ഡോക്ടര്‍ ലൗ

| Posted in | Posted on

0




കെ.ബിജു എന്ന നവാഗത സംവിധായകന്‍ അണിയിച്ചൊരുക്കിയ ഡോക്ടര്‍ ലൗ എന്ന ചിത്രം സമാന്യം നല്ല നിലവാരം പുലര്‍ത്തുന്നു. പ്രേക്ഷകമനസ്സുകളെ കിടിലം കൊള്ളിക്കുന്ന രംഗങ്ങള്‍ ഒന്നുമില്ലെങ്കിലും മുന്‍കാല കാമ്പസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നല്ലൊരു കാമ്പസ് ചിത്രമാണ് 'ഡോക്ടര്‍ ലൗ'. 
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ ഹീറോ. കൂടാതെ പുതുമുഖമായും അല്ലാതെയുമുള്ള നിരവധി  നടീനടന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു. 

വളരെ ചടുലമായ ഒരു അവതരണ രീതിയാണ് ഡോക്ടര്‍ ലൗവിലൂടെ ബിജു അവലംബിച്ചിരിക്കുന്നത്. കാമ്പസ് ചിത്രങ്ങള്‍ ഒരു കാലത്ത് വന്‍ഹിറ്റുകളും പിന്നീട് വന്‍പരാജയങ്ങളും ആയ ചരിത്രം മലയാളസിനിമയ്ക്കുണ്ട്.  ആ നിലയ്ക്ക് ഇത്തരത്തിലൊരു കാമ്പസ് ചിത്രം അണിയിച്ചൊരുക്കുന്നത് പൊതുവെ റിക്‌സ് ആണ്. എങ്കിലും പ്രമേയം പ്രണയവും കാമ്പസും ഒക്കെ തന്നെ ആണെങ്കിലും അതിന്‍റെ ഇതിവൃത്തത്തില്‍ ചെറിയൊരു മാറ്റമുണ്ട്. ഒരു വേറിട്ട രീതി അവലംബിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


ഏതൊരു പ്രണയ വിജയത്തിനു പിന്നിലും ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഇടപെടല്‍ ശക്തമായി ഉണ്ടാവും എന്ന് ചിത്രത്തില്‍ ബിജു പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ പ്രണയിതാക്കളെ സഹായിക്കുന്ന കഥാപാത്രമാണ് വിനയചന്ദ്രന്‍. വിനയചന്ദ്രന്‍ ഒരു എഴുത്തുകാരനായി ആദ്യ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് വിരസമായി തോന്നി. കാരണം, സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലും കുഞ്ചാക്കോ ഏതാണ്ട് ഇതുപോലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടാവാം ഈ സിനിമയില്‍ ഈ കഥാപാത്രം ജീവിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമെന്ന നിലയില്‍ കോളേജ് കാമ്പസിലെ ക്യാന്റീനില്‍ എത്തുന്നത്. 


ഉടന്‍ എല്ലാവര്‍ക്കും കോളേജ് കുമാരന്‍ എന്ന സിനിമ ഓര്‍മ്മ വരാന്‍ തുടങ്ങി. അപ്പോഴാണ് ഇന്നസെന്റും ബിന്ദുപ്പണിക്കരും തമ്മിലുള്ള പ്രണയത്തില്‍ വിനയചന്ദ്രനായി അവതരിക്കുന്ന കുഞ്ചാക്കോ ഇടപെടുന്നത്. രണ്ടുപേരും അതേ കോളേജിലെ അധ്യാപകരുമാണ്. അപ്പോള്‍ പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരുന്നത് ഹിന്ദി ചിത്രമാണ്, കുച്ഛ് കുച്ഛ് ഹോതാഹെ...എന്ന ഷാറൂഖ്ഖാന്‍ ചിത്രം.


