കിംഗ് ആന്‍റ് കമ്മീഷണര്‍

| Posted in | Posted on

0


മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അണി നിരന്ന ചിത്രമാണ് കിംഗ് ആന്‍റ് കമ്മീഷണര്‍. പതിവുകളൊന്നും തെറ്റിക്കാതെ തീയറ്ററുകളില്‍ നല്ല കളക്ഷനോടെ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കിംഗ് ആന്റ് കമ്മീഷണര്‍.  ഷാജികൈലാസ് തന്‍റെ പതിവ് ആയുധമെടുത്ത് പയറ്റി. കൂട്ടത്തില്‍ മുന്‍പ് തനിക്ക് സാരഥിയായ രണ്‍ജിപണിക്കരെ കൂട്ടുപിടിച്ചു. പക്ഷേ, അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു വലിയ നഷ്ടം സംഭവിച്ചു. കാരണം സിനിമ കാണാന്‍ പോവുന്ന സാധാരണക്കാര്‍ ഇപ്പോള്‍ ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി തേടി ഓടുകയാണ്.  അവര്‍ ചിലവാക്കുകള്‍ നടാടെ കേള്‍ക്കുകയാണ്.

ദില്ലി പശ്ചാത്തലമായിട്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. എങ്കിലും കിംഗിനെ ഇടയ്ക്ക് മുടിയ്ക്കിടയിലൂടെ കൈ ചലിപ്പിക്കുവാനും, സുരേഷ് ഗോപിയെക്കൊണ്ട് ''ഷിറ്റ് ''എന്നും ''ഓര്‍മ്മയുണ്ടോ ഈ മുഖം'' എന്നൊക്കെ പറയിക്കാനും ഓര്‍മ്മിപ്പിക്കാന്‍ ഷാജികൈലാസിന് സാധ്യമായി എന്നത് വലിയൊരു കാര്യമാണ്. പക്ഷേ, മൂന്നു മണിക്കൂര്‍ നീളുന്ന ഒരു ഡയലോഗ് സിനിമയായി മാറി കിംഗ് ആന്‍റ് കമ്മീഷണര്‍.

ഷാജി കൈലാസ് സിനിമകളില്‍ നമുക്ക് എടുത്തു പറയാവുന്ന കുറച്ചു സ്ഥിരം ഷോട്ടുകള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സ്‌ക്രീനില്‍ വരുന്ന ഷോട്ടുകള്‍ ഇന്ത്യന്‍ സിനിമയില്‍ ഷാജികൈലാസ് മാത്രമായിരിക്കും ചെയ്തിട്ടുണ്ടാവുക. അതുപോലെ ക്ലോസ് ഷോട്ടുകളില്‍ പൊട്ടിത്തെറിക്കുന്ന വികാരങ്ങളെ കാണിക്കുന്നതും ഷാജികൈലാസ് തന്നെയാണ്. 

എങ്കിലും, മലയാള സിനിമയില്‍ ഷാജികൈലാസ് സ്റ്റൈല്‍ എന്ന  ഒരു ശൃംഖല കെട്ടിപ്പടുക്കാന്‍ ഷാജിക്കായിട്ടുണ്ട്. നീണ്ട കുറെ കാലത്തിന് ശേഷം വന്ന കിംഗ് ആന്‍റ് കമ്മീഷണര്‍ പ്രേക്ഷകര്‍ക്ക്  കൂടുതല്‍ പ്രതീക്ഷയും നല്‍കിയില്ല എന്നത് മറ്റൊരു പരമാര്‍ഥം മാത്രമാണ്. ആ നിലയ്ക്ക് തീയറ്ററുകളില്‍, സാമാന്യം തിരക്കുണ്ട്. നിര്‍മ്മാതാവിന് വലിയ നഷ്ടം വരാന്‍ സാധ്യത കാണുന്നില്ല. എങ്കിലും സമീപദിവസങ്ങളില്‍ മാത്രമല്ല, കുറച്ചു ദിവസം തന്നെ കിംഗ് ആന്‍റ് കമ്മീഷണര്‍ ഓടും.

