ഫോര്‍ ഫ്രണ്ട്‌സ്

| Posted in | Posted on

0




ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്തേക്ക് കുതിച്ചു ചാടിയ സംവിധായകനാണ് സജിസുരേന്ദ്രന്‍. ആദ്യ ചിത്രം പ്രദര്‍ശന വിജയം നേടിയതോടെ സജിസുരേന്ദ്രന്‍ മലയാളത്തിലെ ഒരു പുതീയ പ്രതീക്ഷയായി.

ഹിന്ദിചലച്ചിത്രത്തിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയ ഹാപ്പി ഹസ്ബന്റ്‌സ് സാമാന്യം നല്ലപേരു നേടിയതോടെ സജിസുരേന്ദ്രന്‍ മലയാളക്കരയില്‍ അറിയപ്പെടുന്ന സംവിധായകനായി മാറി. എന്നാല്‍ തന്റെ ഫോര്‍ ഫ്രണ്ട്‌സ് അത്രയും നല്ല ഒരു പ്രതീക്ഷയല്ല പ്രേക്ഷകന് സമ്മാനിച്ചത്.



തന്റെ മറ്റു ചിത്രങ്ങളിലെന്നപോലെ ഫോര്‍ ഫ്രണ്ട്‌സിലും നിരവധി താരങ്ങളെ നിരത്തി ഒരു ഓളമുണ്ടാക്കുക എന്ന തന്ത്രമാണ് സജി ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, ഈ ഓളങ്ങള്‍ എത്രകണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ എത്തിക്കുവാനായി എന്നത് ചിന്തിക്കേണ്ടതാണ്. എങ്കിലും വ്യത്യസ്തമായ ഒരു മേഖലയിലേക്ക് മലയാള സിനിമാ പ്രേക്ഷകരെ എത്തിക്കുവാനുള്ള ഒരു എളിയ ശ്രമം സജിസുരേന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്നതാണ്.

കൃഷ്ണ പൂജപ്പുര മലയാളത്തിലെ തിരക്കുപിടിച്ച തിരക്കഥാകൃത്തായി മാറിയത് ഹാപ്പി ഹസ്ബന്റ്‌സ് വന്നതോടുകൂടിയാണ്. തുടര്‍ന്ന് വന്ന 'സകുടുംബം ശ്യാമള' കൃഷ്ണപൂജപ്പുര എന്ന എഴുത്തുകാരന്റെ മറ്റൊരു വികൃത മുഖമാണ് പ്രേക്ഷകന് കാണിച്ചുകൊടുത്തത്. പേരിന് ആ ചിത്രം ഓടിയെങ്കിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ കൃഷ്ണയ്ക്ക് ആ ചിത്രത്തിലൂടെ പറ്റിയില്ല. എങ്കിലും തുടര്‍ന്നുവന്ന 'ഫോര്‍ഫ്രണ്ട്‌സ് ' - അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കൂടുതല്‍ വ്യത്യസ്തമായ മറ്റെന്തോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകന്‍. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു.


ഫോര്‍ ഫ്രണ്ട്‌സിന്റെ ആദ്യ പകുതി ചെത്തിക്കൂര്‍പ്പിച്ച മുനമ്പുപോലെ നിന്നു. അതുകണ്ടപ്പോള്‍ സത്യത്തില്‍ പ്രേക്ഷകന്‍ ഈ ചിത്രം ഹിറ്റുകളുടെ ലിസ്റ്റിലേക്ക് കടന്നു കയറുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, രണ്ടാം പകുതി തുടങ്ങിയതോടെ സിനിമയുടെ ഗതിമാറി. നമ്മുടെ നായകന്മാരായ അമീര്‍ (ജയസൂര്യ), റോയ് (ജയറാം), സൂര്യ (കുഞ്ചാക്കോ), അവരുടെ നായികപദവി അലങ്കരിക്കുന്ന മീരാജാസ്മിന്‍ എന്നിവര്‍ ചേര്‍ന്ന് മലേഷ്യന്‍ ഭംഗി പ്രേക്ഷകനെ കാണിക്കുവാനുള്ള രണ്ട് ഗാനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയുടെ കഥയ്‌ക്കോ പ്രേക്ഷകനോ മറ്റൊന്നും സംഭാവന ചെയ്യുന്നില്ല.

ക്ലീഷേകളുടെ 'ആവര്‍ത്തനം' പ്രേക്ഷകനെ ഇടയ്‌ക്കൊക്കെ കൂവാന്‍ പ്രേരിപ്പിച്ചു. പൊതുവെ വേഗതയാര്‍ന്ന നമ്മുടെ തലമുറയ്ക്ക് ഇന്ന് തീയറ്ററിലിരുന്ന് സെന്റിമെന്‍സ് കാണുവാന്‍ തീരെ താല്‍പര്യമില്ലെന്ന് ഫോര്‍ ഫ്രണ്ട്‌സിലൂടെ ഒന്നുകൂടെ വെളിപ്പെട്ടു.



