പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍

| Posted in | Posted on

3




ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ  രണ്ടാം പതിപ്പായി ഈ ചിത്രം വരുന്നു എന്നറിഞ്ഞതുമുതല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളായിരുന്നു. കാരണം, സൂപ്പര്‍സ്റ്റാറായ 'സരോജ്കുമാറും' ഉദയനും തകര്‍ത്തഭിനയിച്ച ഉദയനാണ് താരം അക്കാലത്തെ വന്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. പക്ഷേ, എല്ലാതവണയും ചക്ക വീണ് മുയല്‍ ചാവില്ലെന്ന് ശ്രീനിവാസന്‍ ഓര്‍ത്തില്ല. ഇത്തവണ ചക്ക വീണ് ചത്തുപോയത് പാവം സജിന്‍ രാഘവന്‍ എന്ന പുതുമുഖ സംവിധായകനാണ്. 




ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നനാണെന്ന വിശേഷണമുള്ള ശ്രീനിവാസന്‍ തന്നെയാണ്. പക്ഷേ, ഇത്തവണ ശ്രീനിവാസന്‍ പ്രേക്ഷകനെ വല്ലാതെ പരീക്ഷിച്ചു കളഞ്ഞു. ചിത്രത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും, മമ്മൂട്ടിയേയും, ദിലീപിനെയുമൊക്കെ പരിഹസിക്കുന്ന രംഗങ്ങള്‍ ചേര്‍ത്താല്‍ ആളുകള്‍ ആഞ്ഞ് കയ്യടിക്കുമെന്ന് പാവം ശ്രീനിവാസന്‍ കരുതിക്കാണും. ചിത്രത്തിന്‍റെ പല രംഗങ്ങളും വെറും കോമാളിത്തരമായാണ് പ്രേക്ഷകന്‍ കണ്ടിരുന്നത്. പല ഹാസ്യരംഗത്തും തീയറ്ററുകളില്‍ 'പിന്‍ഡ്രോപ്'  സൈലന്‍സ്! 




ഇതിലും നിസാരമായ ചില ഡയലോഗ് സീനുകളില്‍ പല പടത്തിലും ആളുകള്‍ ആര്‍ത്തു ചിരിച്ചില്ലെങ്കിലും ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കുന്നത് കാണാനാവുന്നുണ്ടായിരുന്നു. പക്ഷേ, സരോജ്കുമാര്‍ തിരിച്ചാണ് തിയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചത്. മംതമോഹന്‍ദാസ് എന്ന സാമാന്യം കഴിവുള്ള നടി, എപ്പോഴും പരിഹസിക്കുന്ന ഒരു ഭാര്യയായി ചിത്രത്തില്‍ വേഷമിടുന്നു. വാസ്തവത്തില്‍ ഒരു ഡെഡ് കഥാപാത്രം. അതില്‍ കവിഞ്ഞ് ഒന്നും ആ നടിക്ക് സിനിമയില്‍ ചെയ്യാനില്ല.




 സുരാജ് വെഞ്ഞാറമൂട് ആദ്യ ചിത്രത്തില്‍ ജഗതിശ്രീകുമാര്‍ ഏറ്റടെുത്ത പച്ചാളം ഭാസിയെപ്പോലുള്ള ഒരു ഫാന്‍സ് അസോസിയേഷന്‍ നേതാവായി സരോജ്കുമാറിനൊപ്പം നടക്കുന്നു. സുരാജിനെ കണ്ടതുകൊണ്ടു മാത്രം പ്രേക്ഷകര്‍ ചിരിക്കില്ലെന്ന് ശ്രീനിവാസന്‍ എന്തെ തിരിച്ചറിഞ്ഞില്ല? സുരാജ് ചെയ്ത സിനിമകളില്‍ ഏറ്റവും മോശമായ പ്രകടനമാണ് സരോജ്കുമാറില്‍.. ....പതിവു ചേരുവകളായ മുകേഷ്, തുടങ്ങിയ താര നിരയുമുണ്ട്. 




വിനീത് ശ്രീനിവാസന്‍ ഒരു പുതുമുഖ നടന്‍റെ റോള്‍ ഏറ്റെടുത്ത് അഭിനയിക്കുന്നു. എന്നാല്‍ ആ കഥാപാത്രത്തിനെ അഭിനയിച്ച് വിജയിപ്പിക്കാന്‍ വിനീതിനായില്ല. പലപ്പോഴും പല രംഗങ്ങളും മുഴച്ചു നില്‍ക്കുന്നതായി തോന്നി. ഉദയനാണ് താരത്തില്‍ ചുരുങ്ങിയ പക്ഷം നല്ല ഗാനങ്ങളും നല്ലൊരു കഥാതന്തുവും അതിലേറെ മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ നല്ല അഭിനയവും ഒത്തു വന്നപ്പോഴാണ് സൂപ്പര്‍ ഹിറ്റായി മാറിയത്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ കാതലില്ലാത്ത ഒരു പൊള്ളയായ മരം പോലെ തോന്നിപ്പിച്ചു. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വൈശാഖ മൂവീസിന് എന്തായാലും ഒരു തകര്‍പ്പന്‍ അടിയാവും സരോജ്കുമാര്‍ സമ്മാനിക്കുക....

Comments (3)

സുപ്പര്‍ താരങ്ങള്‍ക്കെതിരെ ഇങ്ങനെയും ഒരു പ്രതികരണം.....അന്നത്തെതില്‍ ഒരു കഥ എങ്കിലും ഉണ്ടായിരുന്നു....ഇതിലൊ സ്വാഹ അല്ലെ?

അതെ. വാസ്തവത്തില്‍ മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളല്ല വഴിമാറേണ്ടത്. ഇതുപോലെ തട്ടുപൊളിപ്പന്‍ പടം മാത്രം ലക്ഷ്യമിടുന്നവരാണ് വഴിമാറേണ്ടത്. എനിക്കും പടം തീരെ ഇഷ്ടമായില്ല....

പാമ്പള്ളി

ആചാര്യന്‍/പാമ്പള്ളി....രണ്ടുപേരോടും THANKS......
MBO............

Post a Comment