കാസനോവ

| Posted in | Posted on

5




പ്രണയിച്ച് കൊതിതീരാത്ത നിത്യഹരിത കാമുകന്‍. ലോകത്തിന്‍റെ ഏതുകോണിലിരുന്നാലും എവിടെ ചെന്നാലും സുന്ദരികള്‍ ഈയാംപാറ്റകളെപ്പോലെ കാസനോവയെ തേടിയെത്തും. കാസനോവയുടെ 405 നമ്പര്‍ സ്യൂട്ടില്‍ 'ലോകത്തെ ഏറ്റവും നല്ല കോഫി' അല്ലെങ്കില്‍ കാസി പറയുന്നതുപോലെ ബെസ്റ്റ് കോഫി ഇന്‍ ദ വേള്‍ഡ് സ്വന്തമാക്കിപോവാത്ത സുന്ദരിമാര്‍ വിരളം. പക്ഷേ, അത് മോഹന്‍ലാലിനെപ്പോലെ മുതുക്കിഴവന്‍ ചെയ്യുമ്പോഴാണ് അസഹ്യമായിപോവുന്നത്.




കഷ്ടം. ബോബി-സഞ്ജയ് ടീം. മലയാളത്തിലെ പേരെടുത്തു പറയാവുന്ന അത്യാവശ്യം കൊള്ളാവുന്ന സിനിമകള്‍ എഴുതി പേരെടുത്തവര്‍ ...ട്രാഫിക്, നോട്ട്ബുക്ക്.... അങ്ങിനെ പലതും. പക്ഷേ, ഇത്തവണ പണിപാളി. ഒരു പടുകിഴവന്‍ തൊലിവെളുത്ത പത്തും പതിനെട്ടും പ്രായമുള്ള പെമ്പിള്ളാരുടെ കൂടെ കൂത്താടുന്നത് കാണാന്‍ നമ്മള്‍ തീയറ്ററില്‍ പോണോ? വല്ല പോണ്‍വീഡിയോ എടുത്ത് കണ്ടാല്‍ കുറച്ചൂടെ ഡീറ്റേയ്ല്‍ഡായി കാണാം. അപ്പോള്‍ അതല്ലെ കുറച്ചൂടെ നല്ലത്?


സിനിമയില്‍ വ്യക്തമായ ഒരു കഥയില്ല. വളരെ സംഭവമാണെന്ന് തോന്നിക്കും വിധത്തില്‍ ആദ്യപകുതിയില്‍ എന്തൊക്കയോ കാണിക്കുന്നു. ഒരു ഡോണിനെപ്പോലെ ലോകത്ത് പൂക്കള്‍ വിറ്റ് ബിസിനസ്സ് നടത്തുന്ന കാസനോവ എത്തുന്നത്. എന്നാല്‍ വളരെ ദുര്‍ബലമായ ഒരു കഥയായിപ്പോയി. കുറച്ചു പുതിയ സുന്ദരിമാരുടെ കയ്യുംകാലുമല്ലാതെ മറ്റൊന്നും പുതുമയായി തോന്നിയില്ല.




മലയാളത്തിലെ സൂപ്പര്‍ഹിറ്റായി 'ഉദയനാണ് താര'ത്തിലൂടെയാണ് റോഷന്‍ കടന്നുവന്നത്. പിന്നീട് ചെയ്ത നോട്ട്ബുക്ക് കേരളത്തിലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി, തുടര്‍ന്ന് ചെയ്ത 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന സിനിമയും മികച്ച ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡും നേടി. ഇതിപ്പോള്‍ കാസനോവയ്ക്ക് എന്തവാര്‍ഡാണ് കൊടുക്കേണ്ടത് എന്ന് പൊതുജനം ആലോചിക്കുന്നു. ചിലപ്പോള്‍ നേരില്‍ കണ്ടാല്‍ ജനം പ്രതികരിച്ചേക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് ഇറങ്ങിയ ചിത്രമെന്ന് അവകാശപ്പെടുന്നു. ബജറ്റ് കോടികളോ, അഞ്ചുരൂപയോ ആവട്ടെ, പ്രേക്ഷകന്‍ ആവശ്യപ്പെടുന്നത് പരിപൂര്‍ണ്ണമായ വിനോദമാണ്. അത് ലഭിക്കാത്തിടത്തോളം വിജയം വിദൂരമായിരിക്കും. കോടികള്‍ ചെലവഴിച്ചെന്നു കരുതി എങ്ങിനെ ഒരു സിനിമ നന്നാവും?