പല ചിത്രങ്ങളുടെയും വിഴുപ്പ് മണക്കുന്നുണ്ടെങ്കിലും ചിത്രം സാമാന്യം ഭേദപ്പെട്ട നിലവാരത്തിലെത്തിക്കാന്‍ ബിജുവിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം പ്രേക്ഷകരെയും തീയറ്ററില്‍ എത്തിക്കാന്‍ ഈ ചിത്രത്തിന് സാധ്യമായിട്ടുണ്ട്. ഷാജിയുടെ ഛായാഗ്രഹണവും വിനു തോമസിന്‍റെ സംഗീതവും ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കി. പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രം സാമാന്യം നല്ല കളക്ഷനോടുകൂടി തീയറ്ററില്‍ മുന്നേറുന്നു.



ഉലകം ചുറ്റും വാലിബന്‍

| Posted in | Posted on

0




മിലന്‍ ജലീല്‍ മലയാളസിനിമയില്‍ ഇപ്പോഴും സിനിമ നിര്‍മ്മിച്ച് ബിസിനസ്സ് ചെയ്ത് നിലനില്‍ക്കുന്ന ഒരു പ്രൊഡ്യൂസറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഉലകം ചുറ്റും വാലിബന്‍. ചിത്രത്തിന്റെ പേരില്‍ നിന്നുതന്നെ നമുക്ക് ഇതൊരു തമാശകുടുംബ ചിത്രമാണെന്ന് മനസ്സിലാക്കാം.


ജയറാമിന്റെ പതിവ് രീതികളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി മുമ്പോട്ടു പോവുന്നത്. ഏതാണ്ട് ഒരു പത്തുവര്‍ഷം മന്‍പ് ജയറാം പലവിധത്തില്‍ തിരിച്ചും മറിച്ചും ചെയ്ത രീതിയില്‍ തന്നെയാണ് ചിത്രത്തിന്റെ മുമ്പിലേക്കുള്ള ഗതി. 


രണ്ടാം പകുതിയ്ക്ക് ശേഷമാണ് ചിത്രം കൂടുതല്‍ നര്‍മ്മ പ്രാധ്യാന്യത്തോടെ നീങ്ങുന്നത്. സൂരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ചിത്രത്തെ കൂടുതല്‍ പരിപോഷിപ്പിച്ചു. ചിത്രത്തില്‍ ബിജുമേനോന്‍ ചെയ്ത സാജന്‍ എന്ന കഥാപാത്രം അദ്ദേഹത്തിലെ നടനെ ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു. ഗൗരവമായി കോമഡി ചെയ്യാനാവുമെന്ന് ബിജുമേനോന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. കോട്ടയം നസീറിന് സാമാന്യം നല്ലൊരു വേഷമാണ് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പതിവു കോമഡി നടനായ ജനാര്‍ദ്ദനന്റെ വേഷം പലപ്പോഴും ആവര്‍ത്തന വിരസമായി തോന്നി.


നായിക കഥാപാത്രങ്ങളായി പുതുമുഖമായ വന്ദനയും മിത്രകുര്യനുമുണ്ട്. പുതുമുഖമായതിനാലവണം വന്ദനയ്ക്ക് താന്‍ ഒരു കഴിവുറ്റ നടിയാണെന്ന് തെളിയിക്കാനായില്ല. ജയശങ്കര്‍ എന്ന പ്രാരാബ്ധക്കാരന്‍ സാഹചര്യം മൂലം കള്ളനും പിന്നീട് വിധിപ്രകാരം അയാള്‍ പോലീസ് ഇന്‍സ്‌പെക്ടറുമായി തീരുന്നതാണ് ജയറാം ചെയ്ത കഥാപാത്രം. തന്റെ കഥാപാത്രം പതിവിന്‍പടി നന്നായി ചെയ്യാന്‍ ജയറാമിനായി. 