കാന്‍സര്‍ എന്ന മഹാവ്യാധിയെ ഇതിനു മുന്‍പ് പലതരത്തിലും പലവിധത്തിലും സിനിമകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഒരുപേക്ഷ, എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിലും എന്തിനേറെ പറയുന്നു, വിദേശ ചിത്രത്തിലടക്കം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മരണത്തെ കാത്തിരിക്കുന്ന രോഗികളായ നായകന്മാരും നായികമാരും എന്നത് മലയാളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി.

ഏതു സമയവും മരണത്തെ കാത്തിരിക്കുന്നവരായിട്ടും അവര്‍ ജീവിതത്തെ ശക്തമായി നേരിടുന്നത് വാസ്തവത്തില്‍ സമൂഹത്തിനു തന്നെ നല്ല ആത്മവിശ്വാസം നല്‍കുന്നതാണ്. ഒരുപക്ഷേ, ഈ ചലച്ചിത്രം കാണുവാനിടയുള്ള രോഗികളായ നമ്മുടെ പ്രേക്ഷകര്‍ക്ക് ഒരായിരം മടങ്ങ് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നതാണ് ഇതിലെ സബ്ജക്ട്. സാമൂഹികമായി പ്രതിബദ്ധതയുള്ള ഒരു സംവിധായകനായി സജിസൂരേന്ദ്രന്‍ മാറുന്നതിന്റെ ചില നല്ല ലക്ഷണങ്ങള്‍ തെളിഞ്ഞുവന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്‌സ്.

ചിത്രത്തിലുടനീളം മിന്നുന്ന പെര്‍ഫോമന്‍സ് കാഴ്ചവെച്ചത് ജയസൂര്യയാണ്. തനി നാടന്‍, വിദ്യാഭ്യാസമില്ലാത്ത ഫോര്‍ട്ടുകൊച്ചിക്കാരന്റെ സ്വഭാവം തന്മയിത്വത്തോടെ അവതരിപ്പിക്കാന്‍ ജയസൂര്യയ്ക്കായി. വേണമെങ്കില്‍, ഈ നടനെ നല്ലൊരു അച്ചിലിട്ട് വാര്‍ത്തെടുത്താന്‍ മലയാള സിനിമയ്ക്ക് മികവുറ്റ നിരവധി കഥാപാത്രങ്ങള്‍ സംഭാവന നല്‍കിയേക്കും.


വലീയ സവിശേഷതകള്‍ ഒന്നും ഇല്ലാത്താരു സാധാരണ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി അദ്ദേഹം മലയാള സിനിമയില്‍ ചെയ്തു പോരുന്ന തനി ടിപ്പിക്കല്‍ കഥാപാത്രം. കോളേജ് ചോക്ലേറ്റ് കുമാരന്‍. കുഞ്ചാക്കോ ബോബനെ മലയാളി പ്രേക്ഷകര്‍ക്ക് ചോക്ലേറ്റ് കാമുകനോ, കോളേജ് കുമാരനോ ആയി മാത്രമെ കാണുവാന്‍ അനുവദിക്കുകയുള്ളൂ എന്ന വാശിയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളെ മാത്രമെ താന്‍ സ്വീകരിക്കുകയുള്ളൂ എന്ന വീരവാദം മുഴക്കിയ നമ്മുടെ ചോക്ലേറ്റ് കുഞ്ചാക്കോയ്ക്ക് ഈയിടെ അദ്ദേഹത്തിന്റെ ഒന്നുരണ്ടു പടങ്ങള്‍ നേരിയതായി കളക്ഷന്‍ നേടി എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍, നല്ലൊരു കഥാപാത്രമോ, സിനിമയോ അദ്ദേഹത്തിന് ലഭിച്ചില്ലെന്നു വേണമെങ്കില്‍ പറയാം.

