ഔട്ട്‌സൈഡര്‍
| Posted in | Posted on
0
മനസ്സില്‍ നന്മയുള്ള സംവിധായകര്‍ വളരെ കുറവായിരിക്കും. അത്തരം വ്യക്തിയുടെ ചിത്രങ്ങളിലും നനുത്ത നന്മകള്‍ നിറഞ്ഞിരിക്കും. മനുഷ്യകഥാംശത്തിന്‍റെ മഴപ്പാറ്റലുകള്‍ ചിത്രത്തിലുടനീളം പ്രകടമാവും. അത്തരത്തില്‍ ജീവിതാംശം കൊണ്ട് ചാലിച്ച ചിത്രമായിരുന്നു 'ആത്മകഥ'. ശ്രീനിവാസനും സീമബിശ്വാസ് (ബാന്റിറ്റ്ക്യൂന്‍) അഭിനയിച്ച ആ മികച്ച സിനിമ മലയാളത്തില്‍ കണ്ടവര്‍ വിരലിലെണ്ണാവുന്നവര്‍. പക്ഷേ, മലയാള സിനിമാലോകത്ത് അന്ന് പ്രേംലാല്‍ എന്ന കഴിവുറ്റ സംവിധായകന്‍ ജനിച്ചു.
തന്റേതായ സംവിധാന ശൈലികൊണ്ട് മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്ന പ്രേംലാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഔട്ട്‌സൈഡര്‍. ഈ ചിത്രവും പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോവുന്നത് വളരെ പരിതാപകരമാണ്.
ശ്രീനിവാസനും ഇന്ദ്രജിത്തും പ്രധാനകഥാപാത്രമാവുന്ന സിനിമയില്‍ തമിഴ് നടന്‍ പശുപതി ഒരു ക്ലാസിക് വില്ലനാവുന്നു. പശുപതിയുടെ അസാധാരണമായ പെര്‍ഫോമന്‍സുള്ള ചിത്രമാണ് ഔട്ട്‌സൈഡര്‍. സാധാരണ കൊമേഷ്യല്‍ സിനിമയുടെ ക്രൈമും സസ്പെന്‍സും ത്രില്ലിങ്ങ് എലിമന്റ്‌സും എല്ലാം ചേര്‍ന്ന ഈ ചിത്രം ക്ലാസിക് രീതിയില്‍ സംവിധാനം ചെയ്തു എന്നതാണ് പ്രധാന സവിശേഷത.
ശ്രീനിവാസന്‍റെ മകളായി അഭിനയിച്ച ഗംഗബാബു എന്ന നവാഗതയായ കുട്ടി വളരെ നന്നായി തന്‍റെ കഥാപാത്രത്തെ വിജയിപ്പിച്ചിരിക്കുന്നു. മലയാളസിനിമയില്‍ ഭാവിയുള്ള ഒരു കലാകാരിയായി ഈ പുതുമുഖനടിയെ വിശേഷിപ്പിക്കാം.
ഗിരീഷ്‌ലാല്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീത് ആണ്. നല്ല മൂന്നു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. കഥാസന്ദര്‍ഭത്തിന് യോജിക്കുന്ന ഗാനങ്ങളായതിനാല്‍ മറ്റു ചിത്രങ്ങളിലെപ്പോലെ അസ്ഥാനത്ത് ഗാനശകലം കണ്ട് സഹിക്കേണ്ടി വന്നിട്ടില്ല എന്നതും മറ്റൊരു സത്യമാണ്. സമീര്‍ഹക്കിന്‍റെ നല്ല ക്യാമറയായിരുന്നു. ഭംഗിയായി ഫ്രയിമുകളെ കോര്‍ത്തിണക്കാന്‍ ആത്മാര്‍ഥതയോടെ സമീര്‍ ഹഖ് ശ്രമിച്ചിരുന്നു എന്നതും മറ്റൊരു എടുത്തു പറയത്തക്ക സവിശേഷതയാണ്.
നല്ല സിനിമകളെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയുന്നത് വെറുതെയാണെന്ന് 'ആത്മകഥ' കണ്ടതോടെ മനസ്സിലായി. വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍മാത്രം. കണ്ടവര്‍ കണ്ണുംകരളും കലങ്ങിയാണ് ഇറങ്ങിപ്പോയത്. അത്രയും നല്ല ചിത്രമായിരുന്നു 'ആത്മകഥ'.
ആത്മകഥയില്‍ നിന്നും വേറിട്ട പ്രമേയം, ഒരു മനുഷ്യന്‍റെ ജീവിത്തതില്‍ തികച്ചും ഔട്ട്‌സൈഡറായ ഒരു വ്യക്തി ചെലുത്തുന്ന അസ്വസ്ഥതകളാണ് ചിത്രത്തിന്‍റെ കഥ. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ കണ്ടിരിക്കേണ്ടുന്ന ചിത്രം.
Comments (0)
Post a Comment