കോക്ക്ടെയ്ല്‍
| Posted in | Posted on
0
വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ മലയാള സിനിമയില്‍ തുടര്‍ന്നു വന്നത് 'കോക്‌ടെയില്‍' എന്ന ജയസൂര്യ ചിത്രത്തിലും ആവര്‍ത്തിച്ചു. 'മോഷണം'. വലിയ വിജയമായില്ലെങ്കിലും, ഹോളിവുഡ് ചിത്രത്തിന്റെ മോഷണമായിരുന്നു കോക്‌ടെയില്‍.
നിരവധി മോഷണ ചിത്രങ്ങള്‍ മലയാളത്തില്‍ അതിവിദഗ്ദമായി പരീക്ഷിച്ച് വിജയിപ്പിച്ച പലരേയും നമുക്കറിയാം. ബോയിംഗ് ബോയിംഗ്, നാടോടിക്കാറ്റ്... തുടങ്ങി, അവസാനം കോക്‌ടെയില്‍ വരെ എത്തി നില്‍ക്കുന്നു അത്. പക്ഷേ, അതിലൊക്കെ പ്രസ്തുത ചിത്രങ്ങള്‍ സംവിധാനം ചെയ്തവര്‍ വളരെ മനോഹരമായി മലയാളക്കരയുമായി അത്തരം ചിത്രങ്ങളെ കോര്‍ത്തിണക്കിയതുകൊണ്ട് പ്രദര്‍ശന വിജയം നേടിയെന്നു പറയാം. എന്നാല്‍ അരുണ്‍കുമാര്‍ ഒരുക്കിയ കോക്‌ടെയില്‍ ഒരു വിജയമാകാന്‍ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും.
വളരെ സാവധാനത്തില്‍ നീങ്ങുന്ന സ്‌ക്രിപ്റ്റായിരുന്നു ആദ്യത്തെ അരമണിക്കൂര്‍. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നതായിരിക്കണം സംവിധായകന്റെ ഉദ്ദ്യേശ്യലക്ഷ്യമെന്ന് തുടക്കത്തില്‍ തോന്നി. പിന്നീട് ജയസൂര്യചെയ്ത ദുരൂഹമായ കഥാപാത്രം കടന്നു വരുന്നതോടെ ചിത്രത്തിന് കുറച്ചു ജീവന്‍ വന്നുവെന്ന് പറയാം. പാര്‍വ്വതിയായി അഭിനയിച്ച സംവൃതാ സുനിലും, രവിയായി അഭിനയിച്ച അനൂപ് മേനോനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു.
അപ്രതീക്ഷിതമായി രണ്ടു ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു കാര്യവുമില്ലാതെ ഒരാള്‍ കടന്നു വരുന്നതുപോലെയാണ് ജയസൂര്യയുടെ കഥാപാത്രം വരുന്നത്. എങ്കിലും ആ സസ്‌പെന്‍സ് അതിന്റെ തീവ്രതയോടെ കൊണ്ടുപോകുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നടന്നിരിക്കുന്നത്. ഹോളിവുഡ് രീതികള്‍ മലയാള/ഇന്ത്യന്‍ സിനിമയില്‍ പലതവണ പരീക്ഷിക്കപ്പെട്ടതാണ്. പക്ഷേ, ഹോളിവുഡ് ചിത്രങ്ങളെ അത് മാത്രമായിട്ടും മലയാള ചിത്രങ്ങളെ തനി മലയാള ചിത്രമായിട്ടും കാണുവാനേ നമ്മുടെ പ്രേക്ഷകര്‍ക്കാവുകയുള്ളൂ.
ചിലവു ചുരുക്കലിന്റെ ഭാഗമായിട്ടാവാം, ചിത്രത്തിലുടനീളം ഈ മൂന്നു കഥാപാത്രങ്ങള്‍ മാത്രമാണ് മിന്നിമായുന്നത്. ഇടയ്ക്ക് ഒരു ഓളമുണ്ടാക്കാന്‍ ഷാനു ചെയ്ത ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ മുതലാളിയുടെ കഥാപാത്രം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ആരും ഇല്ലെന്നു തന്നെ പറയാം.
സൂപ്പര്‍ ഹിറ്റാവുന്ന ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കണ്ടിരിക്കുന്ന മലയാളി പ്രേക്ഷകന്‍ ഈ ചിത്രം പോലൊരു സൂപ്പര്‍ ഹിറ്റാവാത്ത ഹോളിവുഡ്ചിത്രം കണ്ടിരിക്കാനിടയില്ല. കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സംവിധായകന് കാണികളെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാക്കി 'കോക്ക്‌ടെയിലി' നെ മാറ്റാമായിരുന്നു.
എന്നിരുന്നാലും പ്രദീപ് നായരുടെ ക്യാമറയെ എടുത്തു പറയേണ്ടതാണ്. വൃത്തിയായി അദ്ദേഹം സിനിമയുടെ ഫ്രെയിമുകള്‍ ചിട്ടപ്പെടുത്തി. മിക്ക ഷോട്ടുകളും മനോഹരമാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
വളരെ നല്ലൊരു ആശയമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുവാന്‍ ശ്രമിക്കുന്നത്. ആശയപരമായും സാമൂഹികപരമായും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കടമ സിനിമയിലൂടെ നിര്‍വ്വഹിക്കാന്‍ ശക്തമായി ശ്രമിച്ചത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്. ഒരു പുതിയ സംവിധായകനാണെന്ന പരിമിതികളെ പുറത്തു കാണിക്കാതെ ചെയ്ത കയ്യടക്കം കൊണ്ട് നാളെ ഈ പുതിയ സംവിധായകനില്‍ നിന്നും ശക്തമായ മറ്റെന്തെങ്കിലും പ്രതീക്ഷിക്കാമെന്ന് പ്രേക്ഷകര്‍ക്ക് തോന്നാനിടയുണ്ട്.
സമീപകാല ജയസൂര്യ ചിത്രങ്ങളെല്ലാം പ്രദര്‍ശന പരാജയം നേടിയ സ്ഥിതിക്ക് ഇപ്പോഴും ജയസൂര്യ വ്യക്തിപരമായി വലിയ നേട്ടങ്ങള്‍ കൊയ്യുന്നില്ല. നല്ലവന്‍ നല്ലവനായി ഓടി മറഞ്ഞതിനു ശേഷം ഇപ്പോഴെത്തുന്ന കോക്‌ടെയില്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു കോക്ക്‌ടെയില്‍ സമ്മാനിക്കാനാവാതെ വിഷമിക്കുകയാണ്. ഇനി താര രാജാക്കാരുടെ കൂട്ടായ്മയായി 'ഫോര്‍ ഫ്രണ്ട്‌സ്' മാത്രമാണ് ജയസൂര്യയുടെ സമീപ പ്രതീക്ഷ.
Comments (0)
Post a Comment