ഹീറോ

| Posted in | Posted on

0




മലയാളത്തിന്റെ ഹീറോ തീയറ്ററുകളില്‍ വന്നിട്ട് നാലഞ്ചു ദിവസം കഴിഞ്ഞു. എന്തായാലും വലിയ കോളിളക്കങ്ങള്‍ ഒന്നുമില്ലാതെ ഹീറോ മുമ്പോട്ട് ഓടിക്കൊണ്ടിരിക്കുകയാണ്. പൃഥ്‌വിരാജിനെ നായകനാക്കി, പുതിയമുഖം ഫെയിം ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹീറോ. 




സിനിമയ്ക്കുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ് സ്റ്റണ്ട് ജോലിക്കാര്‍, ഡ്യൂപ്പുകള്‍ എന്നിവര്‍. അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടത് എന്ന നിലയില്‍ ഈ ചിത്രം അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധിപേരുടെ കൂട്ടായ്മയാണ് ഒരു ചലച്ചിത്രം. അതിന്റെ ക്രഡിറ്റ് മുഴുവന്‍ താരങ്ങള്‍ വഹിച്ചുകൊണ്ടുപോവുന്ന പതിവ് കാഴ്ചയെയാണ് ദീപന്‍ ചിത്രത്തില്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. സിനിമയ്ക്കുള്ളിലെ സിനിമയായ ഈ ചിത്രം പ്രേക്ഷകരെ ഒരു പരിധിവരെ മാത്രമെ തൃപ്തിപ്പെടുത്തിയിട്ടുള്ളൂ.




ഗജിനി എന്ന ചിത്രത്തില്‍ അമീര്‍ഖാന്‍ ബോഡി 8 പാക്കാക്കി മാറ്റുന്നു. പക്ഷേ, ചിത്രത്തിലെ കഥാപാത്രത്തിന് അത് ആവശ്യമാണ്. ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട നായകന്‍ നിത്യവും ശക്തനായ തന്റെ ശത്രുവിന് വേണ്ടി സജ്ജമാവുന്നു. അത് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണ്. ഇതില്‍ പൃഥ്‌വിരാജ് എന്ന യുവനടന്റെ അസാമാന്യ ശാരീരിക ക്ഷമത മനപ്പൂര്‍വ്വം കാണിക്കാനും, അനാവശ്യമായി പൃഥ്‌വിരാജ് എന്ന നടനെ വെറുതെ 'ബില്‍ട്ട്പ്പ് ' ചെയ്യുവാനും ശ്രമിച്ച ചിത്രമായി ഹീറോ അധപ്പതിച്ചു.




ചിത്രത്തിലെ നായിക യാമി ഗൗതം ആണ്. അന്യഭാഷക്കാരിയായതിനാല്‍ പല ഡയലോഗുകളും കടിച്ചുപിടിച്ചാണ് അവര്‍ അഭിനയിച്ചരിക്കുന്നത്. മലയാളത്തിന്റെ ശ്രീനാരായണ ഗുരുവായ തലൈവാസല്‍ വിജയ്, ഈ ചിത്രത്തില്‍ സ്റ്റന്‍ഡ് മാസ്റ്ററായി വേഷമിടുന്നു. വളരെ നന്നായി അദ്ദേഹം തന്റെ കഥാപാത്രം അഭിനയിച്ചു ഫലിപ്പിച്ചു. പതിവ് ആന്റീ ഹീറോ കഥാപാത്രം, ക്ലീഷേ കലര്‍ന്ന കഥാപാത്രമായി ശ്രീകാന്ത് അഭിനയിച്ചു. പൃഥ്‌വിരാജിന്റെ തമിഴ് സിനിമാ ബന്ധം ഇതിലൂടെ ഒന്നുകൂടെ ബോധ്യപ്പെടുന്നു. ഒപ്പം ഏറെ താമസിയാതെ ശ്രീകാന്തും-പൃഥ്‌വിരാജും കോമ്പിനേഷനില്‍ ഒരു തമിഴ് പടവും!




