സ്വപ്‌നത്തേക്കാള്‍ എത്രയോ സുന്ദരമാണ് ജീവിതം. ഇതാണ് ബ്ലസിയുടെ ഏറ്റവും പുതിയ ചിത്രമായ പ്രണയത്തിന്റെ ക്യാപ്ഷന്‍. സാധാരണ ബ്ലസി ചിത്രത്തിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ക്ലാസിക് ചിത്രം.
ഒരു വിഭാഗം പ്രേക്ഷകരെ മാത്രമേ ഈ ചിത്രം തൃപ്തിപ്പെടുത്തുകയുള്ളൂ, മധ്യവയസ്‌കരുടെ കാലവും അവരുടെ പ്രണയവുമാവുമ്പോള്‍ പ്രത്യേകിച്ച്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും നന്നായി അവതരിപ്പിച്ചു. പ്രകടമായ തമാശകളോ, സംഘട്ടനങ്ങളോ ഒന്നും ഇല്ലാത്തതിനാല്‍ ചിത്രം ജീവനില്ലാത്തതുപോലെ സാധാരണ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം.
അച്ചുത മേനോന്‍ എന്ന കഥാപാത്രം അനുപംഖേര്‍ നന്നായി അഭിനയിച്ചു. പക്ഷേ, സംഭാഷണങ്ങളില്‍ കൃത്രിമത്വം കലര്‍ന്നതായി തോന്നുന്നു. ചിലപ്പോള്‍ അന്യഭാഷാ നടന്‍ ആയതുകൊണ്ടാവുമെന്ന് നമുക്ക് വാദിക്കാം. പക്ഷേ, ചിത്രം കാണുമ്പോള്‍ മുഴുവന്‍ നമുക്ക് ആ കഥാപാത്രത്തിന്റെ സംഭാഷണ ശൈലി ഒരു കല്ലുകടിയായി ഫീല്‍ ചെയ്യും.
ഗ്രേസ് എന്ന കഥാപാത്രമായി ജയപ്രദ എത്തുന്നു. ജയപ്രദയുടെ തളര്‍വാതം പിടിച്ചു കിടക്കുന്ന ഭര്‍ത്താവ് മാത്യൂസ് ആയി മോഹന്‍ലാല്‍ എത്തുന്നു. മൂവരും നന്നായി അഭിനയിച്ചിരിക്കുന്നു. എങ്കിലും സാധാരണ സബ്ജക്ടായതിനാല്‍ അസാമാന്യമായ അഭിനയപാടവം തെളിയിക്കുന്ന തരത്തിലുള്ള സീനുകളോ, കഥാസന്ദര്‍ഭങ്ങളോ പ്രണയത്തില്‍ ഇല്ലെന്നു പറയാം.
ഒരു ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് കാണാന്‍ പറ്റുന്ന ചിത്രം. എം. ജയചന്ദ്രന്റെ നല്ല ഗാനങ്ങളാണ് ചിത്രത്തില്‍. പ്രത്യേകിച്ച് ജയപ്രദയുടെയും അനുപംഖേറിന്റെയും കുട്ടിക്കാലം കാണിക്കുന്ന രംഗത്തിലെ ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞു.
പ്രണയത്തിന്റെ വേറിട്ടൊരു മുഖവും, ഇന്നത്തെ കാലഘട്ടത്തിലെ മാതാപിതാക്കളുടെ അവസ്ഥയെയും ചിത്രം പ്രതിപാദിക്കുന്നു. ഒരു സാധാരണ കുടുംബചിത്രം എന്നതില്‍ കവിഞ്ഞ സവിശേഷതയൊന്നും പ്രണയത്തിനില്ല. ബ്ലസിയുടെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് 'പ്രണയം' പിന്നെയും നിലവാരം കുറഞ്ഞോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ചിത്രം കണ്ടു. വാര്‍ധക്യം എന്നത് ശാരീരികം എന്നതിനേക്കാള്‍ മാനസികമാണെന്ന് പറഞ്ഞുതരുന്ന ചിത്രം. ഇവിടെ പറഞ്ഞതുപോലെ അനുപംഖേറിന്റെ ലിപ് മൂവ്മെന്റ്സ് സംവിധായകന്‍ തീരെ ശ്രദ്ധിക്കാത്തതുപോലെ തോന്നി. സെന്റിമെന്റ്സിനെ സ്പര്‍ശിക്കാന്‍ ബ്ലെസ്സിയ്ക്കുള്ള കഴിവ് ഇവിടെയും പ്രകടമായി. ഫ്രെയിമുകളും നന്നായിരിക്കുന്നു.
ഇവിടെ, ആദ്യം ക്ലാസിക് ചിത്രം എന്ന് പറഞ്ഞിട്ട്, ഒടുവില്‍ നിലവാരം കുറഞ്ഞു എന്ന് പറഞ്ഞിരിക്കുന്നതില്‍ വൈരുധ്യമില്ലേ?