മികച്ച നടന്മാരില്‍ ഒരാളായ സുരേഷ് കൃഷ്ണ പതിവു വില്ലനെ അവതരിപ്പിക്കുന്നു. ഭരത് സലീംകുമാര്‍ ചുരുങ്ങിയ ഭാഗമാണെങ്കിലും നന്നായി ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. കൃഷ്ണപൂജപ്പുര മലയാളത്തിലെ അല്‍പം കൊള്ളാവുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുന്നയാള്‍ എന്ന പേര് ഇതോടെ നേടിയെടുത്തേക്കും. കൃഷ്ണപൂജപ്പുര രചിച്ച ചിത്രങ്ങള്‍ വന്‍വിജയമായില്ലെങ്കിലും സാമാന്യം നല്ല രീതിയില്‍ ഓടിപ്പോവുന്നുണ്ട്. 


മലയാളത്തിലെ മികച്ച ഛായാഗ്രാഹകന്മാരില്‍ ഒരാളായ ആനന്ദക്കുട്ടനാണ് ക്യാമറ ചലിപ്പിച്ചത്. മോഹന്‍ സിതാരയുടെ സംഗീതത്തില്‍ രാജ്ബാബു സംവിധാനം ചെയ്ത ഈ ചിത്രം ഓണക്കാല ചിത്രങ്ങളില്‍ ആവേറേജ് നിലവാരം പുലര്‍ത്തുന്നു.

ഓണത്തിന് മിഴിവേകി സെവന്‍സ്

| Posted in | Posted on

0




മലയാള സിനിമാരംഗത്തെ അതികായന്മാരായ സംവിധായകരില്‍ ഒരാളാണ് ജോഷി. മലയാള സിനിമ കണ്ട മികച്ച സിനിമകള്‍ എടുത്ത ജോഷി, കാലഘട്ടത്തെ ഉള്‍ക്കൊണ്ട് സമീപകാലത്ത് തന്‍റെ പതിവുശൈലികളില്‍നിന്നും വേറിട്ട് ചിന്തിച്ച്, ഇന്നത്തെ കാലത്തിന്‍റെ സ്പന്ദനമുള്‍ക്കൊണ്ട് ട്വന്റ്റി ട്വന്റ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് റോബിന്‍ഹുഡ് തുടങ്ങി നിരവധി സിനിമകള്‍. ഇപ്പോള്‍ ഏഴ് യുവാക്കളുടെ ബന്ധത്തിന്റെ കഥപറഞ്ഞ് മലയാളി പ്രേക്ഷകരെ കീഴടക്കാന്‍ ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ടീമും വീണ്ടും എത്തിയിരിക്കുന്നു.




ഓണച്ചിത്രങ്ങളില്‍ സാമാന്യം കുഴപ്പമില്ലാത്ത ഒരു ചിത്രം എന്ന പേര് 'സെവന്‍സ്' നേടിയെടുത്തുകഴിഞ്ഞു. ആദ്യദിനംതന്നെ മിക്ക തീയറ്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫലി, രജത്‌മേനോന്‍, നവീന്‍ പോളി, വിനീത്കുമാര്‍, നൂലുണ്ട, റിമ കല്ലിങ്ങല്‍, നാദിയ, ഭാമ, അന്‍ജു വര്‍ഗീസ് എന്നിങ്ങനെ യുവാക്കളുടെ മാലപ്പടക്കമാണ് 'സെവന്‍സി'ല്‍. ഒരു ഇരുത്തം വന്ന സംവിധായകന്‍റെ കയ്യൊതുക്കം നമുക്ക് സെവന്‍സില്‍ കാണാവുന്നതാണ്. 


നല്ലവരായ ഒരു സംഘം ചെറുപ്പക്കാര്‍, പ്രത്യേകിച്ച് ഫുട്‌ബോള്‍ മാത്രം ജീവിതം എന്ന രീതിയില്‍ ജീവിച്ച്, കളിച്ചു പോരുന്ന ചെറുപ്പക്കാര്‍, ഒരു നല്ല കാര്യത്തിന് വേണ്ടി തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുന്നു. 