ഓര്‍ഡിനറി

| Posted in | Posted on

1



കമലിന്‍റെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സുഗീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍ഡിനറി. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വളരെ നന്നായി ചെയ്ത ഒരു ചിത്രമാണ് ഓര്‍ഡിനറി.


സാധാരണ മലയാളികളുടെ മനസ്സറിഞ്ഞുകൊണ്ട് വലിയ തട്ടലും മുട്ടലുകളൊന്നുമില്ലാതെ മലയാളിത്തമുള്ള ഒരു സിനിമയാണ് ഓര്‍ഡിനറി. മലയാളികളായ പ്രേക്ഷകര്‍ക്ക് സാധാരണ കെ.എസ്.ആര്‍.ടി.സി ബസ്സുമായി ഉണ്ടായേക്കാവുള്ള സാധാരണ സംഭവങ്ങളെ കോര്‍ത്തിണക്കി ചെയ്ത ചിത്രം ആദ്യപകുതി സംഭവബഹുലമായി, അത്യാവശ്യം തമാശകളുമായി കടന്നുപോയി. എന്നാല്‍ രണ്ടാം പകുതി മെലോഡ്രാമയുടെ അതിപ്രസരവും, സാധാരണ കഥയുമായി തീര്‍ന്നു. കഥാ തന്തുവിലെങ്കിലും പുതിയ എന്തെങ്കിലും സുഗീതിന് അന്വേഷിച്ചു കൊണ്ടുവരാമായിരുന്നു.




എങ്കിലും, പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമാണ് ഓര്‍ഡിനറി. കുഞ്ചാക്കോ തനിക്ക് നാടന്‍ കഥാപാത്രങ്ങള്‍ വേണമെങ്കില്‍ ഇണങ്ങും എന്ന് ഒന്നുകൂടെ തെളിയിച്ചു. എങ്കിലും കഥാപാത്രവുമായി തന്മയത്വം വരുത്തുന്നതില്‍ കുഞ്ചാക്കോ ബോബന്‍ പരാജയപ്പെട്ടു. ചാക്കോച്ചന്‍റെ സമീപ കാലങ്ങളില്‍ വന്ന ചിത്രങ്ങളില്‍ കുറച്ചു ഭേദപ്പെട്ട ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം. എല്‍സമ്മയ്ക്ക് ശേഷം കുറച്ചു തനിമയുള്ള കഥാപാത്രമായിരുന്നു ചാക്കോച്ചന്‍റെത്.








ചിത്രത്തില്‍ മറ്റൊരു തുല്യ കഥാപാത്രം ബിജുമേനോന്‍ ചെയ്തു. പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടിയ ഒരു കഥാപാത്രമാണിത്. തനി പാലക്കാടന്‍ ഭാഷ പറയുന്ന ഒരു തനിപച്ച ഡ്രൈവര്‍ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചിട്ടുമുണ്ട്.






ആന്‍ അഗസ്റ്റിന്‍, ശ്രിത, വൈഗ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്തത്. എന്നാല്‍ ഇതില്‍ അനാവശ്യമായ ഒരു കഥാപാത്രം ആസഫ് അലി ചെയ്യുന്നു. തികച്ചും അപ്രധാന കഥാപാത്രമായി ഇതിനെ തോന്നി. പലപ്പോഴും മനപ്പൂര്‍വ്വം ഏച്ചുകൂട്ടിയ കഥാപാത്രമായി ഇത് ചിത്രത്തിലുടനീളം എറിച്ചു നിന്നു. ഫൈസല്‍ അലി മനോഹരമായി ഗവിയുടെ ഭംഗി തന്‍റെ ക്യാമറയില്‍ കോരിയെടുത്തിരിക്കുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ നിഷാദ്.കെ.കോയ, മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ കഥാതിരക്കഥയില്‍ സംഗീതം വിദ്യാസാഗറിന്‍റെതാണ്. സാമാന്യം ഭേദപ്പെട്ട രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ശിക്കാരി

