില്‍. ഒരു നല്ല സിനിമ പ്രതീക്ഷിച്ച് ചെന്ന പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെയാണ് 'അബു' സിനിമ കഴിഞ്ഞ് പുറത്തേക്ക് വിട്ടത്. അംഗീകാരത്തിന് പൂര്‍ണ്ണമായും യോഗ്യതയുള്ളതായി ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ബോധ്യപ്പെടും.
സലീംകുമാര്‍ എന്ന നടന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലുടനീളം. മതവും ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്ന നല്ലവനായ ഒരു മുസ്‌ലീമായി അബു പ്രേക്ഷകരുടെ മനംകവരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു പിതാവും അമ്മയുമായാണ് സലീംകുമാറും സറീന വഹാബും അഭിനയിക്കുന്നത്. ഒരു മനുഷ്യനില്‍ ഇത്രയും നിഷ്‌കളങ്കത്വം നിറഞ്ഞു നില്‍ക്കാമെന്ന് ചിത്രം പലതവണ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ഇനിയും വറ്റിയിട്ടില്ലാത്ത നന്മനിറഞ്ഞ കുറച്ചു മനുഷ്യരുടെ ഒരു ലോകമാണ് സലിം അഹമ്മദ് തന്റെ ചിത്രത്തിലൂടെ വരച്ചു കാണിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. തികഞ്ഞ ഒരു സംവിധായകന്റെ കയ്യൊതുക്കം പ്രകടമാകുന്ന തരത്തിലാണ് ആദാമിന്റെ മകന്‍ അബു ചിത്രീകരിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒട്ടേറെ ജീവിത രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്.
മലയാളത്തില്‍ പേരും പ്രശസ്തിയും പിടിച്ചുവാങ്ങി, തങ്ങളാണ് വലിയ ആര്‍ട്ട് സിനിമാക്കാര്‍ എന്ന് നെഞ്ചും വിരിച്ചു വിളമ്പിനടക്കുന്നവര്‍ക്ക് മുഖത്തടിച്ചതുപോലുള്ള പ്രതികരണമാണ് ആദാമിന്റെ മകന്‍ അബു. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച ക്യാമറ, മികച്ച പശ്ചാത്തല സംഗീതം എന്നിവയ്ക്ക് ദേശീയ അംഗീകാരവും മികച്ച ചിത്രം, മികച്ച നടന്‍, മികച്ച തിരക്കഥ, മികച്ച പശ്ചാത്തലം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡും വാരിക്കൂട്ടിയ ഈ ചിത്രം സിനിമയുടെ ക്യാപ്ഷന്‍ പോലെ മനസ്സില്‍ നന്മയുള്ളവര്‍ കണ്ടിരിക്കേണ്ടുന്ന ചിത്രംതന്നെയാണ്.
ഹാസ്യ നടന്മാര്‍ ഗൗരവമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. എങ്കിലും സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ഒരുമിച്ച് വാരിക്കൂട്ടിയത് ചരിത്രത്തില്‍ തന്നെ ആദ്യമായാവണം. സലീംകുമാര്‍ എന്ന കഴിവുറ്റ നടന്റെ മിന്നുന്ന പ്രകടനം 'അച്ഛനുറങ്ങാത്ത വീടി'ലൂടെ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ ബോധ്യപ്പെട്ടതാണ്. എങ്കിലും തന്റെ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് ഭരത് സലീംകുമാറായി മാറി, അദ്ദേഹം മമ്മൂട്ടിക്കും, മോഹന്‍ലാലിനും, സുരേഷ്‌ഗോപിക്കും ഒപ്പം ചേര്‍ന്നുനില്ക്കുന്നു. മലയാളത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ നിര്‍മ്മിച്ച് തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ തലമുറ സലീംകുമാറിനെ കണ്ടുപഠിക്കണം.