തുടര്‍ന്ന് അവരെ തേടിയെത്തുന്നത് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളായിരുന്നു. ചിത്രത്തില്‍ പ്രത്യേകിച്ച് ഒരു നായകന്‍ എന്നുപറയാന്‍ ഒരാളില്ല. എല്ലാവര്‍ക്കും ഏതാണ്ട് തുല്യപ്രധാന്യമാണ്. 


അതുപോലെ നായികയ്ക്കും. റിമയാണോ നായിക, ഭാമയാണോ എന്ന് ആര്‍ക്കും നിശ്ചയിക്കുവാനാകില്ല. എന്നാല്‍ ചിത്രത്തില്‍ പഴയകാലനടിയായ നാദിയ മൊയ്തു ഒരു കമ്മീഷണറായി അഭിനയിക്കുന്നു. ചിത്രത്തില്‍ ആ കഥാപാത്രത്തിന് എടുത്തുപറയത്തക്ക കോണ്‍ട്രിബ്യൂഷന്‍ ഉണ്ട്. ആ നിലയ്ക്ക് നാദിയയാണ് നായിക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അജയന്‍ വിന്‍സന്റ് ആണ്. നല്ല ഫോട്ടോഗ്രാഫി 'കോഴിക്കോട്' നഗരത്തെ കൂടുതല്‍ ഭംഗിയുള്ളതായി കാണുവാന്‍ സാധ്യമായി. പൂര്‍ണമായും കോഴിക്കോടും പരിസരത്തുമായി പൂര്‍ത്തീകരിച്ച ചിത്രമാണ് 'സെവന്‍സ്'.


ബിജിബാലിന്‍റെ സംഗീതവും രഞ്ചന്‍ എബ്രഹാമിന്‍റെ എഡിറ്റിങ്ങും ചേര്‍ന്നപ്പോള്‍ സെവന്‍സ് സാമാന്യം നല്ലൊരു ചിത്രമായി തീയറ്ററുകളില്‍ നിറഞ്ഞോടുന്നു. ചിത്രം ഒരു സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാവുമെന്നൊന്നും പ്രതീക്ഷയില്ലെങ്കിലും സാമാന്യം നല്ല അഭിപ്രായത്തോടെ പ്രൊഡ്യൂസറെ കരകയറാന്‍ സഹായിക്കുമെന്നതില്‍ മറ്റൊരു വാദമില്ല.

പ്രണയം

| Posted in | Posted on

1


സ്വപ്‌നത്തേക്കാള്‍ എത്രയോ സുന്ദരമാണ് ജീവിതം. ഇതാണ് ബ്ലസിയുടെ ഏറ്റവും പുതിയ ചിത്രമായ പ്രണയത്തിന്റെ ക്യാപ്ഷന്‍. സാധാരണ ബ്ലസി ചിത്രത്തിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ക്ലാസിക് ചിത്രം.



ഒരു വിഭാഗം പ്രേക്ഷകരെ മാത്രമേ ഈ ചിത്രം തൃപ്തിപ്പെടുത്തുകയുള്ളൂ, മധ്യവയസ്‌കരുടെ കാലവും അവരുടെ പ്രണയവുമാവുമ്പോള്‍ പ്രത്യേകിച്ച്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും നന്നായി അവതരിപ്പിച്ചു. പ്രകടമായ തമാശകളോ, സംഘട്ടനങ്ങളോ ഒന്നും ഇല്ലാത്തതിനാല്‍ ചിത്രം ജീവനില്ലാത്തതുപോലെ സാധാരണ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം.



അച്ചുത മേനോന്‍ എന്ന കഥാപാത്രം അനുപംഖേര്‍ നന്നായി അഭിനയിച്ചു. പക്ഷേ, സംഭാഷണങ്ങളില്‍ കൃത്രിമത്വം കലര്‍ന്നതായി തോന്നുന്നു. ചിലപ്പോള്‍ അന്യഭാഷാ നടന്‍ ആയതുകൊണ്ടാവുമെന്ന് നമുക്ക് വാദിക്കാം. പക്ഷേ, ചിത്രം കാണുമ്പോള്‍ മുഴുവന്‍ നമുക്ക് ആ കഥാപാത്രത്തിന്റെ സംഭാഷണ ശൈലി ഒരു കല്ലുകടിയായി ഫീല്‍ ചെയ്യും.


