ഉലകം ചുറ്റും വാലിബന്‍
| Posted in | Posted on
0
മിലന്‍ ജലീല്‍ മലയാളസിനിമയില്‍ ഇപ്പോഴും സിനിമ നിര്‍മ്മിച്ച് ബിസിനസ്സ് ചെയ്ത് നിലനില്‍ക്കുന്ന ഒരു പ്രൊഡ്യൂസറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഉലകം ചുറ്റും വാലിബന്‍. ചിത്രത്തിന്റെ പേരില്‍ നിന്നുതന്നെ നമുക്ക് ഇതൊരു തമാശകുടുംബ ചിത്രമാണെന്ന് മനസ്സിലാക്കാം.
ജയറാമിന്റെ പതിവ് രീതികളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി മുമ്പോട്ടു പോവുന്നത്. ഏതാണ്ട് ഒരു പത്തുവര്‍ഷം മന്‍പ് ജയറാം പലവിധത്തില്‍ തിരിച്ചും മറിച്ചും ചെയ്ത രീതിയില്‍ തന്നെയാണ് ചിത്രത്തിന്റെ മുമ്പിലേക്കുള്ള ഗതി.
രണ്ടാം പകുതിയ്ക്ക് ശേഷമാണ് ചിത്രം കൂടുതല്‍ നര്‍മ്മ പ്രാധ്യാന്യത്തോടെ നീങ്ങുന്നത്. സൂരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ചിത്രത്തെ കൂടുതല്‍ പരിപോഷിപ്പിച്ചു. ചിത്രത്തില്‍ ബിജുമേനോന്‍ ചെയ്ത സാജന്‍ എന്ന കഥാപാത്രം അദ്ദേഹത്തിലെ നടനെ ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു. ഗൗരവമായി കോമഡി ചെയ്യാനാവുമെന്ന് ബിജുമേനോന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. കോട്ടയം നസീറിന് സാമാന്യം നല്ലൊരു വേഷമാണ് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പതിവു കോമഡി നടനായ ജനാര്‍ദ്ദനന്റെ വേഷം പലപ്പോഴും ആവര്‍ത്തന വിരസമായി തോന്നി.
നായിക കഥാപാത്രങ്ങളായി പുതുമുഖമായ വന്ദനയും മിത്രകുര്യനുമുണ്ട്. പുതുമുഖമായതിനാലവണം വന്ദനയ്ക്ക് താന്‍ ഒരു കഴിവുറ്റ നടിയാണെന്ന് തെളിയിക്കാനായില്ല. ജയശങ്കര്‍ എന്ന പ്രാരാബ്ധക്കാരന്‍ സാഹചര്യം മൂലം കള്ളനും പിന്നീട് വിധിപ്രകാരം അയാള്‍ പോലീസ് ഇന്‍സ്‌പെക്ടറുമായി തീരുന്നതാണ് ജയറാം ചെയ്ത കഥാപാത്രം. തന്റെ കഥാപാത്രം പതിവിന്‍പടി നന്നായി ചെയ്യാന്‍ ജയറാമിനായി.
മികച്ച നടന്മാരില്‍ ഒരാളായ സുരേഷ് കൃഷ്ണ പതിവു വില്ലനെ അവതരിപ്പിക്കുന്നു. ഭരത് സലീംകുമാര്‍ ചുരുങ്ങിയ ഭാഗമാണെങ്കിലും നന്നായി ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. കൃഷ്ണപൂജപ്പുര മലയാളത്തിലെ അല്‍പം കൊള്ളാവുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുന്നയാള്‍ എന്ന പേര് ഇതോടെ നേടിയെടുത്തേക്കും. കൃഷ്ണപൂജപ്പുര രചിച്ച ചിത്രങ്ങള്‍ വന്‍വിജയമായില്ലെങ്കിലും സാമാന്യം നല്ല രീതിയില്‍ ഓടിപ്പോവുന്നുണ്ട്.
മലയാളത്തിലെ മികച്ച ഛായാഗ്രാഹകന്മാരില്‍ ഒരാളായ ആനന്ദക്കുട്ടനാണ് ക്യാമറ ചലിപ്പിച്ചത്. മോഹന്‍ സിതാരയുടെ സംഗീതത്തില്‍ രാജ്ബാബു സംവിധാനം ചെയ്ത ഈ ചിത്രം ഓണക്കാല ചിത്രങ്ങളില്‍ ആവേറേജ് നിലവാരം പുലര്‍ത്തുന്നു.
Comments (0)
Post a Comment