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ എടുത്തു പറയത്തക്ക പ്രാധാന്യമര്‍ഹിക്കുന്നവ അല്ലെന്ന് നമുക്ക് ചിത്രം കാണുമ്പോള്‍ മനസ്സിലാക്കാം. പ്രധാന കഥാപാത്രങ്ങളായ അബുവിനെയും ആയിഷയേയും സപ്പോര്‍ട്ട് ചെയ്യുന്നവയാണ് മറ്റുള്ള മിക്ക കഥാപാത്രങ്ങളും. എങ്കിലും പച്ചയായ ഒരു ഗ്രാമീണ പശ്ചാത്തലം വരച്ചു ചേര്‍ക്കുന്നതില്‍ സംവിധായകനായ സലീംഅഹമ്മദ് വിജയിച്ചു എന്നതും ഇതിന്റെ ക്രഡിറ്റുകളില്‍ ഒന്നാണ്. ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ലളിതമായ തിരക്കഥയിലൂടെ ഒരു നല്ലവനായ മുസ്‌ലിം എങ്ങിനെ ഹജ്ജ് ചെയ്യണം എന്നുകൂടെ അദ്ദേഹം പ്രേക്ഷകന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഉപരി, ലോകത്ത് അനേകം ജീവനുണ്ടെന്നും, വൃക്ഷലതാദികള്‍ പോലും ഈശ്വരന് മുന്‍പില്‍ മക്കളാണ് എന്ന ഒരു സന്ദേശം കൂടെ ഈ ചിത്രം പ്രേക്ഷകന് നല്‍കുന്നു. ഒരു നല്ല മനുഷ്യന്‍ ഒരു വൃക്ഷത്തെപ്പോലും നോവിക്കരുത് എന്നതും ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്ന ഒരു പ്രധാനകാര്യമാണ്.
അബു എന്ന ഒരു കഥാപാത്രത്തിലൂടെ ഇന്നത്തെ കാലവും കാലഘട്ടത്തിലെ ജനങ്ങളുടെ മനോവിചാരങ്ങളും വ്യവഹാരങ്ങളും കാഴ്ചപ്പാടുകളും ധൂര്‍ത്തും ഇല്ലായ്മയും എല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരുപക്ഷേ, ചിത്രം കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരും ചിന്തിച്ചു പോവുന്ന ഒരു കാര്യമുണ്ട്. ഇന്ന് മലയാളസിനിമയില്‍ ഈ കഥാപാത്രത്തിന് അനുയോജ്യന്‍ സലീംകുമാറല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന്.
മധുഅമ്പാട്ടിന്റെ മികച്ച ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണന്റേതു ഹൃദയത്തില്‍ തങ്ങുന്ന സംഗീതമാണ്. സംഗീതം ചിത്രത്തിന്റെ മാറ്റ് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നതില്‍ മറ്റൊരു തകര്‍ക്കമില്ല. ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗിതം ഈ ചിത്രത്തിന്റെ ആത്മാവാണ്. പട്ടണം റഷീദിന്റെ ചമയവും, റസാഖ് തിരൂരിന്റെ വസ്ത്രാലങ്കാരവും ജ്യോതിഷ് ശങ്കറിന്റെ ആര്‍ട്ടും വിജയ് ശങ്കറിന്റെ എഡിറ്റിങ്ങും ചിത്രത്തിനെ മികച്ച ചിത്രമാക്കിയെടുത്തു എന്നതില്‍ മറ്റൊരു തകര്‍ക്കമില്ല. സാധാരണ അവാര്‍ഡ് ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ മൂക്കു ചുളിക്കുന്ന പ്രേക്ഷകര്‍ തിയറ്ററില്‍ തിങ്ങിനിറഞ്ഞതുകാണുമ്പോള്‍, മലയാളി പ്രേക്ഷകരുടെ മനം മാറിത്തുടങ്ങിയോ എന്ന് ഒരുവേള ചിന്തിച്ചു പോവുന്നു.
നല്ല വിലയിരുത്തല്‍... അഭിനന്ദനങ്ങള്‍...
അബസ്വരങ്ങള്‍.com
മികച്ച രീതിയില്‍ തന്നെ ഈ ചിത്രത്തെ വിലയിരുത്തി.
വെക്കേഷനു നാട്ടില്‍ വരുമ്പോള്‍ കാണണം എന്ന് കരുതുന്നു.
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രത്തെ വാണിജ്യപരമായ് കൂടി വിജയിപ്പിക്കാന്‍
തങ്ങളാല്‍ ആവുന്നത് ചെയ്തിരുന്നെങ്കില്‍ എന്ന മോഹവുമുണ്ട്.
ഞാനെതായാലും ഈ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എന്റെ ബ്ലോഗ്ഗില്‍
ഒരു പോസ്റ്റ് ഇടുന്നുണ്ട്.