ഗ്രേസ് എന്ന കഥാപാത്രമായി ജയപ്രദ എത്തുന്നു. ജയപ്രദയുടെ തളര്‍വാതം പിടിച്ചു കിടക്കുന്ന ഭര്‍ത്താവ് മാത്യൂസ് ആയി മോഹന്‍ലാല്‍ എത്തുന്നു. മൂവരും നന്നായി അഭിനയിച്ചിരിക്കുന്നു. എങ്കിലും സാധാരണ സബ്ജക്ടായതിനാല്‍ അസാമാന്യമായ അഭിനയപാടവം തെളിയിക്കുന്ന തരത്തിലുള്ള സീനുകളോ, കഥാസന്ദര്‍ഭങ്ങളോ പ്രണയത്തില്‍ ഇല്ലെന്നു പറയാം. 




ഒരു ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് കാണാന്‍ പറ്റുന്ന ചിത്രം.  എം. ജയചന്ദ്രന്റെ നല്ല ഗാനങ്ങളാണ് ചിത്രത്തില്‍. പ്രത്യേകിച്ച്  ജയപ്രദയുടെയും അനുപംഖേറിന്റെയും കുട്ടിക്കാലം കാണിക്കുന്ന രംഗത്തിലെ ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞു. 




പ്രണയത്തിന്റെ വേറിട്ടൊരു മുഖവും, ഇന്നത്തെ കാലഘട്ടത്തിലെ മാതാപിതാക്കളുടെ അവസ്ഥയെയും ചിത്രം പ്രതിപാദിക്കുന്നു. ഒരു സാധാരണ കുടുംബചിത്രം എന്നതില്‍ കവിഞ്ഞ സവിശേഷതയൊന്നും പ്രണയത്തിനില്ല. ബ്ലസിയുടെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് 'പ്രണയം' പിന്നെയും നിലവാരം കുറഞ്ഞോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

തേജാഭായ് ആന്റ് ഫാമിലി

| Posted in | Posted on

0



ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രം പൃഥ്വിരാജ് എന്ന വരുംകാല സൂപ്പര്‍സ്റ്റാറിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന ചിത്രമാണെന്ന് പറയാം. താമസംവിനാ.... പൃഥ്വിരാജ് എന്ന 'ആഗോള പ്രതിഭാസം' - ഇങ്ങനെ പോയാല് ‍- ശവപ്പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടന്നേക്കും.


വാസ്തവത്തില്‍ പൃഥ്വിരാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ന്നു വരുന്ന ഒരു നല്ല നടനാണ്. അല്ലാതെ മലയാള (ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത് സൗത്ത് ഇന്ത്യ) സിനിമയുടെ ദൈവമൊന്നുമല്ല. ഒരു സാധാരണ നടനില്‍ കവിഞ്ഞ്, സ്വന്തം സഹോദരനായ ഇന്ദ്രജിത്തിന്റെ റെയ്ഞ്ചുപോലും ഇല്ലാത്ത ഒരു നടനാണ് പൃഥ്വിരാജ്.  ആ നിലയ്ക്ക് ആ നടനെ അനാവശ്യമായി 'ബില്‍ഡ് അപ്പ്' ചെയ്ത് നിര്‍മ്മിച്ച 'തേജാ ഭായ്' പ്രേക്ഷകനെ തേജോവധം ചെയ്യുന്നു, കഷ്ടം!

