പ്രിയപ്പെട്ട നാട്ടുകാരേ....

| Posted in | Posted on

0




ഗ്രാമി എന്റെര്‍ടൈന്‍ കമ്പനിയുടെ ബാനറില്‍ ശ്രീജിത്ത് പാലേരി അണിയിച്ചൊരുക്കിയ ചിത്രമാണ് പ്രിയപ്പെട്ട നാട്ടുകാരെ. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഈ ചിത്രം ഒരു പൊളിറ്റിക്കല്‍-ലവ് സ്റ്റോറിയാണ്. സാധാരണ പൊളിറ്റിക്കല്‍ സിനിമയുടെ അതേ ഫ്രയിമില്‍ നിര്‍മ്മിക്കപ്പെട്ടതിനാലാവണം, ആദ്യ ദിനം പോലും തീയറ്ററുകളില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകരെ മാത്രമെ കണ്ടെത്താനായുള്ളൂ. 




ഫിലിംസ്റ്റാറിനു ശേഷം കലാഭവന്‍ മണി അവതരിപ്പിക്കുന്ന ദാസന്‍ എന്ന തനി നാടന്‍ സഖാവ് വേഷത്തിനുമൊപ്പം ബാല ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പ്രതിച്ഛായ കൈവരിക്കുന്ന ബാലയുടെ കഥാപാത്രം ഒടുക്കം നല്ലവനായി മാറുന്നു. പൊളിറ്റിക്‌സിലൂടെ അതിന്റെ കുറച്ചുനല്ല വശങ്ങളെക്കൂടി വരച്ചു കാണിക്കാന്‍ എഴുത്തുകാരനായ ടി.കെ. സന്തോഷിന് സാധ്യമായി. ചിത്രത്തിന്റെ സംഭാഷണവും സംവിധാനവും ശ്രീജിത്ത് പാലേരിയാണ്.




 സജീഷ് നായര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലക്ഷ്മി ശര്‍മ്മ കലാഭവന്‍ മണിയുടെയും മല്ലിക എന്ന റീജ വേണുഗോപാല്‍ ബാലയുടെയും നായികമാരായി എത്തുന്നു. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട്, സാമാന്യം ഗ്ലാമര്‍ പ്രദര്‍ശനത്തോടെയാണ് ലക്ഷ്മി ശര്‍മ്മ ചിത്രത്തില്‍ വേരൂന്നിയത്. എന്നാല്‍ താന്‍ ഭാവിയില്‍ മലയാളസിനിമയില്‍ കുറച്ചു നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു മാത്രമെ പോവുകയുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന തോന്നലുളവാക്കുന്ന പ്രകടനമാണ് മല്ലികയുടെത്. സാമാന്യം ഒരു പച്ചനാടന്‍ പെണ്‍കൊടിയുടെ ശീലുകള്‍ ആവാഹിക്കുവാനും അത് പ്രേക്ഷകരിലെത്തിക്കുവാനും മല്ലികയ്ക്ക് സാധ്യമായി. ഇത് ആ കലാകാരിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.




തമിഴകത്തുനിന്നും മലയാളത്തില്‍ ചേക്കേറിയ ബാലയെ മലയാളി കുടുംബങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയോ എന്നൊരു സംശയം. പൃഥ്‌വിരാജിനും ജയസൂര്യയ്ക്കും, ഇപ്പോള്‍ ആഞ്ഞ്പിടിച്ച് കേറുന്ന കുഞ്ചാക്കോവിനും ബാല ഒരു ഭീഷണി തന്നെയാണ്.




അജി സരസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയെങ്കിലും സൂപ്പര്‍ ഹിറ്റാക്കാനൊന്നും സാധിച്ചില്ല. മറിച്ച് പ്രേക്ഷകരുടെ മനസ്സില്‍ കുറച്ച് ഇടം പിടിക്കാന്‍ പോലും സാധിച്ചില്ലെന്നു പറയട്ടെ.
സുരാജ്‌ വെഞ്ഞാറമൂട്, മാള, നന്ദു, സുകുമാരി, റോസ്‌ലിന്‍ തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എങ്കിലും പൊളിറ്റിക്കല്‍ ചിത്രമായതിനാലും മുന്‍പ് ഇത്തരം ചിത്രങ്ങള്‍ കണ്ടു മടുത്തതിനാലുമാവണം പ്രേക്ഷകര്‍ ഈ ചിത്രത്തെ പാടെ കയ്യൊഴിഞ്ഞ മട്ടാണ്. ചിത്രത്തിന്റെ ഭാവി കണ്ടറിയണം.

Comments (0)

Post a Comment