അനൂപ് സ്ഥിരം പാറ്റേണില്‍ ഒരു സംവിധായകന്‍ കഥാപാത്രം. അനൂപിന് തനിക്ക് ഈ ഫ്രയിമിലുള്ള കഥാപാത്രങ്ങളെ ചെയ്യുവാന്‍ ഒക്കുകയുള്ളൂ എന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടതുപോലെ തോന്നിക്കുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ സെറ്റിട്ട് ചെയ്തത് ഭംഗിയായില്ല. മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതുപോലെ തോന്നിക്കുന്നു. ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ഗോപീ സുന്ദറാണ്. പതിവുപോലെ തന്നെ, തനിക്ക് പറ്റാവുന്ന പരമാവധി കാര്യങ്ങള്‍ ഗോപി ചെയ്തിരിക്കുന്നു.





ചിത്രത്തില്‍ പൃഥ്‌വിരാജ് ഒരു ഗാനം പാടിയിരിക്കുന്നു. വളരെ നിലവാരം കുറഞ്ഞ ഒരു ഗാനമായി അതിനെ വിശേഷിപ്പിക്കാം. പുതീയമുഖത്തില്‍ ടൈറ്റില്‍ സോങ് പാടിയതും, ചിത്രത്തിന്റെ അതേ മെമ്പേഴ്‌സിനെ ണൗചിത്രത്തില്‍ ഉള്‍പ്പെടുത്തിയതും മറ്റൊരു പുതീയമുഖം ഹിറ്റ് പ്രതീക്ഷിച്ചായിരിക്കും.പക്ഷേ, അത്തരത്തില്‍ ഒരു വലീയ ഹിറ്റ് 'ഹീറോ' സമ്മാനിക്കുമോ എന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

മഞ്ചാടിക്കുരു

| Posted in | Posted on

0




അഞ്ച് വര്‍ഷം മുന്‍പ് അഞ്ചലി മേനോന്‍ എന്ന യുവ സംവിധായിക നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മഞ്ചാടിക്കുരു. ഒരുപാട് ദേശീയ അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുകയും, സമ്മാനങ്ങള്‍ നേടുകയും ചെയ്ത ചിത്രം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ മുന്‍പിലെത്തിയിരിക്കുന്നു. പക്ഷേ, തികഞ്ഞ നിരാശയാണ് സിനിമാ പ്രേമികള്‍ക്ക് ചിത്രത്തിലൂടെ ലഭിക്കുന്നത്.




സാധാരണ സിനിമയില്‍ നിന്ന് വേറിട്ട് ഒന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നതാണ് ശരി. പഴഞ്ചന്‍ കഥ തന്നെ വീണ്ടും അഞ്ചലി പറയാന്‍ ശ്രമിച്ചിരിക്കുന്നു. കേരള കഫേ എന്ന ചിത്രത്തില്‍ 'ഹാപ്പി ജേര്‍ണി' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ചിന്താഗതികളെ ഉണര്‍ത്തിയ അഞ്ജലിമേനോന്റെ ഒരു രചനാ പാടവും ഈ ചിത്രത്തില്‍ കണ്ടില്ല എന്നത് വളരെ പരിതാപകരമാണ്. ഒരു നായര്‍ തറവാട് അച്ഛന്റെ മരണത്തോടെ പങ്കുവയ്ക്കാന്‍ ധൃതിപ്പെടുന്ന മക്കളും ഇതിനിടയില്‍ ഒരു നോക്കുകുത്തിപോലുള്ള മുത്തശ്ശിയുമാണ് ഇതിവൃത്തം.



ചിത്രത്തില്‍ ചുരുങ്ങിയത് 30 ഓളം കഥാപാത്രങ്ങള്‍. എല്ലാം ഒരു വീട്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. കാണുന്ന പ്രേക്ഷകന് ഏതുകഥാപാത്രമാണ്, അയാള്‍ ഈ തറവാട്ടിലെ ആരാണ് എന്നൊന്നും മനസ്സിലാവുന്നില്ല. ഈ തറവാട്ടിലെ വിക്കി എന്നു പറയുന്ന കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടില്‍ (നെരേഷന്‍-പൃഥ്‌വിരാജ്) ചിത്രം മുന്‍പോട്ടു പോവുന്നു. ഒരു നരേഷനില്‍ കഥപറയുന്ന രീതിയൊക്കെ കഴിഞ്ഞ് കാലം എത്രയോ മുമ്പോട്ടു പോയിരിക്കുന്നു. ഇപ്പോഴും അഞ്ചലി ഇത്തരത്തിലുള്ള ഒരു രീതി അവലംബിച്ചത് എന്തര്‍ഥത്തിലാണ് എന്നറിയില്ല. വെറും നൊസ്റ്റാള്‍ജിയ പാക്കറ്റ് എന്നത് മാത്രമാണോ അവര്‍ ഉദ്ദേശിച്ചത്?