പത്തുമിനുട്ട് നീണ്ടുനില്‍ക്കുന്ന സ്ലോമോഷന്‍ നടത്തവും തോക്കുകൊണ്ട് നാലഞ്ച് വെടിയുമുതിര്‍ത്താല്‍ തീയറ്റര്‍ ഇളകിമറിയുമെന്ന് ദീപുവിനോട് ആരാണാവോ പറഞ്ഞത്.  പല രംഗങ്ങളും അരോചകവും ആവര്‍ത്തനവിരസത മാത്രം തരുന്നതുമാണ്.



ഒരു അധോലോകചക്രവര്‍ത്തി എന്ന രീതിയില്‍ ആദ്യ അരമണിക്കൂര്‍ കാണിക്കുന്ന രംഗങ്ങള്‍ കഴിഞ്ഞ് പിന്നീട് ആ കഥാപാത്രം നാട്ടിലെത്തുന്നതോടെ തനി 'തറ' ആയി അഭിനയിക്കുന്ന ഒരു രീതിയാണ് ദീപു കരുണാകരന്‍ അവലംബിച്ചിരിക്കുന്നത്. ചിത്രത്തിനെ ഒരു മുഴുനീള ഹാസ്യചിത്രമാക്കാന്‍ അങ്ങേര് കിണഞ്ഞ് പരിശ്രമിച്ചു. സുരാജ് വെഞ്ഞാറമൂട്, ജഗതി, സലീംകുമാര്‍ എന്നീ നടന്മാര്‍ കൂടി ഇല്ലാതിരുന്നെങ്കില്‍ പ്രേക്ഷകന്‍ ഇന്റര്‍വെല്ലിന് മുന്‍പേ തീയറ്റര്‍ വിട്ടേനെ.

ചില രംഗങ്ങള്‍
പ്രേക്ഷകന് തന്നെ തൊലി ഉരിഞ്ഞുപോവുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അനവശ്യമായുള്ള ഒരുപാട് രംഗങ്ങള്‍ മുഴുനീളഹാസ്യത്തിനായി ചിത്രീകരിച്ചിരിക്കുന്നു. ഒരുപക്ഷേ, ടോം ആന്റ് ജെറി കാര്‍ട്ടൂണിലെ പല രംഗങ്ങളും ഇതിനേക്കാള്‍ ഭേദമാണെന്ന് തോന്നിപ്പോയി.
 
മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു രംഗംപോലും ചിത്രത്തിലില്ല. ധാരാളം ആര്‍ട്ടിസ്റ്റുകളെ കുത്തിക്കയറ്റിയ ചിത്രം. ഹിന്ദിയില്‍ ചില തട്ടുപൊളിപ്പന്‍ സിനിമകളില്‍ കാണാറുള്ള രീതിയില്‍ കുറെ വളിപ്പന്‍ തമാശകള്‍ കുത്തിക്കയറ്റി എങ്ങിനെയൊക്കയോ ചെയ്ത ഒരു സിനിമ.


രണ്ടുമണിക്കൂര്‍ കഴിഞ്ഞുപുറത്തിറങ്ങുന്ന പ്രേക്ഷകര്‍ അടുത്ത ഷോയുടെ ശുഷ്‌കിച്ച പ്രേക്ഷകരോട് കണ്ണിറുക്കി കാണിക്കുന്നു. കൂട്ടത്തില്‍ ഒരു കമന്റും. 'പൈസ പോയേ...' വലിയ കോലാഹലത്തോടെ പ്രത്യക്ഷപ്പെട്ട സിനിമ, അതിന്റെ നിര്‍മ്മാതാക്കളായ മുരളീധരനെയും ശാന്താമുരളീധരനെയും എങ്ങിനെ സഹായിക്കുമെന്ന് കണ്ടുതന്നെ അറിയണം.

പിന്‍കുറിപ്പ്: ചില കൂപമണ്ഡൂകങ്ങള്‍ക്ക് തങ്ങളാണ് ഇവിടുത്തെ രാജാക്കന്മാര്‍ എന്ന് തോന്നിപ്പോവാറുണ്ട്. യാഥാര്‍ത്ഥ്യം ഇതിനെല്ലാം അപ്പുറമാണ്....