തല്‍സമയം ഒരു പെണ്‍കുട്ടി
| Posted in | Posted on
1
രതിനിര്‍വ്വേദത്തിനു ശേഷം ടി.വി. രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രം കാലികപ്രസക്തിയുള്ള ചിത്രമായി വിശേഷിപ്പിക്കാം. പൊതുവെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള കഥാകഥനരീതി അവലംബിക്കുന്ന ഒരു സംവിധായകനാണ് ടി.കെ. അദ്ദേഹത്തിന്‍റെ സാധാരണയുള്ള സംവിധാന പാറ്റേണില്‍ നിന്നും വ്യത്യസ്തമായ ഒരു സംവിധാന രീതിയാണ് 'തല്‍സമയം ഒരു പെണ്‍കുട്ടി'യില്‍. ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ വലിയ വളച്ചുകെട്ടലുകള്‍ ഒന്നുമില്ലാതെ ആവിഷ്കരിച്ച ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം.
ചിത്രത്തില്‍ നിത്യമേനോന്‍ മനോഹരമായി ഒരു നാടന്‍ പെണ്‍കുട്ടിയെ അഭിനയിക്കുവാനുള്ള ശ്രമം നടത്തി. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിച്ചുവെന്ന് പറയാം. പക്ഷേ, തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചോ എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ മൗനം പാലിക്കേണ്ടി വന്നേക്കും. എങ്കിലും സപ്പോര്‍ട്ടിങ് ക്യാറക്ടറായ ശ്വേതമേനോന്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. യാഥാസ്ഥിതിക സാഹചര്യത്തില്‍ ചങ്കുറപ്പോടെ നില്‍ക്കേണ്ടി വരുന്ന ഒരു പ്രോഗ്രാം പ്രൊഡ്യൂസര്‍. വാസ്തവത്തില്‍ ഹിന്ദി ബോളിവുഡ് സിനിമകളില്‍ മാത്രം കാണാറുള്ള വളരെ സ്റ്റബിലിറ്റിയുള്ള കഥാപാത്രമായി അതിനെ വിശേഷിപ്പിക്കാം.
പുതുമുഖനടന്മാരില്‍ കടന്നുകയറിവരുന്ന ഉണ്ണിമുകുന്ദന് ഈ ചിത്രം വന്‍ സാധ്യതകളാണ് മുന്നിലേക്ക് നീട്ടിയിട്ടുള്ളത്. അതില്‍ പ്രധാനമായുള്ളത് ഈ നടന്‍റെ വളരെ പ്രസക്തമായ അവതരണമായിരുന്നു. മലയാളത്തില്‍ മാത്രമല്ല, മറിച്ച്, ഭാവിയിലെ സൗത്ത് ഇന്ത്യന്‍ നടനായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള രീതിയിലുള്ളതായിരുന്നു ഉണ്ണിമുകുന്ദന്‍റെ അവതരണം. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മല്ലുസിംങ് എന്ന ചിത്രത്തിന്‍ മുന്‍നിരനായകരൊപ്പം ഉണ്ണി ഒരു ക്യാരക്ടര്‍ ചെയ്യുന്നു. ചിലപ്പോള്‍ ഈ ചിത്രത്തിലൂടെ ഉണ്ണിയുടെ ഭാവി തന്നെ മാറിയേക്കാവുന്ന സാധ്യത ഉണ്ട്.
മികച്ച ഒരു ഗാനം ചിത്രത്തിലുണ്ട്. മലയാളത്തില്‍ സമീപകാലത്ത് ജനങ്ങള്‍ മൂളി നടക്കുന്ന ഗാനമായി ഇതിനെ വിശേഷിപ്പിക്കാം. നല്ല വൃത്തിയുള്ള ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രം സാമാന്യം ഭേദപ്പെട്ട ഒരു സിനിമയായി നമുക്ക് പരിഗണിക്കാം. മാധ്യമങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ ചെയ്തുകളയാന്‍ സാധ്യതയുള്ള ഒരു സംഭവത്തെ മുന്‍നിര്‍ത്തിയാണ് തല്‍സമയം ഒരു പെണ്‍കുട്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്...
നല്ല അഭിപ്രായമല്ല കേട്ടത്