ചിത്രത്തിന്റെ ആദ്യമധ്യാന്തം പ്രത്യേകിച്ച് കഥയൊന്നുമില്ല. എന്നാല്‍ മറ്റേതെങ്കിലും വികാരം ജനിപ്പിക്കുന്നുവോ...അതുമില്ല. കുറെ കഥാപാത്രങ്ങള്‍ എന്തൊക്കയോ ചെയ്തു പോവുന്നു. പാവം, മുരളി, തിലകന്‍ തുടങ്ങിയ അഭിനയ ചക്രവര്‍ത്തിമാര്‍ക്ക് 'ഡെഡ്' ക്യാറക്ടറുകളാണ്. അവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ അഞ്ചലിക്ക് സാധിച്ചിട്ടില്ല എന്നതും ചിത്രത്തിലെ പരാജയമാണ്.


എന്തായാലും അനേകം ഫെസ്റ്റിവലുകളില പോവുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്ത മഞ്ചാടിക്കുരു, തീരെ നിലവാരം പുലര്‍ത്തിയില്ലെന്ന് വേണം പറയാന്‍. സാധാരണ ഒരു ചിത്രം എന്നതില്‍ കവിഞ്ഞ്, അസാമാന്യ ഡയറക്ഷന്‍ പാടവമോ, കഥാതന്തുവോ, സാമൂഹിക പുനരുദ്ധാരണമോ...ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. ഒന്നുണ്ട്,...എ. അഞ്ചലിമേനോന്‍ ഫിലിം....


ഡയമണ്ട് നെക്‌ലേസ്

| Posted in | Posted on

0



ലാല്‍ജോസും പി.വി. പ്രദീപും ചേര്‍ന്നവതരിപ്പിച്ച ഡയമണ്ട് നെക്‌ലേസ് തീയറ്ററുകളില്‍ സാമാന്യം നല്ല അഭിപ്രായത്തോടെ ഓടുന്നു. സാധാരണ പതിവ് ശൈലിയില്‍ നിന്നും വേറിട്ട്, തനതായ ന്യൂ ജനറേഷന്‍ രീതിയിലേക്കുള്ള ലാല്‍ജോസ് എന്ന സംവിധായകന്റെ കന്നിപ്രവേശമായി ഈ ചിത്രത്തെ നമുക്ക് വിലയിരുത്താം. അതിനു വേണ്ടിയാവണം സമീര്‍ താഹിര്‍ എന്ന ന്യൂ ജനറേഷന്‍ ക്യാമറമാനെ ലാല്‍ജോസ് കൂട്ടുപിടിച്ചത് എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.



പൂര്‍ണ്ണമായും ദുബായി കേന്ദ്രീകരിച്ച് ചിത്രീകരിച്ച, ഡയമണ്ട് നെക്‌ലേസില്‍ ഫഹദ് ഫാസില്‍ ഒരിക്കല്‍ക്കൂടി തന്റെ ടിപ്പിക്കല്‍ ക്യാറക്ടറില്‍ തിളങ്ങി നിന്നു എന്നത് വസ്തവമാണ്. ഒട്ടും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങുകള്‍ ഇല്ലാത്ത ഒരു ഡോക്ടറെയാണ് ഫഹദ് ജീവന്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട് അദ്ദേഹം അതു നന്നായി ചെയ്തു. 


ചിത്രത്തില്‍ ഫഹദിനെകൂടാതെ സംവൃത സുനില്‍ ഒരു പ്രധാന കഥാപാത്രമായി മാറുന്നു. മായ എന്ന ഒരു മോഡേല്‍ ഫാഷന്‍ ഡിസൈനായി സംവൃത നാന്നായി ചെയ്തിരിക്കുന്നു. അതുകൂടെ തമിഴ് നടിയായ ഗൗതമി നായര്‍ ചിത്രത്തിലെ കുറേ ഭാഗത്ത് ഹീറോയിന്‍ ആവുന്നു.