സിനിമ ഷൂട്ടിങ് തുടങ്ങിയിട്ടുതന്നെ മൂന്നു വര്‍ഷത്തോളമായി. ഇതിനിടെ മലയാള പ്രേക്ഷകര്‍ അറിയാത്ത കുറെ കഥകള്‍ 'കാസനോവ'യിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ വെറും ഗോസിപ്പാവാനും സാധ്യതയുണ്ട്. അതില്‍ പ്രധാനം, ഒന്ന് മോഹന്‍ലാല്‍ ഏതോ ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായെന്നും, അവള്‍ പിന്നീട് അതിന്‍റെ വീഡിയോ കാണിച്ച് കോടികള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്ത് നേടിയെന്നുമായിരുന്നു വാര്‍ത്ത. ചിലപ്പോള്‍ ഭാവിയില്‍ ആ വീഡിയോകള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ്‌വഴി ലഭ്യമായേക്കും. പിന്നീട് നടന്നത് അനുവാദമില്ലാതെ ഒരു ദ്വീപില്‍ കാസനോവ ഗ്രൂപ്പ് ഷൂട്ടിങ് ചെയ്തു. എല്ലാവരേയും അവിടത്തെ പോലീസ് പിടിച്ച് ജയിലിലും ഇട്ടു. തുടര്‍ന്ന് പാവം പ്രൊഡ്യൂസര്‍ ഡോ.സി.ജെ.ജോയ് കോടിക്കണക്കിന് രൂപ എറിഞ്ഞാണത്രെ അവരെയൊക്കെ ഭൂമിയിലിറക്കിയത്. കഷ്ടം! ഇങ്ങനെയൊക്കെയാണോ ഒരു സിനിമ നിര്‍മ്മിക്കേണ്ടത്...?




എന്തൊക്കയാണെങ്കിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആദ്യദിവസം മാത്രമെ തങ്ങള്‍ക്ക് കാശ് വാരാന്‍ പറ്റുള്ളുവെന്ന സത്യം മനസ്സിലാക്കി. 202 തീയറ്ററുകളില്‍ റിലീസ് ചെയ്തു. ആദ്യദിവസം പരമാവധി ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് ഇടിച്ചു കയറിപ്പിച്ച് ഒരു ഓളമുണ്ടാക്കി. പക്ഷേ, അതുകൊണ്ടൊന്നും കാസിനോവ നിന്നില്ല.




 കം ഫാള്‍ ഇന്‍ ലവ് എന്നു പറയുന്നു....പക്ഷേ, ആ സിനിമ കാണുമ്പോള്‍ നമുക്ക് പ്രണയത്തിന്‍റെ ഒരു വശവും ഫീല്‍ ചെയ്യുന്നില്ല....മലയാള സിനിമയെ വ്യഭിചരിക്കാന്‍ കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകരായ നമുക്ക് എന്തുചെയ്യാനൊക്കും?



സ്പാനിഷ് മസാല

| Posted in | Posted on

0




ലാല്‍ജോസ്-ദിലീപ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി. സ്‌പെയിന്‍ എന്ന രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകന് പുതിയ സ്ഥലങ്ങള്‍ കാണുന്നതിന് ഉപകരിച്ചു എന്നതില്‍ കവിഞ്ഞ് വലിയ നേട്ടങ്ങളൊന്നും  നല്‍കിയില്ല എന്നതാണ് വാസ്തവം. ചിത്രം പൊതുവെ ഒരു പരാജയചിത്രമായാണ് സംസാരിക്കപ്പെടുന്നത്.




ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്പാനിഷ് മസാല എന്ന ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ ഒരു ആവറേജ് ചിത്രം എന്നതിലുപരി ചിത്രത്തിന് എടുത്തുപറയത്തക്ക സവിശേഷതകള്‍ ഒന്നും തന്നെയില്ല. വളരെ ദുര്‍ബലമായ ഒരു കഥയും പശ്ചാത്തലവുമാണ്. 