| Posted in | Posted on

2




മലയാള സിനിമാസംവിധായകരുടെ ഇടയിലേക്ക് ഒരു അന്യഭാഷക്കാരന്‍ അഭയ് സിംഹ സംവിധാനം ചെയ്ത ശിക്കാരി കടന്നുവന്നു. പക്ഷേ, മലയാളികളുടെ മനസ്സിനെ 'ശിക്കാര്‍' ചെയ്ത് എടുക്കുവാന്‍ ശിക്കാരിക്ക് സാധിച്ചില്ല. മോഹന്‍ലാലിന്‍റെ ശിക്കാര്‍ എന്ന ചിത്രം ചുരുങ്ങിയ പക്ഷം ജനങ്ങളില്‍ ഒരു ഓളമെങ്കിലും സൃഷ്ടിക്കുവാനായിരുന്നു. പക്ഷേ, മമ്മൂട്ടിയുടെ ശിക്കാരി എട്ടുനിലയില്‍ പൊട്ടിത്തകര്‍ന്നു.



ഒരു ഹിസ്റ്റോറിക് കഥയെ ഇന്നത്തെ കാലത്തെ സോഫ്ട്‌വെയര്‍ ഉദ്യോഗസ്ഥന്‍ യാതൊരു കാരണവുമില്ലാതെ, ചിത്രത്തില്‍ പറയുന്നത് അദ്ദേഹത്തിന്‍റെ അഭിലാഷ് എന്ന കഥാപാത്രത്തിന് ആ കഥ കേട്ടപ്പോള്‍ അതിഭീകരമായി ഇഷ്ടപ്പെട്ടുവെന്നാണ്- അന്വേഷിച്ചു ചെല്ലുന്നതാണ് ഇതിവൃത്തം. എന്നാല്‍ ആ കഥയാണെങ്കില്‍ അറുബോറ്.


സിനിമയുടെ പ്രൊഡ്യൂസര്‍ കെ. മഞ്ചുവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത് ഡോ.വിക്രം ശ്രീവാസ്തവയാണ്. ഡയലോഗ് സന്തോഷ് ഈശ്വര്‍, തുടങ്ങി പലരും മലയാള സിനിമയ്ക്ക് പുറത്തുള്ളവര്‍. തമിഴ് സിനിമയുടെയും ഹിന്ദിസിനിമയുടെയും പാരമ്പര്യത്തിലേക്ക് മലയാള സിനിമ കടക്കാനുള്ള സാധ്യത ഇതിലൂടെ കാണുന്നു. കാരണം, ഹിന്ദി-തമിഴ് സിനിമകളില്‍ വന്‍വിജയം മിക്കവാറും കൊയ്‌തെടുത്തത് പുറത്തു നിന്നുള്ള സിനിമ പ്രവര്‍ത്തകരാണ്.  അതുപോലെ നാളെ മലയാള സിനിമയില്‍ വന്ന് കരണ്‍ജോഹറും, ശങ്കറും, പി.വാസുവുമൊക്കെ സിനിമ നിര്‍മ്മിക്കുമോ? കണ്ടുതന്നെ അറിയണം.


സിനിമയില്‍ പൂനം ബജ്‌വ എന്ന തെലുങ്ക് നടിയാണ് നായിക. കൂടാതെ അറുബോറന്‍ കഥാപാത്രമായി ഇന്നസെന്റ്, ടിനി ടോം, സുരേഷ്‌കൃഷ്ണ, ചന്ദ്രദാസ് ഉള്ളാല്‍, സിഹി കഹി, അച്യുതാ തുടങ്ങി നിരവധിപേര്‍ അണി നിരന്ന ചിത്രമാണ്. എങ്കിലും കിങ് ആന്റ് കമ്മീഷണര്‍ തൊട്ടുപിന്നാലെ പുറത്തിറങ്ങുന്നതു കാരണം മമ്മൂട്ടിക്ക് ഈ ചിത്രത്തിന്‍റെ കനത്ത പരാജയത്തില്‍ നിന്ന് തല്‍ക്കാലം മുഖം രക്ഷിക്കാമെന്ന് തോന്നുന്നു. മലയാളത്തിന്‍റെ ഒപ്പം കന്നടയിലേക്ക് കൂടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം കന്നടയില്‍ എന്താണ് സൃഷ്ടിക്കാന്‍ പോവുക എന്ന് കണ്ടു തന്നെ അറിയണം.