ചിത്രത്തില്‍ അനുശ്രീ എന്ന കഥാപാത്രം ചെയ്ത രാജശ്രീ വളരെ നന്നായി തന്റെ കഥാപാത്രത്തെ ചെയ്തു എന്നത് എടുത്തു പറയേണ്ടുന്ന ഘടകമാണ്. ഒന്നു ശ്രമിച്ചാല്‍ മലയാളത്തില്‍ മുന്‍നിര ശാലീന നായികമാരുടെ ഗണത്തിലേക്ക് രാജശ്രീ കയറി വന്നേക്കാം. ചിത്രത്തില്‍ ശ്രീനിവാസന്‍ വെറുതെ ഒരു കഥാപാത്രമായി നില്‍ക്കുന്നു. ക്ലൈമാക്‌സ് സീനില്‍ നമ്മുടെ പ്രധാന കഥാപാത്രത്തിനെ അവിശ്വനീയമാം വിധം സഹായിക്കാന്‍ ഒരുമ്പിട്ട ആ കഥാപാത്രം വലീയ കോണ്‍ട്രിബ്യൂഷനൊന്നുമില്ലാതെ പോയി.



മണിയന്‍പിള്ളരാജു, ജഗതിശ്രീകുമാര്‍, ഗുരുവായൂര്‍ ശിവജി, മൊയ്തീന്‍കോയ, മിഥുന്‍ രമേഷ് തുടങ്ങിയ നിരവധി മറ്റു കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ എഴുത്തുപുര കയ്യടിക്കിയിരിക്കുന്നത്. നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ഇക്ബാലിന്റെ മറ്റൊരു ചിത്രമാണ് ഡയമണ്ട് നെക്‌ലേസ്. വിദ്യാസാഗറിന്റെ മനോഹരമായ ഒന്നുരണ്ടു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.



ചിത്രത്തിന്റെ സൂപ്പര്‍ ക്ലൈമാക്‌സ് ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തന്റെ പ്രിയതമന് വേണ്ടി കോടി വിലയുള്ള ഡയയമണ്ട് നെക്‌ലേസ് വലിച്ചെറിയാന്‍ ഒരിക്കലും തികച്ചും സാധാരണക്കാരിയായ വീട്ടമ്മ തയ്യാറാവില്ല. ഏറിവന്നാല്‍ അതൂരി കയ്യില്‍ കൊടുക്കുമായിരിക്കും. ഇതിപ്പോള്‍ കടന്ന കയ്യായിപ്പോയി. പോരാത്തതിന് ചില ഭാഗങ്ങളില്‍ ജോയ് ആലുക്കാസിന്റെ പരസ്യമായി ചിത്രം കൂപ്പുകുത്തി. ലാല്‍ജോസ് എന്ന മുന്‍നിര സംവിധായകന്‍ ഇത്തരത്തില്‍ നിലവാരത്താഴ്ചയിലേക്ക് എത്തിയെന്നുപോലും പ്രതീക്ഷിക്കുവാനാകുന്നില്ല.




ഗ്രാന്റ്മാസ്റ്റര്‍

| Posted in | Posted on

0




എതിര്‍ കളിക്കാരന്റെ അടുത്ത അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് കളിക്കുന്നവനാണ് ഗ്രാന്റ്മാസ്റ്റര്‍. സിനിമയില്‍ ഈ ഡയലോഗ് ഉള്‍പ്പെട്ടിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ യു.ടി.വി മോഷന്‍ കമ്പനിക്ക് വേണ്ടി അണിയിച്ചൊരുക്കിയ ഗ്രാന്റ്മാസ്റ്റര്‍ തീയറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്നു.




എടുത്തു പറയത്തക്കതായ സവിശേഷതകള്‍ ഒന്നും ഗ്രാന്റ് മാസ്റ്ററിന് അവകാശപ്പെടാനില്ല. മറിച്ച് റോണി സ്‌ക്രൂവാലയുടെ പെട്ടിയിലേക്ക് ബിസിനസ്സ് കാശ് വന്നു വീഴുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം. പക്ഷേ, ചിത്രം സാമാന്യം നല്ല രീതിയില്‍ പോകുന്നുവെന്നാണ് കേള്‍വി.




