കഥയിലെ നായിക

| Posted in | Posted on

0




വിന്റര്‍ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് സംവിധാനം ചെയ്ത സിനിമയാണ് കഥയിലെ നായിക.  ഉര്‍വ്വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ ഓടുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങളൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ടാവില്ല എന്ന് തീയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ എണ്ണം വെളിപ്പെടുത്തുന്നു.


മമ്മി ആന്റ് മീ, സകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി അവതരിപ്പിച്ച മുഴുനീളകഥാപാത്ര സിനിമയാണ് കഥയിലെ നായിക. വാസ്തവത്തില്‍ കോര്‍പ്പറേഷന്‍ സെക്കന്റ്ഗ്രേഡ് ഓഫീസറായുള്ള ഉര്‍വ്വശിയുടെ കഥാപാത്രത്തിന് നല്ല കല്ല്യാണങ്ങള്‍ നടത്തിക്കൊടുക്കുന്ന ഒരു ജോലികൂടെ സംവിധായകന്‍ ഏല്പിച്ചിട്ടുണ്ട്. കുടുംബ പ്രാരാബ്ധത്തിനിടയിലൂടെ അവര്‍ കുറച്ചു സാമൂഹ്യ സേവനത്തിനുകൂടെ മുതിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വ്വം ചെയ്തതുപോലെ തോന്നിക്കുന്നു കാര്യങ്ങള്‍.


ഏതൊരു മിമിക്രിക്കാരന്റെയും ചിരകാല അഭിലാഷമായിരിക്കും ഒരു സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. പ്രത്യേകിച്ച് നായകപ്രാധാന്യമുള്ളത്.  കലാഭവന്‍ പ്രജോദ് ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ സാമാന്യം ഭംഗിയോടെ അവതരിപ്പിച്ചു. ഒരു മിമിക്രിക്കാരനായതിനാല്‍ മറ്റു മുന്‍കാല മിമിക്രിനടന്മാരെപ്പോലെ തന്റെതായ ഒരു രീതി കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും കഥയിലെ നായിക, പ്രജോദിന് മലയാളസിനിമയില്‍ സാമാന്യം നല്ല പ്രാധാന്യമുള്ള റോളുകള്‍ക്ക് കാരണമായി തീരുമെന്നതില്‍ ഒരു സംശയവുമില്ല.


മലയാളത്തിലെ അമ്മമാരായ കെ.പി.എ.സിയും, സുകുമാരിയും തന്മയിത്വത്തോടെ അവരുടെ റോളുകള്‍ ഭംഗിയായി ചെയ്തു. തുടക്കത്തില്‍ മാത്രമാണെങ്കിലും അംബിക ചേച്ചിയും ഒരമ്മയുടെ ഭാഗം അഭിനയിച്ചു. വലിയൊരു കുഴപ്പമില്ലാതെ, ഒരു സാധാരണ ചിത്രമായി മാത്രമെ ഇതിനെ കാണുവാനൊക്കുകയുള്ളൂ. ഉര്‍വ്വശി എന്ന കഴിവുറ്റ നടിയെ മാറ്റി നിര്‍ത്തിയാല്‍ ചിത്രം ശൂന്യമാണ് എന്നതും മറ്റൊരു പരമാര്‍ത്ഥം.


കോഴിക്കോട്ടുകാരനായ തേജ് മെര്‍വിന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. സാധാരണ ഗാനങ്ങള്‍ എന്നതല്ലാതെ സൂപ്പര്‍ഹിറ്റ് ഗാനത്തിനുള്ള സാധ്യത ഈ ചിത്രത്തിലില്ല. സിനോജിന്റെ കഥ, തിരക്കഥയില്‍ വിരിഞ്ഞ ഈ ചിത്രത്തില്‍ റോമ നായികാവേഷമണിയുന്നു. കൂടാതെ സുരാജ് വെഞ്ഞാറമൂട് സാമാന്യം നല്ലൊരു വേഷത്തില്‍ നല്ല അഭിനയമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നത്. സിനിമ കണ്ടിരിക്കാം എന്നതല്ലാതെ ഒരുതരത്തിലുമുള്ള സവിശേഷതകള്‍ ഇല്ലാത്ത ഒരു ചിത്രമാണ് കഥയിലെ നായിക.  ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിച്ച ചിത്രമായതിനാല്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടം ഉണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം...

Comments (0)

Post a Comment