തല്‍സമയം ഒരു പെണ്‍കുട്ടി

| Posted in | Posted on

1




രതിനിര്‍വ്വേദത്തിനു ശേഷം ടി.വി. രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രം കാലികപ്രസക്തിയുള്ള ചിത്രമായി വിശേഷിപ്പിക്കാം. പൊതുവെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള കഥാകഥനരീതി അവലംബിക്കുന്ന ഒരു സംവിധായകനാണ് ടി.കെ. അദ്ദേഹത്തിന്‍റെ സാധാരണയുള്ള സംവിധാന പാറ്റേണില്‍ നിന്നും വ്യത്യസ്തമായ ഒരു സംവിധാന രീതിയാണ് 'തല്‍സമയം ഒരു പെണ്‍കുട്ടി'യില്‍. ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ  വലിയ വളച്ചുകെട്ടലുകള്‍ ഒന്നുമില്ലാതെ ആവിഷ്കരിച്ച ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം.



ചിത്രത്തില്‍ നിത്യമേനോന്‍ മനോഹരമായി ഒരു നാടന്‍ പെണ്‍കുട്ടിയെ അഭിനയിക്കുവാനുള്ള ശ്രമം നടത്തി. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിച്ചുവെന്ന് പറയാം. പക്ഷേ, തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചോ എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ മൗനം പാലിക്കേണ്ടി വന്നേക്കും. എങ്കിലും സപ്പോര്‍ട്ടിങ് ക്യാറക്ടറായ ശ്വേതമേനോന്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. യാഥാസ്ഥിതിക സാഹചര്യത്തില്‍ ചങ്കുറപ്പോടെ നില്‍ക്കേണ്ടി വരുന്ന ഒരു പ്രോഗ്രാം പ്രൊഡ്യൂസര്‍. വാസ്തവത്തില്‍ ഹിന്ദി ബോളിവുഡ് സിനിമകളില്‍ മാത്രം കാണാറുള്ള വളരെ സ്റ്റബിലിറ്റിയുള്ള കഥാപാത്രമായി അതിനെ വിശേഷിപ്പിക്കാം.

പുതുമുഖനടന്മാരില്‍ കടന്നുകയറിവരുന്ന ഉണ്ണിമുകുന്ദന് ഈ ചിത്രം വന്‍ സാധ്യതകളാണ് മുന്നിലേക്ക് നീട്ടിയിട്ടുള്ളത്. അതില്‍ പ്രധാനമായുള്ളത് ഈ നടന്‍റെ വളരെ പ്രസക്തമായ അവതരണമായിരുന്നു. മലയാളത്തില്‍ മാത്രമല്ല, മറിച്ച്, ഭാവിയിലെ സൗത്ത് ഇന്ത്യന്‍ നടനായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള രീതിയിലുള്ളതായിരുന്നു ഉണ്ണിമുകുന്ദന്‍റെ അവതരണം. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മല്ലുസിംങ് എന്ന ചിത്രത്തിന്‍ മുന്‍നിരനായകരൊപ്പം ഉണ്ണി ഒരു ക്യാരക്ടര്‍ ചെയ്യുന്നു. ചിലപ്പോള്‍ ഈ ചിത്രത്തിലൂടെ ഉണ്ണിയുടെ ഭാവി തന്നെ മാറിയേക്കാവുന്ന സാധ്യത ഉണ്ട്.

മികച്ച ഒരു ഗാനം ചിത്രത്തിലുണ്ട്. മലയാളത്തില്‍ സമീപകാലത്ത് ജനങ്ങള്‍ മൂളി നടക്കുന്ന ഗാനമായി ഇതിനെ വിശേഷിപ്പിക്കാം. നല്ല വൃത്തിയുള്ള ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രം സാമാന്യം ഭേദപ്പെട്ട ഒരു സിനിമയായി നമുക്ക് പരിഗണിക്കാം. മാധ്യമങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ ചെയ്തുകളയാന്‍ സാധ്യതയുള്ള ഒരു സംഭവത്തെ മുന്‍നിര്‍ത്തിയാണ് തല്‍സമയം ഒരു പെണ്‍കുട്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്...


