22 ഫീമെയില്‍ കോട്ടയം
| Posted in | Posted on
0
ഉപ്പും കുരുമുളകും മലയാളികളുടെ ആസ്വാദന സംവേദനത്തില്‍ പുരട്ടിയ സംവിധായകനാണ് ആഷിക് അബു. ആദ്യചിത്രമായ ഡാഡികൂളിലൂടെ രംഗപ്രവേശനം ചെയ്ത ആഷിക് അബു എറണാകുളം മഹാരാജാസ് കോളേജില്‍ ഷോര്‍ട്ട്ഫിലിം ചെയ്തു നടന്ന കാലത്ത് ആരും പ്രതീക്ഷിച്ചു കാണില്ല ഇയാള്‍ നാളെ മലയാള സിനിമയിലെ അറിയപ്പെടുന്ന പ്രതിഭയാകുമെന്ന്. അതാണ് സിനിമ. പ്രവചനാതീതമാണ് സിനിമയിലെ പ്രതിഭകളുടെ മിന്നലാട്ടം.
തന്‍റെ ആദ്യ സിനിമയായ ഉപ്പും കുരുമുളകിലൂടെ മലയാളികളുടെ ആസ്വാദന രീതിയില്‍ ഒരു പുതിയ രുചി പരിചയപ്പെടുത്തിയ വ്യക്തിയാണ് ആഷിക് അബു. അതു തന്നെ ഇത്തവണ ആവര്‍ത്തിച്ചു. 22 ഫീമെയില്‍ കോട്ടയം. മലയാളി പെണ്‍കുട്ടികള്‍ എന്നും എപ്പോഴും അഭിമുഖീകരിച്ച, സര്‍വ്വ സാധാരണമായ ഒരു സബ്ജക്ടിനെ തന്‍റെതായ സംവിധാന ശൈലികൊണ്ടു മാത്രം പിടിച്ചു നിര്‍ത്തിയതാണ് 22FK.
ചിത്രത്തില്‍ കഥാംശത്തെക്കുറിച്ച് സംവദിക്കുകയാണെങ്കില്‍, പ്രണയം നടിച്ച് പെണ്‍കുട്ടിയെ ചതിക്കുന്നതും അവള്‍ പിന്നീട് പ്രതികരിക്കുന്നതും, കഴിഞ്ഞു കഥ. ഇടക്കാലത്ത് മഴപ്പാറ്റകളെപ്പോലേ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും പുറത്തിറങ്ങാറുള്ള 'എ' പടങ്ങളില്‍ കാണുന്ന സ്ഥിരം സബ്ജക്ട്. പക്ഷേ, അതില്‍ ജീവിതാംശത്തെ ചാലിച്ച് വേറിട്ട ശൈലിയില്‍ പ്രതിപാദിച്ചപ്പോഴാണ്, ആഷിക് അബു ശരിക്കും മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തില്‍ ഉപ്പും കുരുമുളകും ചാലിച്ചത്.
ചിത്രത്തിലെ ചില വളരെ ലഘുവായ പരാമര്‍ശങ്ങള്‍ കൂരമ്പു കണക്കുള്ളതാണ്. വളരെ ദൃഢവും കേരളത്തിലെ അഭ്യസ്തവിദ്യരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കാനുതകുന്ന വിധത്തിലുള്ളതുമാണ്.
കേന്ദ്ര കഥാപാത്രമായ സിറിള്‍ 'നീ വെറും പെണ്ണാണ്' എന്നു പറയുന്ന ഭാഗം ചിത്രത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ സംഭാഷണ ശകലമാണ്. അതില്‍ അര്‍ഥങ്ങള്‍ അനവധി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്‍റെ തീവ്രത മുഴുവന്‍ നഷ്ടപ്പെടാതെ ആ രംഗത്തില്‍ ടെസ്സ പ്രതികരിക്കുന്നുമുണ്ട്. ഇതേ കഥാപാത്രം ടെസ്സയുടെ പ്രതികാരരീതിയില്‍ അടിയറവുവച്ച് തിരിച്ചു പറയുന്ന ഭാഗവും ഉണ്ട്....'' ടെസ്സാ...നീയാണ് പെണ്ണ്'. വെറും പ്രതികാരത്തില്‍ ടെസ്സ കൈക്കൊണ്ട രീതിയെ അവലംബിച്ചല്ല സിറിള്‍ അത്തരത്തില്‍ ഒരു ഡയലോഗ് അനാവരണം ചെയ്യുന്നത്. മറിച്ച് സ്ത്രീ എന്താണെന്ന് സ്ത്രീയെ തന്നെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്.
തന്‍റെ ജീവിതചക്രത്തില്‍ ഇന്നേവരെ ചെയ്തതില്‍ ഏറ്റവും പക്വമായ കഥാപാത്രമാണ് റീമ ചെയ്തിരിക്കുന്നത്. ഇതുവരെ റീമ കല്ലിങ്കല്‍ വെറും ഒരു കോമാളി കഥാപാത്രമായിരുന്നു. വാസ്തവത്തില്‍ ഒരു ഡോള്‍ നായിക. അത്തരത്തിലുള്ള ഒരു ആവരണത്തെ ഭേദിച്ച് റീമ കല്ലിങ്കല്‍ തനിക്ക് വേണ്ടി വന്നാല്‍ ശക്തമായ കഥാപാത്രങ്ങളെ ജീവിപ്പിക്കുവാന്‍ സാധ്യമാകുമെന്ന് തെളിയിച്ച കഥാപാത്രമാണ് ടെസ്സ. 2012 ല്‍ അത്ര വലിയ എതിരാളികളൊന്നും വന്നില്ലെങ്കില്‍, അടുത്ത വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ റീമ കല്ലിങ്കല്‍ എന്ന പേര് മികച്ച നടിയോട് ചേര്‍ന്നിരിക്കാന്‍ സാധ്യതകള്‍ ഉണ്ട്.
ചിത്രത്തിലെ ഗാനം, സിനിമാട്ടോഗ്രഫി, എന്നിവ സാധാരണ നിലവാരം പുലര്‍ത്തി. ഫഹദ് ഫാസില്‍ തനിക്ക് ഏതു തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കല്‍ക്കൂടി അടിയുറപ്പിച്ചു. പക്ഷേ, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അയാളെ തേടി വരുന്നില്ലെന്ന് മാത്രം. സര്‍വ്വ സാധാരണമായ ഒരു സബ്ജക്ടിനെ ക്ഷമയോടെ ഒരു കയ്യടക്കത്തോടെ അവതരിപ്പിച്ചതിനാല്‍ ആഷിക് അബു ഇത്തവണയും പ്രേക്ഷകരുടെ പ്രീതി നേടി. പക്ഷേ, തീയറ്ററുകളില്‍ ആവറേജ് കളക്ഷന്‍ മാത്രമാണ് ഉള്ളത്. സമീപദിവസങ്ങളില്‍ പ്രേക്ഷകര്‍ ഇനിയും തീയറ്ററുകളിലേക്ക് ഒഴുകിയേക്കും.
Comments (0)
Post a Comment