വളരെ നല്ല രീതിയില്‍ ചെയ്ത ഒരു ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. സംഗതി ഒരു കുറ്റാന്വേഷണ ചിത്രമാണെങ്കിലും അനാവശ്യ ബഹളങ്ങളോ കാണിച്ചുകൂട്ടലുകളോ, ഏച്ചുകൂട്ടലുകളോ ഒന്നുമില്ലാതെ, ഒരു ഒഴുക്കന്‍ മട്ടില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പേ വന്‍ പ്രതീക്ഷകള്‍ പ്രേക്ഷകന് നല്‍കാതിരുന്നതും ഈ ചിത്രത്തിന് സാമാന്യം കുഴപ്പമില്ലാത്ത കുറ്റാന്വേഷണ ചിത്രമെന്ന ഖ്യാതി നേടിക്കൊടുക്കുവാനായി.




മോഹന്‍ലാലിന് പുറമെ നരേന്‍ ശക്തമായ ഒരു പോലീസ് ഓഫീസറായി ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പമുണ്ട്. കുറച്ചു കാലത്തിന് ശേഷം നരേന്‍ ചെയ്ത ആ കഥാപാത്രം വളരെ ഭംഗിയായി അദ്ദേഹം ചെയ്തു എന്നു വേണമെങ്കില്‍ പറയാം. അനൂപ് മേനോന്‍ തന്റെ സ്ഥിരം ശൈലി കഥാപാത്രത്തില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ലാത്ത ഒരു ഡോക്ടര്‍ കഥാപാത്രത്തിലേക്കും, സ്ത്രീ സൗഹൃദങ്ങളുമായി കഴിഞ്ഞുപോവുന്ന ചോക്ലേറ്റ് കഥാപാത്രമായി. ജഗതി, റോമ, മിത്ര കുര്യന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു.




ഏറെക്കാലത്തിനു ശേഷം ബാബു ആന്റണി ഇതില്‍ മികച്ചൊരു കഥാപാത്രമായി തിരിച്ചു വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ തനി ക്ലീഷേ കഥാപാത്രങ്ങളില്‍ നിന്നും കുറച്ച് വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ബാബു ആന്റണി ചെയ്തിരിക്കുന്നത്. വില്ലന്‍ കഥാപാത്രമാണെങ്കിലും, അതില്‍ കഥാപാത്രത്തിന്റെ പ്രത്യേക പാറ്റേണിലുള്ള വളര്‍ച്ചയാണ് കഥയെ മുന്നോട് നയിക്കുന്നത്. സസ്പന്‍സ് ചിത്രമാണെങ്കിലും പ്രേക്ഷകനെ ഉദ്യോഗജനകമായ മുള്‍മുനയിലൊന്നും ഇത് കൊണ്ടെത്തിക്കുന്നില്ല. എങ്കിലും പ്രേക്ഷകന് മടുപ്പില്ലാതെ കണ്ടിരിക്കാം.


വിനോദ് ഇല്ലമ്പള്ളിയുടെ നല്ല ഛായാഗ്രാഹണം ചിത്രത്തിന് മിഴിവേകി. മനോജ് എഡിറ്റിങ് നിര്‍വ്വഹിച്ച് ചിത്രം മാകസ്് ലാബാണ് വിതരണം ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റെ നല്ല ഒന്നു രണ്ട് ഗാനശകലങ്ങള്‍ ചിത്രത്തിലുള്ള. വളരെ മികച്ചു നില്‍ക്കുന്ന പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.

മല്ലൂസിംഗ്

| Posted in | Posted on

1



വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ 'ബല്ലേ ബല്ലേ ' പറയുവാന്‍ തുടങ്ങി. പക്ഷേ, മുന്‍ ചിത്രങ്ങളുടെ നിലവാരം വൈശാഖിന് ഈ ചിത്രത്തില്‍ നിലനിര്‍ത്തുവാനായില്ല എന്നത് മറ്റൊരു സത്യമാണ്. 