സാഹചര്യം മാറുന്നുവെന്നതും, ദിലീപിന്‍റെ പതിവ് പെര്‍ഫോമന്‍സും പ്രേക്ഷകനെ മുഷിപ്പിക്കാതെ കുറച്ചു നേരം പിടിച്ചിരുത്തുന്നു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം പരാജയമാണെന്നു പറയാം. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലം ആണ്. വളരെ ദുര്‍ബലമായ ഒരു കഥയും തിരക്കഥയുമാണ് നശിപ്പിച്ചതെന്നതില്‍ മറ്റൊരു തര്‍ക്കമില്ല.




ചിത്രത്തിന് സവിശേഷത എന്നു പറയാനുള്ളത് ഒരു സ്പാനിഷ് സുന്ദരി കുഞ്ചാക്കോ ബോബനും ദിലീപിനും നായികയായി വന്നു എന്നത് മാത്രമാണ്. അറബിക്കഥയില്‍ ലാല്‍ജോസ് ഒരു ചൈനക്കാരിയെ ഉപയോഗിച്ചപ്പോള്‍ ചിത്രം വന്‍ഹിറ്റായി. പക്ഷേ, ഇത്തവണ സ്‌പെയിന്‍ സുന്ദരി ഡാനിയേല സാച്ചേരി ലാല്‍ജോസിന്‍റെ രാശിയല്ലെന്ന് വേണം പറയാന്‍. കുഞ്ചാക്കോ ബോബന്‍ ഒരു വില്ലന്‍ സ്വഭാവമുള്ള റോള്‍ എടുത്തു എന്നതും ഇതിന്‍റെ സവിശേഷതയാണ്. പക്ഷേ, തടിച്ച് വയറ് ചാടിയ ചാക്കോച്ചന്‍ മോഹന്‍ലാലിന് പഠിക്കുകയാണോ എന്നു തോന്നിപ്പോവും.




നൗഷാദ് എന്ന ഒരു കാറ്ററിങ് പ്രൊഡ്യൂസറാണ് ചിത്രത്തിന്‍റെ നെടുന്തൂണ്‍. അദ്ദേഹത്തിന്‍റെ കീശയുടെ സ്ഥിതി, സിനിമയ്ക്ക് ശേഷം എന്താവും എന്ന് കണ്ടുതന്നെ അറിയണം.




 ബിജുമേനോന്‍ ചിത്രത്തില്‍ പേരിനു മാത്രമുള്ള ഒരു കഥാപാത്രമാണ്. വിദ്യാസാഗറിന്‍റെ ഒന്നു രണ്ട് ഗാനങ്ങള്‍ കുഴപ്പമില്ലെന്ന് പറയാം. പക്ഷേ, ഹിറ്റാകുമോ എന്ന് കണ്ടുതന്നെ അറിയണം. എന്തുതന്നെയായാലും ഇത്തവണത്തെ ലാല്‍ജോസ്-ദിലീപ്-ചാക്കോച്ചന്‍ ടീം ജനങ്ങളെ നിരാശരാക്കി.

പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍

| Posted in | Posted on

3




ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ  രണ്ടാം പതിപ്പായി ഈ ചിത്രം വരുന്നു എന്നറിഞ്ഞതുമുതല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളായിരുന്നു. കാരണം, സൂപ്പര്‍സ്റ്റാറായ 'സരോജ്കുമാറും' ഉദയനും തകര്‍ത്തഭിനയിച്ച ഉദയനാണ് താരം അക്കാലത്തെ വന്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. പക്ഷേ, എല്ലാതവണയും ചക്ക വീണ് മുയല്‍ ചാവില്ലെന്ന് ശ്രീനിവാസന്‍ ഓര്‍ത്തില്ല. ഇത്തവണ ചക്ക വീണ് ചത്തുപോയത് പാവം സജിന്‍ രാഘവന്‍ എന്ന പുതുമുഖ സംവിധായകനാണ്. 




ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നനാണെന്ന വിശേഷണമുള്ള ശ്രീനിവാസന്‍ തന്നെയാണ്. പക്ഷേ, ഇത്തവണ ശ്രീനിവാസന്‍ പ്രേക്ഷകനെ വല്ലാതെ പരീക്ഷിച്ചു കളഞ്ഞു. ചിത്രത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും, മമ്മൂട്ടിയേയും, ദിലീപിനെയുമൊക്കെ പരിഹസിക്കുന്ന രംഗങ്ങള്‍ ചേര്‍ത്താല്‍ ആളുകള്‍ ആഞ്ഞ് കയ്യടിക്കുമെന്ന് പാവം ശ്രീനിവാസന്‍ കരുതിക്കാണും. ചിത്രത്തിന്‍റെ പല രംഗങ്ങളും വെറും കോമാളിത്തരമായാണ് പ്രേക്ഷകന്‍ കണ്ടിരുന്നത്. പല ഹാസ്യരംഗത്തും തീയറ്ററുകളില്‍ 'പിന്‍ഡ്രോപ്'  സൈലന്‍സ്! 




ഇതിലും നിസാരമായ ചില ഡയലോഗ് സീനുകളില്‍ പല പടത്തിലും ആളുകള്‍ ആര്‍ത്തു ചിരിച്ചില്ലെങ്കിലും ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കുന്നത് കാണാനാവുന്നുണ്ടായിരുന്നു. പക്ഷേ, സരോജ്കുമാര്‍ തിരിച്ചാണ് തിയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചത്. മംതമോഹന്‍ദാസ് എന്ന സാമാന്യം കഴിവുള്ള നടി, എപ്പോഴും പരിഹസിക്കുന്ന ഒരു ഭാര്യയായി ചിത്രത്തില്‍ വേഷമിടുന്നു. വാസ്തവത്തില്‍ ഒരു ഡെഡ് കഥാപാത്രം. അതില്‍ കവിഞ്ഞ് ഒന്നും ആ നടിക്ക് സിനിമയില്‍ ചെയ്യാനില്ല.




 സുരാജ് വെഞ്ഞാറമൂട് ആദ്യ ചിത്രത്തില്‍ ജഗതിശ്രീകുമാര്‍ ഏറ്റടെുത്ത പച്ചാളം ഭാസിയെപ്പോലുള്ള ഒരു ഫാന്‍സ് അസോസിയേഷന്‍ നേതാവായി സരോജ്കുമാറിനൊപ്പം നടക്കുന്നു. സുരാജിനെ കണ്ടതുകൊണ്ടു മാത്രം പ്രേക്ഷകര്‍ ചിരിക്കില്ലെന്ന് ശ്രീനിവാസന്‍ എന്തെ തിരിച്ചറിഞ്ഞില്ല? സുരാജ് ചെയ്ത സിനിമകളില്‍ ഏറ്റവും മോശമായ പ്രകടനമാണ് സരോജ്കുമാറില്‍.. ....പതിവു ചേരുവകളായ മുകേഷ്, തുടങ്ങിയ താര നിരയുമുണ്ട്. 




വിനീത് ശ്രീനിവാസന്‍ ഒരു പുതുമുഖ നടന്‍റെ റോള്‍ ഏറ്റെടുത്ത് അഭിനയിക്കുന്നു. എന്നാല്‍ ആ കഥാപാത്രത്തിനെ അഭിനയിച്ച് വിജയിപ്പിക്കാന്‍ വിനീതിനായില്ല. പലപ്പോഴും പല രംഗങ്ങളും മുഴച്ചു നില്‍ക്കുന്നതായി തോന്നി. ഉദയനാണ് താരത്തില്‍ ചുരുങ്ങിയ പക്ഷം നല്ല ഗാനങ്ങളും നല്ലൊരു കഥാതന്തുവും അതിലേറെ മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ നല്ല അഭിനയവും ഒത്തു വന്നപ്പോഴാണ് സൂപ്പര്‍ ഹിറ്റായി മാറിയത്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ കാതലില്ലാത്ത ഒരു പൊള്ളയായ മരം പോലെ തോന്നിപ്പിച്ചു. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വൈശാഖ മൂവീസിന് എന്തായാലും ഒരു തകര്‍പ്പന്‍ അടിയാവും സരോജ്കുമാര്‍ സമ്മാനിക്കുക....

