ശങ്കരനും മോഹനനും
| Posted in | Posted on
1
ശങ്കരനും മോഹനനും
മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.വി. ചന്ദ്രന്റെ ഏറ്റവും പുതിയ സിനിമ ശങ്കരനും മോഹനനും തിയറ്ററുകളില്‍ എത്തിയിരിക്കുന്നു.
പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന എന്നിവ സൃഷ്ടിച്ചതുപോലുള്ള അലകള്‍ 'ശങ്കരനും മോഹനനും' എന്നതിലൂടെ അദ്ദേഹത്തിന് സാധ്യമാവില്ല എന്ന് നഖശിഖാന്തം നമുക്ക് പറയുവാനാകും.ശങ്കരന്‍ എന്ന 50 വയസ്സുള്ള അധ്യാപകന്റെ മരണവും അതിനു ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ മോഹനന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. വാസ്തവത്തില്‍ മരണവും മരണാനന്തര വ്യക്തിജീവിതവും തമ്മിലുള്ള ഒരു നേര്‍ത്ത പാലമായി ഇതിനെ കണക്കാക്കാം. പക്ഷേ, ചിത്രം അറുബോറനാണ് എന്നതില്‍ മറ്റൊരു തര്‍ക്കമില്ല.
സാധാരണ നിലയില്‍ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ പോലും ശ്വാസം വിടാതെ കാണുന്ന ബുദ്ധിജീവിക്കൂട്ടങ്ങള്‍ തീയറ്ററിലിരുന്ന് വാപൊളിച്ച് ഉറങ്ങുന്ന രസകരമായ കാഴ്ചയാണ് നമുക്ക് ചുറ്റും. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കനത്ത പരാജയമായി ഈ ചിത്രത്തിനെ വിശേഷിപ്പിക്കാം. ടി.വി. ചന്ദ്രന്‍ എന്ന പ്രതിഭയില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്.
മോഹനനെയും പിന്നെ ശങ്കരനേയും, തുടര്‍ന്ന് ശങ്കരന്‍ എന്ന വ്യക്തി ചെയ്ത വേഷപ്രച്ഛന്നങ്ങളിലൊക്കെ അഭിനയിച്ച ജയസൂര്യ ചെറുപ്പകാലത്തെ യുവജനോത്സവത്തെ ഓര്‍ത്തുപോയിക്കാണും. കാരണം എന്തുമാത്രം പ്രച്ഛന്നവേഷങ്ങളാണ് അദ്ദേഹം മനസ്സറിഞ്ഞ് ആടിയത്. തിരക്കുള്ള (ഉയര്‍ന്ന സാറ്റലൈറ്റ് വാല്യു ഉള്ള) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കമേഴ്‌സ്യല്‍ താരം എന്തുമോഹിച്ചായിരിക്കും ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തത് എന്ന് അദ്ദേഹത്തോടു തന്നെ ചോദിച്ചറിയേണ്ടിയിരിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ ഈ തീരുമാനം കനത്ത പരാജയമായിപ്പോയി.
വഴിയില്‍ കാണുന്നവരെയൊക്കെ തന്റെ മരിച്ചുപോയ സഹോദരനായി മോഹനന് തോന്നുന്നു. തെങ്ങുകയറ്റക്കാരന്‍ മുതല്‍ ജീവിതത്തില്‍ നാം കാണുന്ന എല്ലാ വേഷങ്ങളിലും ശങ്കരന്‍ പ്രത്യക്ഷപ്പെടുന്നു. ഇതോടെ ഒന്നാം പകുതി തീര്‍ന്നു. ഒരു കഥപോലുമില്ല.
രണ്ടാം പകുതിയില്‍ ഭര്‍ത്താവ് മരിച്ച ഏട്ടത്തിയമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശങ്കരന്റെ പ്രേതം മോഹനനോട് അത് മുടക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവായി അഭിനയിക്കുന്ന സുധീഷിനെക്കൊണ്ട് കുറച്ച് കോമാളിത്തരങ്ങളും. സുധീഷ് എന്ന നല്ല നടനെക്കൊണ്ട് അനാവശ്യമായി കുറെ അഭിനയിപ്പിച്ചു. കഷ്ടം!. തികച്ചും കമേഴ്‌സ്യല്‍ ക്യാമറാമാനായ പ്രദീപ് നായരുടെ സംഭാവനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റിമ കല്ലിങ്ങലും, മീരാ നന്ദനും, ജഗതിയും മറ്റുള്ളവരും സാമാന്യം തരക്കേടില്ലാതെ അഭിനയിച്ചു. ആര്‍ക്കും അങ്ങിനെ അസാമാന്യമായി അഭിനയിക്കുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരു നഗ്നസത്യം മാത്രം. എന്തായാലും പ്രേക്ഷകര്‍ അപ്പാടെ നിരാശരായാണ് തീയറ്റര്‍ വിട്ട് പുറത്തിറങ്ങുന്നത്. ടി.വി. ചന്ദ്രന്‍ എന്ന പ്രതിഭയ്ക്ക് എന്തു പറ്റിയെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നതാവും ഭംഗി.
:)