ഒരു നായക കഥാപാത്രം ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കുവാനുള്ള ത്രാണി ഇനിയും കുഞ്ചാക്കോ ബോബന് വന്നിട്ടില്ലെന്ന് പറയുകയാവും ഭേദം. കൂട്ടത്തില്‍ നിന്ന് കൂവാന്‍ ആര്‍ക്കാണ് പറ്റാത്തത്? മറ്റാരും കൂവാത്തപ്പോള്‍, ഒറ്റയ്ക്ക് നിന്ന് കൂവാനുള്ള ചങ്കൂറ്റമാണ് ഇനി കുഞ്ചാക്കോ ബോബന്‍ കാണിക്കേണ്ടത്. എന്നാല്‍ ഫോര്‍ ഫ്രണ്ട്‌സില്‍ ഒന്നോ രണ്ടോ സീനിലേയ്ക്ക് ക്ഷണിക്കപ്പെട്ട് വന്ന മണിക്കുട്ടന്‍ വളരെ വൃത്തിയായി തന്റെ റോള്‍ ചെയ്ത് പോയി മറഞ്ഞു. ഒരുപക്ഷേ, കുഞ്ചാക്കോ ചെയ്ത കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒന്നു തറച്ചു നില്‍ക്കുന്നത് മണിക്കുട്ടനാണ്.


മീരാജാസ്മിന്‍ എന്ന കഴിവുറ്റ കലാകാരിയേ വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ സജിയ്ക്ക് പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. പേരിനു മാത്രമുള്ള ഒരു നായികമാത്രമായി മാറി മീരാജാസ്മിന്‍. എങ്കിലും ചിത്രത്തിലുടനീളം ശരിക്കും ഒരു രോഗിയെ പോലെ തോന്നിച്ചത് മീരാജാസ്മിനാണ്. കാരണം മറ്റുചിത്രങ്ങളില്‍ മീര പ്രദര്‍ശിപ്പിച്ച സ്മാര്‍ട്ട്‌നസും ചുറുചുറുക്കും ഈ സിനിമയില്‍ പ്രേക്ഷകന് കാണുവാനായില്ല.

ജയറാം ഒരു ടിപ്പിക്കല്‍ കഥാപാത്രമായി മാത്രം മാറി. ചിത്രത്തിലുടനീളം നായകനെന്ന ചുക്കാന്‍ പിടിച്ചുവാങ്ങി തുഴഞ്ഞത് ജയറാമാണെങ്കില്‍ കൂടി അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാ ജയറാം ചിത്രത്തിലും ഉള്ളതുപോലെ മികച്ചു നിന്നു. ചിത്രത്തിലെ ചില ഗാനങ്ങള്‍ അനാവശ്യമായി തോന്നിച്ചു. സന്ദര്‍ഭോചിതമാകാത്തതാവാം ഇതിന് കാരണമെന്ന് നമുക്ക് പ്രത്യാശിക്കാം. ചിത്രത്തില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട കമലഹാസന്‍ ആ ഒറ്റ സീനിലൂടെ കയ്യടി വാങ്ങിക്കുന്നു. ചിത്രത്തിന്റെ പകുതിയില്‍ വരുന്ന നമ്മുടെ ഉലകനായകന്‍ ചിത്രത്തില്‍ ഒരു ഓളമുണ്ടാക്കുന്നുണ്ടെങ്കിലും ആ തിരയിളക്കം ചിത്രത്തിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ സജിസുരേന്ദ്രനായില്ല.



പരിചയസമ്പത്തും, മലയാള സിനിമയുടെ 'ഗുട്ടന്‍സും', താരരാജക്കന്മാരുടെ കൂട്ടായ്മയും ഒക്കെ ഉണ്ടായിരുന്നിട്ടും, സജി സുരേന്ദ്രന്‍ ഈ ചലച്ചിത്രത്തിനായി രൂപകുറെ കളഞ്ഞെങ്കിലും, അതിന്റെ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ സമാന്യം നല്ല കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവെങ്കിലും കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തലശ്ശേരി ഭാഗങ്ങളില്‍ വൈകുന്നേരത്തെ പ്രദര്‍ശനത്തിനുള്ള സമയമാവുമ്പോഴേക്കും തിരക്ക് ക്രമാതീതമായി കുറഞ്ഞു.

ആശയപരമായും, സാങ്കേതികപരമായും നല്ല നിലവാരത്തിലേക്ക് ഒരുപരിധിവരെ ചലച്ചിത്രത്തെ എത്തിക്കാന്‍ സജി സുരേന്ദ്രന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പ്രേക്ഷകന് എന്താണ് വേണ്ടതെന്ന് ഒരു ശങ്കറിനെപ്പോലെയോ, സത്യന്‍ അന്തിക്കാടിനെപ്പോലെയോ, എന്തിനേറെ പറയുന്നു സാക്ഷാല്‍ ഉലക നായകന്‍ കമലഹാസനെപ്പോലെയോ തിരിച്ചറിഞ്ഞ് കൊടുക്കാന്‍ ഇനിയും സജി സുരേന്ദ്രനും കൂട്ടരും പഠിക്കേണ്ടിയിരിക്കുന്നു.

Comments (0)

Post a Comment