അസുരവിത്ത്

| Posted in | Posted on

2




എ.കെ.സാജന്‍റെ അസുരവിത്ത് മലയാള സിനിമയില്‍ ഒരു അസുരവിത്തായി നിലകൊള്ളുന്നു. സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിന് ശേഷം എ.കെ. സാജന്‍ അണിയിച്ചൊരുക്കിയ സമ്പൂര്‍ണ്ണ ത്രില്ലര്‍ ചിത്രമാണ് അസുരവിത്ത്.  പക്ഷേ, മലയാളികള്‍ക്ക് പൂര്‍ണമായും ഈ ചിത്രത്തിനെ ഉള്‍ക്കൊള്ളാനായില്ലെന്നാണ് സംസാരം. ചിത്രം കണ്ടു പുറത്തിറങ്ങുന്നവര്‍ പോരാ എന്ന് അടിവരയിട്ടു തന്നെ പറയുന്നു.




കൊച്ചി നഗരത്തെ വിറപ്പിച്ചിരുന്ന 'സാത്താന്‍' എന്ന വില്ലന്റെ ചോരയില്‍ ജനിച്ച ഡോണ്‍ ബോസ്‌കോ എന്ന ആസിഫ് അലി ചെയ്ത കഥാപാത്രത്തെ ഒരു വൈദികനായി കാണാന്‍ അയാളുടെ അമ്മ അഗ്രഹിക്കുന്നതും എന്നാല്‍, അയാള്‍ സാഹചര്യം മൂലം അച്ഛന്‍റെ വഴിക്കു തന്നെ നീങ്ങുന്നതുമാണ് ഇതിവൃത്തം. ഈ ചിത്രം ഒരു തമിഴോ, തെലുങ്കോ, ഹിന്ദിയോ സംവിധായകര്‍ ചെയ്തിരുന്നുവെങ്കില്‍ സാമാന്യം കളക്ഷന്‍ പ്രൊഡ്യൂസര്‍ക്ക് ലഭിച്ചേനെ. ചുരുങ്ങിയ പക്ഷം ടേബിള്‍ പ്രോഫിറ്റ് (ഇറക്കിയ തുക) എങ്കിലും ലഭിച്ചേനെ.




ആസിഫ് അലി എന്ന ചെറുപ്പക്കാരന്‍ അഭിനയത്തിന്‍റെ  പാഠങ്ങള്‍ ഇനിയും കുറെ പഠിക്കാനുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് അസുരവിത്ത്. വാസ്തവത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന ആ കഥാപാത്രത്തിന്‍റെ യാതൊരു ഗാംഭീര്യമോ, എടുപ്പോ ആസിഫിന് സാധ്യമാവുന്നില്ല എന്നതാണ് മറ്റൊരു വശം. തന്നാലാവുന്നത് പരമാവധി ചെയ്യാന്‍ ആസിഫ് ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.




കുറെ ഷോട്ടുകള്‍ കണ്ണ് വേദനിക്കുന്ന രീതിയില്‍ തറിച്ചുമുറിച്ചിട്ടാല്‍ 'ഉഗ്രന്‍ ആക്ഷന്‍ ചിത്രമാവും' എന്ന് എ.കെ.സാജനോട് ആരാണാവോ പറഞ്ഞുകൊടുത്തത്? അനാവശ്യമായി ചടുലമായ  രംഗങ്ങളും ഇളക്കമുള്ള ഫ്രയിമുകളും അതോടൊപ്പം എഡിറ്റിങില്‍ അനാവശ്യമായി ഉപയോഗിക്കുന്ന ദ്രുതവേഗരീതിയും പ്രേക്ഷകന് വല്ലാത്തൊരു അരോചകത്വമാണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ അനുകരിക്കാന്‍ എ.കെ.സാജന്‍ ശ്രമിച്ചതാണ് ഒരു വശം. അളന്നുമുറിച്ച ഫ്രയിമുകള്‍ മനോഹരമായി കോര്‍ത്തിണക്കിയാണ് ഇംഗ്ലീഷ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ വളരെ അപൂര്‍വ്വം ഷോട്ടുകള്‍ മാത്രമാണ് അത്യാവശ്യം കൊള്ളാവുന്നത്.