നിദ്ര

| Posted in | Posted on

2




ഭരതന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു നിദ്ര. അതേ ചിത്രം അദ്ദേഹത്തിന്‍റെ മകന്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ കഴിയുന്നത്ര ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ചിലപ്പോള്‍ ചിത്രം മികച്ചുനിന്നേനെ. അതിനേക്കാള്‍ ഉപരി ചിത്രത്തില്‍ ഒരുപാട് പാകപ്പിഴകള്‍ വന്നുപോയി എന്നതുമാണ് സത്യം.




ജയരാജ്, തുടങ്ങിയ മുന്‍നിരസംവിധായകരൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയം സിദ്ധാര്‍ഥ് ഭരതന് ഉണ്ട്. പക്ഷേ, പേരിന് പിന്നില്‍ ഭരതന്‍ എന്നുള്ളതുകൊണ്ടു മാത്രം പ്രേക്ഷകര്‍ തീയറ്ററില്‍ ഇരുന്ന് കയ്യടിക്കില്ലെന്ന് ഇപ്പോള്‍ സിദ്ധാര്‍ഥന്‍ ഒരുപക്ഷേ മനസ്സിലാക്കിക്കാണും. അച്ഛന്‍റെ 'ടച്ച്' തോന്നാനാവണം ചിത്രത്തില്‍ കുറെ ഇക്കിളിരംഗങ്ങള്‍ തള്ളിക്കയറ്റാനുള്ള ശ്രമം നടത്തിയതായി മനസ്സിലാക്കാം.



സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ സമ്പാദിച്ച മുഴുവന്‍ രൂപയും 'നിദ്ര' എന്ന ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രൊഡ്യൂസര്‍ക്ക് നഷ്ടമായിട്ടുണ്ടാവും എന്നതില്‍ ഒരു സംശയവുമില്ല. മറ്റു താരങ്ങളെ പരിഗണിച്ച് സമാശ്വാസസമ്മാനം പോലെ ചിലപ്പോള്‍ എല്ലാവരും പറയുന്നതുപോലെ കിട്ടിയ സാറ്റലൈറ്റിന് ജയ് വിളിക്കുകയേ നിവര്‍ത്തിയുള്ളൂ.




ചിത്രത്തിന്‍റെ പ്രധാന ഘടകങ്ങളില്‍ അറുബോറായി രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രമെ ഉള്ളൂ. ഒന്ന് സിദ്ധാര്‍ഥ് ചെയ്ത ക്യാരക്ടറും, പിന്നെ സംവിധാനവും. രണ്ടിലും വലിയ പാകപ്പിഴകള്‍ ഉണ്ട്. ഒരു നടനെന്ന നിലയില്‍ സിദ്ധാര്‍ഥന്‍റെ കനത്ത പരാജയവും, ഒരു സംവിധായകനെന്ന നിലയില്‍ കമല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പേ ജിഷ്ണുവിനെയും സിദ്ധാര്‍ഥനെയും പ്രധാന കഥാപാത്രങ്ങളാക്കി 'നമ്മള്‍' വന്‍ഹിറ്റാക്കിയെങ്കില്‍ സംവിധായകന്‍റെ പ്രാധാന്യം എന്തുമാത്രമാണെന്ന് വിളിച്ചോതുന്ന ചിത്രമായിരുന്നു നിദ്ര.




സമീര്‍ താഹിര്‍ എന്ന ചെറുപ്പക്കാരന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ഭാഗം ഭംഗിയായി ചെയ്തു. സാമാന്യം ഭേദപ്പെട്ട രീതിയില്‍ ക്യാമറ ചലിപ്പിക്കുവാന്‍ സമീറിന് സാധ്യമായി. എന്നാല്‍ ചിത്രത്തിന്‍റെ സംഗീതം, പശ്ചാത്തല സംഗീതം, തിരക്കഥ, സംവിധാനം എന്നിവയൊക്കെ കനത്ത പരാജയമായിരുന്നു. അതുകൊണ്ടാവണം തിയറ്ററുകളിലെ വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍പോലും 'നിദ്ര'യിലാവുന്നത്.