ഇന്ത്യന്‍ റുപ്പി
| Posted in | Posted on
0
പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത് പ്രേക്ഷകരുടെ സമക്ഷം സമര്‍പ്പിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് വീണ്ടും തന്‍റെ ശൗരത്വം ഉപേക്ഷിച്ച് 'പഴയ മോഹന്‍ലാല്‍' ചമയം കെട്ടിയാടാന്‍ തുനിഞ്ഞിറങ്ങിയതുപോലെ തോന്നിച്ചു. എങ്കിലും താന്‍ മുണ്ടുമുടുത്ത് ഇറങ്ങിയാല്‍ വേണമെങ്കില്‍ എന്തും ചെയ്യാനൊക്കുമെന്ന് പൃഥ്വിരാജ് ഒന്നുകൂടെ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പ്രാഞ്ചിയേട്ടനു ശേഷം തന്റെ സംവിധാന രീതിയില്‍ അടിമുടി പുതിയ രീതി അവലംബിച്ച രഞ്ജിത് ഈ ചിത്രത്തിലും പ്രത്യേക സംവിധാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പ്രമേയത്തിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് പുതുമകള്‍ തേടാനായില്ലെങ്കിലും രഞ്ജിത്തിന് പതിവു സംവിധാന രീതികളില്‍ നിന്നും കുറച്ചു മാറി നില്‍ക്കാനേ സാധിച്ചിട്ടുള്ളൂ.
നോട്ട് ഇരട്ടിപ്പിന്‍റെ കഥകള്‍ ഇതിനകം പലതവണ പലരാല്‍ പറയപ്പെട്ടതു തന്നെ വീണ്ടും കഥാതന്തുവാക്കിയതിനു പിന്നിലെ ഔചിത്യം എന്തായിരിക്കും എന്ന് രഞ്ജിത്തിനു മാത്രമെ പറയുവാന്‍ സാധിക്കുകയുള്ളൂ.
പുതുമയുള്ള പ്രമേയങ്ങളുമായി മുന്നിട്ടിറങ്ങുന്ന യുവാക്കള്‍ക്ക് അവസരം നല്‍കാതെ 'താപ്പാനകള്‍' വിഹരിക്കുന്ന മലയാളസിനിമയില്‍ നിന്നും ഇതൊക്കെ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പക്ഷേ, ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുവാന്‍ 'ഇന്ത്യന്‍ റുപ്പി'ക്കായിട്ടുണ്ട്. എങ്കിലും അണിയറ ശില്പികളുടെ സംസാരം അവര്‍ക്ക് 'ടേബിള്‍ പ്രോഫിറ്റ്' അതായത് ഇറക്കിയ കാശ് ഇതിനകം കിട്ടിയെന്നാണ്.
എത്ര മുണ്ടുടുത്ത് അഭിനയിച്ചാലും തന്‍റെ ഒരു ഹീറോയിസം വീട്ട് മറ്റൊരു ജോലിയ്ക്കില്ല എന്നു തോന്നിപ്പിക്കുന്നതായിരുന്നു പൃഥ്വിരാജിന്‍റെ ജെ.പി. എന്ന കഥാപാത്രം. കോഴിക്കോടും പരിസരവും കഴിയുന്നത്ര രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ രഞ്ജിത്തിനായിട്ടുണ്ട്.
നമ്മുടെ പരിസരങ്ങളില്‍ കാണുന്ന കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, എങ്കിലും എന്തോ ഒരു അപൂര്‍ണ്ണത ചിത്രത്തിലുടനീളം നിഴലിക്കുന്നു. പശ്ചാത്തല സംഗീതം വളരെ നിലവാരം കുറഞ്ഞതായി തോന്നി. ഷഹബാസ് കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ കൊടുക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു. മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് നായികയായ റിമ കല്ലിങ്ങലിന് കാര്യമായ ഒന്നും ചെയ്യാനില്ലാത്തത് അവളുടെ കുഴപ്പമായി കണക്കാക്കാന്‍ സാധ്യമല്ല. ഏറെക്കാലത്തിനു ശേഷം മിന്നുന്ന കഥാപാത്രമായി തിലകന്‍ വന്നു എന്നത് എടുത്തുപറയക്കത്ത വിഷയമാണ്.
Comments (0)
Post a Comment