പതിവു സിനിമകളെപ്പോലെ അത്യാവശ്യം നല്ല നടീനടന്മാര്‍ ഇതിലും ഉണ്ട്. സംവൃതസുനില്‍ നായികയായ ബോട്ട് ഡ്രൈവറാകുന്നു. ഭേദപ്പെട്ട പ്രകടനം സംവൃത കാഴ്ചവച്ചു. സാധാരണ സിനിമയില്‍ നിന്നും വ്യത്യസ്തമായി സംവൃത ഇതില്‍ ഒരു ആര്‍ട്ടിസ്റ്റുകൂടെയാണ്. രൂപം പറഞ്ഞുകൊടുത്താല്‍ അതുപോലെ വരച്ചുകൊടുക്കുന്ന ഒരു സാധാരണക്കാരി. കഥാപാത്രത്തിന് വലിയ വളര്‍ച്ചയൊന്നും സിനിമയില്‍ ഇല്ലെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്നു. എന്നാല്‍, വിജയരാഘവനുള്‍പ്പെടെ പലരും വിരസമായ, കണ്ടുപതിഞ്ഞ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.




എന്തു തന്നെയായാലും പ്രേക്ഷകര്‍ക്ക് അസുരവിത്തിനെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ആസിഫലി എന്ന അടുത്ത പൃഥിരാജാവാന്‍ കൊതിക്കുന്ന യുവാവിനെ കുറച്ചു പെണ്‍സുന്ദരിമാര്‍ സ്‌നേഹിച്ചു തുടങ്ങി എന്നതിനുള്ള തെളിവായിരുന്നു തീയറ്ററില്‍ കുറച്ചു ഭാഗത്തു നിന്നും വന്ന നേരിയ കൈയ്യടികള്‍. ആ കയ്യടികള്‍, കാഴ്ചക്കാര്‍ മുഴുവന്‍ ചെയ്യണമെങ്കില്‍ ആസിഫ് ഒരു സംവത്സരം കാത്തിരിക്കേണ്ടി വരും.

കുഞ്ഞളിയന്‍

| Posted in | Posted on

6

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്‍റെ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സജിസുരേന്ദ്രന്‍ തനി തറ സിനിമ ഒരിക്കല്‍ക്കൂടി ചെയ്തു 'തറയളിയന്‍' സോറി കുഞ്ഞളിയന്‍./.




ടോമിച്ചന്‍ മുളകുപാടം എന്ന പേരെടുത്ത പ്രൊഡ്യൂസര്‍, ആദ്യ സിനിമയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായ സജി സുരേന്ദ്രന്‍, മലയാളത്തില്‍ ഇപ്പോഴുള്ള തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും വിലയേറിയവനും തിരക്കുപിടിച്ചവനുമായ കൃഷ്ണ പൂജപ്പുര, ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ക്യാമറമാന്‍ അനില്‍ നായര്‍ ... ഹൊ! കുഞ്ഞളിയന്റെ ക്രെഡിറ്റ് ലൈന്‍ വായിച്ച് ആളുകള്‍ പുളകംകൊണ്ടാണ് ആദ്യദിവസം തീയറ്ററില്‍ എത്തിയത്. ഫലമോ, പുലഭ്യം പറഞ്ഞാണ് മിക്കവരും തീയറ്റര്‍ വിട്ടത്.




രണ്ടാം ഷോയ്ക്ക് മലയാളം ബോക്‌സ്ഓഫീസിന്റെ സ്ഥിരം അംഗങ്ങള്‍ (പൊതുവെ ആദ്യദിനം മിക്ക സിനിമകളുടെ ഷോയില്‍ ഈ അംഗങ്ങള്‍ ഉണ്ടാവും) ക്യൂ നില്‍ക്കവേ ഒരാള്‍ ആദ്യഷോ കഴിഞ്ഞ്, സിനിമക്കാരെ മുഴുവന്‍ പുലഭ്യം പറഞ്ഞുകൊണ്ട് അരിശത്തോടെ പുറത്തേക്ക് ഇറങ്ങുന്നു.
'എന്താ ചേട്ടാ....പടം എങ്ങിനെയുണ്ട്?'
'%*/%*%*%*...മക്കള്‍, പൈസയും പോയി...സമയവും പോയി' - ഇതായിരുന്നു പ്രതികരണം. പ്രേക്ഷകര്‍ ഈയിടെ പുറത്തിറങ്ങിയ ഒരു ചെറുപ്പക്കാരന്റെ സിനിമയ്ക്ക് തോരാതെ കയ്യടിച്ചത് ഒരുപക്ഷേ, ഇതുപോലുള്ള അമര്‍ഷം കാരണമാവാം.