തത്‌സമയം ഒരു പെണ്‍കുട്ടി എന്ന ഒറ്റ ചിത്രത്തിലെ പെര്‍ഫോമന്‍സുകൊണ്ടു തന്നെ ഉണ്ണിമുകുന്ദന്‍ മലയാളത്തിലെ മികച്ച നടനായി മാറിയേക്കും എന്ന് പലരും കണക്കുകള്‍ കൂട്ടി. എന്നാല്‍ പൃഥ്‌വിരാജിനെ നായകനാക്കി പൂജവരെ നടത്തിയ മല്ലുസിങ്, പൃഥ്‌വിരാജ് പിന്മാറിയതിനെ തുടര്‍ന്ന് വൈശാഖ് ആ റോളിലേക്ക് ഉണ്ണിമുകുന്ദനെ കാസ്റ്റു ചെയ്യുകയായിരുന്നു. വാസ്തവത്തില്‍ പൃഥ്‌വിരാജിന് വൈശാഖ് നല്‍കിയ ഏറ്റവും നല്ല 'പാര' യാണ് ഉണ്ണിമുകുന്ദന്‍. തീയറ്ററുകളിലെ കൈയ്യടികളില്‍ മലയാളത്തില്‍, പൃഥ്‌വരാജിനേക്കാള്‍ എടുപ്പും ഗാംഭീര്യവുമുള്ള ഹീറോയായി ഉണ്ണിമുകുന്ദന്‍ വളരുന്നു എന്ന തെളിവാണ് 'മല്ലുസിങ്'


വന്‍താര നിരകളുടെ സജീവ സാന്നിധ്യമാണ് 'മല്ലുസിംഗ്'. ബോബന്‍ കുഞ്ചാക്കോ, ബിജുമേനോന്‍, മനോജ് കെ ജയന്‍, ഉണ്ണിമുകുന്ദന്‍, സിദ്ധിഖ്, സായ്കുമാര്‍, സുരേഷ്‌കൃഷ്ണ, മീരനന്ദന്‍, സംവൃതാസുനില്‍, ഗീത അങ്ങിനെ പോവുന്നു താരങ്ങളുടെ നീണ്ട നിര. ഷാജിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. പഞ്ചാബും പരിസരവും മനോഹരമായി ചിത്രീകരിക്കുന്നതില്‍ ഷാജി വിജയിച്ചു എന്നതും മറ്റൊരു സത്യമാണ്. കനല്‍കണ്ണന്റെ സ്റ്റന്‍ഡ് എടുത്തു പറയേണ്ടുന്ന ഘടകമാണ്. പൃഥ്‌വിരാജിനെ മുന്‍നിര്‍ത്തി, പരമാവധി മല്ലുസിംഗ് എന്ന കഥാപാത്രത്തിനെ ബില്‍ട്ടപ് ചെയ്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അത് വളരെ മനോഹരമായി ഉണ്ണി ചെയ്തു എന്നതും വാസ്തവമാണ്. 


ചിത്രത്തില്‍ ബോബന്‍ കുഞ്ചാക്കോ തുല്ല്യമായ ഒരു കഥാപാത്രം ചെയ്യുന്നു. നാടന്‍ കഥാപാത്രങ്ങളോട് സമീപകാലങ്ങളില്‍ കുഞ്ചാക്കോ നടത്തിയ അഭിനിവേശം ഇപ്പോഴും തുടരുന്നു എന്നു പറയുകയാവും ഭേദം. എങ്കിലും ഒരു നടന്‍ എന്ന നിലയില്‍ കുഞ്ചാക്കോ കുറച്ചുകൂടെ ഭേദപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. എങ്കിലും പലപ്പോഴും കഥാപാത്രം ചില സന്ദര്‍ഭങ്ങളില്‍ അവിടെയും ഇവിടെയുമൊക്കെയായി മുഴച്ചു നില്‍ക്കുന്നതായി തോന്നുന്നു. പതിവുപോലെ ബിജുമേനോന്‍ തന്റെ കഥാപാത്രത്തെ കഴിയുന്നത്ര മിഴുവുള്ളതാക്കി. പക്ഷേ, മനോജ് കെ ജയന്‍ താന്‍ ചെയ്ത കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. 


യുവത്വം നിറഞ്ഞു നിന്ന സിനിമയായതുകൊണ്ടാവാം നല്ല കൊറിയോഗ്രാഫിയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ സച്ചിയുടെതാണ്. സാമാന്യം സാധാരണ നിലവാരം മാത്രമെ മല്ലുസിംഗിനുള്ളൂ. വന്‍പ്രതീക്ഷകള്‍ നല്‍കിയ ഈ ചിത്രവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല എന്നാണ് അറിവ്.