തേജാഭായ് ആന്റ് ഫാമിലി
| Posted in | Posted on
0
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രം പൃഥ്വിരാജ് എന്ന വരുംകാല സൂപ്പര്‍സ്റ്റാറിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന ചിത്രമാണെന്ന് പറയാം. താമസംവിനാ.... പൃഥ്വിരാജ് എന്ന 'ആഗോള പ്രതിഭാസം' - ഇങ്ങനെ പോയാല് - ശവപ്പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടന്നേക്കും.
വാസ്തവത്തില്‍ പൃഥ്വിരാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ന്നു വരുന്ന ഒരു നല്ല നടനാണ്. അല്ലാതെ മലയാള (ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത് സൗത്ത് ഇന്ത്യ) സിനിമയുടെ ദൈവമൊന്നുമല്ല. ഒരു സാധാരണ നടനില്‍ കവിഞ്ഞ്, സ്വന്തം സഹോദരനായ ഇന്ദ്രജിത്തിന്റെ റെയ്ഞ്ചുപോലും ഇല്ലാത്ത ഒരു നടനാണ് പൃഥ്വിരാജ്. ആ നിലയ്ക്ക് ആ നടനെ അനാവശ്യമായി 'ബില്‍ഡ് അപ്പ്' ചെയ്ത് നിര്‍മ്മിച്ച 'തേജാ ഭായ്' പ്രേക്ഷകനെ തേജോവധം ചെയ്യുന്നു, കഷ്ടം!
പത്തുമിനുട്ട് നീണ്ടുനില്‍ക്കുന്ന സ്ലോമോഷന്‍ നടത്തവും തോക്കുകൊണ്ട് നാലഞ്ച് വെടിയുമുതിര്‍ത്താല്‍ തീയറ്റര്‍ ഇളകിമറിയുമെന്ന് ദീപുവിനോട് ആരാണാവോ പറഞ്ഞത്. പല രംഗങ്ങളും അരോചകവും ആവര്‍ത്തനവിരസത മാത്രം തരുന്നതുമാണ്.
ഒരു അധോലോകചക്രവര്‍ത്തി എന്ന രീതിയില്‍ ആദ്യ അരമണിക്കൂര്‍ കാണിക്കുന്ന രംഗങ്ങള്‍ കഴിഞ്ഞ് പിന്നീട് ആ കഥാപാത്രം നാട്ടിലെത്തുന്നതോടെ തനി 'തറ' ആയി അഭിനയിക്കുന്ന ഒരു രീതിയാണ് ദീപു കരുണാകരന്‍ അവലംബിച്ചിരിക്കുന്നത്. ചിത്രത്തിനെ ഒരു മുഴുനീള ഹാസ്യചിത്രമാക്കാന്‍ അങ്ങേര് കിണഞ്ഞ് പരിശ്രമിച്ചു. സുരാജ് വെഞ്ഞാറമൂട്, ജഗതി, സലീംകുമാര്‍ എന്നീ നടന്മാര്‍ കൂടി ഇല്ലാതിരുന്നെങ്കില്‍ പ്രേക്ഷകന്‍ ഇന്റര്‍വെല്ലിന് മുന്‍പേ തീയറ്റര്‍ വിട്ടേനെ.
ചില രംഗങ്ങള്‍ പ്രേക്ഷകന് തന്നെ തൊലി ഉരിഞ്ഞുപോവുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അനവശ്യമായുള്ള ഒരുപാട് രംഗങ്ങള്‍ മുഴുനീളഹാസ്യത്തിനായി ചിത്രീകരിച്ചിരിക്കുന്നു. ഒരുപക്ഷേ, ടോം ആന്റ് ജെറി കാര്‍ട്ടൂണിലെ പല രംഗങ്ങളും ഇതിനേക്കാള്‍ ഭേദമാണെന്ന് തോന്നിപ്പോയി.
മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു രംഗംപോലും ചിത്രത്തിലില്ല. ധാരാളം ആര്‍ട്ടിസ്റ്റുകളെ കുത്തിക്കയറ്റിയ ചിത്രം. ഹിന്ദിയില്‍ ചില തട്ടുപൊളിപ്പന്‍ സിനിമകളില്‍ കാണാറുള്ള രീതിയില്‍ കുറെ വളിപ്പന്‍ തമാശകള്‍ കുത്തിക്കയറ്റി എങ്ങിനെയൊക്കയോ ചെയ്ത ഒരു സിനിമ.
രണ്ടുമണിക്കൂര്‍ കഴിഞ്ഞുപുറത്തിറങ്ങുന്ന പ്രേക്ഷകര്‍ അടുത്ത ഷോയുടെ ശുഷ്‌കിച്ച പ്രേക്ഷകരോട് കണ്ണിറുക്കി കാണിക്കുന്നു. കൂട്ടത്തില്‍ ഒരു കമന്റും. 'പൈസ പോയേ...' വലിയ കോലാഹലത്തോടെ പ്രത്യക്ഷപ്പെട്ട സിനിമ, അതിന്റെ നിര്‍മ്മാതാക്കളായ മുരളീധരനെയും ശാന്താമുരളീധരനെയും എങ്ങിനെ സഹായിക്കുമെന്ന് കണ്ടുതന്നെ അറിയണം.
പിന്‍കുറിപ്പ്: ചില കൂപമണ്ഡൂകങ്ങള്‍ക്ക് തങ്ങളാണ് ഇവിടുത്തെ രാജാക്കന്മാര്‍ എന്ന് തോന്നിപ്പോവാറുണ്ട്. യാഥാര്‍ത്ഥ്യം ഇതിനെല്ലാം അപ്പുറമാണ്....
Comments (0)
Post a Comment