മലയാളം ബോക്‌സ്ഓഫീസ് അംഗങ്ങള്‍ പടം കണ്ടുകൊണ്ടിരിക്കേ, താഴത്തെ നിലയിലിരിക്കുന്ന അംഗം ബാല്‍ക്കണിയിലെ അംഗത്തിന് മെസേജ്  ''ചിലപ്പോ ഞാനുറങ്ങിപ്പോയാല്‍, പടം കഴിയുമ്പോള്‍ മിസ്‌കോള്‍ അടിച്ചേക്കണേ". എന്താണ് സജിസുരേന്ദ്രന് പറ്റിയത്? ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം സിനിമ ചെയ്യുന്നത്? അറുബോറന്‍ തമാശകളും, കുറെ തിരിച്ചും മറിച്ചുമുള്ള ഓട്ടങ്ങളും, എന്തിന്, വിജയരാഘവന്‍, തെസ്‌നിഖാന്‍, ജഗദീഷ്, ബിന്ദുപണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ സ്‌ക്രീനില്‍ കോപ്രായങ്ങള്‍ ചെയ്തുകൂട്ടുമ്പോള്‍, ഒരു കുഞ്ഞുകുട്ടിപോലും തീയറ്ററില്‍ നിന്ന് അനങ്ങുന്നില്ല. ഗതികിട്ടാ പ്രേതം പോലെ ജയസൂര്യ കിടന്നു മറിയുന്നുമുണ്ട്.




ഒരിക്കല്‍ സിനിമയെ വളരെ ഗൗരവമായി വീക്ഷിക്കുന്ന, നിരവധി ദേശീയ നാടകങ്ങള്‍ ചെയ്ത് തന്റെ കഴിവ് തെളിയിച്ച ചെറുപ്പക്കാരന്‍, വളരെ പ്രസക്തമായ സബ്ജക്ടുമായി ജയസൂര്യയെ സമീപിച്ചു. തികച്ചും കൊമേര്‍ഷ്യല്‍ ചിത്രം. ആറുമാസക്കാലം നടത്തിച്ച് ആ ചെറുപ്പക്കാരനെ കയ്യൊഴിഞ്ഞ ജയസൂര്യ, പറഞ്ഞ ഉത്തരം ഇതായിരുന്നു.
'' പുതിയ സംവിധായകര്‍ക്ക് ഞാന്‍ ഡേറ്റ് കൊടുക്കുന്നില്ല. നിങ്ങള്‍ ഒരു രണ്ടു പടം ചെയ്തിട്ടു വരൂ...'' എന്നിട്ട് ചെയ്ത് പരിചയമുള്ള സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടോ..?




ചിത്രത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരു നല്ല ഗാനം പോലുമില്ല. അസാമാന്യ രീതിയില്‍ ക്യാമറ ചലിപ്പിച്ചിട്ടില്ല. എടുത്തുപറയത്തക്ക നല്ല കഥയല്ല. തകര്‍പ്പന്‍ അഭിനയം എന്നുപറയാന്‍ ആര്‍ക്കും പ്രത്യേകിച്ച് കോണ്‍ട്രിബ്യൂഷന്‍ തരാനില്ല. എങ്കില്‍ പിന്നെ, പ്രേക്ഷകനെ രസിപ്പിക്കാനെന്തെങ്കിലും സജിസുരേന്ദ്രന്‍ ചേര്‍ക്കേണ്ടിയിരുന്നു.

വെള്ളരിപ്രാവിന്റെ ചങ്ങാതി

| Posted in | Posted on

1




അക്കു അക്ബറിനെ മലയാളികള്‍ നെഞ്ചിലേറ്റി താലോലിച്ച ചിത്രമാണ് 'വെറുതെ ഒരു ഭാര്യ'. മലയാളി കുടുംബ സദസ്സുകളെ കിടിലം കൊള്ളിച്ച ചിത്രം. ഒരുപക്ഷേ, മുന്‍പ് സിനിമ നിര്‍മ്മിച്ചെങ്കിലും മലയാള സിനിമ അക്കു അക്ബറിനെ തിരിച്ചറിയുന്നത് അന്നാണ്. പക്ഷേ, ഇന്ന് അക്കു അക്ബറിന് ആവനാഴിയിലെ അസ്ത്രം തീര്‍ന്ന പോരാളിയെപ്പോലെ നില്‍ക്കുന്ന അവസ്ഥയാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകന്‍ ബോധ്യപ്പെടുത്തിക്കൊടുത്തത്.




സിനിമ മൂന്നു തലങ്ങളില്‍ നിന്നുമാണ് കഥ പറയുന്നത്. ആധുനിക കാലഘട്ടവുമായി യോജിപ്പിക്കാന്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് അയാള്‍ കണ്ടെത്തുന്ന പഴയ കാല സിനിമയാണ് കാണിക്കുന്നത്. അതും പഴയ ഈസ്റ്റ്മാന്‍ ടോണില്‍. അതിലെ കഥയിലെ നായകനും നായികയുമായാണ് ദിലീപും കാവ്യമാധവനും പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, കഥാംശം തീരെ പുതുമയില്ലാത്തത് ചിത്രത്തിന്റെ ആദ്യപകുതിയില്‍ പ്രേക്ഷകന് ഇറങ്ങിപ്പോവാന്‍ പ്രേരണ നല്‍കുന്നു.


രണ്ടാംപകുതിയില്‍, റിലീസാവാത്ത തന്റെ പിതാവിന്റെ സിനിമ വീണ്ടും പുറത്തിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ശ്രമങ്ങളാണ്. എങ്കിലും, മൂന്നു തലങ്ങളില്‍ സംവിധാനത്തിന്റെ വേറിട്ട തലങ്ങളില്‍ ഇറങ്ങിചെന്ന് അക്കുഅക്ബര്‍ പരീക്ഷണം നടത്തി. ഇനി ധൈര്യമായി ഒരു അവാര്‍ഡ് പടം അക്കുവിന് ചെയ്യാം. പക്ഷേ, തീയറ്ററുകളില്‍ പ്രേക്ഷകന്‍ മുഷിഞ്ഞ്, ക്ഷമകെട്ടാണ് ഇരിക്കുന്നത്.




ചിത്രത്തിന്റെ പഴയകാല കഥയില്‍ മനോജ്.കെ.ജയന്‍, പിന്നെ, സലിംകുമാര്‍, മാമുക്കോയ തുടങ്ങി നിരവധിയാള്‍ക്കാര്‍ കൂടാതെ വിജയരാഘവന്‍, നെടുമുടി വേണു, ലാലു അലക്‌സ്, മണിയപിള്ള രാജു എന്നു വേണ്ട വന്‍ താരനിരയുണ്ട്. പക്ഷേ, സ്‌ക്രിപ്റ്റിന്റെ അപാകതകൊണ്ടാണോ, അതോ ഇതിവൃത്തിന്റെ അപക്വത കൊണ്ടാണോ...അതോ, സംവിധായകന്റെ കൈയ്യിലിരിപ്പു കൊണ്ടാണോ...എന്നറിയില്ല, പ്രേക്ഷകന് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' തീരെ രസിച്ചില്ലെന്നു വേണം പറയാന്‍.


സാറ്റലൈറ്റ് റൈറ്റ് കൊണ്ടും കുറച്ചു ദിവസം ഞരങ്ങി നീങ്ങിയതു കൊണ്ടും അരുണ്‍ ഘോഷിന്റെയും ഷിജോയുടെയും മുടക്കുമുതല്‍ തിരിച്ചു കിട്ടുമോ ? കണ്ടു തന്നെ അറിയണം. മോഹന്‍ സിതാരയുടെ വളരെ ബലക്കുറവുള്ള ഗാനങ്ങള്‍, വിപിന്‍ മോഹനന് വലുതായി ഈ ചിത്രത്തില്‍ വിയര്‍ക്കേണ്ടി വന്നുകാണില്ലെന്ന് കരുതാം. കാരണം എടുത്തു പറയത്തക്ക ഫ്രയിമുകളൊന്നും അതിലില്ലെന്നു വേണം കരുതാന്‍. പ്രേക്ഷകരെ നിരാശയുടെ കുഴിയിലേക്ക് തള്ളിയിട്ടാണ് വെള്ളരിപ്രാവ് ചങ്ങാത്തം കൂടുന്നത്.